എര്‍ദോഗാന്റെ സര്‍ക്കാര്‍ ഐസി സിന് ആയുധം അയച്ചു കൊടുത്ത സംഭവം വെളിച്ചത്തു കൊണ്ടുവന്ന ആര്‍സു യില്‍ദിസ് എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അനുഭവിക്കേണ്ടിവന്നത്

  154

  Haritha Ivan എഴുതുന്നു

  ഹയ സോഫിയ എന്ന മ്യൂസിയത്തെ മോസ്‌ക് ആക്കി മാറ്റിയ സംഭവത്തിന്റെ വെളിച്ചത്തിൽ ഒരു കൊടും കുറ്റവാളിയെ വെള്ള പൂശാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ്ബുക്കിൽ കണ്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലായാലും ടർക്കിയിലായാലും ഫാസിസം എന്ന വാക്കിനർത്ഥം ഒന്ന് തന്നെയാണ് എന്ന് ഈ സുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നു. ടർക്കി സിറിയയിൽ നടത്തിയ ആക്രമണത്തെ പറ്റി കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ച ലേഖനം
  .

  സുറിൽ എന്നും നടക്കാൻ പോകുന്ന വഴികളിൽ റൊട്ടി വിറ്റ് നടക്കുന്ന കുറെ കുട്ടിക്കൂട്ടുകാർ ഉണ്ടായിരുന്നു എനിക്ക്. അവരുടെ ചിത്രങ്ങൾ മറ്റുള്ളവയ്‌ക്കൊപ്പം മാതൃഭൂമിയ്ക്കു അയച്ചുവെങ്കിലും അവരതെങ്ങനെ ഉപയോഗിക്കും എന്നതിനെപ്പറ്റി ധാരണയില്ലായിരുന്നു. അപ്രതീക്ഷിതമായി മുന്നിലെത്തിയ ഈ കവർചിത്രം എന്നെ ഏറെ സന്തോഷിപ്പിച്ചു. അവനെ തിരഞ്ഞു പിടിച്ചു ഈ ചിത്രം കാട്ടിക്കൊടുക്കാൻ സുറിലെ കൂട്ടുകാരെ ഏർപ്പാട് ചെയ്തിട്ടുണ്ട്.

  ടര്‍ക്കിയിലെ കുര്‍ദ് പ്രദേശങ്ങളിലായിരുന്നു ഇക്കഴിഞ്ഞ റംസാന്‍ മാസം ചിലവഴിച്ചത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ സംഘടിപ്പിച്ച ലളിതമായ ഇഫ്താറില്‍ പങ്കെടുത്തതിന് ശേഷം കുറെ കൂട്ടുകാരുമൊത്ത് ഞങ്ങള്‍ നഗരത്തിലേക്കിറങ്ങി. പകല്‍ നേരത്തെ ചുട്ടുപൊള്ളുന്ന ചൂട് താങ്ങാനാവാതെ വീടിനുള്ളില്‍ അടച്ചിരുന്നവര്‍ പുറത്തിറങ്ങുന്ന നേരമാണിത്. തെരുവുകളില്‍ നല്ല തിരക്ക്. വഴിവാണിഭക്കാരും വിലപേശി പച്ചക്കറികളും മസാലക്കൂട്ടുകളും വാങ്ങുന്ന അമ്മമാരും ചേര്‍ന്ന് അന്തരീക്ഷമാകെ ശബ്ദയമാനമാക്കുന്നു. കുറച്ചു നേരം സ്വൈര്യമായിരുന്നു വര്‍ത്തമാനം പറയാനായി ഞങ്ങളെല്ലാവരും കൂടി സമീപത്തുള്ള ഒരു ചായക്കടയിലേക്ക് നടന്നു.

  നാലുകെട്ടുകളോട് സാമ്യമുള്ള രീതിയില്‍ പണിത ഒരു പഴയ വീട്. മുറ്റത്ത് ധാരാളം സ്ഥലം. തണല്‍ വിരിച്ചു നില്‍ക്കുന്ന കൂറ്റന്‍ മള്‍ബറി മരങ്ങള്‍ക്കു താഴെ മിനുക്കാത്ത തടി കൊണ്ട് പണിഞ്ഞ ബഞ്ചുകളും മേശകളും. തണലും തണുപ്പും ചേക്കേറുന്ന കിളികളുടെ ശബ്ദവും ഒരുമിച്ചു ഞങ്ങളെ സ്വാഗതം ചെയ്തു.മധുരമില്ലാത്ത കടുംചായയും ഒട്ടും മധുരമില്ലാത്ത രാഷ്ട്രീയ ചര്‍ച്ചയുമായി കൂടിയിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. രാത്രിയില്‍ ഏറെ വൈകും വരെ തുറന്നിരിക്കുന്ന ആ ചായക്കടയുടെ മുറ്റത്ത് മുനിഞ്ഞു കത്തുന്ന മെഴുകുതിരികള്‍ക്ക് ചുറ്റും വാഗ്വാദങ്ങളും അടക്കിപ്പിടിച്ച സംഭാഷണങ്ങളുമായി ഞങ്ങളെപ്പോലെയുള്ള മറ്റ് സംഘങ്ങളും വട്ടമിട്ടിരിക്കുന്നുണ്ടായിരുന്നു. കുര്‍ദിഷ് ഭാഷയുടെ വകഭേദങ്ങളായ സൊറാനിയും കുര്‍മാഞ്ചിയും ടര്‍ക്കിഷിനും ഇംഗ്ലീഷിനൊപ്പം വാശിയോടെ ആ നടുമുറ്റത്ത് മുഴങ്ങി.

  പത്തു മണിയാകാറായപ്പോള്‍ ഞാന്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം ദൂരെയാണെന്ന് തിരിച്ചു പോകാനുള്ള വഴി ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് മനസ്സിലായത്. നല്ല പ്രകാശവും ആള്‍ത്തിരക്കുമുള്ള പ്രധാന വഴികളിലൂടെയാണ് തിരിച്ചു പോകുന്നത് എന്നറിയാമായിരുന്നതിനാല്‍ താമസസ്ഥലം വരെ കൂടെ വരാം എന്ന കൂട്ടുകാരുടെ വാഗ്ദാനം രണ്ടാമതൊന്ന് ആലോചിക്കാതെ നിരസിച്ചുവെങ്കിലും ചുറ്റും പടരുന്ന കനത്ത ഇരുട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അജ്ഞാതമായ ഒരു ഭയം എന്നെ പിടികൂടി.

  ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതൊന്നുമില്ലാത്ത ഒരു വരണ്ട പട്ടണമായിരുന്നു അത്. വീടുകള്‍ അവസാനിക്കുകയും കൃഷിഭൂമി ആരംഭിക്കുകയും ചെയ്യുന്നയിടത്തു കൂടിയൊഴുകുന്ന ടൈഗ്രിസ്നദി പോലും നിശ്ശബ്ദവിഷാദത്തോടെ മുഖം കനപ്പിച്ച് കൊണ്ട് ഒഴുകുന്നത് പോലെ അനുഭവപ്പെട്ടു. സന്ധ്യ കഴിഞ്ഞാല്‍ വളരെ വേഗം വിജനമാകുകയും വഴിയാത്രക്കാരുടെ മുഖങ്ങളും വാഹനങ്ങളും സൂക്ഷ്മതയോടെ പരിശോധിച്ചു കൊണ്ട് പോലീസ് വാഹനങ്ങള്‍ ഭീഷണമായ ഒരു ശാന്തതയോടെ ഇഴയുന്ന വേഗതയില്‍ ചുറ്റി നടക്കുന്ന ഒരിടം. വേഗം നടന്നാല്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റ് കൊണ്ട് താമസസ്ഥലത്ത് എത്താം എന്ന് ഞാന്‍ കണക്ക് കൂട്ടി. കുറച്ചു ദിവസത്തെ താമസം കൊണ്ട് അവിടെയുള്ള തെരുവുകള്‍ പരിചിതമായിക്കഴിഞ്ഞിരുന്നു. സ്ഥിരം കാണുന്ന വിദേശിയെ നോക്കി അവരില്‍ പലരും പുഞ്ചിരിക്കുകയും ചായ കുടിക്കാന്‍ ക്ഷണിക്കുകയും ചെയ്തുതുടങ്ങിയിരുന്നു. പക്ഷെ അന്ന്, ആ സമയത്ത്, കടകള്‍ അടച്ചു വീട്ടിലേക്കു പോകുന്ന ക്ഷീണിതരായ കച്ചവടക്കാരെയും അത്താഴം കഴിഞ്ഞു കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാന്‍ ഇറങ്ങിയ അഞ്ചാറു ചെറുപ്പക്കാരെയും മാത്രമേ എനിക്ക് വഴിയില്‍ കാണാന്‍ കഴിഞ്ഞുള്ളു.

  സൂര്യന്റെ തിളയ്ക്കുന്ന കോപതാപങ്ങള്‍ അടങ്ങിയിരുന്നുവെങ്കിലും കരിങ്കല്‍പ്പാളികള്‍ പാകിയ നടപ്പാതകളിലും ടാറിട്ടു മിനുക്കിയ റോഡുകളിലും നിന്നുയരുന്ന ചൂടില്‍ എന്റെ ശരീരം പുകഞ്ഞു. പകല്‍ മുഴുവന്‍ ജോലി ചെയ്ത ശേഷം വീട്ടിലേക്കു പോകും മുമ്പ് വഴിവക്കിലെ മരങ്ങളില്‍ ചാരിയ ഉന്തുവണ്ടികളില്‍ അലസരായി ചാരിയിരുന്ന് കനത്ത ഗന്ധമുള്ള ചുരുട്ട് വലിക്കുകയും കൂട്ടുകാരോട് തമാശകള്‍ പറഞ്ഞു ചിരിക്കുകയും ചെയ്യുന്ന ചില മനുഷ്യരെ വഴിയില്‍ ചിലയിടത്തൊക്കെ കണ്ടു. അവരുടെ സാന്നിധ്യം മൂലമാവണം, അല്‍പ്പം മുമ്പ് അനുഭവപ്പെട്ട ഭയം അകന്ന് മനസ്സ് സ്വസ്ഥമായി.

  സുര്‍ എന്നറിയപ്പെടുന്ന പട്ടണത്തിന്റെ മറ്റൊരു കോണിലേക്ക് ആയിരുന്നു പോകേണ്ടിയിരുന്നത്. നെടുനീളത്തില്‍ പരന്നു കിടക്കുന്ന പുരാതനമായ ഒരു കരിങ്കല്‍ത്തെരുവാണ് സുറിന്റെ പ്രത്യേകത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചന്ത ആ തെരുവിന്റെ ഇരുവശത്തുമായി പടര്‍ന്നു കിടന്നു. സ്ഥലജല വിഭ്രാന്തി ഉണ്ടാക്കാന്‍ പ്രാപ്തമായ ഒരിടമായിരുന്നു അത്. പ്രധാന വഴിയുടെ വശങ്ങളിലെ നിറപ്പകിട്ടുള്ള തുണിക്കച്ചവടക്കാരും വായില്‍ വെള്ളമൂറിക്കുന്ന മധുരപലഹാരക്കടകളും ഉണക്കിയ മുളകും മസാലകളും മാലകള്‍ പോലെ കോര്‍ത്തു അലങ്കരിച്ചിരിക്കുന്ന മസാലപ്പീടികകളും അതിനിടയില്‍ ഉള്ളിലേക്ക് പിരിഞ്ഞു കിടക്കുന്ന ഇടവഴികളില്‍ ചീസും മാംസവും മറ്റും വില്‍ക്കുന്ന ചെറിയ ചന്തകളുമെല്ലാം അതിനുള്ളില്‍ ചെന്ന് പെട്ടപ്പോഴൊക്കെ സ്ഥലപരിചയമില്ലാത്ത യാത്രക്കാരിയുടെ തലയിലെ വടക്കുനോക്കിയന്ത്രം തകരാറിലാക്കി.

  കടകളുടെ മുന്‍ഭാഗം കഴുകിയിറക്കി, നിരപ്പലകകള്‍ നിരത്തി, കച്ചവടക്കാര്‍ സ്ഥലം വിട്ടു കഴിഞ്ഞാല്‍ തെരുവിന് മറ്റ് അവകാശികളെത്തും. പകല്‍ മുഴുവന്‍ മരവിച്ച മുഖങ്ങളുമായി അവിടവിടെ കുത്തിയിരിക്കുന്ന സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ തല തലചായ്ക്കുന്ന നേരമാണത്. കയ്യിലുള്ള കീറിപ്പറിഞ്ഞ, മുഷിഞ്ഞ ഭാണ്ഡങ്ങളില്‍ നിന്ന് അഴുക്കുപിടിച്ച പുതപ്പുകള്‍ വെളിയിലെടുത്തു വിരിച്ച് കുഞ്ഞുങ്ങളെ കരച്ചിലടക്കി കിടത്തിയുറക്കിയിട്ട് വീണ്ടും ഭിത്തികളില്‍ ചാരിയിരിക്കുകയാണ് പലരും. ആ നിര്‍വികാരത കാണുമ്പോള്‍ ഇവര്‍ക്ക് എപ്പോഴെങ്കിലും ഉറങ്ങാന്‍ കഴിയുന്നുണ്ടാവുമോ എന്ന് ആരും ചിന്തിച്ചു പോകും. ചിന്തയിലാണ്ടു നടന്നു വന്ന എന്നെ ഞെട്ടിച്ചു പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു കുഞ്ഞിന്റെ അലറിക്കരച്ചില്‍ ഉയര്‍ന്നു. ആശങ്കയോടെ തിരിഞ്ഞുനിന്ന എന്നെ നോക്കി കുഞ്ഞിനെ മാറോടു ചേര്‍ത്തു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മ നിസ്സഹായതയോടെ തലയാട്ടി.

  എക്യരാഷ്ട്ര സഭയുടെയും ചില എന്‍ജിഒകളുടെയും സഹായത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഇരുപത്തിരണ്ടു അഭയാര്‍ഥി ക്യാമ്പുകളായിരുന്നു ടര്‍ക്കിയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ ഏഴു ക്യാമ്പുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിക്കഴിഞ്ഞു. നിര്‍ബന്ധിത വേശ്യാവൃത്തിയും പട്ടിണിയും അതിക്രമവും നിറഞ്ഞ, മനുഷ്യക്കച്ചവടക്കാര്‍ ഭരിക്കുന്ന ക്യാമ്പുകളില്‍ കാത്തിരിക്കുന്നത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടാവണം മരുഭൂമികളോട് കിടപിടിക്കുന്ന വെയില്‍ച്ചൂടിലും പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് അച്ഛനമ്മമാര്‍ തെരുവോരങ്ങളില്‍ പായ വിരിക്കുന്നത്. ബലാല്‍സംഗങ്ങളും തട്ടിക്കൊണ്ടു പോകലുകളും സാധാരണമായ ക്യാമ്പുകളിലെ ശൈശവവിവാഹങ്ങളുടെ ആധിക്യത്തിന്റെ കാരണങ്ങള്‍ ചികഞ്ഞാല്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള അച്ഛനമ്മമാരുടെ ആധിയില്‍ ചെന്ന് തടഞ്ഞു നില്‍ക്കും. അത്തരം കാര്യങ്ങളെപ്പറ്റി കൂടുതല്‍ അറിയുംതോറും ചൂടേറ്റ് ചുവന്ന കവിളുകളുമായി വഴിയോരങ്ങളില്‍ തളര്‍ന്നു കിടന്ന അഭയാര്‍ഥിക്കുഞ്ഞുങ്ങളെ കാണുമ്പോള്‍ അവര്‍ സുരക്ഷിതരാണല്ലോ എന്ന തോന്നലാണ് ആദ്യമുണ്ടാവുക.

  ഹോട്ടലിലേക്ക് ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ടാവും എന്ന് മനസ്സില്‍ കണക്കു കൂട്ടി ഞാന്‍ കുതിച്ചു നടന്നു. പുതച്ചു മൂടി ചുരുണ്ട് കിടന്നുറങ്ങുന്നവരെയും ഉന്തുവണ്ടികള്‍ അടച്ചു പൂട്ടി വീട്ടില്‍ പോകാന്‍ തിടുക്കപ്പെടുന്നവരെയും കടന്നു പോകുന്നതിനിടയില്‍ വഴിയരികിലിരുന്ന തീരെച്ചെറിയൊരു യാചക ബാലന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു തലയൊന്നനക്കി മറുപുഞ്ചിരി കൈമാറിയ ശേഷം ഞാന്‍ മുറിയിലെത്താനുള്ള തിടുക്കത്തില്‍ മുന്നോട്ടു നടന്നു. ദൂരെ ഹോട്ടലിന്റെ പേര് വെള്ളി വെളിച്ചം വിതറിക്കൊണ്ട് ഉയര്‍ന്നു കാണാം. കുറച്ചു ദൂരം കൂടിയേ ബാക്കിയുള്ളൂ. തണുത്ത വെള്ളത്തില്‍ ഒന്ന് കുളിച്ചിട്ട് നേരം വെളുക്കുന്നത് വരെ ഉറങ്ങണം എന്ന് ഞാന്‍ തീരുമാനിച്ചു.

  പെട്ടെന്ന് ഒരു തീയല പോലെ ആ യാചകബാലന്റെ മുഖം എന്റെ മനസ്സിലേക്ക് തിരിച്ചു വന്നു. ആ പെരുവഴിയില്‍, ആ ഇരുണ്ട രാത്രിയില്‍ അത്ര ചെറിയൊരു കുഞ്ഞ് ഒറ്റയ്ക്കാണോ? രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ തിരിച്ചോടി. എന്റെ തോന്നല്‍ ശരിയായിരുന്നു. അവന്‍ അവിടെ ഒറ്റയ്ക്ക്, അത് വളരെ സ്വാഭാവികമാണ് എന്നത് പോലെ സ്വസ്ഥനായി ഇരിക്കുകയാണ്. മുന്നില്‍ ഭാരം പരിശോധിക്കാനുള്ള ഒരു യന്ത്രവുമുണ്ട്. യാചിക്കാനുള്ള മടി കൊണ്ട് പണത്തിനു പകരമായി ഇത്തരം ചെറിയ സേവനങ്ങള്‍ നല്‍കുന്നത് അഭയാര്‍ഥികള്‍ക്ക് ഇടയില്‍ സാധാരണമാണ്. കിതപ്പോടെ ഞാന്‍ കണ്ണുകള്‍ കൊണ്ട് ചുറ്റും പരതി. ആരുമില്ല. സാധാരണ ഇത്തരം ചെറു ജോലികള്‍ ചെയ്യാനിറങ്ങുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിച്ച് അച്ഛനമ്മമാരില്‍ ആരെങ്കിലും അല്പം മാറി നില്‍ക്കാറുണ്ട്. പക്ഷെ ഇവന്‍ ഒറ്റയ്ക്കായിരുന്നു. തികച്ചും ഒറ്റയ്ക്ക്.

