നല്ല പഠിപ്പുള്ള പെണ്ണിനെ വേണം, ജോലിക്ക് വിടാനല്ല, മക്കൾക്കു നാലക്ഷരം പഠിപ്പിച്ചു വീട്ടിൽ ഇരുത്താൻ

58

✍🏽 ഹരിത

മെറിൻ എന്ന മലയാളി നേഴ്സ് തന്റെ ഭർത്താവ് ഫിലിപ്പ് മാത്യു വിനാൽ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത എല്ലാവരും വായിച്ചു കാണുമല്ലോ. 17 തവണയാണ് ഫിലിപ് മെറിനെ കുത്തിയത്. ‘എനിക്കൊരു മോളുണ്ട് ‘ എന്നതാണ് മെറിന്റെ അവസാന വാക്കുകൾ. ഈ സംഭവം കുറേ പൊടിപ്പും തൊങ്ങലും വച്ച് ആഘോഷിച്ചതിനു ശേഷം നമ്മളെല്ലാവരും അങ്ങു മറക്കും. കുറച്ചു നാൾ മുൻപ് ഉത്ര എന്ന പെൺകുട്ടിയെ അവളുടെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നപ്പോഴും പൊടിപ്പും തൊങ്ങലും വച്ച കഥകളെയാണ് പലരും തിരഞ്ഞത്. നാട്ടിൽ ആസിഡ് അറ്റാക്കുകൾ തുടർക്കഥകളാകുന്നു, സ്വന്തം ഭാര്യയെ സുഹൃത്തുക്കളോടൊപ്പം ബലാൽസംഘം ചെയ്ത് ആനന്ദിക്കുന്നു .. !!ഇതെല്ലാം ചെയ്യാൻ കഴിയുന്ന പുരുഷൻമാരുടെ മാനസികാവസ്ഥ എന്തായിരിക്കും? ഇവർ സ്ത്രീകളെ മനുഷ്യനായി കണ്ടിട്ടുണ്ടാകുമോ? അല്ലെങ്കിൽ എത്ര പുരുഷന്മാർ സ്ത്രീകളെ വ്യക്തികളായി കാണുന്നുണ്ട്?

ലോകത്തിൽ 38% സ്ത്രീകൾ അടുപ്പമുള്ള ആണുങ്ങളാൽ കൊല്ലപ്പെടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് മൂന്നിൽ ഒരു സ്ത്രീ എന്ന കണക്കിൽ ശാരീരികമായോ ലൈംഗികപരമായോ അവരുടെ പങ്കാളിയിൽ നിന്നും അക്രമത്തിന് ഇരയാകുന്നുണ്ടത്രേ. ചിലർ കൊല്ലപ്പെടുന്നു, ചിലർ ജീവച്ഛവമാവുന്നു, വലിയൊരു വിഭാഗം സ്ത്രീകൾ മാനസിക സമ്മർദ്ദത്തെ എങ്ങനെ തരണം ചെയ്യണം എന്നറിയാതെ അടിച്ചേല്പിക്കപ്പെട്ട മൗനത്തിൽ ജീവിക്കുന്നു.വിവാഹത്തോടെ മിക്ക പെണ്ണുങ്ങൾക്കും അവർ അതുവരെ അനുഭവിച്ചു വന്ന സൗഭാഗ്യങ്ങൾ നഷ്ടമാവുന്നു,.സ്വന്തം കഴിവുകളെയോ ചെയ്തു വന്നിരുന്ന ജോലിയെയോ കുടുംബത്തിനു വേണ്ടി ത്യജിക്കേണ്ടി വരുന്നു. അവരുടെ കഴിവുകളെ വളർത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള മനസ്സ് കാണിക്കുന്ന പുരുഷന്മാർ കുറവാണ്. ” ഒരാൾ സ്ത്രീയായി ജനിക്കുകയല്ല, മറിച്ച് ക്രമേണ സ്ത്രീയായി മാറുകയാണ് ” എന്ന് സിമോൺ ഡി ബുവ എന്ന ഫിലോസഫർ പറഞ്ഞിട്ടുള്ളത് നിങ്ങളിൽ കുറച്ചു പേരെങ്കിലും കേട്ടു കാണും. സ്ത്രീകളുടെ മേലുള്ള ആക്രമണങ്ങളുടെ അടിസ്ഥാനം എവിടെയാണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? കുടുംബം തന്നെ ! ഭൂരിഭാഗം കുടുംബങ്ങളിലും പെണ്ണുങ്ങളുടെ നിയന്ത്രണം ആണുങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീകളെ കേവലം ഒരു ചരക്ക് ( Commodity) മാത്രമായി കാണുന്ന പുരുഷന്മാർ നിരവധി. സ്ത്രീകളെ നേർവഴി നടത്തുന്നത് തങ്ങളുടെ ചുമതലയാണെന്ന് ധരിച്ചിരിക്കുന്ന ഒട്ടേറെ പുരുഷന്മാരെ സോഷ്യൽ മീഡിയയിൽ എങ്ങും കാണാം. ഇങ്ങനെ ചിന്തിക്കുന്ന സ്ത്രീകളും കുറവല്ല എന്നത് മറ്റൊരു വിരോധാഭാസം.

മെറിന്റെ മരണ വാർത്തയ്ക്ക് കീഴിലുള്ള ചില കമെന്റുകൾ വായിച്ചാൽ മനസ്സിലാകും പ്രബുദ്ധ മലയാളി എത്ര അധഃപതിച്ചിരിക്കുന്നു എന്ന്. ” പെണ്ണുങ്ങൾ നേരെ ചൊവ്വേ ജീവിച്ചില്ലെങ്കിൽ ഇതാകും ഫലം “, ” 17 തവണ കുത്തുകയും എന്നിട്ടും പക തീരാതെ കാർ കയറ്റുകയും ചെയ്തെങ്കിൽ അയാൾ അവളെ അത്ര മാത്രം സ്നേഹിച്ചിട്ടുണ്ടായിരിക്കണം. “ഈ കമന്റുകൾ ഒക്കെയും എത്ര വൈകൃതം നിറഞ്ഞ മനസ്സുകളിൽ നിന്നുമാകും ജനിച്ചിട്ടുണ്ടാവുക എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.സ്ത്രീകളുടെ മേലുള്ള മിക്ക ആക്രമണങ്ങളുടെയും കാതൽ ആണുങ്ങൾ സ്വയം തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ഉടമസ്ഥാവകാശമാണ്( Ownership). എനിക്കെന്തും ചെയ്യാൻ കഴിയുന്ന, തോന്നുമ്പോൾ ഭോഗിക്കാൻ, തോന്നുമ്പോൾ റേപ്പ് ചെയ്യാൻ, ആസിഡ് ഒഴിക്കാൻ, കൊല്ലാൻ ഒക്കെയുള്ള അവകാശം ഉണ്ടെന്ന് ചില പുരുഷന്മാരെ ധരിപ്പിക്കുന്നതിൽ പുരുഷ കേന്ദ്രീകൃത സമൂഹത്തിനു (Patriarchal society) വ്യക്തമായ പങ്കുണ്ട്. മെറിൻ എന്ന നഴ്സിന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, ഒരുമിച്ച് പോകാൻ കഴിയില്ല എന്നുണ്ടെങ്കിൽ മാന്യമായി വേർപിരിയുക. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല ( Personal property) എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെയെടുക്കാൻ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആർക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാർഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ !