ആഘോഷിക്കപ്പെട്ട പൊള്ളത്തരങ്ങൾ !

84

Haritha Raj

ആഘോഷിക്കപ്പെട്ട പൊള്ളത്തരങ്ങൾ !!!

ഡിപ്രഷൻ വലിയ രീതിയിൽ വേട്ടയാടിയ ടീനേജുകളിലാണ് മാധവിക്കുട്ടിയും അഷിതയും ഗ്രേസിയും ചന്ദ്രമതിയും ഗീതാഹിരണ്യനും എന്റെ വായനയിൽ കടന്നുവന്നത്.വൈകാരിക സംഘട്ടനങ്ങളെ രൂക്ഷിതപ്പെടുത്താനായി മാത്രം അവരേറെനേരം എന്നോട് മിണ്ടിപ്പറഞ്ഞിരുന്നിട്ടുണ്ട്. മാധവിക്കുട്ടിയുടെ എക്‌സിസ്റ്റൻഷ്യൽവ്യഥകളിൽ എന്നെ തന്നെ കണ്ടെത്താൻ മെനക്കെട്ട രാത്രികൾ ഇന്നും ഓർമ്മയിലുണ്ട്. പോസ്റ്റ് ടീനേജിൽ ഞാനിവരെയാരെയും വായിക്കാനെടുത്തിട്ടില്ല.‌ അതുമാത്രവുമല്ല,പിന്നീട് എപ്പോഴെങ്കിലും പുനർവായനയിൽ കുടുങ്ങിയാൽ ആഴമില്ലായ്മ കൃത്യമായി അനുഭവിപ്പിക്കുന്ന വായനാ പരിസരങ്ങളായി ഈ രണ്ടാം തലമുറ സ്ത്രീ എഴുത്തുകാരികൾ മാറുകയും ചെയ്തു.

ചില വൈകാരിക സങ്കുചിതത്വങ്ങൾ,ദിനചര്യകളിലെ ഒറ്റപ്പെടലിന്റെ മടുപ്പിന്റെ ക്ഷോഭം മുറ്റിയ കയറ്റിറക്കങ്ങൾ,അരക്ഷിതമായ വൈയക്തിക സാഹചര്യങ്ങൾ,പരിഗണനയിൽ തഴയപ്പെടുമ്പോൾ സംഭവിക്കുന്ന അമർഷം,ജീവിതത്തിൽ രണ്ടാംതരക്കാരിയായി മാത്രം ഗൗനിക്കപ്പെടുന്നതിലെ പീഢ ഇത്തരം ചേരുവകളുടെ ഏറിയും കുറഞ്ഞുമുള്ള സങ്കലനമായി ഈ എഴുത്തുകാരികൾ ചുരുങ്ങിയതിനുപിന്നിൽ എഴുത്തിൽ റിസ്‌ക്കുകളെ ഏറ്റെടുക്കാനുള്ള വിമുഖത കാരണമായിട്ടുണ്ട്.ഇവരിൽ മിക്കവർക്കും എഴുതി തഴക്കം പറ്റിയ ഒരു സേഫ് സോൺ സർക്കിൾ ഉണ്ടായിരുന്നു.അതിൽ രതിയു൦ പ്രണയവും,ചതിയും,ഒറ്റപ്പെടലും വലിച്ചെറിയലും, ജീവിതത്തോടുള്ള നിരാസവും, മടുപ്പും മാറിമാറി നിഴലിച്ചു.അവയ്ക്ക് കാലുഷ്യത്തിന്റെ ഛായങ്ങൾ നൽകി ഇവർ എഴുതിക്കൊണ്ടേയിരുന്നു.

ഇതിൽ എടുത്ത പറയേണ്ട രണ്ടുപേരുകൾ മാധവിക്കുട്ടിയുടേയും ഗീതാഹിരണ്യന്റേതുമാണ്.എന്റെ കൗമാര സങ്കടങ്ങളോട് ആഴത്തിൽ ചേർന്ന് നിന്നത് മാധവിക്കുട്ടിയാണ്. ഞാനത് പിന്നിടുവോളം അവരെന്റെ കൂടെയുണ്ടായിരുന്നു.പക്ഷെ വായനയുടെ പർപ്പസ് വ്യതാസപ്പെട്ടപ്പോൾ എന്റെ വായനാന്തരീക്ഷം അവർക്കു മുകളിലേക്ക് കവിയുകയും ഞാനവരിൽ നിന്നും വിമോചിതയാവുകയുമുണ്ടായി.മടുപ്പിന്റെയും,ഉള്ളുറപ്പില്ലാത്ത നൊസ്റ്റാൾജിയയുടേയും ആമ്പിയൻസ് മാത്രം തടയുന്നതായി നഷ്ടപ്പെട്ട നീലാംബരിയും, നീർമാതളം പൂത്ത കാലവും വണ്ടിക്കാളകളും, അവരുടെ കഥകളും.