  അണച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്ന എന്നെ അവന്‍ അത്ഭുതത്തോടെ നോക്കി. തിളങ്ങുന്ന കണ്ണുകളും കുസൃതിച്ചിരിയുമുള്ള ഒരു ചെറിയ കുട്ടി! കഷ്ടിച്ച് അഞ്ചു വയസ്സുണ്ടാവും. ആവശ്യമില്ലെങ്കിലും ഭാരം പരിശോധിച്ച ശേഷം അവന്റെ ജോലിക്ക് തടസ്സം വരാത്ത ദൂരത്ത് എന്നാല്‍ അത്ര അകലെയല്ലാതെ കാത്തു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇടയ്ക്കിടയ്ക്ക് അവന്‍ എന്തൊക്കെയോ കൌതുകത്തോടെ ചോദിക്കുന്നുണ്ടായിരുന്നു. കുര്‍ദിഷ് ഭാഷയുടെ ഒരു വകഭേദമാണ് അവന്‍ സംസാരിക്കുന്നത് എന്ന് അവസാനം മനസ്സിലായി. എന്റെ പേരെന്താണ് എന്ന് പറഞ്ഞു കൊടുക്കാനും അവന്റെ പേര് ഷെര്‍വാന്‍ എന്നാണു എന്ന് മനസ്സിലാക്കാനും കുറെ നേരത്തെ അധ്വാനത്തിനു ശേഷം എനിക്ക് കഴിഞ്ഞു.

  ഇരുപതു മിനിട്ടോളം ആരെങ്കിലും വരുന്നതും കാത്ത് ഞാന്‍ നിന്നു. നിര്‍വികാരമായ മുഖങ്ങളുമായി ധാരാളം പേര്‍ ഞങ്ങളെ കടന്നു പോയി. ഇടയ്ക്കിടയ്ക്ക് പതിഞ്ഞ വേഗത്തില്‍ ചുറ്റും നിരീക്ഷിച്ചു കൊണ്ട് കടന്നു പോകുന്ന കൂറ്റന്‍ തോക്കുകളുള്ള കവചിത വാഹനങ്ങളില്‍ ഇരിക്കുന്ന പോലീസുകാരുടെ ശ്രദ്ധ പോലും ഞങ്ങളില്‍ പതിഞ്ഞില്ല. പരിഭ്രമം ഒന്നടങ്ങിയപ്പോള്‍ മാത്രമാണ് ആ കുട്ടിയുടെ ഇരിപ്പിടം ശ്രദ്ധയില്‍ പെട്ടത്. നല്ല കട്ടിയുള്ള കടലാസുകള്‍ അടുക്കിവച്ച് പഴയ തുണികള്‍ കൊണ്ട് പൊതിഞ്ഞുണ്ടാക്കിയ ചെറിയതെങ്കിലും സൗകര്യപ്രദമായ ഒരു ചെറിയ മെത്ത മേലായിരുന്നു അവന്റെ ഇരിപ്പ്. അത് കണ്ടപ്പോള്‍ അവന്റെ അമ്മ എന്തെങ്കിലും അത്യാവശ്യകാര്യം സാധിക്കാന്‍ പോയതാവും എന്ന തോന്നല്‍ മനസ്സില്‍ ഉറച്ചെങ്കിലും ആരെങ്കിലും വരും വരെ അവിടെ കാത്ത് നില്‍ക്കണം എന്ന തീരുമാനത്തില്‍ നിന്ന് ഇളകാനായില്ല.

  ആരെങ്കിലും ഭാരം നോക്കാന്‍ വന്നേക്കും എന്ന തോന്നലില്‍ കടന്നു പോകുന്നവരുടെ മുഖത്തേയ്ക്ക് അവന്‍ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. അല്‍പ്പനേരത്തിനു ശേഷം ഇരുട്ടില്‍ നിന്നിറങ്ങി വന്നത് പോലെ ആകെ മൂടിപ്പൊതിഞ്ഞ ഒരു സ്ത്രീ രൂപം എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. അവരുടെ കിതപ്പ് അല്‍പ്പം ദൂരെ നിന്ന് തന്നെ കാണാമായിരുന്നു. ”അന്നേം”* എന്ന് വിളിച്ചു കൊണ്ട് അവന്‍ ചാടിയെഴുന്നേറ്റു അവരുടെ നേരെ ഓടിപ്പോയി. പണം അമ്മയെ ഏല്‍പ്പിച്ചതിന് ശേഷം അവന്‍ ഞാന്‍ നില്‍ക്കുന്ന ഭാഗത്തേയ്ക്ക് കൈ ചൂണ്ടി അവരോടു എന്തൊക്കെയോ കലപിലാ വര്‍ത്തമാനം പറഞ്ഞു തുടങ്ങി.
  അത്രയും നേരം തീ പോലെ പുകഞ്ഞ എന്റെ ശരീരം തണുത്തു. ഇനിയവന്‍ സുരക്ഷിതനാണ്. ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു. ഒരു നനഞ്ഞ പഴന്തുണിക്കഷണം പോലെ എന്റെ ശരീരം കുഴയുന്നുണ്ടായിരുന്നു. ഉള്ളിലെവിടെയോ തിക്കുമുട്ടി നിന്ന കരച്ചില്‍ അണമുറിയാതെ പുറത്തെയ്ക്കൊഴുകി. കടന്നു പോകുന്ന മനുഷ്യരുടെ തുറിച്ചുനോട്ടങ്ങള്‍ അറിയാതെ ചെറിയ ഒരു കുട്ടിയെപ്പോലെ ഞാന്‍ ഏങ്ങിക്കരഞ്ഞുപോയി.

  അതു കഴിഞ്ഞ് ഒരു പാട് നാളൊന്നുമായിട്ടില്ല. പുകച്ചുരുളുകള്‍ ഉയരുന്ന സിറിയന്‍ നഗരങ്ങളില്‍നിന്നുള്ള പുതിയ വാര്‍ത്തകളും ദൃശ്യങ്ങളും ഇപ്പോഴെന്റെ മുന്നിലുണ്ട്. ചോരയില്‍ മുങ്ങിയ ശരീരങ്ങളുടെ ദൃശ്യങ്ങള്‍ നിരന്തരം സ്ക്രീനുകളില്‍ നിറയുമ്പോള്‍ ഷെര്‍വാന്‍റെ മുഖം ഒരു നീറ്റലോടെ വീണ്ടും മനസ്സിലേക്ക് എത്തിനോക്കുന്നു. അവനെ പോലെ ഇനിയെത്ര കുഞ്ഞുങ്ങളാവും തെരുവിലാവാന്‍ പോവുന്നത്. എത്ര പേരാണ് കൊല്ലപ്പെട്ടത്. ഇനിയെത്രപേരാണ് കരുണാരഹിതമായ ലോകരാഷ്ട്രീയത്തിന്റെ ഇരകളാവാന്‍ പോവുന്നത്.

  സിറിയ വീണ്ടും കത്തുമ്പോള്‍

  ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് സിറിയ വീണ്ടും ചോരക്കളമായി മാറിയത്. ഭീകര സംഘടനയായ ഐസിസിനെ പരാജയപ്പെടുത്തിയെന്ന് പ്രഖ്യാപിച്ച് അമേരിക്ക സിറിയ വിടാന്‍ തീരുമാനിച്ചതോടെ ടര്‍ക്കിയ്ക്ക് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള കളമൊരുങ്ങി. ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍, ഐസിസിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച, അമേരിക്കന്‍ സഖ്യകക്ഷിയായ കുര്‍ദ് വിഭാഗങ്ങള്‍ക്കെതിരെ ടര്‍ക്കി ഏകപക്ഷീയമായി ആക്രമണം അഴിച്ചുവിട്ടു. ഐസിസിനെതിരെ വ്യക്തമായ എതിര്‍ നിലപാട് സ്വീകരിച്ചിട്ടില്ലാത്ത ടര്‍ക്കി, അമേരിക്കയുടെ പിന്മാറ്റം പ്രഖ്യാപിത ശത്രുക്കളായ കുര്‍ദ് വിഭാഗങ്ങളെ ആക്രമിക്കാനുള്ള ഒരു അവസരമാണ് എന്ന് മനസ്സിലാക്കിയാണ് അതിവേഗം സമാധാന വസന്തം (Operation Peace Spring) എന്ന് പേരിട്ട സൈനിക നടപടി ആരംഭിച്ചത്. ഐസിസിനെതിരെ പൊരുതുന്ന കുര്‍ദ്, അറബ് ജനാധിപത്യ സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെ (എസ്ഡിഎഫ്) തുടച്ചുമാറ്റി സിറിയന്‍ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും വരുതിയിലാക്കുകയായിരുന്നു ടര്‍ക്കിയുടെ പ്രസിഡന്‍റ് റജബ് തയ്യിപ് എര്‍ദോഗന്റെ ലക്ഷ്യം. ഭരണകൂടത്തിനെതിരായി ടര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന നിരോധിക്കപ്പെട്ട കുര്‍ദ് സായുധ, രാഷ്ട്രീയ സംഘടനയായ പികെകെയുമായി ബന്ധമുള്ളവരാണ് എസ് ഡി എഫില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ കുര്‍ദ് വിപ്ലവകാരികള്‍ എന്നാരോപിച്ചായിരുന്നു ഈ നടപടി.

  ടര്‍ക്കിയോടു ചേര്‍ന്ന സിറിയന്‍ അതിര്‍ത്തിയില്‍നിന്ന് 30 കിലോ മീറ്ററോളം ഉള്ളിലേക്ക് നാനൂറ്റി നാല്‍പ്പത് കിലോമീറ്റര്‍ നീളത്തിലെ പ്രദേശം സുരക്ഷിത മേഖല ആക്കി മാറ്റി സിറിയന്‍ അഭയാര്‍ത്ഥികളെ അവിടെ അധിവസിപ്പിക്കുക എന്നതാണ് ടര്‍ക്കി ഈ അധിനിവേശത്തിനു നല്‍കിയ വിശദീകരണം. ഈ മേഖല നിയന്ത്രിക്കുന്ന, കുര്‍ദുകള്‍ക്ക് മേല്‍ക്കെയുള്ള എസ് ഡി എഫിനെ അവിടെ നിന്ന് തുരത്തുക എന്നതായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. തുടര്‍ന്ന് അതിര്‍ത്തിയോട് ചേര്‍ന്ന കുര്‍ദ് പ്രദേശങ്ങള്‍ക്കു നേരെ ടര്‍ക്കി ആക്രമണം അഴിച്ചുവിട്ടു. വിദേശ സൈന്യം രാജ്യം വിടണമെന്ന് സിറിയന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടും നിരോധിക്കപ്പെട്ട വൈറ്റ് ഫോസ്ഫറസ് പോലെയുള്ള രാസായുധങ്ങള്‍ വരെ ഉപയോഗിച്ച് കുര്‍ദ് ജനവാസ മേഖലകളില്‍ ടര്‍ക്കിയുടെ സൈന്യം കൂട്ടക്കുരുതി നടത്തി. ഐസിസിനെ തറപറ്റിക്കാന്‍ അമേരിക്കയ്ക്കൊപ്പം നിന്ന കുര്‍ദ് ജനതയെ വഞ്ചിച്ചാണ് ട്രംപ് ഭരണകൂടം ടര്‍ക്കിക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടതെന്ന് കുര്‍ദ് വിഭാഗങ്ങളും ആരോപിച്ചു. അമേരിക്കയില്‍ തന്നെ ട്രംപ് ഭരണകൂടത്തിന്റെ ഈ നിലപാടിന് വലിയ എതിര്‍പ്പുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ അടക്കം ഇതിനെതിരെ രംഗത്തുവന്നു.

  ആക്രമണം തുടങ്ങിയ പാടെ, അമേരിക്കന്‍ സൈന്യത്തിനോട് ചേര്‍ന്ന് കുര്‍ദ് ഗറില്ലകള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ മാളത്തിലൊളിച്ച ഭീകര സംഘങ്ങള്‍ തല പൊക്കിത്തുടങ്ങിയിരുന്നു. ഇതോടെ ഐസിസ് തടവുകാരെ സൂക്ഷിക്കുന്ന തടവറകളുടെ ചുമതലയ്ക്കും ടര്‍ക്കിയുടെ ആക്രമണത്തെ നേരിടുക എന്ന തലവേദനയ്ക്കും ഇടയിലായി എസ്ഡിഎഫിലെ പോരാളികള്‍. യു എസ് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തിയതനുസരിച്ച് കുറഞ്ഞത് നൂറു ഐസിസ് ഭീകരവാദികള്‍ എങ്കിലും ഈ സാഹചര്യം ഉപയോഗിച്ച് സിറിയയിലെ തടവറകളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഐന്‍ ഇസ്സ ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന ഭീകരവാദികളുടെ കുടുംബാംഗങ്ങളില്‍ നിന്ന് എണ്ണൂറു പേര്‍ രക്ഷപെട്ടത് ഇതിനു പുറമെയാണ്. ടര്‍ക്കിയുടെ സൈന്യവും കൂട്ടാളികളും നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പുറമേ പക തീര്‍ക്കാനിറങ്ങിയ ഐസിസിനെയും ആ ദിവസങ്ങളില്‍ എസ്ഡിഎഫിന് നേരിടേണ്ടി വന്നു.

  അമേരിക്കയുടെ അപൂര്‍ണ്ണമായ ഈ സൈനിക പിന്മാറ്റം ട്രംപിന്റെ കച്ചവട താല്‍പ്പര്യങ്ങളെയും എര്‍ദോഗന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങളെയും പരിപോഷിപ്പിക്കുകയും, സിറിയയിലെ സാധാരണ മനുഷ്യരുടേയും ഭീകരരെ അമര്‍ച്ച ചെയ്യുന്നതില്‍ അമേരിക്കയ്‌ക്കൊപ്പം നിലകൊണ്ട കുര്‍ദ് വിപ്ലവകാരികളുടെയും ജീവനും സുരക്ഷയെയും അപകടത്തിലാക്കുകയും ചെയ്യുന്ന മനുഷ്യത്വ രഹിതവും സ്വാര്‍ത്ഥവുമായ ഒരു നയതന്ത്ര തീരുമാനമാണ്. സൈനികരെ തിരിച്ചു വിളിക്കുകയാണ് എന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചുവെങ്കിലും എണ്ണപ്പാടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നവരെ ഈ തീരുമാനം ബാധിക്കില്ല എന്നാണ് സൈനിക വിന്യാസത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. എണ്ണപ്പാടങ്ങളാല്‍ സമ്പന്നമായ സിറിയയിലെ ദെര്‍ എസ്സോറിലേക്ക് അമേരിക്കന്‍ സൈനിക വാഹനങ്ങളുടെ ഒരു കോണ്‍വോയ് തന്നെ നീങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ ഐസിസിന്റെ കയ്യില്‍പ്പെടാതിരിക്കാനാണ് സൈന്യത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പെറിന്റെ ഔദ്യോഗിക വിശദീകരണം.

  എന്നാൽ ഈ വിശദീകരണം ലോകത്തിന്റെ കണ്ണില് പൊടിയിടാൻ വേണ്ടി മാത്രമുള്ളതാണ് എന്ന് റുഡോ.നെറ്റ് നടത്തിയ അഭിമുഖത്തിൽ എസ് ഡി എഫി ന്റെ കമാൻഡർ മസ്ലൂം അബ്ദി തുറന്നടിച്ചു. സിറിയയില് നിന്നുള്ള എണ്ണയെ ആശ്രയിക്കേണ്ട അവസ്ഥ അമേരിക്കയ്ക്ക് ഇന്നത്തെ സാഹചര്യത്തില് ഇല്ല. നിരാലംബരായ ജനങ്ങളെയും കൂടെ നിന്ന കുർദുകളെയും പെരുവഴിയിലാക്കിയിട്ട് സൈന്യത്തെ പിൻവലിക്കാന് തീരുമാനിച്ച അവസ്ഥയില് തങ്ങൾക്ക് അത്യാവശ്യമില്ലാത്ത സിറിയയിലെ എണ്ണ ഭീകരന്മാര് കൈകാര്യം ചെയ്യുന്നതോർത്ത് അമേരിക്കയുടെ മനസ്സാക്ഷി പിടയുമെന്ന് പ്രതീക്ഷിക്കാനാവില്ല. രാജ്യത്തില് ഇന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യവും എണ്ണപ്പാടങ്ങളും തമ്മില് യാതൊരു ബന്ധവുമില്ല എന്നാണ് അബ്ദിയുടെ വിലയിരുത്തൽ. സിറിയയില് പുതിയതായി രൂപപ്പെട്ട രാഷ്ട്രീയ, അധികാര സമവാക്യങ്ങളില് നിന്നു പുറത്താവാതിരിക്കാന് വേണ്ടിയും സ്വന്തം രാജ്യത്ത് നിന്നു ഈ മനസ്സാക്ഷിയില്ലാത്ത തീരുമാനത്തിനെതിരെ നേരിടേണ്ടി വരുന്ന വിമര്ശനങ്ങളില് നിന്നു രക്ഷ തേടാനുമായി ട്രംപ് തന്റെ തീരുമാനത്തില് വരുത്തിയ മാറ്റത്തിന് മേല് പരത്തിയ പുകമറ മാത്രമാണ് എണ്ണപ്പാടങ്ങളുടെ സംരക്ഷണം എന്ന കഥ.

  ട്രംപിന്റെ പിന്മാറ്റം സൃഷ്ടിച്ച നടുക്കം വിട്ടൊഴിയും മുമ്പ് നാടകീയമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സംഭവങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതോടെ സ്ഥിതിഗതികള്‍ അല്‍പ്പം ശാന്തമായി. എര്‍ദോഗനോടൊപ്പം ചേര്‍ന്ന് പുടിന്‍ ടര്‍ക്കിയുടെ താല്‍പ്പര്യപ്രകാരമുള്ള സേഫ് സോണ്‍ നടപ്പില്‍ വരുത്താന്‍ തീരുമാനമെടുത്തു. വ്യവസ്ഥകള്‍ അനുസരിച്ച് ടര്‍ക്കിഷ് സേന തങ്ങള്‍ ആധിപത്യം സ്ഥാപിച്ച സ്ഥലങ്ങളില്‍ തന്നെ നിലകൊള്ളും. ബാക്കിയുള്ള അതിര്‍ത്തിപ്രദേശം റഷ്യന്‍ സൈനികരോടോത്ത് സിറിയന്‍ സൈന്യം നിയന്ത്രിക്കും. അതിര്‍ത്തി പ്രദേശത്തു സ്ഥിതി ചെയ്യുന്ന കുര്‍ദുകളുടെ സ്വയം ഭരണ സംവിധാനത്തിന്റെ തലസ്ഥാനമായ ഖ്വാമിഷ് ലിയെ ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  സേഫ് സോണ്‍ എന്ന സങ്കല്‍പ്പം

  സിറിയയില്‍ സുരക്ഷിത മേഖല ഉണ്ടാക്കുന്നതിനെ കുറിച്ച് ട്രംപും എര്‍ദോഗനും തമ്മില്‍ ചര്‍ച്ച തുടങ്ങിയത് 2018-ല്‍ ആണ്. സിറിയന്‍ മണ്ണില്‍ ടര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് സമാധാനപരമായ ജീവിതം നയിക്കാനാവുന്ന വിധം സിറിയന്‍ അഭയാര്‍ഥികള്‍ക്കു സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനുള്ള പദ്ധതി എന്ന മനോഹരമായ സങ്കല്‍പ്പമാണ് എര്‍ദോഗന്‍ മുന്നോട്ടു വച്ചത്. പക്ഷെ വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടിട്ടാവണം, സിറിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഈ പദ്ധതിയില്‍ തങ്ങളുടെ സേന പങ്കു ചേരില്ല എന്ന് അമേരിക്കന്‍ പ്രതിരോധ മേധാവി ആയ മാര്‍ക്ക് എസ്പെര്‍ ആ സമയത്ത് തന്നെ വ്യക്തമാക്കി. സിറിയന്‍ അതിര്‍ത്തിയിലെ ഈ വിവാദഭൂമിയെ സേഫ് സോണ്‍ എന്ന് പ്രഖ്യാപിച്ച ശേഷം ടര്‍ക്കിയില്‍ എത്തിപ്പെട്ട മനുഷ്യരെകൊണ്ട് വന്നു തള്ളാനുള്ള എര്‍ദോഗന്റെ പദ്ധതി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികളെ സംബന്ധിച്ച നിലപാടുകള്‍ക്കും നിബന്ധനകള്‍ക്കും എതിരാണ്. യുദ്ധം മൂലം തങ്ങളുടെ വീടും നാടും വിട്ടു ഓടി രക്ഷപ്പെടേണ്ടി വന്നവര്‍ തിരിച്ചു വരേണ്ടത് ഇങ്ങനെ അല്ലെന്നായിരുന്നു എര്‍ദോഗന്‍ മുന്നോട്ടു വച്ച ഈ ഉപായത്തെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം സുരക്ഷിതമായും അന്തസ്സോടെയുമാണ് അഭയാര്‍ത്ഥികള്‍ മടങ്ങിവരേണ്ടതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

  അന്താരാഷ്ട്ര നിയമങ്ങളില്‍ അനുശാസിക്കുന്ന നോണ്‍ റിഫോള്‍മെന്‍റ് (non-refoulement) എന്ന തത്വ പ്രകാരം വംശം, മതം, പൌരത്വം, രാഷ്ട്രീയ അഭിപ്രായം, പ്രത്യേക സമൂഹ വിഭാഗങ്ങളിലെ അംഗത്വം എന്നീ കാരണങ്ങളാല്‍ ജീവനോ സ്വതന്ത്ര്യത്തിണോ ഭീഷണി ഉണ്ടാകുന്നത് മൂലം രാജ്യം വിട്ടോടി രക്ഷപെട്ട വ്യക്തികളെ പുറത്താക്കാനോ തിരിച്ചേല്‍പ്പിക്കാനോ ഒരു രാജ്യത്തിനും അവകാശമില്ല. മനുഷ്യാവകാശങ്ങള്‍ പരിഗണിക്കാതെ നടത്തുന്ന ഈ നടപടിയെ അനുകൂലിക്കില്ലെന്നും ഇത്തരം സ്ഥലങ്ങളിലെ സ്ഥിതി സാധാരണ നിലയിലാക്കാനും വികസനങ്ങള്‍ കൊണ്ടുവരാനും തങ്ങളുടെ സഹായം പ്രതീക്ഷിക്കേണ്ട എന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ എര്‍ദോഗന്റെ ആക്രമണത്തിനു മൂന്നു ദിവസം മുമ്പേ പ്രഖ്യാപിച്ചിരുന്നു.

