അഡ്വ.ജയശങ്കറിന് രാത്രി 8 മണി കഴിഞ്ഞാൽ മദ്യപിക്കാം, ആരെയും പരസ്യമായി തന്തയ്ക്ക് വിളിക്കാം, അരുന്ധതി റോയിയോ മറ്റൊരു സ്ത്രീയോ മദ്യപിച്ചാൽ അത് വലിയ കുറ്റം

158

പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അഡ്വ. ജയശങ്കറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആക്ടിവിസ്റ്റും എഴുത്തുകാരിയും മാൻ ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയി രാത്രിയായാൽ കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്തവരും അവർ എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് കോൺ തെറ്റി നടക്കുന്ന സ്ത്രീയുമാണെന്നുമാണ് ജയശങ്കർ പറഞ്ഞത്. പ്രസംഗത്തിലുടനീളം കടുത്ത സ്ത്രീവിരുദ്ധതയാണ് ജയശങ്കർ നടത്തിയത്.

അഡ്വ ഹരീഷ് വാസുദേവൻ എഴുതുന്നു

അഡ്വ.ജയശങ്കറിന് രാത്രി 8 മണി കഴിഞ്ഞാൽ മദ്യപിക്കാം. ആരെയും പരസ്യമായി തന്തയ്ക്ക് വിളിക്കാം. തല്ലാൻ ആഹ്വാനം ചെയ്യാം. അരുന്ധതി റോയിയോ മറ്റൊരു സ്ത്രീയോ മദ്യപിച്ചാൽ അത് വലിയ കുറ്റം എന്നൊക്കെയാണ് ജയശങ്കറിന്റെ നിലപാട്. നന്നായി മദ്യപിക്കുന്ന ഭൂരിപക്ഷം Male രാഷ്ട്രീയക്കാരും മദ്യവ്യാപാരി വെള്ളാപ്പള്ളി നടേശനും ഒക്കെ ജയശങ്കറിന്റെ സൗഹൃദങ്ങളിൽ ഉള്ളപ്പോഴും അരുന്ധതി റോയിയുടെ മദ്യപാനം അദ്ദേഹത്തിന് വലിയ പ്രശ്‌നമാകുന്നത് എന്തേ? അതിന്റെ പേരാണ് സ്ത്രീവിരുദ്ധത. അരുന്ധതി റോയ് മദ്യപിക്കുന്നത് ജയശങ്കറിന്റെയോ സർക്കാറിന്റെയോ ചെലവിൽ അല്ലാത്തിടത്തോളം ആ മദ്യപാനം പൊതുപ്രശ്നമോ ചർച്ചയോ ആവേണ്ടതല്ല.
മഹാത്മാഗാന്ധി എത്രയോ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും വലിയ വിമർശനം ഉന്നയിച്ചത് ഡോ.BR അംബേദ്കർ തന്നെയാണ്. ജാതിഹൈറാർക്കിയെ നുള്ളി നോവിക്കാതെയുള്ള ഗാന്ധിയുടെ ഹിന്ദു സങ്കൽപ്പം വിമർശനവിധേയമാണ്. ഗാന്ധിജിയുടെ സ്ത്രീവിരുദ്ധ നിലപാടുകളും ചരിത്രത്തിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. വിമർശനങ്ങൾ കൂടി ഉൾപ്പെടുന്ന ഗാന്ധിയാണ് നമ്മുടെ മഹാത്മാഗാന്ധി. ആ വിമർശനം സെലക്ടീവ് ആകരുതെന്നു പറയാൻ അരുന്ധതി റോയി എന്ന വിശ്വവിഖ്യാതയായ എഴുത്തുകാരിയുടെ സ്വകാര്യ ജീവിതം പൊതുചർച്ച ആക്കേണ്ട ഒരു കാര്യവുമില്ല. ആ ഗാന്ധിഅനുസ്മരണ ചടങ്ങിൽ ജയശങ്കർ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം തോന്ന്യാസമാണ്.
അഡ്വ.ജയശങ്കർ രാത്രിയിൽ വീട്ടിലെത്തിയ ശേഷം എന്തു ചെയ്യുന്നു എന്നന്വേഷിച്ചിട്ടല്ലല്ലോ നമ്മൾ അദ്ദേഹത്തിന്റെ നിലപാടിനെയോ രാഷ്ട്രീയത്തെയോ ചർച്ച ചെയ്യുന്നത്.
വിമർശനമര്യാദ എന്നത് ജനിച്ച നാട്ടിൽപ്പോലും ഇല്ലേയെന്നു ‘ദേശ’ക്കാരെ പറയിപ്പിക്കാൻ തക്ക വാചകങ്ങൾ ജയശങ്കർ വക്കീലിൽ നിന്ന് വരുന്നത് ഒട്ടും നന്നല്ല.
സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആഘോഷിക്കപ്പെടുന്നത് സ്ത്രീവിരുദ്ധത ആഴത്തിൽ വേരോടിയ ഈ പുരുഷമേധാവിത്വ സമൂഹത്തിലാണ്. അങ്ങേരുടെ സ്ത്രീവിരുദ്ധത അങ്ങേർക്ക് പോലും മനസിലാകുന്നില്ലാത്തത്ര ‘സ്റ്റാർഡം’ അദ്ദേഹത്തിന് കിട്ടുന്നത് കൊണ്ട്, സിനിമാതാരങ്ങൾ കൊണ്ടുനടക്കുന്നതുപോലെ ആ സ്ത്രീവിരുദ്ധത അങ്ങേരും ഒരലങ്കാരമായി കൊണ്ടുനടക്കുന്നു. കയ്യടി കിട്ടുമ്പോഴൊക്കെ ആവർത്തിക്കുന്നു. ലോ കോളേജിൽ ആ പ്രസംഗം കേട്ടു കൂവിയ ആ വിദ്യാർഥിയാണ് നമ്മുടെ പ്രതീക്ഷ. ആ കൂവലിന്റെ അർത്ഥം അഡ്വ.ജയശങ്കറിന് എപ്പോഴെങ്കിലും മനസിലാകുമായിരിക്കും.