Harish Vasudevan

സി രവിചന്ദ്രൻ എന്ന യുക്തിവാദ താർക്കികൻ അടുത്ത പതിറ്റാണ്ടിന്റെ വാഗ്ദാനമാണ് എന്നൊക്കെ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം പ്രസംഗിക്കുന്നത്തിന്റെ പല ചെറുവീഡിയോകളും കണ്ടിട്ടുമുണ്ട്. എസ്സൻസിലുള്ള വൈശാഖൻ തമ്പിയോടൊക്കെയുള്ള അളവറ്റ ബഹുമാനം ആ ഗ്രൂപ്പിലുള്ള ഇദ്ദേഹത്തോടും മനസിൽ സൂക്ഷിച്ചിരുന്നു. രാഷ്ട്രീയ-മത നേതാക്കളെപ്പോലെ സ്വന്തം തലയുള്ള പോസ്റ്ററൊക്കെ ഒട്ടിച്ചുള്ള അദ്ദേഹത്തിന്റെ പ്രചാരണം പോലും യുക്തിചിന്ത പ്രചരിപ്പിക്കാനുള്ള ഒരു തന്ത്രമായേ തോന്നിയിട്ടുള്ളൂ.

ഇന്നലെ KLF ൽ Abhilash Mohanan രവിചന്ദ്രനുമായി നടത്തിയ അരമണിക്കൂർ സംഭാഷണം കേൾക്കാൻ ഇടയായി. സംവരണവും ജാതിയുമൊക്കെ ആണ് വിഷയം.

ജാതിഉപേക്ഷിക്കുന്ന നായർക്കും നമ്പൂതിരിക്കും ഒക്കെയുള്ള പ്രിവിലേജ്‌ നഷ്ടത്തെപ്പറ്റി അദ്ദേഹം വേവലാതിപ്പെടുന്നു ! കൊടിയ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവർ ജാതി ഉപേക്ഷിക്കുമ്പോഴുള്ള നഷ്ടവുമായി equate ചെയ്യുന്നു !! നൂറ്റാണ്ടുകളായി മനുഷ്യരായിപ്പോലും പരിഗണന കിട്ടാതിരുന്ന, ഇപ്പോഴും തുല്യതയുടെ ഏഴയലത്ത് ഇടം കിട്ടാത്ത ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും മുന്നാക്ക ജാതിക്കാരുമായി ഒരുമിച്ചു മത്സരിക്കണം എന്നാണ് രവിചന്ദ്രന്റെ യുക്തി !! സംഘപരിവാർ-മിഡിൽകളാസ് യുക്തിയിൽ നിന്നും ഒട്ടും മെച്ചപ്പെട്ടതല്ല ഈ ചിന്ത. സാമ്പത്തികമായ അസമത്വം പരിഹരിച്ചാൽ എല്ലാമായി, പണം കൊടുത്താൽ എല്ലാ ജാതിക്കും വിദ്യാഭ്യാസത്തിലും തൊഴിലിലും തുല്യഅവസരം കൈവരും എന്നൊക്കെയാണ് പുള്ളി തട്ടിവിടുന്നത് !! എന്നിട്ട് തുല്യതയുടെ ദര്ശനികത പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുന്ന അഭിലാഷിനെ പുച്ഛിച്ച് ചിരിക്കുന്നുമുണ്ട് !! കഷ്ടം തോന്നി.

NSS ന്റെയോ യോഗക്ഷേമസഭയുടെയോ ഒരു എയ്‌ഡഡ്‌ സ്കൂളിലെങ്കിലും എല്ലാവരും കൊടുക്കുന്ന കോഴപ്പണം കൊടുത്താൽപ്പോലും ഒരു നായാടിക്കോ പറയനോ പുലയനോ കുറവനോ ജോലി കൊടുക്കുമോ? എത്ര അറിവും പണവും പദവിയും ഉണ്ടായിട്ടും ദളിതർക്കും മറ്റും തുല്യതാവസരം കിട്ടാത്ത ഇന്ത്യൻ സാമൂഹിക സഹചര്യത്തെപ്പറ്റി എത്ര ഇൻസെൻസിറ്റിവായ ചിന്തയാണ് ഇദ്ദേഹത്തിന്റെത്. സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക അരിക്കുവൽക്കരണം പിന്നാക്ക ജാതിക്കാർ അനുഭവിക്കുന്നതിനു തുല്യമാണെന്ന് ആണ് വാദം !!
തൊട്ടുകൂടായ്മ എന്ന അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ ഒന്നിനെ ഭരണഘടനയിൽ എഴുതി വെച്ചു ഇല്ലായ്മ ചെയ്യേണ്ട ഗതികേടുണ്ടായ അപൂർവ്വം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആർട്ടിക്കിൾ 14,15 എന്നിവ പരാമർശിച്ച അഭിലാഷ് 17 ഓർത്ത് കാണില്ല. ഇന്നും പണമുണ്ടായിട്ടും തൊട്ടുകൂടായ്മ അനുഭവിക്കുന്ന ഒരു ജനതയുള്ള നാട്ടിലാണ് നാം ജാതിയില്ലാ, മനുഷ്യർ തുല്യരായി മത്സരിക്കണം എന്ന ആമയും മുയലും മെറിറ്റ് അടിസ്ഥാനത്തിൽ ഓടണമെന്ന കേവലയുക്തിയുമായി കയ്യടി നേടുന്നത്.

പണം ഉണ്ടായിട്ടും, ജാതീയമായ അധിക്ഷേപം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ആളുകൾക്കേ അതിന്റെ ആഴം മനസ്സിലാകൂ എന്നു ദളിത് ആയ ഒരു സുഹൃത്ത് ജീവിതസാഹചര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് വായിച്ചുള്ള അറിവിനപ്പുറം എനിക്കിത് മനസിലായത്.

ഇത്ര വികലമായ സാമൂഹികബോധമാണോ ഇങ്ങേരേ നയിക്കുന്നത്? ഇങ്ങേരെയാണോ ഈ യുവാക്കളത്രയും ബഹുമാനിക്കുന്നത്?
ചർച്ച നേരിൽക്കേട്ട ഒരു സുഹൃത്ത് പറഞ്ഞത്, “ഇതിപ്പോ ഇങ്ങേര് ഒരു യുക്തിവാദ കാന്തപുരം ലൈൻ ആണല്ലോ ബ്രോ” എന്നാണ്. എസ്സൻസിനും സംവരണത്തിൽ ഈ നിലപാടാണോ?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.