  ഈ സാഹചര്യത്തിലാണ് തന്റെ തീരുമാനം ഉണ്ടാക്കാന്‍ പോകുന്ന നാശനഷ്ടങ്ങളെ പറ്റി യാതൊരു ബോധവുമില്ലാതെ അമേരിക്കന്‍ പ്രസിഡന്റ് സിറിയയില്‍ നിന്ന് സേനയെ തിരിച്ചു വിളിക്കുന്നത്. ഡാലസില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ, തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു കൊണ്ട് അറയ്ക്കുന്ന ഫലിതച്ചുവയോടെ ഡോണാള്‍ഡ് ട്രമ്പ് ഇങ്ങനെ പറഞ്ഞു: ”ചില നേരത്ത് നമ്മളവരെ ചെറിയ കുട്ടികളെപ്പോലെ കടിപിടി കൂട്ടാന്‍ അനുവദിക്കണം. എന്നിട്ട് നമുക്കവരെ പിടിച്ചു മാറ്റാം.”

  സിറിയയിലെ മനുഷ്യാവകാശലംഘനങ്ങളെ പറ്റി പഠിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി എന്ന സംഘടനയുടെ കണക്കു പ്രകാരം അമേരിക്കന്‍ പ്രസിഡന്റ് പരാമര്‍ശിച്ച, ഈ കടിപിടിയില്‍ വീടുവിട്ടോടേണ്ടി വന്നത് മൂന്നു ലക്ഷം മനുഷ്യര്‍ക്കാണ്. സൈനികരും വിപ്ലവകാരികളും സാധാരണക്കാരുമടക്കം അറുന്നൂറിലേറെ പേരാണ് കൊല്ലപെട്ടത്. പുടിനും എര്‍ദോഗനും ചേര്‍ന്നുള്ള കരാര്‍ നിലവില്‍ വന്നു കഴിഞ്ഞെങ്കിലും ടര്‍ക്കിയുടെ സൈന്യവും അവരുടെ പിന്തുണയുള്ള ഭീകരവാദ സംഘങ്ങളും തുടരുന്ന ആക്രമണവും തീവയ്പ്പും മോഷണവും തട്ടിക്കൊണ്ടുപോകലുകളും ഭയന്ന് സിറിയക്കാര്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യുകയാണ്.

  അഭയാര്‍ത്ഥി സംരക്ഷണം എന്ന പൊള്ളയായ വാദം

  2011-ല്‍ ബഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെയും ഐസിസ് പോലുള്ള ഭീകരവാദ സംഘടനകളുടെയും ഭീകരവാഴ്ചയില്‍ നട്ടം തിരിഞ്ഞാണ് സിറിയന്‍ ജനത രാജ്യം വിട്ടോടിത്തുടങ്ങിയത്. അവരില്‍ 35 ലക്ഷത്തോളം പേര്‍ ടര്‍ക്കിയിലാണ് എത്തിപ്പെട്ടത്. . ഈ അഭയാര്‍ഥികള്‍ തങ്ങളുടെ പൗരന്മാരുമായി ഇടകലര്‍ന്നു കഴിയുന്നു എന്നാണ് ടര്‍ക്കിയുടെ പ്രസിഡന്റ് അവകാശപ്പെടുന്നത്. സംശയിക്കേണ്ട, തെരുവുകളില്‍ അലഞ്ഞു തിരിയുന്ന, ദരിദ്രരും അവശരുമായ, ഭിക്ഷക്കാരേക്കാള്‍ കഷ്ടമായ ജീവിതം നയിക്കുന്ന ഈ മനുഷ്യരുടെ എണ്ണം തന്നെയാണത്. ഏകദേശം രണ്ടു ലക്ഷത്തോളം ആളുകള്‍ ടര്‍ക്കിയിലെ കണ്ടെയ്നര്‍, ടെന്റ് ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പട്ടിണിയും വേശ്യാവൃത്തിയും ബലാല്‍സംഗവും മോഷണവും മാഫിയാവാഴ്ചയും നിറഞ്ഞ ക്യാമ്പുകള്‍! സിറിയന്‍ അഭയാര്‍ഥികളെ ടര്‍ക്കിയില്‍ തന്നെ സൂക്ഷിക്കാനായി യൂറോപ്യന്‍ യൂണിയന്‍ എര്‍ദോഗന്റെ കരങ്ങളിലേക്ക് ചൊരിഞ്ഞ കോടികളുടെ ചെറിയൊരംശം പോലും ഈ പാവങ്ങളിലെക്ക് എത്തുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  6.6 ബില്ല്യണ്‍ യൂറോ ആയിരുന്നു സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്പിലേക്ക് പ്രവേശിക്കാനനുവദിക്കാതെ ടര്‍ക്കിയില്‍ തന്നെ താമസിപ്പിക്കാനായി യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞുറപ്പിച്ച തുക. കരാര്‍ നിലവില്‍ വന്നത് 2016 മാര്‍ച്ചില്‍ ആണെങ്കിലും നാളിതു വരെ 2.22 ബില്ല്യണ്‍ മാത്രമേ തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളൂ എന്നാണു ടര്‍ക്കിയുടെ ആരോപണം. പകരം യൂറോപ്യന്‍ യൂണിയനാവട്ടെ തങ്ങള്‍ എത്ര പണം നല്‍കിയിട്ടുണ്ട് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പൗരന്‍മാര്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാതെ സഞ്ചരിക്കാന്‍ അവസരം നല്‍കുന്ന ഷെന്‍ഗന്‍ പാസ്പോര്‍ട്ട് ഫ്രീ സോണില്‍ വിസ ഇല്ലാതെ പ്രവേശിക്കാന്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് അനുമതി ലഭിക്കണം എന്നതായിരുന്നു പകരമുള്ള എര്‍ദോഗന്റെ ഒരു ആവശ്യം. ഈ ആവശ്യത്തെ യൂറോപ്യന്‍ യൂണിയന്‍ എതിരിട്ടത് മറ്റ് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചാണ്. ഭീകരവാദത്തിനെതിരെയുള്ള ടര്‍ക്കിയുടെ ആഭ്യന്തര നിയമങ്ങളില്‍ മാറ്റം വരുത്തുക, യൂറോപ്യന്‍ രാജ്യങ്ങളുമായി നിയമ സഹകരണ നിബന്ധനകളില്‍ ഒപ്പുവയ്ക്കുക തുടങ്ങിയവ അവയില്‍ പെടുന്നു. അതിന് ടര്‍ക്കി തയ്യാറാകാത്തതിനാല്‍ ഈ നിബന്ധനകളൊന്നും നാളിതു വരെ നടപ്പില്‍ വന്നിട്ടില്ല. ലോകത്തിലെ മറ്റേതു രാജ്യത്തെക്കാള്‍ കൂടുതല്‍ അഭയാര്‍ഥികള്‍ വസിക്കുന്ന രാജ്യമാണ് ഇന്ന് ടര്‍ക്കി. ഏകദേശം 36 ലക്ഷം അഭയാര്‍ഥികള്‍ ടര്‍ക്കിയില്‍ യുദ്ധത്തില്‍ നിന്ന് രക്ഷ പ്രാപിക്കാനായി എത്തിയിട്ടുണ്ട്..

  ടര്‍ക്കിയുടെ ലക്ഷ്യങ്ങള്‍

  എന്താണ് ഈ അധിനിവേശത്തില്‍ ടര്‍ക്കിയുടെ ഉദ്ദേശ്യം? തങ്ങള്‍ക്കു കൂടുതല്‍ ലാഭമൊന്നും പ്രതീക്ഷിക്കാനില്ലാത്ത അഭയാര്‍ഥിക്കച്ചവടത്തില്‍ നിന്ന് തലയൂരുക മാത്രമാണോ? ടര്‍ക്കിയ്ക്ക് ഭാരമായ അഭയാര്‍ഥികളെ സേഫ് സോണ്‍ എന്ന് പേരിട്ട സിറിയയുടെ മണ്ണില്‍, ടര്‍ക്കിയുടെ നിയന്ത്രണത്തില്‍ താമസിപ്പിക്കാന്‍ കഴിഞ്ഞാല്‍ രാജ്യം ശുദ്ധീകരിക്കാമെന്നത് മാത്രമാണോ എര്‍ദോഗന്റെ മനസ്സിലിരിപ്പ്? അക്കാര്യം മനസ്സിലാവാന്‍ ടര്‍ക്കിയും കുര്‍ദുകളും തമ്മിലുള്ള വിഷയങ്ങള്‍ ആഴത്തില്‍ പരിശോധിക്കണം.
  ടര്‍ക്കി- സിറിയ അതിര്‍ത്തിയിലെ കുര്‍ദ് ആധിപത്യം അവസാനിപ്പിക്കുക എന്നത് എര്‍ദോഗന്റെ എക്കാലത്തെയും സ്വപ്നമാണ്. റൊജാവ, അഥവാ വടക്ക് കിഴക്കന്‍ സിറിയയിലെ സ്വയം ഭരണാവകാശമുള്ള ഭരണ സംവിധാനം എന്നും ടര്‍ക്കിയെ വിറളി പിടിപ്പിച്ചിരുന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ സായുധ സംരക്ഷണത്തിനു കീഴില്‍ അവരുടെ നയതന്ത്രവിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് കൗണ്‍സില്‍ രൂപപ്പെടുത്തിയ മതനിരപേക്ഷവും ജനാധിപത്യപരവും കുറ്റമറ്റതുമായ ഘടനയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പ്രാദേശിക ഉപദേശകസമിതികളുടെയും ഭരണസമിതികളുടെയും മേല്‍നോട്ടത്തില്‍ വളരെ ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഭരണത്തിനു കീഴില്‍ കുര്‍ദുകള്‍ക്കു വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയും അധികാരവും ഒരു സ്വതന്ത്ര കുര്‍ദിസ്ഥാനിന്റെ രൂപീകരണത്തിലേക്ക് വഴി തെളിക്കുമെന്നാണ് ടര്‍ക്കി ഭയക്കുന്നത്. അത് അനുവദിക്കാതിരിക്കാനാണ് സേഫ് സോണ്‍ എന്ന പുകമറയുമായി എര്‍ദോഗന്‍ അവതരിച്ചത്. റൊജാവയിലെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിനെ ആട്ടിപ്പായിക്കുകയും കുര്‍ദുകളുടെതായ ഒരു സ്വതന്ത്രരാജ്യം എന്ന ഭീഷണി ഇല്ലാതാക്കുകയുമെന്ന യഥാര്‍ത്ഥ ഉദ്ദേശ്യം സാധ്യമാക്കാനുള്ള മറ മാത്രമാണ് സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നം. തന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ നിശ്ചയിച്ച ട്രീറ്റി ഓഫ് ലൊസാന് എതിരെയുള്ള അതൃപ്തി എര്‍ദോഗന്‍ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. മൊസൂളിന് മേല്‍ ടര്‍ക്കിക്കുള്ള ചരിത്രപരമായ അവകാശത്തെ പറ്റി നല്‍കുന്ന സൂചനകളും തന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ വിസ്തൃതമാക്കാനുള്ള ഈ ശ്രമവും തമ്മില്‍ കൂട്ടി വായിക്കേണ്ട സാഹചര്യമാണിത്. ഇത്തരം അധിനിവേശ ശ്രമങ്ങളില്‍ എതിര്‍പ്പുമായി വന്നേക്കാവുന്ന മറ്റ് രാജ്യങ്ങളെ വരുതിയിലാക്കാന്‍ പ്രയോഗിക്കാവുന്നതും സ്വന്തം ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ളതുമായ ഒരു ആയുധം മാത്രമാണ് എര്‍ദോഗാന് അഭയാര്‍ഥികള്‍.

  മറ്റൊരു ബുദ്ധി കൂടി ഇതിനു പിന്നിലുണ്ട്. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിലും ഇസ്താംബുള്‍ മേയര്‍ തെരഞ്ഞെടുപ്പിലും എര്‍ദോഗാനെതിരായിരുന്നു ജനവിധി. എര്‍ദോഗന്റെ ജനസമ്മതി അനുദിനം ഇടിയുകയാണെന്നാണ് ടര്‍ക്കിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും. ഈ സാഹചര്യത്തില്‍, നവവലതുപക്ഷത്തിന് പ്രിയപ്പെട്ട തീവ്രദേശീയതാ വാദം ഉയര്‍ത്തി സ്വന്തം ജനതയെ തനിക്കു പിന്നില്‍ അണിനിരത്താനാണ് എര്‍ദോഗന്റെ ശ്രമം. സിറിയന്‍ അഭയാര്‍ത്ഥികളെ പുകച്ചു പുറത്തു ചാടിക്കുക വഴി ദേശീയതാവാദവും അതിര്‍ത്തിയിലെ ശക്തിപ്രകടനത്തിലൂടെ രാജ്യസ്നേഹവും ഉണര്‍ത്തുക വഴി, സ്വന്തം കൈപ്പിടിയിലുള്ള അധികാരം കുറച്ചുകൂടി സുരക്ഷിതമാക്കാനുള്ള കൈവിട്ട കളിയാണിത്.

  അതോടൊപ്പം, സിറിയയുടെ മേലും കുര്‍ദ് വിഭാഗങ്ങളുടെ മേലും വൈകാരിക ആധിപത്യം സ്ഥാപിക്കാനുള്ള ഒരു ഉപാധിയായി അഭയാര്‍ഥികളെ ഉപയോഗിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. സേഫ് സോണ്‍ എന്ന ആര്‍ക്കും താല്‍പര്യം ജനിപ്പിക്കുന്ന നന്മ നിറഞ്ഞ സങ്കല്‍പ്പത്തിന്റെ മറവിലൂടെ എര്‍ദോഗന്‍ എന്ന സ്വേച്ഛാധിപതി നിര്‍മ്മിക്കുന്നത് ഒരു മനുഷ്യ മതിലാണ്. ആര്‍ക്കും വേണ്ടാത്ത അഭയാര്‍ഥികളെ ഉപയോഗിച്ച് സിറിയയുടെ മണ്ണില്‍ ടര്‍ക്കിയെ സംരക്ഷിച്ചു കൊണ്ട് ഉയരുന്ന ഈ മതിലില്‍ തൊടാന്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് മടിക്കും. നിസ്സഹായരായ ആ ജനക്കൂട്ടത്തെ അസദിന്റെ പിടിയില്‍ നിന്നും ഭീകരരില്‍ നിന്നും രക്ഷിക്കാനായിട്ടാണ് എസ്ഡിഎഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആ സംഘടന രൂപീകൃതമായത് തന്നെ.

  സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസില്‍ കുര്‍ദുകള്‍ മാത്രമല്ല സുന്നി വിഭാഗത്തില്‍ പെട്ട അറബ് വംശജരും ക്രിസ്തുമത വിശ്വാസികളും തോളോടു തോള്‍ ചേര്‍ന്ന് പോരാടുന്നു. പക്ഷെ അവരില്‍ മുന്‍തൂക്കം വൈ പി ജി എന്നറിയപ്പെടുന്ന കുര്‍ദ് സേനാവിഭാഗത്തിന് തന്നെയാണ്. അവരോടൊത്ത് പൊരുതുന്ന കുര്‍ദ് സ്ത്രീകളുടെ സേനയായ വൈ പി ജെയ്ക്കും തുല്യ പ്രാധാന്യമാണുള്ളത്. സിറിയയിലെ വിവിധ വംശങ്ങളിലെയും മതങ്ങളിലെയും യുവാക്കള്‍ ഒത്തുചേര്‍ന്നു ഐസിസിനെ തകര്‍ക്കാനായി രൂപപ്പെടുത്തിയ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസില്‍ സമാന ലക്ഷ്യങ്ങളുള്ള നിരവധി സഹോദര സംഘടനകളും ചേര്‍ന്നിരുന്നു. രണ്ടും കല്‍പ്പിച്ചിറങ്ങിയ ഈ സംഘത്തിന് അമേരിക്കയുടെ സൈനികസഹായം ലഭിച്ചു തുടങ്ങിയപ്പോള്‍ മുതലാണ് ഐസിസ് പരാജയം രുചിച്ചു തുടങ്ങിയത്. 2014-ല്‍ അമേരിക്കന്‍ സൈന്യവും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസും ചേര്‍ന്ന് കൊബാനിയുടെ മണ്ണില്‍ വച്ച് ഐസിസിനെ നിലം പരിശാക്കി. അമേരിക്കയ്ക്കും എസ്ഡിഎഫിനും പ്രയോജനം ലഭിച്ച ഒരു കൂട്ടുകെട്ടായിരുന്നു അത്. എസ് ഡി എഫിന് അത്യന്താധുനിക ആയുധങ്ങളും അതുവരെയില്ലാതിരുന്ന രാഷ്ട്രീയ പ്രാധാന്യവും ലഭിച്ചു. അതേ സമയം സിറിയയിലെ മണ്ണും ആകാശവും കൈവെള്ളയിലെ രേഖ പോലെ അറിയാവുന്ന ഈ ഗറില്ലാപോരാളികളോട് ചേര്‍ന്നപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ പ്രഹര ശേഷി ഇരട്ടിയായി. ജീവന്‍ പണയം വച്ച് ഐസിസിന്റെ മേല്‍ ഈ കൂട്ടുകെട്ട് നേടിയ ആധിപത്യമാണ് ട്രംപ് തന്റെ സേനയെ പിന്‍വലിച്ചു കൊണ്ട് ഒറ്റയടിക്ക് തകര്‍ത്തു കളഞ്ഞത്.
  ആരാണ് കുര്‍ദുകള്‍

  മെസോപൊട്ടേമിയന്‍ സമതലത്തിലും തെക്ക് കിഴക്കന്‍ ടര്‍ക്കിയിലും വടക്ക് കിഴക്കന്‍ സിറിയയിലും ഇറാഖിന്റെ വടക്ക് ഭാഗത്തും ഇറാന്റെ വടക്ക് പടിഞ്ഞാറും അര്‍മേനിയയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തുമായി കാണപ്പെടുന്ന ഗോത്ര വംശജരാണ് കുര്‍ദുകള്‍. ഭൂരിഭാഗം വരുന്ന സുന്നി മുസ്ലീമുകള്‍ ഉള്‍പ്പെടെ വിവിധ മതവിശ്വാസികള്‍ ഈ വംശത്തില്‍ ഉള്‍പ്പെടുന്നുവെങ്കിലും സംസ്‌കാരവും ഭാഷയും വംശബോധവും അവരെ കുര്‍ദുകള്‍ എന്ന ഗോത്രത്തിന്റെ കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തുന്നു.
  സിറിയയിലെ കുര്‍ദുകള്‍ അനുഭവിക്കേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് എസ്ഡിഎഫ് എന്ന സായുധ സംഘത്തിന്റെ രൂപീകരണത്തിലേക്ക് കുര്‍ദുകളെ നയിച്ചത്. 2011-ല്‍ ബഷര്‍ അല്‍ അസ്സദിന്റെ ഭരണത്തിനെതിരെ ഉയര്‍ന്ന ജനവികാരമാണ് ഇപ്പോഴും തുടര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ചെന്നവസാനിച്ചത്. കലാപത്തിനു മുന്പ് ജനസംഖ്യയുടെ ഏകദേശം പതിനൊന്നു ശതമാനമുണ്ടായിരുന്ന കുര്‍ദുകളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുകയും കുര്‍ദ് ഭാഷയുടെ ഉപയോഗവും രാഷ്ട്രീയ ഇടപെടലുകളും നിരോധിക്കുകയും വഴി ഗവണ്മെന്റ് അവരെ ശ്വാസം മുട്ടിച്ചു. സുന്നി അറബ് വിമതരെ ഇറാന്റെയും റഷ്യയുടെയും സഹായത്തോടെ കൊന്നൊടുക്കുന്നതില്‍ മുഴുകിയ അസ്സദിന് രാജ്യത്തിന്റെ കാല്‍ ഭാഗത്തോളം വരുന്ന എണ്ണയും വെള്ളവും കൃഷി ഭൂമിയും കൊണ്ട് സമൃദ്ധമായ ഭാഗത്തു കുര്‍ദുകള്‍ പിടിമുറുക്കിയതിനെ തടയാനായില്ല. കുര്‍ദുകള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സ്വയം ഭരണ സംവിധാനവും പ്രതിരോധ സേനയുമുള്ള നിര്‍ണ്ണായക ശക്തിയായി സിറിയയില്‍ വളര്‍ന്നു വന്നു. അമേരിക്കയുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ കുര്‍ദുകള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചെങ്കിലും മറ്റൊരു രാജ്യം സ്ഥാപിക്കുന്നതിനേക്കാള്‍ അവര്‍ക്ക് താല്‍പ്പര്യം സിറിയയുടെ ഭാഗമായിത്തന്നെ സ്വതന്ത്രാധികാരമുള്ള പ്രവിശ്യയായി നിലനില്‍ക്കുന്നതായിരുന്നു.

  ടര്‍ക്കിയിലെ ജനസംഖ്യയുടെ ഏകദേശം ഇരുപതു ശതമാനത്തോളം കുര്‍ദുകളാണ്. അവരനുഭവിച്ചു വന്നിരുന്ന വിവേചനത്തിന്റെറ ഭാഗമായി 1980ന് ശേഷം കുര്‍ദ് ഭാഷയുടെ ഉപയോഗം പോലും ടര്‍ക്കിയില്‍ നിരോധിച്ചു. കുര്‍ദ് അസ്തിത്വം എന്ന കാരണം മൂലം ടര്‍ക്കിയില്‍ രണ്ടാം കിട പൌരന്മാരായി ആത്മാഭിമാനമില്ലാതെ ജീവിച്ചു മടുത്ത അവര്‍ പ്രതിഷേധിച്ചു തുടങ്ങി. 1984 മുതല്‍ സ്വതന്ത്ര കുര്‍ദിസ്ഥാന്‍ സ്ഥാപിക്കാനായി ടര്‍ക്കിയിലെ ഭരണകൂടവുമായി സായുധ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അബ്ദുള്ള ഒഹ്ജലാന്‍ നേതൃത്വം വഹിക്കുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ). 1999ല്‍ ഒഹ്ജലാനെ സിഐഎയുടെ സഹായത്തോടെ നെയ്‌റോബിയില്‍ വച്ച് പിടികൂടുകയും വധ ശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമെടുക്കുന്നതിന്റെ ഭാഗമായി ടര്‍ക്കിയില്‍ വധ ശിക്ഷ നിരോധിച്ചതിനാല്‍ ഒഹ്ജലാന്റെ ജീവന്‍ രക്ഷപെട്ടുവെങ്കിലും അദ്ദേഹം നാളിതു വരെ തടവില്‍ തന്നെയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ജപ്പാനും ടര്‍ക്കിയും പികെകെയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന വൈപിജിയെയും അവരുടെ സ്ത്രീകളുടെ ഘടകമായ വൈപിജെയെയും പികെകെയുടെ ഭാഗമായാണ് ടര്‍ക്കി കണക്കാക്കുന്നത്.

  ടര്‍ക്കിയിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ എച്ച്ഡിപിയും പികെകെയും തമ്മില്‍ വ്യത്യാസങ്ങളൊന്നും ഇല്ലെന്നാണ് എര്‍ദോഗന്റെ ആരോപണം. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന കുര്‍ദ് സായുധ സംഘടനകളായ വൈപിജിയും വൈപിജെയും പികെകെയുടെ സഹോദരസംഘങ്ങള്‍ ആയതിനാല്‍ അവയെ ഭസ്മമാക്കും എന്ന് എര്‍ദോഗന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ എച്ച്ഡിപിയെ തകര്‍ക്കാനും ജനങ്ങള്‍ക്ക് അവരോടുള്ള പ്രതിപത്തി ഇല്ലാതെയാക്കാനുമായി പികെകെ എന്ന നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുണ്ടെന്ന കുറ്റം ആരോപിച്ചു നേതാക്കളെ അകത്താക്കുകയാണ് ഇപ്പോള്‍ ടര്‍ക്കിഷ് ഭരണകൂടത്തിന്റെ പുതിയ തന്ത്രം.

  അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നഷ്ടപ്പെടാതെയിരിക്കാന്‍ വേണ്ടി സിറിയയിലെ കുര്‍ദ് വിപ്ലവകാരികളാകട്ടെ, ടര്‍ക്കിഷ് സൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടാകാതെയിരിക്കാന്‍ വളരെ സൂക്ഷിച്ചാണ് എന്നും പെരുമാറിയിരുന്നത്. ഒരിക്കല്‍ പോലും അവര്‍ ടര്‍ക്കിയുടെ മണ്ണില്‍ കടന്നു ആക്രമണങ്ങള്‍ നടത്തി എന്ന് എര്‍ദോഗന് ആരോപിക്കാനാവില്ല. ടര്‍ക്കിയുടെ തെക്ക് കിഴക്കു ഭാഗത്ത് പികെകെയ്ക്കുള്ള സ്വാധീനം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തിനു സിറിയന്‍ കുര്‍ദുകളെ ആക്രമിക്കുന്നു എന്ന ചോദ്യം ടര്‍ക്കിയിലെ ജനങ്ങള്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

  വഞ്ചനയുടെ തുടര്‍ക്കഥകള്‍

  ലോകരാഷ്ട്രീയം അതാത് കാലങ്ങളില്‍ മുന്നോട്ടുവെയ്ക്കുന്ന ലാഭാധിഷ്ഠിതമായ പ്രായോഗിക വാദത്തിന്റെ ഇരകളാണ് കുര്‍ദ് സമൂഹം. നിരന്തര വഞ്ചനയുടെ കഥകളാണ് അവര്‍ക്ക് പറയാനുള്ളത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം മധ്യശക്തികള്‍ എന്നറിയപ്പെട്ടിരുന്ന ജര്‍മനി, ഓസ്ട്രിയ, ഹംഗറി, ഒട്ടോമാന്‍സാമ്രാജ്യം, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ സഖ്യകക്ഷികള്‍ എന്നറിയപ്പെട്ടിരുന്ന അമേരിക്ക, ഫ്രാന്‍സ്, ഇംഗ്ലണ്ട് , ഇറ്റലി എന്നീ രാജ്യങ്ങളുമായി ഒപ്പിട്ട അനേകം ഉടമ്പടികളില്‍ ഒന്നായിരുന്നു 1920-ലെ സേവ്രെ കരാര്‍. ഒട്ടോമാന്‍ സാമ്രാജ്യ വിഭജനവുമായി ബന്ധപ്പെട്ട ഈ ഉടമ്പടി പ്രകാരം ഏഷ്യന്‍ അറബ് രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കയിലുമുള്ള ടര്‍ക്കിയുടെ അവകാശങ്ങള്‍ എടുത്തു കളയുക, അര്‍മേനിയയ്ക്ക് സ്വാതന്ത്ര്യം നല്‍കുക, കുര്‍ദിസ്ഥാന് സ്വതന്ത്ര ഭരണാവകാശം നല്‍കുക, തുടങ്ങിയ നിബന്ധനകള്‍ ടര്‍ക്കിയ്ക്ക് അംഗീകരിക്കേണ്ടി വന്നു.

  പക്ഷെ ടര്‍ക്കിയില്‍ മുസ്തഫ കമല്‍ പാഷയുടെ നേതൃത്വത്തില്‍ പുതിയതായി അധികാരത്തിലേറിയ ഭരണകൂടത്തിന്റെ എതിര്‍പ്പ് മൂലം ആ കരാര്‍ നടന്നില്ല. പകരം, 1923-ലെ ലൊസാന്‍ ഉടമ്പടി വഴി മുമ്പു കുര്‍ദുകള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ലോകരാഷ്ട്രങ്ങള്‍ സൌകര്യപൂര്‍വ്വം ഉപേക്ഷിച്ചു. ഒരു വശത്തു ടര്‍ക്കിയും മറുവശത്ത് ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ഗ്രീസ്, റൊമാനിയ, കിങ്ങ്ഡം ഓഫ് യൂഗോസ്ലാവിയ എന്നിവരുമായിരുന്നു ഈ കരാര്‍ ഉണ്ടാക്കിയത്. ടര്‍ക്കിയുടെ അതിരുകള്‍ നിശ്ചയിച്ച നിര്‍ണ്ണായകമായ ഒന്നായിരുന്നു ലൊസാന്‍ ഉടമ്പടി. അതോടെ അറബ് പ്രദേശങ്ങളിലുള്ള തങ്ങളുടെ അവകാശവാദങ്ങള്‍ ടര്‍ക്കി ഉപേക്ഷിക്കുകയും സൈപ്രസ്സിനു മേലുള്ള ബ്രിട്ടീഷ് ആധിപത്യവും ഈജിയന്‍ കടലിലെ ഡോഡകനീസ് എന്ന ഗ്രീക്ക് ദ്വീപുകളുടെ സമൂഹത്തിന്‍മേലുള്ള ഇറ്റലിയുടെ അധികാരവും ശരിവയ്ക്കുകയും ചെയ്തു. തങ്ങള്‍ക്കാവശ്യമുള്ളത് ലഭിച്ചതോടെ സഖ്യശക്തികള്‍ കുര്‍ദിസ്ഥാന് വേണ്ടിയും അര്‍മേനിയയില്‍ നിന്നുള്ള ടര്‍ക്കിയുടെ പിന്മാറ്റത്തിനു വേണ്ടിയുമുള്ള ആവശ്യങ്ങള്‍ പിന്‍വലിച്ചു. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കാര്‍മ്മികത്വത്തില്‍ ടര്‍ക്കിയും ഇറാക്കും ഇറാനും സിറിയയും ചേര്‍ന്ന് കുര്‍ദ് ഭൂരിപക്ഷ പ്രദേശങ്ങള്‍ വീതം വച്ചെടുത്തു. മൂന്നു വര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന കുര്‍ദിസ്ഥാന്‍ ഇന്നത്തെ ഇറാഖിന് ഉള്ളിലായിരുന്നു.

  യങ് ടര്‍ക്സ് മൂവ്മെന്റിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് അര്‍മേനിയക്കാരെയും കുര്‍ദുകളെയും ടര്‍ക്കിയില്‍ നിന്ന് പുറത്താക്കി വംശീയ ശുദ്ധീകരണം നടത്തുക എന്നതായിരുന്നു. ഏകദേശം ഏഴു ലക്ഷത്തോളം കുര്‍ദുകളെ അവര്‍ ടര്‍ക്കിയില്‍ നിന്ന് നാടുകടത്തി. കൂട്ടക്കൊലകളും പലായനങ്ങളും വീതം വയ്ക്കലുകളും മൂലം തളര്‍ന്നു പോയ ആ ജനതയുടെ മനസ്സില്‍ അതുവരെ അവ്യക്തവും അശക്തവുമായിരുന്ന ദേശീയ വാദം അതോടെ ശക്തിയാര്‍ജിച്ചു. തിരിച്ചടിക്കാന്‍ പഠിച്ച കുര്‍ദ് യുവാക്കള്‍ ഒത്തുചേരുകയും തങ്ങളുടെ മണ്ണിനും ജീവനും വേണ്ടി പൊരുതാന്‍ തീരുമാനിക്കുകയും ചെയ്തു. തങ്ങളെ പങ്കുവച്ചെടുത്ത്, അടിമകളെപ്പോലെ കണക്കാക്കുന്ന ഭരണകൂടങ്ങളോട് ചതിക്കപ്പെട്ട കുര്‍ദുകള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അങ്കം വെട്ടാന്‍ തുടങ്ങി. ടര്‍ക്കിയിലും ഇറാനിലും ഇറാഖിലും സിറിയയിലും ആയുധധാരികളായ ഗറില്ലാ സംഘങ്ങള്‍ രൂപപ്പെട്ടു. കുര്‍ദിസ്ഥാന്‍ മേഖല എന്നറിയപ്പെടുന്ന സ്വയം ഭരണാവകാശമുള്ള ഒരു പ്രവിശ്യ ഇറാഖിലുണ്ട്.

  അന്നാരംഭിച്ച കരാറുകളുടെ, ഒരിക്കലും നടപ്പിലാവാത്ത വാഗ്ദാനങ്ങളുടെ, വഞ്ചനകളുടെ ഒരു നീണ്ട കണക്കു പുസ്തകം തന്നെയുണ്ട് അവരുടെ പക്കല്‍. സമാധാന ശ്രമങ്ങളുടെയും അടിയന്തിരാവസ്ഥകളുടെയും, കൂട്ടക്കൊലപാതകങ്ങളുടെയും പരാജയങ്ങളുടെയും കണ്ണുനീരും ചോരയും ഉണങ്ങാത്ത ഒന്ന്. അവരുടെ സുഹൃത്തെന്നു നടിക്കുന്ന അമേരിക്കയുടെ സംഭാവന ഇതില്‍ ഒട്ടും ചെറുതല്ല. കുര്‍ദ് ഭൂരിപക്ഷമുള്ള ടര്‍ക്കി, ഇറാന്‍ ഇറാഖ് സിറിയ എന്നീ രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന് തോന്നിയാല്‍ പല്ലുകള്‍ക്ക് മൂര്‍ച്ച കൂട്ടി ശത്രുക്കള്‍ക്ക് എതിരെ ഇറക്കാനുള്ള ഒരു വേട്ടമൃഗം മാത്രമാണ് അമേരിക്കയ്ക്ക് കുര്‍ദുകള്‍. അതേ സമയം കുര്‍ദ് രാഷ്ട്രീയം ശക്തിയാര്‍ജ്ജിക്കുന്നു എന്ന് തോന്നിക്കഴിഞ്ഞാല്‍ അവര്‍ പിന്നില്‍ നിന്ന് പാലം വലിക്കുകയും ചെയ്യും. പുറകില്‍ പതിയിരിക്കുന്ന ചതി അറിയാമായിരുന്നിട്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവര്‍ക്ക് വീണ്ടും പലതവണ അമേരിക്കയുടെ സഹായം സ്വീകരിക്കേണ്ടി വന്നു.

  എഴുപതുകളില്‍ ഇറാഖിലെ ഭരണകൂടം റഷ്യയോടു അടുപ്പം കാണിച്ചു തുടങ്ങിയപ്പോള്‍ അന്ന് അമേരിക്ക ഭരിച്ചിരുന്ന റിച്ചാര്‍ഡ്‌ നിക്സണ്‍ ഇറാനോട് ഒപ്പം ചേര്‍ന്ന് ഇറാഖിലെ കുര്‍ദുകളെ ആയുധമണിയിച്ചിറക്കി. ഇറാനിലും സ്വാതന്ത്ര്യദാഹികളായ കുര്‍ദ് വംശജര്‍ ഉണ്ടെന്നതിനാല്‍ അമേരിക്കയുടെയും ഇറാന്റെയും ലക്ഷ്യം ഇറാഖിലെ കുര്‍ദുകളുടെ സ്വാതന്ത്ര്യമല്ല എന്ന് വ്യക്തമായിരുന്നു. എന്നിട്ടും കുര്‍ദുകള്‍ ആ കെണിയില്‍ വീണു. അതിനു ശേഷം അമേരിക്ക ഇറാനുമായും ഇറാഖുമായും കരാറുകളില്‍ ഒപ്പുവയ്ക്കുകയും കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ക്ക് സമ്മതം മൂളുകയും ചെയ്തു. അതോടെ ഇറാഖ് സൈന്യം കുര്‍ദുകളെ കൊന്നൊടുക്കിത്തുടങ്ങി. സഹായത്തിനായുള്ള നിലവിളികളെ ഇപ്പോഴെന്നപോലെ അമേരിക്ക തൃണവല്‍ഗണിച്ചു. 1980-കളില്‍ കുര്‍ദുകള്‍ക്കെതിരെ ഇറാഖ് വംശഹത്യ നടത്തി. അന്ന് രാസായുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള ഇറാഖിന്റെ അതിക്രമങ്ങള്‍ അമേരിക്കയുടെ അറിവോടുകൂടി ആയിരുന്നു.

  1991-ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇറാഖി സൈന്യത്തോടും ജനങ്ങളോടും നിയമം കയ്യിലെടുത്തു കൊണ്ടാണെങ്കില്‍ പോലും സദ്ദാം ഹുസൈന്‍ എന്ന സ്വേച്ഛാധിപതിയെ പുറത്താക്കാന്‍ വേണ്ടത് ചെയ്യുക എന്ന് ആഹ്വാനം ചെയ്തപ്പോള്‍ അത് ഷിയാകളും കുര്‍ദുകളും അനുസരിച്ചു. അതിന്റെ പ്രതികരണമെന്നോണം ഇറാഖി സൈന്യം കുര്‍ദ് വിപ്ലവകാരികളെ അരിഞ്ഞു തള്ളിയപ്പോള്‍ അമേരിക്കന്‍ സൈന്യം നോക്കി നിന്നതേയുള്ളൂ. അവസാനം കുര്‍ദുകളുടെ ചോരവീഴുന്നതിനു കാരണം അമേരിക്കയാണ് എന്ന ആരോപണം സഹിക്കാനാവാതെ അവരെ സഹായിക്കാനിറങ്ങിയ ബ്രിട്ടനെ പിന്താങ്ങിയാണ് അന്ന് അമേരിക്ക മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്.

  ‘പര്‍വ്വതങ്ങളല്ലാതെ മറ്റു സുഹൃത്തുക്കളില്ല.’ എന്ന പ്രശസ്തമായ കുര്‍ദ് പഴഞ്ചൊല്ല് ശരിയാണ് എന്ന് കുര്‍ദുകളെ വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് അവരെ ടര്‍ക്കിഷ് സൈന്യത്തിന്റെ കൊലക്കത്തികള്‍ക്ക് എറിഞ്ഞു കൊടുത്ത ശേഷം ട്രംപ് പിന്മാറിയെങ്കിലും അമേരിക്കയുമായി ഐസിസ് തലവന്‍ ബാഗ്ദാദിയെ പിടികൂടാന്‍ ഒരുക്കിയ പദ്ധതിയില്‍ നിന്ന് എസ്ഡിഎഫ് പിന്മാറിയില്ല. ടര്‍ക്കിഷ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇദ് ലിബ് (Idlib) എന്ന നഗരത്തില്‍ ഒളിച്ചിരുന്ന ബാഗ്ദാദിയെ പിടികൂടാന്‍ ആവശ്യമായ വിവരങ്ങള്‍ തദ്ദേശ വാസികളുടെ സഹായമില്ലാതെ അമേരിക്കന്‍ സൈനികര്‍ക്ക് ലഭിക്കുക അസാധ്യമായിരുന്നു. എസ്ഡിഎഫ് അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ഓപ്പറേഷന് കളമൊരുക്കുകയും ചെയ്തു. എന്നാല്‍, സംയുക്തമായി നടത്തിയ ഈ ദൗത്യത്തില്‍ എസ്ഡിഎഫിന്റെ പങ്കിനെ അംഗീകരിക്കാന്‍ പോലും ട്രംപ് ആദ്യം വിമുഖത കാട്ടി.

  കുര്‍ദ് പോരാട്ടങ്ങള്‍, അടിച്ചമര്‍ത്തലുകള്‍

  ആഭ്യന്തര യുദ്ധം തുടങ്ങിയതിനു ശേഷം സിറിയയിലെ കുര്‍ദ് ഭൂരിപക്ഷപ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ സംരക്ഷണാര്‍ത്ഥം രൂപീകരിച്ച സായുധ സംഘമാണ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്സ് അഥവാ വൈപിജി. സ്ത്രീസ്വാതന്ത്ര്യത്തിനു വളരെയേറെ പ്രാധാന്യം നല്‍കുന്ന അബ്ദുള്ള ഒഹ്ജലാന്റെ ജിനിയോളജി (Jineology) എന്ന പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീനം നിമിത്തം പൂര്‍ണ്ണമായും സ്ത്രീകള്‍ അടങ്ങുന്ന വൈപിജെ എന്ന സായുധ ഘടകം കൂടി അവര്‍ ആരംഭിച്ചു. കാലാകാലങ്ങളായി നിലനിന്നിരുന്ന ടര്‍ക്കിഷ് സമൂഹത്തിന്‍റെ പുരുഷാധിപത്യ ഘടനയ്ക്ക് മുഖമടച്ചു കിട്ടിയ അടിയായിരുന്നു ഈ സ്ത്രീ മുന്നേറ്റം. ഭരണകൂടത്തിന്റെയും ഭീകരസംഘങ്ങളുടെയും അക്രമങ്ങളില്‍ വലഞ്ഞ സിറിയന്‍, അസീറിയന്‍, അര്‍മേനിയന്‍ ക്രിസ്ത്യന്‍ വിഭാഗക്കാരടക്കം വിവിധ വംശങ്ങളില്‍ പെട്ട ചെറുപ്പക്കാര്‍ ഈ സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന വോളണ്ടിയര്‍മാരും ഇവര്‍ക്കൊപ്പം സേവനമനുഷ്ഠിക്കുന്നുണ്ട്. മതമോ വംശമോ ലിംഗ വ്യത്യാസമോ കണക്കിലെടുക്കാതെ അംഗങ്ങള്‍ നേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി പിന്തുടരുന്ന സംഘടനയാണ് വൈപിജി/ജെ.

  വൈപിജി/ജെ പോരാളികളെ പരിശീലിപ്പിക്കുന്ന ട്രെയിനിംഗ് സെന്ററുകളില്‍ ആയുധപരിശീലനം മാത്രമല്ല അവര്‍ക്ക് ലഭിക്കുന്നത്. രാഷ്ട്രീയവും ചരിത്രവും ഫിലോസഫിയും അവരെ പഠിപ്പിക്കുന്നു. സാമൂഹികമായും സാംസ്‌കാരികവും ധാര്‍മ്മികവുമായ മൂല്യങ്ങളും പാഠ്യപദ്ധതിയില്‍ പെടുന്നു. ആത്മവിശ്വാസമുള്ള, ലിംഗസമത്വത്തില്‍ വിശ്വസിക്കുന്ന, ബുദ്ധിപൂര്‍വ്വകമായ തീരുമാനങ്ങള്‍ സ്വതന്ത്രമായി എടുക്കാന്‍ കഴിവുള്ളവരായി അംഗങ്ങളെ മാറ്റുകയാണ് പരിശീലന ലക്ഷ്യം. മനസ്സാണ് യുദ്ധത്തിലെ ഏറ്റവും ശക്തമായ ആയുധം എന്ന ആശയത്തിലൂന്നിയാണ് പരിശീലന പരിപാടി. സ്ത്രീസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും സഹജീവിതത്വത്തിനും ജനാധിപത്യത്തിനും പ്രാധാന്യം നല്‍കിയ ജീവിതരീതിയിലേക്കാണ് ഇവരെ വാര്‍ത്തെടുക്കുന്നത്.

  2014-ല്‍ ഐസിസിന്റെ നിയന്ത്രണത്തിലായിരുന്ന കൊബാനി (Kobane) പിടിച്ചടക്കിയതാണ് ഐസിസിനെതിരെ വൈപിജി/ജെ നേടിയ ആദ്യ വിജയം. അമേരിക്കന്‍ സഹായത്തോടെയാണ് ഇവര്‍ കൊബാനിയുടെ നിയന്ത്രണം കരസ്ഥമാക്കിയത്. പതിയിരുന്ന് ഓര്‍ക്കാപ്പുറത്തുള്ള ഗറില്ലാ ആക്രമണരീതിയാണ് ഇവരുടേത്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകളുമായി ചേര്‍ന്ന് പൊരുതാറുള്ള ഈ സായുധസംഘം ഇറാഖിലെ യസീദികളെ മോചിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

  മലത്തുര്‍ക്കികള്‍ (മൗണ്ടന്‍ ടര്‍ക്സ്) എന്ന് വിളിച്ചു ആക്ഷേപിച്ചിരുന്ന കുര്‍ദുകളുടെ ഭാഷയും സാഹിത്യവും പരമ്പരാഗത വസ്ത്രങ്ങളും വരെ ടര്‍ക്കിയില്‍ പട്ടാള നിയമം ഉപയോഗിച്ച് നിരോധിച്ചിരുന്നു. കുര്‍ദ്, കുര്‍ദിസ്ഥാന്‍, കുര്‍ദിഷ് എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായിരുന്നു. 1980-ലെ പട്ടാള അട്ടിമറിയ്ക്കു ശേഷം സ്വകാര്യമായോ പരസ്യമായോ കുര്‍ദിഷ് ഭാഷ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഈ നിയമപ്രകാരം ഭരണകൂടം നിരവധി കുര്‍ദുകളെ ജയിലിലാക്കി. 1991 വരെ ഈ നിരോധനം നിലവില്‍ നിന്നിരുന്നു. നിരന്തരമായ ആവലാതികളുടെ ഫലമായി 2012മുതല്‍ക്ക് കുര്‍ദ് നഗരങ്ങളിലെ ചില സ്കൂളുകള്‍ക്ക് ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ വീതം കുര്‍ദിഷ് ഭാഷ ഐച്ഛികമായി പഠിപ്പിക്കാനുള്ള അനുവാദം ലഭിച്ചു. പക്ഷെ ഇപ്പോഴും ടര്‍ക്കിയിലെ സ്‌കൂളുകളില്‍ അദ്ധ്യയന ഭാഷയായി കുര്‍ദിഷ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

  ടര്‍ക്കിയിലെ കുര്‍ദ് പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പല പട്ടണങ്ങളുടെയും ഭാഗങ്ങള്‍ കത്തിച്ചു കളഞ്ഞതു കാണാം. ചിലയിടങ്ങള്‍ ടാങ്കുകള്‍ ഉപയോഗിച്ച് ഇടിച്ചു നശിപ്പിച്ചിരിക്കുന്നു. ‘അവര്‍ ഞങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്’ എന്നാണു അതിനെപ്പറ്റി സംസാരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കുര്‍ദ് വിഭാഗത്തില്‍പ്പെട്ട സുഹൃത്തുക്കളില്‍നിന്ന് കിട്ടിയ വിശദീകരണം. ടര്‍ക്കി ഭരണകൂടത്തിന്റെ മുന്‍കൈയില്‍ കുര്‍ദുകള്‍ക്കെതിരെ വംശഹത്യകളുടെ പരമ്പര തന്നെ അരങ്ങേറിയിട്ടുണ്ട്. 2009-ലെ മാര്‍ഡിന്‍ കൂട്ടക്കൊല, 2011-ല്‍ ശിര്‍നാക് എന്ന പട്ടണത്തില്‍ നടന്ന വ്യോമാക്രമണം, 2016-ലെ സുര്‍ കലാപം, പിന്നീട് നടന്ന ജിസ്രെ കലാപം എന്നിങ്ങനെ ചെറുതും വലുതുമായ കുരുതികള്‍. നിരവധി കുര്‍ദുകളാണ് സൈന്യത്തെ ഉപയോഗിച്ച് നടത്തിയ വംശഹത്യകളില്‍ കൊല്ലപ്പെട്ടത്. മാധ്യമവിലക്കുകള്‍ ഉപയോഗിച്ച് ഇത്തരം സംഭവങ്ങള്‍ പുറത്തെത്തിക്കാതിരിക്കാന്‍ ടര്‍ക്കി ഭരണകൂടം നിരന്തര ജാഗ്രത പുലര്‍ത്തുന്നു.

  ടര്‍ക്കി മാത്രമല്ല, കുര്‍ദുകള്‍ക്കെതിരെ ആക്രമണം നടത്താറുള്ളത്. ടര്‍ക്കിയില്‍ ഐസിസ് നടപ്പിലാക്കി എന്നവകാശപ്പെടുന്ന പല കൂട്ടക്കുരുതികളും കുര്‍ദുകള്‍ക്കെതിരെ ഉള്ളതായിരുന്നു. സാധാരണയായി ഭരണകൂടങ്ങളെ ലക്ഷ്യം വെയ്ക്കാറുള്ള ഐസിസ് ടര്‍ക്കിയില്‍ ആ പതിവ് തെറ്റിക്കുകയായിരുന്നു. സര്‍ക്കാറല്ല, ഭരണകൂടത്തിന് എതിരെ ശബ്ദമുയര്‍ക്കുന്നവരാണ് ടര്‍ക്കിയില്‍ നടക്കുന്ന ഐസിസ് ആക്രമണങ്ങളില്‍ കൊല്ലപ്പെടാറുള്ളത് എന്നതാണ് വാസ്തവം. ടര്‍ക്കി ഭരണകൂടത്തിനെതിരെ ഒരിക്കല്‍ പോലും ഐസിസ് ആക്രമണങ്ങള്‍ നടത്തിയിട്ടില്ല എന്നതും ശ്രദ്ധയമാണ്. 2015-ല്‍ സുറൂച് എന്ന കുര്‍ദ് പട്ടണത്തില്‍ നടന്ന വിദ്യാര്‍ഥി സമ്മേളനത്തിനിടയിലെ ബോംബ് സ്ഫോടനത്തില്‍ മുപ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐസിസിന്റെ ആക്രമണത്തില്‍ തകര്‍ന്നു പോയ കൊബാനി എന്ന സിറിയന്‍ നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പോകേണ്ട സന്നദ്ധപ്രവര്‍ത്തകരെ സംഘടിപ്പിക്കാനുള്ള യോഗമായിരുന്നു അത്. ഇതിന്റെ ഉത്തരവാദിത്തം ഐസിസ് അന്നേ ഏറ്റെടുത്തതാണ്. കൊബാനിയില്‍ 2014ല്‍ നടന്ന ഈ ആക്രമണം എര്‍ദോഗന്റെ ഉത്തരവ് പ്രകാരമായിരുന്നു എന്ന് ഐസിസ് തലവനായിരുന്ന ബാഗ്ദാദിയുടെ മരണ ശേഷം അയാളുടെ വിശ്വസ്തനായിരുന്ന താഹ അബ്ദുറാഹിം അബ്ദുള്ള വെളിപ്പെടുത്തിയിരുന്നു.
  സുറൂച്ചിലെ ഈ സ്‌ഫോടനം നടന്ന ഈ അതേ വര്‍ഷം തന്നെ ടര്‍ക്കിയിലെ അങ്കാരയില്‍ നടന്ന മറ്റൊരു ബോംബ് സ്ഫോടനത്തില്‍ മരിച്ചത് 109 പേരാണ്. അഞ്ഞൂറോളം പേര്‍ക്ക് ഈ സംഭവത്തില്‍ പരിക്കേറ്റു. പാര്‍ലമെന്ററി ഇലക്ഷന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടിയായ എച്ഡിപി നടത്തിയ പ്രതിപക്ഷ റാലിക്കിടെ ആയിരുന്നു ഈ സ്ഫോടനം. ഐസിസ് ഉത്തരവാദിത്തമേറ്റ ഈ ആക്രമണത്തിലും ഇരകള്‍ സര്‍ക്കാര്‍ വിരുദ്ധരായിരുന്നു.

  ടര്‍ക്കിയും ഐസിസ് ഭീകരരും തമ്മില്‍

  കുര്‍ദ് വേട്ടയ്ക്കപ്പുറം ടര്‍ക്കിയുടെ സിറിയാ ആക്രമണത്തിന് മറ്റെന്തെങ്കിലും തലം ഉണ്ടോ? ഉണ്ടെന്നാണ് ടര്‍ക്കിയുടെ ഐസിസിനോടുള്ള നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ കരുതേണ്ടത്. ടര്‍ക്കി പോലീസിലെ കൗണ്ടര്‍ ടെററിസം വിഭാഗം ഡിപ്പാര്‍ട്ട്മെന്റ് മുന്‍ മേധാവിയും ഇപ്പോള്‍ അമേരിക്കയിലെ ഡിസേയ്ല്‍സ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ അഹ്മെത് എസ് യായ്, പൊളിറ്റിക്കല്‍ സയന്റിസ്റ്റ് കോളിന്‍ പി ക്ലാര്‍ക്കിനൊപ്പം ഫോറിന്‍ പോളിസി മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ടര്‍ക്കിയും ഐസിസും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വിശദ വിവരങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. സിറിയയിലെ ഐസിസിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ അവിടുത്തെ ആഭ്യന്തര കലാപവും ഇറാഖിലെ മുന്‍പ്രധാനമന്ത്രി നൗറി അല്‍ മാലിക്കി സുന്നി അറബികളുടെ നേരെ അഴിച്ചു വിട്ട അക്രമവുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ടര്‍ക്കിയുടെ കുറ്റകരമായ മൗനം വഹിച്ച പങ്കിന് നേരെ കണ്ണടയ്ക്കാനാവില്ല. 2013, 14 കാലഘട്ടത്തില്‍ സിറിയയില്‍ പ്രവേശിക്കാനാഗ്രഹിച്ച വിദേശികളായ ഭീകരരുടെ സുരക്ഷിതമായ കവാടമായിരുന്നു ടര്‍ക്കി. ഐസിസില്‍ ചേരാന്‍ വേണ്ടി ജിഹാദികള്‍ക്കായി ടര്‍ക്കി ഒരുക്കിയ പാതയിലൂടെ 2013-ല്‍ മാത്രം മുപ്പതിനായിരത്തോളം പേരാണ് സിറിയയിലേക്ക് കടന്നത്. 2015-ലാണ്് ടര്‍ക്കി അതിര്‍ത്തികളിലെ പരിശോധനകള്‍ ശക്തമാക്കുകയും അമേരിക്കന്‍ സൈന്യത്തിന്റെയൊപ്പം ഐസിസിനെതിരെയുള്ള ദൗത്യങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയും ചെയ്യുന്നത്. ഇതിനിടയിലുള്ള കാലയളവില്‍ കടന്നു കൂടിയവരാണ് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് ഭീകരരില്‍ ഭൂരിഭാഗവുമെന്ന് ലേഖനം വ്യക്തമാക്കുന്നു.
  ടര്‍ക്കി ഭീകരര്‍ക്ക് നല്‍കി വന്ന പിന്തുണ ഒരിക്കലും രഹസ്യമായിരുന്നില്ല. നാറ്റോയിലെ അംഗരാഷ്ട്രങ്ങളില്‍ രണ്ടാമത്തെ വലിയ സൈനിക ശക്തിയാണ് ടര്‍ക്കി. അത്യന്താധുനിക ആയുധങ്ങളും വിദഗ്ധ പരിശീനം ലഭിച്ച സൈനികരും ടര്‍ക്കിയ്ക്ക് സ്വന്തമായുണ്ട്. 2014-ല്‍ ഐസിസിനോടു പൊരുതാന്‍ അന്നത്തെ യു. എസ് പ്രസിഡന്റ് ബറാക് ഒബാമ സഹായം ആവശ്യപ്പെട്ടപ്പോള്‍ സിറിയയിലെ ഭരണാധികാരിയെ മാറ്റുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഒരേയൊരു വഴി എന്നാണു ടര്‍ക്കി അഭിപ്രായപ്പെട്ടത്. തങ്ങള്‍ക്കു കുര്‍ദുകളെ നേരിടുക പോലെയുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു മാറിയ ടര്‍ക്കി അതേ സമയത്ത് തന്നെ ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റ ഐസിസ് ഭീകരര്‍ക്ക് അവരുടെ ആശുപത്രികളില്‍ സൗജന്യ ചികിത്സയുള്‍പ്പെടെ സഹായങ്ങള്‍ നല്‍കിയിരുന്നു. 2014 ഓഗസ്റ്റ് മാസത്തില്‍ ടര്‍ക്കിയിലെ സാന്‍ലിഉര്‍ഫയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിസിന്റെ തലവനായിരുന്ന അബൂബക്കര്‍ ബാഗ്ദാദി ചികിത്സ തേടിയത് ഉദാഹരണമാണ്.

  കുര്‍ദുകള്‍ക്കെതിരായ പോരാട്ടത്തില്‍ ടര്‍ക്കിഷ് സൈന്യത്തിന് ഐസിസിന്റെ സഹായം ലഭിക്കുന്നത് രഹസ്യമല്ല. യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോണ്‍ഫ്ലിക്ട് ആര്‍മമെന്റ് റിസര്‍ച്ച് എന്ന സംഘടന കലാപങ്ങളില്‍ ഉപയോഗിക്കുന്ന ആയുധങ്ങളെപ്പറ്റി ഗവേഷണം നടത്തിയപ്പോള്‍ ഐസിസ് ഉണ്ടാക്കിയെടുത്ത ആയുധങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ടര്‍ക്കിയില്‍ നിര്‍മ്മിച്ചതാണ് എന്ന് കണ്ടെത്തിയിരുന്നു.

  ഐസിസ് വില്‍ക്കുന്ന എണ്ണ ടര്‍ക്കി വാങ്ങുകയും പകരം ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്നു എന്നത് കാലങ്ങളായുള്ള ആരോപണമാണ്. സിറിയയിലെ ഐസിസ് നിയന്ത്രണത്തിലുള്ള എണ്ണ വിതരണ കേന്ദ്രത്തില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം ടര്‍ക്കിഷ് ട്രക്കുകള്‍ റെയ്ഹാന്‍ലി ചെക്ക്‌പോയിന്റിലൂടെ കടന്നു പോകുന്ന സാറ്റലൈറ്റ് ഇമേജുകള്‍ 2015-ല്‍ റഷ്യ പുറത്തു വിട്ടിരുന്നു. ഇപ്പോഴത്തെ ടര്‍ക്കി ധനകാര്യ മന്ത്രിയും എര്‍ദോഗന്റെ മരുമകനുമായ ബെയ്രറ്റ് അല്ബയ്രക്ക് ആയിരുന്നു അന്ന് ടര്‍ക്കിയിലെ ഊര്‍ജ്ജവിഭവ ശേഷി വകുപ്പ് മന്ത്രി. എര്‍ദോഗന്റെ കുടുംബത്തിനു ഈ വ്യാപാരത്തിലുള്ള പങ്കിനെപ്പറ്റി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എര്‍ദോഗന്റെ മകനും എംബി ഷിപ്പിംഗ് കമ്പനിയുടെ പ്രധാന ഓഹരി ഉടമയുമായ അഹ്മെത് ബുറാക് എര്‍ദോഗന്റെ സഫ്രാന്‍1 എന്ന കപ്പല്‍ ഇസ്രയേലിനും ടര്‍ക്കിയ്ക്കും ഇടയിലുണ്ടായിരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വകവയ്ക്കാതെ പല തവണ സഞ്ചരിച്ചതായി കണ്ടെത്തിയിരുന്നു.

  ഐസിസ് എണ്ണ കയറ്റിയയക്കുന്ന ഇടനിലക്കാരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ബിലാല്‍ എര്‍ദോഗന്‍. ബിഎംസെഡ് ഗ്രൂപ്പ് ഡിനിസ്ജിലിക് എന്ന ഷിപ്പിംഗ് കമ്പനിയുടെ മൂന്നു ഓഹരി പങ്കാളികളില്‍ ഒരാളാണ് ബിലാല്‍. ഇറാഖിലെ മൊസൂളിലുള്ള എണ്ണപ്പാടങ്ങളില്‍ നിന്ന് ഐസിസ് കയറ്റിയയക്കുന്ന എണ്ണയുടെ വിദേശ വിപണി നിയന്ത്രിക്കുന്നത് ബിലാലാണ്. സെയ്ഹാനിലെയും ബെയ്റൂട്ടിലെയും തുറമുഖങ്ങളില്‍ ജപ്പാന്‍ ഓയില്‍ ടാങ്കറുകളിലേക്ക് ഐസിസിന്റെ എണ്ണ പകര്‍ന്നു കൊടുക്കാനായി ബിലാലിന്റെ ഷിപ്പിംഗ് കമ്പനിയ്ക്ക് പ്രത്യേക വാര്‍ഫുകള്‍ തന്നെയുണ്ട്. ടര്‍ക്കിയിലെ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് ആയ ഗുര്‍സല്‍ ടെകിന്‍ ടര്‍ക്കിഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ ഒരിക്കല്‍ ഇങ്ങനെ തുറന്നടിച്ചു.
  ”അന്താരാഷ്ട്ര ഗതാഗത നിയമങ്ങള്‍ പ്രകാരം തന്റെ മകന്‍ യാതൊരു വിധമായ നിയമ ലംഘനങ്ങളും നടത്തുന്നില്ല എന്നാണു പ്രസിഡന്റ് എര്‍ദോഗന്‍ അവകാശപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്ത ജാപ്പനീസ് കമ്പനികളുമായി തന്റെ മകന്‍ സാധാരണ ബിസിനസ്സുകളാണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. സത്യത്തില്‍ ബിലാല്‍ എര്‍ദോഗന്‍കഴുത്തു വരെ ഭീകരവാദത്തില്‍ മുങ്ങിയിരിക്കുകയാണ്. പക്ഷെ അയാളുടെ പിതാവ് ഭരണത്തിലിരിക്കുന്നിടത്തോളം കാലം ബിലാലിനെ വിചാരണ ചെയ്യാന്‍ കഴിയുകയില്ല.”

  ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണവും ടര്‍ക്കിയുടെ ഭീകരബന്ധങ്ങള്‍ക്ക് അടിവരയിടുന്നു. ടര്‍ക്കി അതിര്‍ത്തിയോട് അടുത്തു സ്ഥിതി ചെയ്യുന്ന സിറിയന്‍ പ്രവിശ്യയാണ് ഇദ് ലിബ്. ഐസിസില്‍ ചേരാനായി അതിര്‍ത്തി കടന്നു വരുന്ന ഭീകരന്മാരുടെ കൈപ്പിടിയിലായിരുന്നു ഈ നഗരം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ടര്‍ക്കിഷ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇവിടം. മരുഭൂമികളില്‍ എവിടെയോ ഒളിച്ചിരിക്കുന്നു എന്ന ധാരണ പരത്തിയതിനു ശേഷം അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിമത സംഘങ്ങളും ടര്‍ക്കിഷ് സൈന്യവും ചേര്‍ന്നൊരുക്കിയ സൗകര്യപ്രദമായതും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ തന്റെ വലിയ കുടുംബവുമായി ബാഗ്ദാദി ഇദ്ലിബില്‍ താമസിച്ചു വരികയായിരുന്നു്വെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്‍ ലാദനെ കീഴടക്കിയ അമേരിക്കന്‍ ആക്രമണത്തിന്റെ അതേ മാതൃകയിലാണ് ബാഗ്ദാദിയെയും അമേരിക്കന്‍ സൈന്യം കീഴടക്കിയത്. ഈ കൊടും ഭീകരന്റെ ഒളിത്താവളത്തെ പറ്റി എസ്ഡിഎഫ് നല്‍കിയ വിവരങ്ങളും പിന്തുണയുമായിരുന്നു അമേരിക്കയുടെ പിന്‍ബലം. നാറ്റോയില്‍ അംഗമായ ടര്‍ക്കിയുടെ അതിര്‍ത്തിയില്‍ നിന്ന് വെറും അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ബാരിഷ എന്ന ഗ്രാമത്തില്‍ നടന്ന ഈ ദൗത്യം എസ്ഡിഎഫുമായിചേര്‍ന്ന് ഇറാഖില്‍ നിന്നാണ് അമേരിക്കന്‍ സൈന്യം നിയന്ത്രിച്ചിരുന്നത്.

  ആക്രമണങ്ങള്‍ ബാക്കിയാക്കുന്നത്

  സേഫ് സോണ്‍ നടപ്പില്‍ വരുത്തിയതോടെ സിറിയയിലെ പ്രശ്നങ്ങള്‍ അവസാനിച്ചു എന്ന രീതിയിലാണ് എര്‍ദോഗനും പുടിനും സംസാരിക്കുന്നത്. തങ്ങളുടേതല്ലാത്ത മറ്റൊരു സ്വാതന്ത്ര പരമാധികാര റിപ്പബ്ളിക് ആണ് സിറിയ, അവിടെ നടക്കുന്നത് ആഭ്യന്തര യുദ്ധമാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചാണ് അവര്‍ സിറിയയില്‍ കടന്നുകയറി ആക്രമണങ്ങള്‍ നടത്താനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സിറിയന്‍ ജനതയെ ഭരിക്കാനും ശ്രമിക്കുന്നത്. സിറിയന്‍ ഇടപെടലിന്റെ മറവില്‍ ടര്‍ക്കിയും റഷ്യയും ലോകരാജ്യങ്ങളും മറന്നുപോവുന്നത് ഈ യാഥാര്‍ത്ഥ്യമാണ്.

  എര്‍ദോഗനും പുടിനും നടപ്പില്‍ വരുത്തിയ കരാര്‍ അനുസരിച്ച് ടര്‍ക്കിയോട് ചേര്‍ന്ന് കിടക്കുന്ന സിറിയയുടെ 440 കിലോമീറ്റര്‍ നീളത്തിലും 32 കിലോമീറ്റര്‍ വീതിയിലുമുള്ള ഭൂപ്രദേശമാണ് സുരക്ഷിത മേഖല (സേഫ് സോണ്‍) ആയി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഈ തീരുമാനത്തോട് എതിര്‍പ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ടര്‍ക്കിയ്ക്കുള്ള സാമ്പത്തിക സഹായങ്ങളും വ്യാപാര കരാറുകളും റദ്ദാക്കുകയല്ലാതെ ഇക്കാര്യത്തില്‍ അവര്‍ക്ക് മറ്റൊന്നും ചെയ്യാനില്ല. 222 ബില്ല്യണ്‍ യൂറോയുടെ വാര്‍ഷിക വ്യാപാരം ടര്‍ക്കി യൂറോപ്യന്‍ രാജ്യങ്ങളുമായി നടത്തുന്നുണ്ട്. അത് കൂടാതെ ടര്‍ക്കിയെ യൂറോപ്യന്‍ യൂനിയന്‍ അംഗമാക്കാനുള്ള നടപടികളുടെ ഭാഗമായി നല്‍കി വരുന്ന വാര്‍ഷിക സഹായമായ 250 മില്ല്യന്‍ യൂറോയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടര്‍ക്കിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന സിറിയക്കാരെ പാര്‍പ്പിക്കാനെന്ന പേരില്‍ എര്‍ദോഗന്‍ നടപ്പിലാക്കുന്ന സേഫ്സോണ്‍ ഈ അവസ്ഥകളിലെല്ലാം കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കും.

  യൂറോപ്യന്‍ യൂണിയന്‍ ടര്‍ക്കി നടത്തിയ അധിനിവേശത്തെ പൂര്‍ണ്ണമായി എതിര്‍ക്കുകയും കുര്‍ദുകളുടെ നിയന്ത്രണത്തിലിരുന്ന സിറിയന്‍ പ്രദേശത്തു ടര്‍ക്കി നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടി എടുക്കണം എന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെ വകയായി സെക്യൂരിറ്റി സോണ്‍ നടപ്പില്‍ വരുത്തണം എന്നാവശ്യപ്പെടാനാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ തീരുമാനം. സൈനിക ഇടപെടല്‍ നടത്തണം എന്ന് ജര്‍മനി ശക്തമായി വാദിക്കുന്നുവെങ്കിലും എര്‍ദോഗന്‍ അഭയാര്‍ഥികളെയും തടവ് ചാടിയ ഭീകരവാദികളെയും ഉപയോഗിച്ചു വൃത്തികെട്ട കളികള്‍ കളിച്ചേക്കും എന്ന ഭയത്തില്‍ മറ്റു രാജ്യങ്ങള്‍ സംയമനം പാലിക്കുകയാണ്. ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, ഫിന്‍ ലാന്‍ഡ്, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങള്‍ ടര്‍ക്കിയുമായി നടത്തിയിരുന്ന ആയുധ വ്യാപാരം നിര്‍ത്തി വച്ചിട്ടുണ്ട്.

  മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില് തങ്ങളുടെ സൈന്യത്തോടൊപ്പം ചേരാന് എസ് ഡി എഫിനെ അസ്സദ് ക്ഷണിച്ചുവെങ്കിലും അവര് അത് നിരസ്സിക്കുകയാണുണ്ടായത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ന്ത്ര്യം നഷ്ടപ്പെടുമെന്നതിനോടൊപ്പം തങ്ങളുടെ ലക്ഷ്യങ്ങളിൽ വെള്ളം ചേര്ക്കേണ്ടി വരുമെന്ന ഭയവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അതിർത്തിയില് ടർക്കിയുടെയും റഷ്യയുടെയും സംയുക്ത സൈന്യം നിയന്ത്രണമെറ്റെടുത്ത കുർദ് ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനങ്ങള് അനുഭവിച്ചു കൊണ്ടിരുന്ന എസ് ഡി എഫിന്റെ സംരക്ഷണം അവര്ക്കു നഷ്ടമായി എന്നതാണ് ഇപ്പോള് മസ് ലൂം അബ്ദിയുടെ യും കൂട്ടരുടെയും പ്രധാന ഉത്‌കണ്‌ഠ. കുർദുകളുടെ സംരക്ഷണച്ചുമതല അവരെ കൂട്ടക്കൊല ചെയ്യാന് തക്കം പാർത്തിരിക്കുന്ന ടർക്കിഷ് സൈന്യത്തെ എൽപ്പിക്കുന്നതില് പരം വിരോധാഭാസമെന്താണ് എന്ന അബ്ദിയുടെ ചോദ്യത്തിന് പ്രസക്തിയുണ്ട് എന്നു തെളിയിക്കുന്നതാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും റൊജാവയിലെ മനുഷ്യരുടെ നേർക്ക് നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്.

  ടര്‍ക്കിയില്‍നിന്നുള്ള ഫോണ്‍ കോളുകള്‍

  ടര്‍ക്കിയിലെ കുര്‍ദ് മേഖലയില്‍ സഞ്ചരിച്ച കാലത്ത് ആരെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന കുര്‍ദ് സമൂഹത്തിന്‍റെ ആതിഥ്യവും സ്നേഹവും മനസ്സ് നിറയെ അനുഭവിച്ചിട്ടുണ്ട്. ആ യാത്ര ഏറെ സ്ത്രീസുഹൃത്തുക്കളെ ഉണ്ടാക്കിത്തന്ന ഒന്നായിരുന്നു. കരിങ്കല്ല് പോലെ ഉറച്ച നിലപാടുകളുള്ള പെണ്ണുങ്ങള്‍! കുര്‍ദ് മേഖലയില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ രാഷ്ട്രീയബോധമുള്ളത് എന്നാണു അനുഭവപ്പെട്ടത്. നിരന്തര അതിക്രമങ്ങളും ജയില്‍ ഭീഷണിയും മറ്റും ചേര്‍ന്ന് പുരുഷന്‍മാരെ പിന്നണിയിലേക്ക് വലിക്കുമ്പോള്‍ സ്ത്രീകള്‍ ആരുടെയും തുണയില്ലാതെ നേതൃത്വം ഏറ്റെടുക്കുകയാണ്. രാഷ്ട്രീയത്തിലും ചിന്തയിലും ആക്ടിവിസത്തിലുമെല്ലാം സ്ത്രീകളുടെ സാന്നിധ്യം അവിശ്വസനീയമാം വിധം ശക്തമാണ്. അവരോടു ഇടപഴകി കുറെ നാളുകള്‍ ചിലവഴിച്ചു കഴിഞ്ഞപ്പോള്‍ ഐസിസിനെ വിറപ്പിച്ച വൈ പി ജെ എന്ന കുര്‍ദ് സ്ത്രീകളുടെ സായുധ സംഘടന ഈ തീ പോലെയുള്ള പെണ്ണുങ്ങളുടെ കൂട്ടായ്മയാണ് എന്നതില്‍ എനിക്കത്ഭുതമൊന്നും തോന്നാതെയായി. .

  സംഘര്‍ഷ ഭരിതമായ ജീവിതത്തെ ധീരതയോടെ കൈകാര്യം ചെയ്യുന്നവരായിട്ടും ആ സുഹൃത്തുക്കളില്‍ പലരും ആശങ്കകളോടെയാണ് ടര്‍ക്കിയുടെ സിറിയന്‍ ആക്രമണത്തെ കാണുന്നത്. ആ ദിവസങ്ങളില്‍ നിരന്തരം ഫോണില്‍ സംസാരിച്ച പലരും ടര്‍ക്കിയുടെ കുര്‍ദ് വിരുദ്ധത ഇനിയേതു വഴിക്കു വളരുമെന്ന ആശങ്കയിലായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളിലായി കുര്‍ദ് നഗരങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടിയായ എച്ച്ഡിപിയുടെ പ്രതി നിധികളായ മേയര്‍മാരെ ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയാണ് ഭരണകൂടം. അമേരിക്ക പിന്‍വലിയുകയും ഐസിസ് തിരിച്ചുവരവിന് ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഐസിസ് ഭീകരതയ്‌ക്കെതിരെ ലോകമനസാക്ഷിക്കൊപ്പം നിന്ന് പൊരുതിയ കുര്‍ദ് പോരാളികള്‍ വേട്ടയാടപ്പെടാന്‍ കൂടി തുടങ്ങിയെന്നു കണ്ട കുര്‍ദുകളുടെ ഭയം സ്വാഭാവികമായിരുന്നു.

  സിറിയന്‍ അതിര്‍ത്തിയില്‍ ടര്‍ക്കി തുടങ്ങി വച്ച ആക്രമണം അവിടെ മാത്രമായിരുന്നില്ല വിപത്തുകള്‍ തീര്‍ത്തത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ടര്‍ക്കിയിലെ കുര്‍ദ് പ്രദേശങ്ങളിലേക്കും അക്രമണം വഴിമാറി. വിവിധ ആക്രമണങ്ങളിലായി ഇവിടെ ഇരുപത് കുര്‍ദ് വംശജരാണ് കൊല്ലപ്പെട്ടത്. ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സ്വാഭാവികമായും ഇതിനെതിരെ കുര്‍ദ് പ്രതിഷേധം കണക്കുകയും ഈ പ്രദേശങ്ങളും സംഘര്‍ഷമേഖലകളായി മാറുകയുമുണ്ടായി.
  കൂട്ടുകാരും പരിചയക്കാരും ജീവിക്കുന്ന ദിയര്‍ ബക്കിര്‍, നുസായ്ബിന്‍ എന്നീ കുര്‍ദ് പ്രദേശങ്ങളെയായിരുന്നു ഇത്തരം ഭീതിയും അനിശ്ചിതാവസ്ഥയും കൂടുതല്‍ ബാധിച്ചത്. ധാരാളം സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്ന പ്രദേശങ്ങളാകയാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷിതരാകാന്‍ എന്താണ് ചെയ്യേണ്ടത് എന്നവര്‍ക്ക് അറിയാം. എന്നാലും ഏതു നിമിഷവും ആക്രമണത്തിന്റെ മുന തങ്ങള്‍ക്കു നേരെ തിരിയുമെന്നും ലോകരാഷ്ട്രങ്ങളുടെ നിശ്ശബ്ദതയ്ക്കു മുന്നില്‍ മറ്റൊരു കുര്‍ദ് വംശഹത്യ അരങ്ങേറുമെന്നും അവിടങ്ങളിലെ മനുഷ്യര്‍ ഭയന്നിരുന്നു. സ്വന്തം കുടുംബമാണ് അങ്ങ് ദൂരെ കത്തുന്ന ആ നഗരങ്ങളില്‍ പെട്ടുപോയത് എന്നത് പോലെ ഞാന്‍ പരിഭ്രമിക്കുകയും ഉറക്കമില്ലാതെ വാര്‍ത്തകളില്‍ നിന്ന് വാര്‍ത്തകളിലേക്ക് ഉഴറിനടക്കുകയും ചെയ്തു.

