ഈറോട്ടിക് ലിറ്ററേച്ചറിന്റെ ശരീരഘടന അഥവാ വായനയുടെ ഉടൽരാഷ്ട്രീയം.
Haritha Raj ഫേസ്ബുക്കിൽ എഴുതിയത്
ഒരു ടിപ്പിക്കൽ മലയാള സിനിമയിൽ, കൗമാര ലൈംഗിക കൗതുകത്തെ അവതരിപ്പിക്കാൻകാണിക്കുന്ന അഡൾട് മാഗസീനുകളുടെ / കൊച്ചു പുസ്തകങ്ങളുടെ ഒളിച്ചുവായനയുടെ അതേ ഫോർമാറ്റിൽ തന്നെയായിരുന്നു എന്റെ ആദ്യ പോണോഗ്രഫി വായനയും.പത്താം ക്ലാസ്സിലെയോ ,പ്ലസ് വണ്ണിലെയോ ഒരു ലഞ്ച് ബ്രേക്ക് സമയത്ത് കൂട്ടുകാരി ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ‘മുത്തുചിപ്പി’യിലൂടെ ആയിരുന്നു അതെന്നാണോർമ്മ.ബാലരമയുടെ സൈസിലുള്ള ആ പുസ്തകത്തിന്, തുടുത്ത മാറിടങ്ങളും,മഴച്ചാറലേറ്റ ചെറിപ്പഴങ്ങൾ പോലുള്ള ചുണ്ടുകളുമുള്ള,സ്ഥാനം തെറ്റി സാരിയുടുത്ത പേരറിയാത്ത സ്ത്രീയുടെ കൊഴുത്ത ശരീരം ആയിരുന്നു കവർ പേജ് ആയി ഉണ്ടായിരുന്നത്.
ഞങ്ങളിൽ പലരുടേയും ആദ്യ ‘കമ്പിവായന’ അതായിരുന്നു എന്ന് തോന്നുന്നു.ഒരു പുരുഷനാൽ പ്രോഗ്രാം ചെയ്യപ്പെട്ട സ്ത്രീയുടെ എക്സ്ട്രീം ആയാണ് അത്തരം പുസ്തകങ്ങളൊക്കെയും തോന്നിപ്പിച്ചത്. പോണിനേയോ ,ബിഗ്രേഡ് സിനിമകളെയോ റെഫെറൻസ് ആയി സ്വീകരിച്ചുകൊണ്ട് സ്ത്രീയുടെ ലൈംഗിക ബോധമണ്ഡലത്തെ കുറിച് ധാരണകുറവുള്ള ഒരു പുരുഷന്റെ തലച്ചോർ ഉപയോഗിച്ചാണ് അത്തരം പുസ്തകങ്ങൾ പടച്ചുവിട്ടത് എന്ന വിചാരമാണ് ഏറെക്കാലം എന്നെ ഭരിച്ചത്.ഒരു മാസ്റ്റർബ്യുഷന്റെ ആവശ്യം മുന്നിൽകണ്ടുകൊണ്ട് , പുരുഷനാൽ ജന്മം നൽകപ്പെട്ട, ലൈംഗികതയുടെ അഡൊമിന൦ പേറുന്ന സ്ത്രീകളെ പിന്നീട് നമ്മൾ, ജോൺ ക്ളിലാൻഡിന്റെ ‘ദി മെമ്മോറിസ് ഓഫ് ഫാനി ഹില്ലിലും’, ഹാരോൾഡ് റോബ്ബിൻസിന്റെ ‘ദി ഡ്രീം മെർച്ചന്റ്‌സിലും’, ‘ദി ബെറ്റ്സി‘യിലുമൊക്കെയായി വീണ്ടും കണ്ടുമുട്ടിയിട്ടുണ്ട്. ഇവരെയെല്ലാം വായിച്ചതിന് ശേഷമാണ് മലയാളത്തിലെ ഹാരോൾഡ് റോബ്ബിൻസ് എന്ന് പരക്കെ അറിയപ്പെട്ട, ഇറോട്ടിക് ലിറ്ററേച്ചറിന്റെ ഘടകങ്ങളെ ജനപ്രിയവൽക്കരിച്ച പമ്മന്റെ ‘ഭ്രാന്തു൦’,’ചട്ടക്കാരിയും’ വായിക്കാനെടുക്കുന്നത് .അതിലൊന്നും സ്ത്രീയുടേതായ തനത് ലൈംഗിക പരിസരങ്ങളുടെ വിശദീകരണങ്ങൾ കണിൽ പെട്ടില്ല.പുരുഷൻ നിർമ്മിച്ച സ്ത്രീയുടലാകുന്ന- സെക്സ് സോഫ്ട്‍വെയറിന്റെ ട്രയൽ റണ്ണിങ്ങിനെ ഓർമിപ്പിക്കുന്ന ആൺ രതിവായനകൾ മാത്രം.
