വിനായകൻ ഉയർത്തിവിട്ട വിവാദം ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സ്ത്രീകളോട് സെക്സ് ചോദിക്കുന്നതിൽ തെറ്റില്ല എന്നും അതാണ് മീടു എങ്കിൽ അതിനിയും ചെയുമെന്നണ് വിനായകൻ പറയുന്നത്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയാണ് അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവി . വക്കീലിന്റെ പോസ്റ്റ് വായിക്കാം
അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവി
പ്രിയപ്പെട്ട മനുഷ്യരേ,സ്ത്രീയെ കാണുമ്പോൾ സെക്‌സ് ചെയ്യാൻ താല്പര്യമുണ്ടോ എന്നു ചോദിക്കുന്നതിൽ പൊളിറ്റിക്കലി എന്താ തെറ്റ് എന്നു ശരിക്കും മനസ്സിലാകാത്തത് കൊണ്ട് തന്നെയാണ് വിനായകൻ അങ്ങനെ പറഞ്ഞതും, വിനായകനെ പലരും പിന്തുണയ്ക്കുന്നതും എന്നാണ് ഞാൻ കരുതുന്നത്. മീ ടൂ എന്താണെന്ന് വിനായകൻ ആവർത്തിച്ചു ചോദിച്ചിട്ട് ആരും പറഞ്ഞു കണ്ടില്ല.
ജെൻഡർ സെൻസിറ്റിവിറ്റി ഇല്ലാത്തതോ കുറഞ്ഞവരോ ആയ ആളുകൾക്ക് അത് പഠിപ്പിച്ചു കൊടുക്കേണ്ട ബാധ്യത സ്ത്രീകളുടേത് അല്ല, സമൂഹത്തിന്റേതും അല്ല.ജാതി, ജെൻഡർ, പരിസ്ഥിതി, ക്ലാസ്, പല തരത്തിലുള്ള രാഷ്ട്രീയ ശരികൾ ഒരു നൂറ്റാണ്ടിനിടെ മനുഷ്യർക്കിടയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. തുല്യതയെപ്പറ്റി ആധുനികസമൂഹം കൈവരിച്ച ഒരു മൂല്യബോധവും, അതുണ്ടാക്കുന്ന ‘ശരി’യെപ്പറ്റിയുള്ള ധാരണകളും ആണ് ഇത്തരം സെൻസിറ്റീവിറ്റിയേ ഉണ്ടാകുന്നത്.
ഫെമിനിസം ലോകം മുഴുവനും ഉള്ളപ്പോഴും, അതെന്താണെന്ന് പ്രാഥമികമായിപ്പോലും അറിയാൻ ശ്രമിക്കാതെ, അതേപ്പറ്റി എനിക്ക് അഭിപ്രായം പറയാം, അതിനെ എതിർക്കാം, തള്ളിപ്പറയാം… “സ്ത്രീകൾക്ക് പുരുഷന്മാരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള പരിപാടിയായ ഫെമിനിസം ശരിയല്ല, തുല്യതയിലാണ് ഞാൻ വിശ്വസിക്കുന്നത്” എന്നു ഞാൻ പറഞ്ഞാൽ കുറേ മണ്ടന്മാർ കയ്യടിച്ചേക്കും. എനിക്കും അവർക്കും വിവരമില്ലെന്നു ഫെമിനിസത്തെപ്പറ്റി ശരിയായ അറിവുള്ളവർ ഊറി ചിരിക്കും എന്നല്ലാതെ മറ്റൊന്നുമില്ല. ഫെമിനിസം എന്താണെന്ന് ശരിയാംവണ്ണം പഠിക്കാനുള്ള എല്ലാ വിവരങ്ങളും പബ്ലിക് ഡൊമൈനിൽ ലഭ്യമായിരിക്കെ, അതിനു ശ്രമിക്കാതെ തെറ്റായ ധാരണ വെച്ചു പുലർത്തി അഭിപ്രായം പറയുന്നത് അവനവന്റെ നിലവാരം വെളിവാക്കലാണ്.
പരിസ്ഥിതി സംരക്ഷണവും ഇതുപോലെ തന്നെ. എന്തിനാണ് മനുഷ്യർ പരിസ്ഥിതി സംരക്ഷിക്കുന്നത്, ആഘാത നിർണ്ണയം നടത്തുന്നത്, വന്യജീവി സങ്കേതങ്ങളും റിസർവുകളും ഉണ്ടാക്കുന്നത്, വനം സംരക്ഷിക്കുന്നത്, നിസ്സാരമെന്നു കരുതുന്ന ഒരു ജീവിയുടെ പോലും വംശനാശത്തിൽ വേവലാതിപ്പെടുന്നത്, മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥയെക്കാൾ പ്രാധാന്യം ഭൂമികേന്ദ്രീകൃത വ്യവസ്ഥയ്ക്ക് നൽകുന്നത്…. 1972 മുതലിങ്ങോട്ട് ലോകരാജ്യങ്ങൾ ചർച്ച ചെയ്ത് സമവായത്തിലെത്തിയ ഈ വിഷയങ്ങളെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇന്ന് ആർക്കും ലഭ്യമാണ്. ഓരോ വിഷയത്തെ സംബന്ധിച്ചും ആധികാരികമായ, ശാസ്ത്രീയമായ വിവരങ്ങൾ നൂറു കണക്കിന് മനുഷ്യർ അവരുടെ ജീവിതം മുഴുവൻ ഗവേഷണം നടത്തി കണ്ടെത്തി പബ്ലിക് ഡൊമൈനിൽ ഇട്ടിട്ടുണ്ട്. ആ വിവരങ്ങളൊന്നും നോക്കാതെ, പഠിക്കാതെ ഇവിടെയിരുന്നു “സിംഹവാലൻ കുരങ്ങാണോ മനുഷ്യനാണോ ഇവന്മാർക്ക് വലുത്” എന്ന മട്ടിൽ
നിരക്ഷരത വെളിവാക്കാൻ ആർക്കും പറ്റും. ആ നിരക്ഷരത അയാളുടെ മാത്രം പ്രശ്നമാണ്.
ആരും ഇക്കാര്യം അയാളെപ്പോയി പഠിപ്പിക്കാൻ പോകുന്നില്ല..
ജാതിയുടെ കാര്യമായാലും, റിസർവേഷന്റെ കാര്യമായാലും ഇങ്ങനെ തന്നെ. ജാതിരാഷ്ട്രീയത്തെ സംബന്ധിക്കുന്ന അങ്ങേയറ്റത്തെ വിവരമില്ലായ്മയും നിരക്ഷരതയും, ആധികാരികമാണെന്ന മട്ടിൽ വലിയ വായിൽ വിളിച്ചു കൂവുന്ന മണ്ടന്മാരുണ്ട്. ആധുനിക സമൂഹത്തിൽ ലഭ്യമായ വിവരങ്ങൾ പഠിക്കാത്തത് മണ്ടത്തരം പറഞ്ഞ ആളുടെ മാത്രം പ്രശ്നമാണ്. ജാതിരാഷ്ട്രീയത്തെപ്പറ്റി ശരിയായ ധാരണയില്ലായ്മ ഒരാളുടെ നിലവാരം വ്യക്തമാക്കുന്നു.
ഏത് മേഖലയിൽ ആയാലും, നിങ്ങളുടെ നിരക്ഷരത എന്നത് നിങ്ങളുടെ മാത്രം പ്രശ്നമാണ്. ഒരർത്ഥത്തിൽ അതൊരു പൊളിറ്റിക്കൽ പ്രശ്നം തന്നെയാണ്. വ്യാപകമായ നിരക്ഷരത ഉണ്ടെങ്കിൽ കൂട്ടായി മാത്രമേ അത് മറികടക്കാൻ കഴിയൂ. ഒരാൾക്കും എല്ലാം മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല. പലതും Black and white ആയി നമുക്ക് പൂർണ്ണമായി മനസിലാകുന്നത് പോലുമല്ല.നിരക്ഷരനാണ് എന്നെങ്കിലുമുള്ള സ്വയം ബോധമുണ്ടെങ്കിൽ അതേപ്പറ്റി തെറ്റായ ധാരണകൾ ആധികാരികമായി തള്ളാതെ ഇരിക്കുക എന്നതാണ് മിനിമം മര്യാദ.
പൊളിറ്റിക്കലി ശരിയല്ലാതെ ജീവിക്കാൻ വളരെ എളുപ്പമാണ്. മറ്റു ജന്തുക്കൾ അങ്ങനെയാണല്ലോ ജീവിക്കുന്നത്. അതേ വഴി പിന്തുടർന്നാൽ മതി. Some politically incorrect acts are Crimes also. നിങ്ങളതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരും. നിങ്ങൾ ഏത് മേഖലയിലെ വല്യ പുള്ളി ആണെങ്കിലും, പൊളിറ്റിക്കലി നിരക്ഷരൻ ആണെങ്കിൽ ഇനിയുള്ള തലമുറ നിങ്ങളെ തുറന്നുകാട്ടും, ട്രോളും…
അല്ലാതെ, political correctness നെ പാഠങ്ങൾ ആരെങ്കിലും നിങ്ങളുടെ വായിൽ ഉരുട്ടി കൊണ്ടു തരുമെന്ന് ആരും കരുതരുത്.