  സര്‍വകലാശാലാ വിദ്യാര്‍ഥികളായ ബെറിവാന്‍, എമിനെ എന്നീ സുഹൃത്തുക്കളോട് ക്ലാസ് നഷ്ടമായാലും ശരി പുറത്തിറങ്ങരുത് എന്ന് ഞാന്‍ പലവുരു അപേക്ഷിച്ചു. ഭരണകൂടത്തിനെതിരെ എഴുതുന്ന കുറ്റത്തിന് ഏതു നിമിഷവും അറസ്റ്റില്‍ ആയേക്കും എന്ന അവസ്ഥയിലാണ് സുഹാല്‍ എന്ന മാധ്യമപ്രവര്‍ത്തകയായ സുഹൃത്ത്. ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത കുറ്റത്തിന് ഇരുപതു വര്‍ഷമായി ജയിലിലാണ് അവളുടെ സഹോദരന്‍. മക്കളെയോര്‍ത്ത് ഉരുകിയുരുകി ജീവിക്കുന്ന അവളുടെ അമ്മയുടെ പുഞ്ചിരി പോലും ദീനമായ ഒരു നിലവിളിയെ ഓര്‍മ്മിപ്പിച്ചു. ‘സുഹാല്‍, സൂക്ഷിക്കണേ’ എന്ന ഭയം കലര്‍ന്ന അഭ്യര്‍ത്ഥന ഓരോ സംഭാഷണത്തിന്റെ അവസാനവും ഞാന്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടിരുന്നു.

  ‘നീ ഇനി എന്നാണു വരുന്നത്’ എന്ന് ഓരോ വിളിയിലും ചോദിക്കുന്ന അവരുടെ അമ്മമാരായിരുന്നു എന്റെ ഭയത്തിന് പ്രധാന കാരണം. കുര്‍ദ് പ്രദേശത്തു കാണപ്പെടുന്ന ഒരു തരം ഈച്ച കടിച്ചു പൊട്ടിയ എന്റെ തൊലിയില്‍ എന്തൊക്കെയോ പച്ചമരുന്നുകള്‍ ചേര്‍ത്ത എണ്ണ പുരട്ടി ആശ്വസിപ്പിച്ച ബെറിവാന്റെ അമ്മ. ജയിലില്‍ കിടക്കുന്ന മകനെക്കുറിച്ചോര്‍ത്ത് പിടയുകയാണെങ്കിലും എനിക്കായി റംസാന്‍ റൊട്ടികള്‍ ഉണ്ടാക്കിയ സുഹാലിന്റെ അമ്മ. ചെറുപ്പക്കാരായ വിപ്ലവകാരികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനായി അമ്മമാരെ വെടിവച്ചു കൊല്ലുക ടര്‍ക്കിഷ് പട്ടാളത്തിന്റെ രീതിയാണ്. ഭ്രാന്തമായ ആ സംഘര്‍ഷ ദിവസങ്ങളിലെ വാര്‍ത്തകളിലെ ചിത്രങ്ങള്‍ക്ക് അവരുടെ മുഖങ്ങളാണ് എന്നെനിക്ക് തോന്നിത്തുടങ്ങി.

  ദിവസവുമുള്ള വിളിയുടെ അവസാനം ഒരിക്കല്‍ ഞാന്‍ മടിയോടെ ബെറിവാനോട് പിന്നീട് ഷെര്‍വാനെ കണ്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അവള്‍ അവനെ മറന്നു പോയിരുന്നു. അന്ന് രാത്രിയില്‍ നടന്ന സംഭവത്തിനു ശേഷം സുറില്‍ തങ്ങിയ ദിവസങ്ങളില്‍ എല്ലാം ഞാന്‍ വൈകുന്നേരം കുറച്ചു പഴങ്ങള്‍ വാങ്ങിക്കൊണ്ട് ഷെര്‍വാനെ കാണാന്‍ പോകുമായിരുന്നു. അവന്റെ അമ്മയോട് സംസാരിക്കാന്‍ എന്നെ ബെറിവാനാണ് സഹായിച്ചത്. റംസാന്‍ കഴിഞ്ഞാല്‍ ഷെര്‍വാനെ സ്‌കൂളില്‍ വിടാനാണ് തീരുമാനം എന്നവര്‍ പറഞ്ഞു.
  ”ആ പറഞ്ഞത് വിശ്വസിക്കണ്ട.”
  തിരിച്ചു വരുന്ന വഴി ബെറിവാന്‍ മുഖം നിറയെ നിസ്സഹായതയുമായി പറഞ്ഞു.
  ”അവര്‍ക്ക് വേറെ വരുമാനമൊന്നുമില്ലല്ലോ. സ്‌കൂളില്‍ പോകുന്നതിനേക്കാള്‍ പ്രധാനം പട്ടിണി കിടന്നു ചാകാതിരിക്കുക എന്നതാണ്.”
  ഭരണാധികാരികളുടെ വാശിയും സ്വാര്‍ത്ഥതയും മതഭീകരവാദികളുടെ വിവരമില്ലായ്മയും ചോരക്കൊതിയും മൂലം ഷെര്‍വാനെപ്പോലെയുള്ള ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ഇന്ന് തെരുവിലാണ്. ടര്‍ക്കിയുടെ വീണ്ടു വിചാരമില്ലാത്ത ഈ ആക്രമണം മൂലം അവരുടെ എണ്ണം ഏകദേശം എത്രയോ ഇരട്ടിയാവുമിനി. ഒട്ടും സുരക്ഷിതമല്ലാത്ത ഇറാഖ് മേഖലയിലേക്കാണ് ഇത്തവണ അവര്‍ നീങ്ങിയിരിക്കുന്നത്.

  വീടും നാടും നഷ്ടപ്പെട്ട് അലയുന്ന ഈ സാധുക്കളെ വച്ചു വിലപേശുന്ന എര്‍ദോഗനും കിട്ടിയ അവസരം മുതലെടുത്ത വ്ലാദിമിര്‍ പുടിനും ഉണ്ടാക്കിയ കരാറിലെ നിബന്ധനകള്‍ ഒന്നുപോലും സിറിയയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ളതല്ല. ആത്മാഭിമാനത്തിന് മുറിവേറ്റ ബഷര്‍ അല്‍ അസ്സദും പ്രതികാരത്തിനു തക്കം പാര്‍ത്തിരിക്കുന്ന ഐസിസ് ഉള്‍പ്പെടെയുള്ള ഭീകര സംഘങ്ങളും സിറിയയില്‍ ബാക്കിയുണ്ട്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുക തന്നെ ചെയ്യും. ലോകം ഭയത്തോടെ തിരിച്ചറിയേണ്ടത് ഈ അവസ്ഥയാണ്. ടര്‍ക്കിയുടെ വംശീയ രാഷ്ട്രീയം ഈ നിലങ്ങളില്‍ പാകിയ വെറിയുടെ വിത്തുകളെയാണ് കരുതലോടെ കൈകാര്യം ചെയ്യേണ്ടത്.
  .
  *അന്നേം. കുര്‍ദിഷ് ഭാഷയില്‍ അമ്മ എന്നര്‍ത്ഥം
  ചില വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലേഖനങ്ങളെ ആശ്രയിച്ചിട്ടുണ്ട്.
  Tayler Durden, Meet The Man Who Funds ISIS: Bilal Erdogan, The Son Of Turkey’s President.11/26/2015. www.zerohedge.com
  David. L.Phillips. (Director, Program on Peace-building and Rights, Institute for the Study of Human Rights, Columbia University). Research Paper: Turkey-ISIS Oil Trade
  12/15/2015. www.huffpost.com
  Creig Shaw, Azeri state oil company secretly buys tankers from Erdoğan’s son. 14/06/2017. www.theblacksea.eu
  Tom Brooks Pollock. Russia unveils ‘proof’ Turkey’s Erdogan is smuggling Isis oil across border from Syria. 04/12/2015. www.independent.co.uk i
  Turkey´s Syrian Refugees: Defusing Metropolitan Tensions. 29/012018. www.crisisgroup.org
  UNHCR. Note on Non-Refoulement (Submitted by the High Commissioner) Note on Non-Refoulement (Submitted by the High Commissioner) EC/SCP/2. 23/08/1977. www.unhcr.org
  Defusing Metropolitan Tensions


  എര്‍ദോഗാന്റെ സര്‍ക്കാര്‍ ഐ സി സിന് ആയുധം അയച്ചു കൊടുത്ത സംഭവം വെളിച്ചത്തു കൊണ്ടുവന്ന ആര്‍സു യില്‍ദിസ് എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അനുഭവിക്കേണ്ടിവന്നത്

  നിങ്ങളുടെ മക്കളുടെ മേല്‍ നിങ്ങള്‍ക്ക് ഒരവകാശവുമില്ല എന്ന് ഒരു സുപ്രഭാതത്തില്‍ കോടതി വിധിച്ചാല്‍ എന്ത് ചെയ്യും?

  ഇത് എന്തൊരു ചോദ്യമാണെന്ന് തോന്നുന്നുണ്ടോ? ഏതെങ്കിലും നാട്ടില്‍ ഇങ്ങനെ നടക്കുമോ എന്ന് അതിശയം തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍, ആ അതിശയത്തില്‍ വലിയ കാര്യമില്ലാ എന്നാണ് മറുപടി പറയാനുള്ളത്. ഇത് സാദ്ധ്യമാണ്. ലോകത്ത് എവിടെയും ഇല്ലെങ്കിലും ടര്‍ക്കിയില്‍ അത് സാദ്ധ്യം. ഇതിലും വിചിത്രമായ മനുഷ്യാവസ്ഥകളുടെ പേരാണിപ്പോള്‍ എര്‍ദോഗാന്റെ നാട്. ഞാനിനി പറയുന്നത് ടര്‍ക്കിയിലെ ഒരു മാധ്യമ പ്രവര്‍ത്തകയുടെ ജീവിതമാണ്. എര്‍ദോഗാന്റെ സര്‍ക്കാര്‍ ഐ സി സിന് ആയുധം അയച്ചു കൊടുത്ത സംഭവം വെളിച്ചത്തു കൊണ്ടുവന്ന ആര്‍സു യില്‍ദിസ് എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അനുഭവിക്കേണ്ടി വന്ന ഒരു ശിക്ഷ അതായിരുന്നു. സ്വന്തം മക്കളുടെ മേല്‍ അവകാശവും അധികാരവുമില്ലെന്ന കോടതി ഉത്തരവ്. അവര്‍ക്ക് കുഞ്ഞുങ്ങളുടെ മേലുള്ള നിയമപരമായ അവകാശം എടുത്തുകളയുകയായിരുന്നു കോടതി. തുടര്‍ന്ന് മക്കളെ തന്റെ മാതാപിതാക്കള്‍ക്കൊപ്പം നിര്‍ത്തി അവര്‍ വിദേശത്തേക്കു രക്ഷപ്പെട്ടു. ഒരു കുട്ടിയെ എങ്ങനെയോ യിൽ ദിസ് തന്റെ അടുത്തെത്തിച്ചുവെങ്കിലും ഇളയ കുട്ടി ഇപ്പോഴും ടര്‍ക്കിയിലാണ്.

  ട്രക്കിലുണ്ടായിരുന്ന ആയുധപ്പെട്ടി പരിശോധിക്കുന്നു.

  സ്വന്തം കുഞ്ഞിനെ ഒന്നു കാണാന്‍ പോലും ഭാഗ്യമില്ലാത്ത ആ മാധ്യമ പ്രവര്‍ത്തക ചെയ്ത കുറ്റം എന്താണെന്ന് കൂടി അറിഞ്ഞാലേ ഇതിന്റെ തീവ്രത മനസ്സിലാവൂ.ടര്‍ക്കിഷ് ന്യൂസ് പോര്‍ട്ടലായ T24 ന്റെ റിപ്പോര്‍ട്ടറായിരുന്നു ആര്‍സു യില്‍ദിസ്. 2014 ലാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം. ടര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍ സിറിയയിലേക്ക് ആയുധം കടത്തിയതായി അവർ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തു. പെട്രോളിന് പകരമായി ടര്‍ക്കി ഐസിസിന് ആയുധങ്ങള്‍ എത്തിക്കുന്നു എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെ ആയിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.

  വഹീം

  ആ വാര്‍ത്ത അവരുടെ കരിയറിലെ ഏറ്റവും വലിയ സ്‌കൂപ് ആയി മാറി. തൊട്ടുപിന്നാലെ ഇനിയൊരിക്കലുമൊരു തിരിച്ചു പൊക്കിന് സാധ്യതയില്ലാത്ത വിധം അവരുടെ വീടും കുടുംബവും നഷ്ടമായി. മാധ്യമപ്രവര്‍ത്തനത്തിനു തന്നെ അത് അന്ത്യം കുറിച്ചു.മറ്റൊരു രാജ്യവും പോലെയല്ല ടര്‍ക്കിയെന്ന് എന്നെ ഉറച്ചു ബോധ്യപ്പെടുത്തിയ ആ സംഭവം നടന്നത് രണ്ടായിരത്തി പതിനാലിലായിരുന്നു. 2013 നവംബറിലും 2014 ജനുവരിയിലുമായി സിറിയയിലേക്ക് ആയുധങ്ങളുമായി പോയ നാലു ട്രക്കുകളെ തെക്കന്‍ ടര്‍ക്കിയിലെ അദാനയില്‍ വച്ചു പോലീസ് പരിശോധിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. രഹസ്യം ചോര്‍ന്നു കിട്ടിയ ചില പ്രോസിക്യൂട്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈ നടപടി.

  ആയുധങ്ങൾ കടത്തിയ ട്രക്കുകൾ

  ആദ്യ തവണ ട്രക്ക് പിടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍, രണ്ടാമത്തെ തവണ അതു നടന്നില്ല. അദാനയിലെത്തിയ മൂന്ന് ട്രക്കുകള്‍ക്ക് അകമ്പടി സേവിച്ചിരുന്നത് ടര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സി ഏജന്റുമാരായിരുന്നു. അവര്‍ പൊലീസ് നടപടി തടസ്സപ്പെടുത്തി. അക്രമവും ഭീഷണിയും തടയാനാവാതെ പൊലീസിനു ട്രക്ക് വിട്ടയക്കേണ്ടി വന്നു. ഈ മൂന്ന് ഈ ട്രക്കുകളും നാഷണല്‍ ഇന്റലിജന്റസ് ഏജന്‍സിയുടെ വകയാണെന്ന് എര്‍ദോഗന്‍ സമ്മതിച്ചുവെങ്കിലും സിറിയയിലേക്ക് സഹായവുമായി പോവുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

  യിൽദിസ് കുഞ്ഞുങ്ങളോടൊപ്പം

  ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ വാഹനങ്ങള്‍ ആയുധങ്ങളുമായി സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചതെന്നു തങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞതായി ലോക്കല്‍ പ്രോസിക്യൂട്ടര്‍ ഒസ്‌കാന്‍ സിസ്മാന്‍ റോയിട്ടറിന് നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. നിയമ വിരുദ്ധമായ ആയുധങ്ങളുമായി ഒരു ട്രക്ക് വരുന്നുണ്ടെന്ന വിവരമനുസരിച്ച് പരിശോധന നടത്താന്‍ ആജ്ഞാപിച്ചതു അദ്ദേഹമായിരുന്നു.

  2014 ജനുവരി പത്തൊന്‍പതാം തീയതി വീണ്ടുമെത്തിയ മൂന്ന് ട്രക്കുകളെ പരിശോധിക്കാനുള്ള നിര്‍ദ്ദേശം നല്കാന്‍ സിസ്മാനോടൊപ്പം അദാനയിലെ മറ്റൊരു പ്രോസിക്യൂട്ടറായ അസീസ് ടാക്ചിയുമുണ്ടായിരുന്നു. ആഭ്യന്തര രഹസ്യങ്ങള്‍ വെളിപ്പെടുത്തി, ഭീകരസംഘങ്ങളെ സഹായിക്കുന്നതായി ചിത്രീകരിച്ചു ഗവണ്മെന്റിനെ കളങ്കപ്പെടുത്തി, നിയമവിരുദ്ധമായ റെയ്ഡിന് നേതൃത്വം നല്കി എന്നീ കുറ്റങ്ങള്‍ക്ക് ഇവര്‍ രണ്ടു പേരും ഇപ്പോള്‍ ജയിലിലാണ്.

  2014 ജനുവരിയില്‍ തന്നെ യില്‍ദിസ് ഈ വാര്‍ത്ത താന്‍ ജോലി ചെയ്തിരുന്ന T24ല്‍ ബ്രേക്ക് ചെയ്തു. ടര്‍ക്കിഷ് വേരുകളുള്ള സിറിയന്‍ പൗരന്‍മാര്‍ക്ക് സഹായമെത്തിച്ചു കൊടുക്കുകയായിരുന്നു ഈ ട്രക്കുകള്‍ എന്ന് സ്ഥാപിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരുന്ന എര്‍ദോഗനെ ഈ വാര്‍ത്ത അരിശം പിടിപ്പിച്ചു. സാധുക്കള്‍ക്ക് ഭക്ഷണവുമായി നാഷണല്‍ ഇന്റലിജന്‍സിന്റെ ട്രക്കുകള്‍ ആയുധധാരികളായ ഏജന്റുകളുടെ അകമ്പടിയോടെ പോകേണ്ട കാര്യമില്ല എന്ന് മറുചോദ്യം ഉയര്‍ന്നു. സിറിയയില്‍ ആയുധം എത്തിക്കുന്നത് രണ്ട് കൂട്ടര്‍ക്കാവാനാണ് സാദ്ധ്യതയെന്ന് അഭിപ്രായമുയര്‍ന്നു. ഒന്ന്, സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. എന്നാല്‍, അസദ് എര്‍ദോഗാന്‍ ഭരണകൂടത്തിന്റെ ബദ്ധ ശത്രുവാണ്. മറ്റൊരു സാദ്ധ്യത ഐസിസാണ്. ഐസിസിന് ടര്‍ക്കി ആയുധങ്ങള്‍ എത്തിക്കുന്നതായി വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയായിരുന്നു ഈ നടപടി. ഐസിസുമായി ചേര്‍ന്നു എര്‍ദോഗാന്‍ നടത്തുന്ന എണ്ണയുടെയും ആയുധങ്ങളുടെയും കച്ചവടത്തിന്റെ തെളിവാണിത് എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്കി.

  കലി പൂണ്ട പ്രസിഡന്റ് ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും വേട്ടയാടി. അദാനയിലെ ഉദ്യോഗസ്ഥരും പോലീസുകാരും പ്രോസിക്യൂട്ടര്‍മാരും പത്രപ്രവര്‍ത്തകരുമടക്കം മുന്നൂറോളം പേര്‍ നിയമ നടപടികള്‍ നേരിട്ടു. അവരില്‍ ഭൂരിഭാഗം പേരും ചാരവൃത്തി, ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

  ഈ ആയുധ വേട്ടയില്‍ വലിയൊരു പങ്ക് വഹിക്കുകയും എര്‍ദോഗന്റെ പ്രതികാര നടപടിയ്ക്ക് ഇരയാവുകയും ചെയ്തവരില്‍ ഒരാളായിരുന്നു അദാനയിലെ ഏറ്റവും പ്രശസ്തനായ പോലീസ് നായ വഹീം. മയക്കുമരുന്നും സ്‌ഫോടക വസ്തുക്കളും കണ്ടു പിടിക്കുന്നതില്‍ ഈ നായയ്ക്കുള്ള കഴിവ് സമാനതകളില്ലാത്തതായിരുന്നു. ഗ്രാമങ്ങളുടെയും റോഡുകളുടെയും സുരക്ഷാചുമതലയുള്ള ജന്‍ഡര്‍മ എന്ന ഫോഴ്‌സിന്റെ ഭാഗമായിരുന്ന ഈ നായ വരാന്‍ പോകുന്ന ഗുലുമാല്‍ ഒന്നുമറിയാതെ പതിവ് പോലെ തന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. അദാനയില്‍ നിന്നു വഹീമിനെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അവനെ ട്രെയിന്‍ ചെയ്ത പരിശീലകന് പോലും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വന്നുവെന്ന് ഓപ്പറേഷന്റെ ചുമതല വഹിച്ച മേജര്‍ ബെകീര്‍ കരാത്താസ് പറഞ്ഞു.

  ആയുധങ്ങളും വഹിച്ചു കൊണ്ട് പോയ ട്രക്കുകളുടെ ഫോട്ടോയും വീഡിയോയും പ്രസിദ്ധീകരിച്ചതിന് മറ്റൊരു പത്രമായ ചുംഹൂറിയത്തിന്റെ എഡിറ്റര്‍ ചാന്‍ ദുന്ദര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് എര്‍ദോഗാന്‍ പ്രഖ്യാപിച്ചിരുന്നു. (വീഡിയോ ലിങ്ക് കമന്റില്‍ നല്കിയിട്ടുണ്ട്). വിചാരണ നടന്നു. ദുന്ദറിനും ചുംഹൂറിയത്തിന്റെ അങ്കാറ ബ്യൂറോ ചീഫ് എര്‍ദെം ഗുല്ലിനും ആഭ്യന്തര രഹസ്യങ്ങള്‍ പുറത്താക്കിയ കുറ്റത്തിന് അഞ്ചു വര്‍ഷത്തെ തടവ്ശിക്ഷ ലഭിച്ചു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത യില്‍ദിസിന് കോടതി നടപടികളുടെ രഹസ്യ സ്വഭാവം ലംഘിച്ചതിന് ഇരുപതു മാസത്തെ തടവ് വിധിച്ചു. ഒപ്പമാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കിക്കൊണ്ട് അവര്‍ക്ക് തന്റെ കുഞ്ഞുങ്ങളുടെ മേലുള്ള നിയമപരമായ അവകാശം എടുത്തുകളഞ്ഞത്. രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായ യില്‍ദിസിന്റെ ഇളയ കുട്ടിക്ക് അന്ന് ആറ് മാസമായിരുന്നു പ്രായം. ഇതൊരു തുടക്കം മാത്രമാണ് എന്നറിയാമായിരുന്ന യില്‍ദിസ് അറസ്റ്റിന് നിന്നു കൊടുക്കാതെ തന്റെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഒളിവില്‍ പോയി. ഒരു ചെറിയ മുറിയില്‍ പുറം ലോകത്തിന് മുഖം കൊടുക്കാതെ അവര്‍ അഞ്ചു മാസം താമസിച്ചു.

  ജീവിതം ഇങ്ങനെ തുടരാനാവില്ല എന്ന് മനസ്സിലാക്കിയ യില്‍ദിസ് മക്കളെ തന്റെ അച്ഛനമ്മമാരെ എല്‍പ്പിച്ചതിന് ശേഷം രഹസ്യമായി അതിര്‍ത്തി മുറിച്ചു കടക്കുകയും ഗ്രീസിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ അഭയം തേടുകയും ചെയ്തു. അധികം താമസിയാതെ യില്‍ദിസിന് കാനഡയില്‍ രാഷ്ട്രീയാഭയം ലഭിച്ചു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ മൂത്ത കുട്ടിയായ എമിനെയെ 2018ല്‍ അവര്‍ക്ക് തന്റെയടുത്ത് എത്തിക്കാന്‍ കഴിഞ്ഞു. പക്ഷേ ഇളയ കുഞ്ഞായ സെഹ്‌റ ഇപ്പോഴും ടര്‍ക്കിയില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ് താമസം. സത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ കുറ്റത്തിന് യില്‍ദിസിന് തന്റെ ഭര്‍ത്താവിനെയും അച്ഛനമ്മമാരെയും കുഞ്ഞിനെയും നഷ്ടമായി. ടര്‍ക്കിയിലെ പ്രശസ്തരായ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന അവര്‍ ഇന്ന് ജീവിക്കാനായി കാനഡയിലെ ഒരു പിസ ഷോപ്പില്‍ ജോലി ചെയ്യുകയാണ്.


  എന്തോ ഒന്നു തകർന്നു പോയിരുന്നു, ഓ! എന്റെ ഹൃദയമാണത്!

  ഐസിസുമായി ചേർന്നു എർദോഗൻ എണ്ണക്കച്ചവടവും ആയുധക്കച്ചവടവും നടത്തുന്നു എന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ റിപ്പോർട്ട് ചെയ്തു എന്ന കുറ്റത്തിന് കുടുംബവും ജോലിയും പിറന്ന നാടും ഉപേക്ഷിച്ചു ജീവൻ കയ്യിലെടുത്ത് ഓടി രക്ഷപ്പെടേണ്ടി വന്ന പത്ര പ്രവർത്തകയാണ് ആർസു യിൽദിസ് . ടൊറൊന്റോയിലെ ഒരു പിസ ഷോപ്പിൽ ജോലി ചെയ്യുന്ന യിൽദിസ് സത്യസന്ധമായ പത്രപ്രവർത്തനം നടത്തിയതിന് കൊടുക്കേണ്ടി വന്ന വിലയെ പറ്റി 2019 ജൂണിൽ ഗ്ലോബൽ ജേർണലിസ്റ്റ് എന്ന ന്യൂസ് പോർട്ടലിന് നല്കിയ അഭിമുഖത്തിന്റെ സ്വതന്ത്ര വിവർത്തനമാണ് താഴെ.

  ചോദ്യം . എങ്ങനെയാണ് നിങ്ങൾ പത്രപ്രവർത്തനം തിരഞ്ഞെടുത്തത്?

  ഉത്തരം. പഠനശേഷം അനേക വർഷങ്ങൾ കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ജോലിയായിരുന്നു ഞാൻ ചെയ്തിരുന്നത്. പൊലീസിനെ പറ്റിയും നീതിന്യായ വ്യവസ്ഥയെ പറ്റിയും ഞാൻ നിരവധി വാർത്തകൾ എഴുതി. രാഷ്ട്രീയമോ ഗവൺമെന്റൊ എന്നെ സ്വാധീനിക്കുന്ന ഘടകങ്ങളായിരുന്നില്ല. നീതി മാത്രമായിരുന്നു എന്റെ വിഷയം. ഒരു ലിബറൽ ദേശീയ പത്രമായ തരാഫിനോടൊപ്പം ഞാൻ അഞ്ചു വർഷം പ്രവർത്തിച്ചു. അതിനു ശേഷം കുറച്ചു വർഷങ്ങൾ ഞാൻ T24ൽ സ്വതന്ത്ര പത്രപ്രവർത്തനം നടത്തി.

  ഇതിനിടയില് രണ്ടു മാസത്തോളം എർദോഗന്റെ പാർട്ടിയായ എകെപിയോട് ആഭിമുഖ്യം പുലർത്തുന്ന ടർക്കിയെ എന്ന പത്രത്തിലും ഞാൻ ജോലി ചെയ്തു. എന്റെ വാർത്തകൾ അവർ സെൻസർ ചെയ്യുന്നത് കണ്ടു മനം മടുത്തു ഞാൻ ആ സ്ഥാപനം വിട്ടു. അക്കാലത്ത് ടർക്കിയിൽ ഒരു പ്രോസിക്യൂട്ടറിനെയോ ജഡ്ജിയെയോ പോലെ നിയമ വിജ്ഞാനമുള്ള ഒരേയൊരു വനിതാ പത്രപ്രവർത്തക ഞാനായിരുന്നു. പത്രപ്രവർത്തനത്തിനോടൊപ്പം ഞാൻ നിയമ പഠനവും മുന്നോട്ട് കൊണ്ട് പോകുന്നുണ്ടായിരുന്നു. ചില പ്രോസിക്യൂട്ടർമാരെക്കാൾ കൂടുതൽ ഞാൻ പുസ്തകങ്ങള് വായിച്ചു കൂട്ടി. ടർക്കിയിലെ നീതിന്യായ വ്യവസ്ഥയിൽ മാത്രമായിരുന്നില്ല എനിക്കു താല്പര്യം. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്ന നീതിശാസ്ത്രങ്ങളെപറ്റി അറിയാനും ഞാൻ ശ്രമിച്ചു.

  ചോ. ടർക്കി വിടാനുള്ള സമയമായി എന്ന് നിങ്ങൾക്ക് എങ്ങനെയാണ് മനസ്സിലായത്?

  ഉ. 2016 ജൂലൈ പതിനഞ്ചാം തീയതി നടന്ന പട്ടാള അട്ടിമറി ശ്രമം കഴിഞ്ഞു രണ്ടു ദിവസത്തിന് ശേഷം പോലീസ് എന്റെ വീട്ടിൽ വന്നു. ആ സമയത്ത് ധാരാളം ആളുകൾ ജയിലാകുകയും പീഡനങ്ങൾ സാഹിക്കുകയും ചെയ്തിരുന്നു. ആർക്കും അത്തരം കാര്യങ്ങളെപ്പറ്റി എഴുതാനുള്ള ധൈര്യമില്ലായിരുന്നു. കോടതി കാര്യങ്ങൾ തുടർന്നും റിപ്പോർട് ചെയ്തിരുന്നുവെങ്കിൽ ഞാൻ വിചാരണകളെപ്പറ്റിയും ആളുകളെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുന്നതിനെ പറ്റിയും എഴുതുമായിരുന്നു.
  പോലീസ് വീട്ടിൽ വന്നതിനു ശേഷം ഞാൻ ഒരു ചെറിയ മുറിയിൽ എന്റെ ഏഴു മാസവും ഏഴു വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളുമായി ഒളിച്ചു താമസിച്ചു. ഇതിനെ ജീവിതം എന്ന് വിളിക്കാനാവില്ല എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. മുറിയുടെ വാതിലിലെ ഓരോ മുട്ടും പുറത്ത് പോലീസ് ആയിരിക്കും എന്ന ഭയം മൂലം എന്നെ മാനസികമായി തളർത്തുകയായിരുന്നു.

  ചോ. നിങ്ങൾക്ക് ടർക്കിയിലുള്ള കുടുംബവുമായി ഇപ്പോഴും ബന്ധമുണ്ടോ?

  ഉ. എന്റെ ഇളയ മകൾ സെഹ്റയ്ക്ക് എന്നെ അറിയില്ല. അമ്മയില്ല എന്നാണ് അവൾ ധരിച്ചിരിക്കുന്നത്. എന്റെ അച്ഛനമ്മമാരുടെ കൂടെ ടർക്കിയിൽ തന്നെയാണ് സെഹ്റയുടെ താമസം. അവളുടെ പിറന്നാളാഘോഷം എനിക്ക് വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു. അവളുമായി ബന്ധപ്പെടാൻ എനിക്ക് കഴിയില്ല. ഞങ്ങൾക്കിടയിൽ ഫോൺ കോളുകളില്ല. ഒന്നുമില്ല. ഭർത്താവിൽ നിന്നു എനിക്ക് വിവാഹ മോചനം നേടേണ്ടി വന്നു. എന്റെ അച്ഛനമ്മമാരോടും ഞാൻ യാതൊരു ബന്ധവും പുലർത്തുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടപ്പെടുക മാത്രമല്ല, അവർക്ക് അവരുടെ മകളേയും നഷ്ടമായി.

  എന്റെ മൂത്ത മകൾക്ക് നേരത്തെ യു എസ് വിസ ലഭിച്ചിരുന്നു. 2018 സെപ്റ്റംബറിൽ അവൾ തനിച്ച് അമേരിക്കയിലേക്ക് വന്നു. എന്റെ ഒരു സുഹൃത്ത് അവളെ കാനഡയുടെ ബോർഡറിലേക്ക് കൊണ്ട് വന്നു. എന്റെ ഇളയ മകൾക്ക് അതിനു കഴിയില്ല. ഞാൻ കാരണം അവൾക്ക് ഗവണ്മെന്റ് പാസ്സ്പോർട്ട് നല്കുകയില്ല. എന്റെ അമ്മയ്ക്ക് 73 വയസ്സുണ്ട്. അച്ഛനെയും അമ്മയെയും ഇനിയൊരിക്കൽ കൂടി എനിക്ക് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. കനേഡിയൻ ഗവണ്മെന്റ് അവർക്ക് വിസ നല്കുകയില്ല.
  മറ്റേതെങ്കിലും രാജ്യത്ത് വച്ച് അവരെ കാണാൻ എന്നെ ചിലര് ഉപദേശിക്കാറുണ്ട്. ഞാൻ ധനികയാണ് എന്നാണ് അവരുടെ വിചാരം. രണ്ടു ജോലികൾ ചെയ്തിട്ടു പോലും കഷ്ടിച്ച് ജീവിക്കാനും വാടക നൽകാനുമുള്ള പണം മാത്രമേ എനിക്ക് ഉണ്ടാക്കാൻ കഴിയുന്നുള്ളൂ. മൂന്ന് തലമുറകൾ അടങ്ങുന്ന എന്റെ കുടുംബത്തിലെ എല്ലാവരെയും ഇത് ബാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് അപ്പൂപ്പനോടും അമ്മൂമ്മയോടും ബന്ധമില്ലാത്തത് എന്ന് എന്റെ മൂത്ത കുഞ്ഞ് എപ്പോഴും ചോദിക്കാറുണ്ട്. അവരുടെ അമ്മൂമ്മയെ എന്റെ മക്കൾ അമ്മയെന്നാണ് വിളിക്കുന്നത്.

  ചോ. നിങ്ങൾ ടർക്കി വിടും മുൻപ് പത്രപ്രവർത്തന രംഗത്തുണ്ടായിരുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

  ഉ. ഒരു പത്രപ്രവർത്തക എന്ന നിലയിൽ സത്യം കണ്ടെത്തുക മാത്രമായിരുന്നു എന്നും എന്റെ ലക്ഷ്യം. പ്രശസ്തരാകണമെന്നോ നായകരാകണം എന്നോ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങൾ അഭിനേതാക്കളോ ഗായകരോ ആയിരുന്നില്ല. പത്രപ്രവർത്തകരായിരുന്നു. എന്താണ് ശരി എന്നും ആരാണ് നായകരെന്നും വാർത്തകളിലൂടെ പറയുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ലോകം അവരെ പറ്റി സംസാരിച്ചു തുടങ്ങിയാൽ എന്റെ ജോലി ഞാൻ നന്നായി ചെയ്തു എന്നാണതിനർഥം.
  ബ്യൂറോക്രസിയോടായിരുന്നു എനിക്ക് എതിർപ്പുണ്ടായിരുന്നത്. രാഷ്ട്രീയക്കാരെ ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷേ ന്യായാധിപന്മാരെയെങ്കിലും എനിക്ക് വിശ്വസിക്കണമായിരുന്നു. ഉദാഹരണത്തിന്, ശ്രദ്ധയില്ലാതെ ഇവിടെ വണ്ടിയോടിച്ചാൽ കാനഡയിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷിക്കപ്പെടും. അവർക്ക് രാഷ്ട്രീയക്കാരെ പേടിയില്ല മറിച്ച്, നിയമവ്യവസ്ഥയെയാണ് ഭയം. ടർക്കിയിലെ നീതിന്യായ വ്യവസ്ഥയെ ഇത് പോലെ വിശ്വസിക്കാനാവില്ല.

  ഞാനൊരു മത വിശ്വാസിയല്ല. മതവും വർഗീയതയും രാഷ്ട്രീയക്കാർക്ക് മുതലെടുപ്പിനുള്ള ഉപകരണങ്ങൾ മാത്രമാണ്. മനുഷ്യത്വത്തിൽ മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളൂ. ഞാൻ മരിക്കുമ്പോൾ ടർക്കിയിൽ നിന്നുള്ള പത്രപ്രവർത്തക എന്നല്ല ഒരു മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടാനാണ് എനിക്കിഷ്ടം. വ്യക്തികളുടെ വിശ്വാസമോ രൂപമോ എന്നെ ബാധിക്കുന്നില്ല. അവർ സത്യസന്ധരാണോ അല്ലയോ എന്നത് മാത്രമാണ് എന്റെ വിഷയം. എന്നെപ്പോലെ കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ഒരാളായിരുന്നുവെങ്കിൽ നിങ്ങളും വ്യക്തികൾ നിഷ്കളങ്കരാണോ കുറ്റവാളികളാണോ എന്ന കാര്യത്തിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നുള്ളൂ.

  ചോ. നിങ്ങൾക്ക് ടർക്കിയിലേക്ക് തിരിച്ചു പോകാനുള്ള പദ്ധതിയുണ്ടോ?

  ഉ. കാനഡയിലേക്ക് വരുന്നതിനു മുൻപ് ഞാനൊരു അഭയാർഥി കാമ്പിലാണ് താമസിച്ചിരുന്നത്.ഒരു അഭയാർഥിയാവുക എന്നതിന്റെ അർഥം രാജ്യം നഷ്ടപ്പെടുക എന്ന് മാത്രമല്ല, കുടുംബം നഷ്ടപ്പെടുകയെന്നും ഒറ്റയ്ക്കാവുകയെന്നും കൂടിയാണ്. ഒരു ടീഷർട് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ചെരുപ്പ് പോലുമില്ലാതെയാണ് ഞാനിവിടെ വന്നത്. നിങ്ങളത് വിശ്വസിച്ചേ മതിയാകൂ. എന്റെ ഷൂസ് അഭയാർഥി ക്യാമ്പിൽ വച്ചു നഷ്ടമായിരുന്നു.

  വിലകുറഞ്ഞ ചില സാധനങ്ങൾ മാത്രമേ ഇവിടെയെത്തിയപ്പോൾ എന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. ഒരു മൊബൈൽ ഫോൺ പോലും എനിക്കുണ്ടായിരുന്നില്ല. കഷ്ടിച്ച് ഇരുനൂറു ഡോളർ പോക്കറ്റിലുണ്ടായിരുന്നു. ഞാനെങ്ങനെയാണ് ടർക്കിയിലേക്ക് തിരിച്ചു പോവുക? അവരെന്നെ ജയിലിലടയ്ക്കും.

  ചോ. ജോലി ശരിയായി ചെയ്യാൻ വേണ്ടി നിങ്ങൾ ഇത്രയേറെ വില കൊടുക്കേണ്ടതുണ്ടായിരുന്നോ? വളരെ ധീരമായി നിങ്ങൾ പണിയെടുത്തു. പക്ഷേ നിങ്ങൾക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി.

  ഉ. ശരിയാണ്. മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലുമാവാത്തയത്ര നഷ്ടങ്ങളാണ് എനിക്കുണ്ടായത്. എന്നാൽപ്പോലും, ഭൂതകാലത്തിലേക്ക് തിരിച്ചു പോകാൻ ഒരവസരം കിട്ടിയാൽ ഞാൻ വീണ്ടും ഇത് തന്നെ ചെയ്യും. പക്ഷേ ഒരു കാര്യം തകർന്നു പോയിരിക്കുന്നു: എന്റെ ഹൃദയം!