എന്റെ അഭിപ്രായത്തിൽ സ്ത്രീയുടെ അടിസ്ഥാന ലൈംഗിക ചോദനയെ അവതരിപ്പിക്കാനോ,അതിനെ explore ചെയ്യാനോ വിരുതുള്ള ഒരു ആണെഴുത്തുകാരനും മലയാളത്തിലില്ല.ആ പരിമിതിയെ മറയ്ക്കാൻ ആണ് എഴുത്തുകാരൻ,
‘സ്ത്രീ നിഗൂഢതകളെ ഒളിപ്പിക്കുന്നവളാകുന്നു’
എന്നെഴുതുന്നത്.ആ നിഗൂഢതയോട് വായനക്കാരൻ താദാത്മ്യപെടുന്നിടത്ത് എഴുത്തുകാരൻ തന്റെ ദൗർബല്യത്തെ സമർത്ഥമായി മറയ്ക്കുന്നു. ഉദാഹരണം വേണമെങ്കിൽ ഖസാക്കിൽ നിന്ന് മൈമൂനയേയും മഞ്ഞിൽ നിന്ന് വിമലയേയും,രണ്ടാമൂഴത്തിൽ നിന്ന് ബലന്ധരയേയും,സമുദ്രശിലയിൽ നിന്ന് അംബയെയും നിങ്ങൾക്ക് എടുക്കാം.ഈ കഥാപാത്രങ്ങളുടെയെല്ലാം പാത്രനിർമ്മിതിയിൽ കെട്ടുപിണഞ്ഞുകിടക്കുന്ന മിസ്റ്ററിയുടെ/ കൂടിചേരായ്മകളുടെ ലെയറുകൾ വെളിപ്പെടുത്താൻ എഴുത്തുകാർക്ക് സാധിക്കാത്തതിന്റെ ഏറ്റവും കൺവിൻസിങ് ആയ മറുപടി ഇതാണ്.
മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരനായ ടി ഡി രാമകൃഷ്ണൻ ഏറ്റവും കൂടുതൽ പഴികേട്ടത് നോവലുകളിലെ ലൈംഗികാതിപ്രസരത്തിന്റെ പേരിലാണ്.ഇ എൽ ജെയിംസ് ന്റെ ഫിഫ്റ്റി ഷെഡ്സ് ട്രിലജി ലോകമെമ്പാടും വിറ്റഴിക്കപ്പെട്ടത് ആ നോവലിനകത്തെ ലൈംഗികാതിപ്രസരം കാരണവും.ലോറൻസ് ലേഡി ഷാറ്റർലീസ് ലവർ എഴുതിയതിൽ നിന്ന് കാലം ഏറെ മുൻപോട്ടു പോയതുകൊണ്ടും,ഇ എൽ ജെയിംസ് തന്റെ നോവൽ ഇറോട്ടിക് ക്യാറ്റഗറിയിലാണ് വരുന്നതെന്ന ഡിസ്ക്ലെയിമർ മുമ്പേ ചമച്ചുവെച്ചതു കൊണ്ടും, വെസ്റ്റേൺ സാഹിത്യത്തിൽ/ അമേരിക്കൻ സാഹിത്യത്തിൽ ‘ഇറോട്ടിക്’ എന്ന ജാനർ പോപ്പുലർ ആയതുകൊണ്ടും ഫിഫ്റ്റി ഷെയ്ഡ്‌സിന് വലിയ കേടുപാടുകൾ പറ്റിയില്ല.പക്ഷെ ടി ഡി യുടെ ഫ്രാൻസിസ് ഇട്ടിക്കോരയും, സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും, മാമാ ആഫ്രിക്കയും വായനക്കാരുടെ ദയയറ്റ ഓട്ടോപ്സികൾക്കു വിധേയമായി.സ്ത്രീ ശരീരം ലൈംഗികതയ്ക്ക് മാത്രം തുറന്നുകൊടുക്കുന്ന പമ്പുസെറ്റല്ല എന്നദ്ദേഹത്തോട് സ്ത്രീകളും പുരുഷന്മാരുമായ വായനക്കാർ കെറുവിച്ചുകൊണ്ടേയിരുന്നു.
ടി ഡി രാമകൃഷ്ണൻ ഒരു പുരുഷനാണ്.സ്ത്രീയുടെ മനോനിലകളിലെ ഏറ്റക്കുറച്ചിലുകളെ കടന്നുവായിച്ചുകൊണ്ട് സ്ത്രീ എന്ന ലിംഗത്തിന്,ചരിത്രത്തിന്റെ സാംഗത്യത്തെ ഉപയോഗപ്പെടുത്തികൊണ്ട് ഉപരിപ്ലവമായിട്ടെങ്കിലും ശക്തമായ വായന നൽകാൻ ശ്രമിച്ചിട്ടുമുണ്ട്.പക്ഷേ സ്ത്രീയുടെ ലൈംഗിക പരിസരങ്ങൾ അദ്ദേഹം നിർമ്മിച്ചത് ആൺബോധ്യങ്ങൾ വേരുറച്ച ഒരു പുരുഷന്റെ മനസോടെയാണ് ,അതുകൊണ്ടാണ്, സ്ത്രീയുടെ ബേസിക് സെക്ഷ്വൽ ജീവിതത്തിന് പുറത്താണ് ടി ഡി രാമകൃഷ്ണൻ വിഭാവനം ചെയ്യുന്ന ‘സ്ത്രീ ലൈംഗികത’ എന്ന് നമുക്ക് തോന്നുന്നത്.ഒരു സ്ത്രീ നിർമ്മിച്ചേക്കാവുന്ന സുഗന്ധിയും ഹൈപ്പേഷ്യയും ഇങ്ങനെ ആവില്ല എന്ന തോന്നൽ വ്യക്തിപരമായി ഉണ്ടാകുന്നത്.ഈ അഭിപ്രായത്തെ കുറേക്കാലം ഞാനെന്റെ വായനയിൽ ചുമന്നു നടന്നിട്ടുണ്ട്.ഈ ചിന്ത ആകെ തകിടം മറിഞ്ഞത് മറ്റൊരു എക്സ്പ്‌ഷൻ വായനയിൽ കടന്നുവന്നത് കൊണ്ടാണ്.
ബെത് റീക്ലെസ് എന്ന ബ്രിട്ടീഷ് പോപ്പുലർ ടീൻ ഫിക്ഷൻ എഴുത്തുകാരി, 2018 ലെഴുതിയ ‘ലസ്റ്റി ഡീഡ്സ്’ എന്ന കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, “അല്ലെങ്കിലും ഒരു സ്ത്രീയ്ക്ക് സെക്സിലും വലിയ ആവശ്യം എന്താണെന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു.”ഫിഫ്റ്റി ഷൈഡ്‌സിലെ അനസ്തേഷ്യ സ്റ്റീൽ എന്ന നായികാ കഥാപാത്രത്തിലും ഈ ടച്ച് കാണാം.അവളുടെ ലൈംഗികാവശ്യങ്ങൾ ക്രിസ്റ്റിൻ ഗ്രേ എന്ന നായകന് എപ്പോൾവേണമെങ്കിലും,എവിടെയിരുന്നും ആക്ടിവേട് ചെയ്യാൻ പറ്റും.ഈ നോവലിലെ bdsm എന്ന ലൈംഗിക ഉടമ്പടിയെയും,ലൈംഗികതയിലെ പരിഗണനയേയും,ലിബറൽ സെക്ഷ്വൽ വ്യവഹാരങ്ങളേയും, ഒന്നിച്ചു അനലൈസ് ചെയ്യാൻ സാധിക്കില്ല. അത് വിഡ്ഢിത്തവുമാണ്, എന്നാൽപ്പോലും പുരുഷൻ എന്ന കൺസ്യൂമറിനെ വാങ്ങിപ്പിക്കാൻ പ്രലോഭിപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് സത്യം പറഞ്ഞാൽ മുഖ്യധാരാ സ്ത്രീ എഴുത്തുകാരും നിർമ്മിക്കുന്നത്.അതിനെ പ്രശ്നവൽക്കരിക്കാനാവില്ല.കാരണം പുരുഷനാൽ നിയന്ത്രിക്കപ്പെടുന്ന പുസ്തകവിപണിയിലെതന്നെ എഴുത്തുതൊഴിലാളികളാണ് പെണ്ണെഴുത്തുകാർ. ഉപഭോക്താവിന് വേണ്ടത് ക്രിയാശേഷി ഉപയോഗിച്ച് അവർ നിർമ്മിക്കുന്നു എന്ന് മാത്രം.ആ വിധേയപ്പെടലിന് പ്രാമുഖ്യ൦ നൽകിയാണ് അനിതനായരെ പോലെയുള്ളവർ ‘ആൽഫബെറ് സൂപ്പ് ഫോർ ലവേഴ്സ് ’ അടക്കമുള്ള പുസ്തകങ്ങൾ എഴുതുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ സ്ത്രീഎഴുത്തുകാരി ഉല്പാദിപ്പിക്കുന്ന ഇറോട്ടിക് കഥാപശ്ചാത്തലങ്ങളിൽ പോലും പെണ്ണിനെ മുൻനിർത്തിയുള്ള സത്യസന്ധമായ ലൈംഗിക ഉൾവായനകൾ നടക്കാതിരിക്കുന്നതിന്റെയും, അവയെല്ലാം പുരുഷന്റെ രതിദാഹശമനികളായി തീരുന്നതിന്റേയും കാരണം ഇതാണ്.
ഈ തോന്നലിനെ പുനഃപരിശോധിക്കാനുള്ള കാരണം ഒരു യൂട്യൂബ് ചാനലിൽ സ്വപ്ന സുരേഷിന്റെ ശരീര വർണ്ണന ഒരു സ്ത്രീ ഏറ്റെടുത്ത് നടത്തുന്നത് കണ്ടതുകൊണ്ടാണ്.പുരുഷന്റെ രതി കാമനകളെ പ്രാധാന്യവൽക്കരിച്ചുകൊണ്ട് സ്ത്രീ അവതരിപ്പിക്കുന്ന സോഫ്റ്റ്പോൺ വാർത്തകൾ മുൻപും കണ്ടിട്ടുണ്ട്.പക്ഷെ ഇത് ശെരിക്കും ഞെട്ടിച്ചു.ലൈംഗിക സഭ്യതയുടേതായ എല്ലാ കോട്ടകളും തകർത്തുകൊണ്ട്,ബോഡിഷെമിങ്ങിന്റെ മറപറ്റി ഒരു പ്രസന്റേഷൻ.പുരുഷന്റെ ആവശ്യങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന ഒരു മാർക്കറ്റ് ആണ് ആ വാർത്തയെ നിർമ്മിക്കുന്നത് എന്നറിയാം.അവതരിപ്പിക്കുന്ന സ്ത്രീ,വാർത്ത കേൾക്കുന്ന പുരുഷന്റെ സ്വയംഭോഗ ആലസ്യത്തെ നിർദ്ധാരണം ചെയ്യാനും, സുഗമമാക്കാനുമുള്ള കേവലമൊരു ടൂൾ ആണെന്നുമറിയാം .എന്നാൽപ്പോലും ഒരു പെണ്ണ് പെണ്ണിന്റെ മേൽ നടത്തുന്ന അശ്ലീലവായനയുടെ ആഴം പലപ്പോഴും പുരുഷനുമേലെയാണ് എന്നത് ഇപ്പോൾ കൂടുതൽ കൃത്യമാകുന്നു. പുരുഷന് മുകളിൽ നിൽക്കുന്ന,ബ്രൂട്ടൽ സെക്ഷ്വൽ ഡീറ്റൈലിംഗ്, ഒരു മനസാക്ഷി കുത്തുമില്ലാതെ നടത്താൻ ശേഷിയുള്ളത് സ്ത്രീക്ക് തന്നെയാണെന്ന് വൈകിയാണെങ്കിലും തിരിച്ചറിയുന്നു.