കവിതയുടെ ഉടൽവഴക്കമുള്ള ഭാഷ കൗതുകത്തോടെ മഥിച്ചുവെങ്കിലും പുതുതായി ഒന്നും മാധവിക്കുട്ടിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല.’മനോമി’ മാത്രം പതിവ് രീതിയിൽ നിന്ന് അല്പം വ്യത്യസ്തമായി തോന്നി.
കഥയിലാകട്ടെ, ആവർത്തിച്ചുവരുന്ന ചില പാറ്റേണുകൾ,ആദ്യ കഥയുടെ സീറോക്സ് കോപ്പികൾ തന്നെയാണല്ലോ മറ്റെല്ലാകഥകളും എന്ന തോന്നലിനെ സൃഷ്ടിച്ചു.സുഹൃത്തുക്കളിൽ ചിലർ, ‘ഒന്ന് ഡെറ്റോളിട്ട് കഴുകിയാൽ പോകാവുന്നതേയുള്ളു റേപ്പിന്റെ മുറിവുകളെന്ന്’ മാധവിക്കുട്ടിയെ ഉദ്ധരിച്ചു പറയുമ്പോൾ റേപ്പ് എന്ന അവസ്ഥയെ വ്യക്തി എന്ന നിലയിൽ അവരെങ്ങനെയാണ് കൈകൊണ്ടത് എന്നതോന്നലിലേക്ക് എത്താറുണ്ട്.ശരീരത്തിന് നേർക്ക് നടക്കുന്ന ഈ അധിനിവേശ പ്രവർത്തനത്തെ നേർപ്പിച്ചുകൊണ്ട് അതിനെ നോർമലൈസ് ചെയ്യുന്നതിനെ ശാക്തീകരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാവില്ല.അതിനെ ഉൾക്കൊള്ളിക്കേണ്ടത് ലോജിക്കില്ലായ്മ്മയുടെ പരിസരത്താണ്.

വ്യക്തിജീവിതത്തിൽ അനുഭവിക്കുന്ന സ്നേഹരാഹിത്യത്തിന്റെ പോർട്രെയ്റ്റുകളാണ് ഗീതാഹിരണ്യന്റെ കഥകൾ.ആഴത്തിൽ കുഴിക്കാൻ നോക്കിയാലും ഇതിനുമപ്പുറമൊരു വായന അതിൽ നിന്ന് നിങ്ങൾക്ക് കിട്ടില്ല.ഒറ്റസ്‌നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം,അസംഘടിത എന്നീ കഥകൾ അതിന്റെ പ്രശസ്ത ഉദാഹരണങ്ങൾ മാത്രം. ഭർത്താവിനാൽ ഭ്രാന്തിയെന്നു മുദ്രകുത്തപ്പെട്ടു ആത്മഹത്യക്കൊരുങ്ങുന്ന ഭാര്യമാർ ,ചെന്നുപതിക്കാൻ ആളില്ലാതെ ഒഴിഞ്ഞ കോലായിൽ തട്ടി തിരിച്ചുവരുന്ന മിഡിൽക്ലാസ്സ് സ്ത്രീകളുടെ സ്നേഹത്തിൽ പൊതിഞ്ഞ ആക്രോശങ്ങൾ ഇവ തുടർച്ചയായി ഉപയോഗിച്ചതുകൊണ്ട് വന്നുപെട്ട ക്ലാവ് അവരുടെ കഥകളെ മൂടിയിരിക്കുന്നു.

ചന്ദ്രമതിയും ഗ്രേസിയും അഷിതയും കഥയുടെ ഉപരിതലത്തിന്റെ പരപ്പ് കൊണ്ട് വായിക്കപ്പെടുന്നവരാണ്,വ്യാപ്തി കൊണ്ടല്ല. ’ഗ്രേസിയുടെ സമ്പൂർണ്ണ കഥകൾ’ എന്ന പുസ്തകത്തിലെ മൂന്ന് നാല് കഥകളൊഴിച്ച് നിർത്തിയാൽ ഗ്രേസി ഇത്രയധികം വായിക്കപ്പെട്ടതിന്റെ കാരണം എന്നെ അത്ഭുതം കൊള്ളിക്കുന്നു.
രതിയും,പ്രണയവും,തിരസ്കാരവും,അമർഷവും പുകയുന്ന വൈകാരിക ചോദനകളെ മാത്രം എഴുത്ത് കവർ ചെയ്യുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്.
ഈ നിമിഷം വരെ ലൈംഗികതയും, പ്രണയവും തള്ളിനിൽക്കുന്ന വൺവേ സർക്യുട്ടുകൾ തന്നെയല്ലേ മലയാളത്തിലെ ഭൂരിഭാഗം എഴുത്തുകാരികളും കണ്ടെടുക്കുന്നത്?രാഷ്ട്രീയ ബോധ്യങ്ങളിലെ സ്ഥൂല പരിണാമങ്ങളെ,സാംസ്കാരിക വിഭജനത്തിന്റെ പ്രതിലോമ ധാരണകളെ തൊടാൻ അവരിലാരും തയ്യാറാവാത്തതിന്റെ കാരണവും മേല്പറഞ്ഞത് തന്നെ.എം സുകുമാരനെ പോലെ ശക്തമായ രാഷ്ട്രീയകഥകളെ നിർമ്മിച്ച ഒരു സ്ത്രീ എഴുത്തുകാരിപോലും നമുക്കില്ല. പലപ്പോഴും അടുപ്പമുള്ളവർ മാധവിക്കുട്ടിയുടെയോ, മലയാളത്തിലെ ഈ നിരയിലുള്ള സ്ത്രീ എഴുത്തുകാരികളുടെയോ പുസ്തകങ്ങൾ എടുക്കുന്നത് കാണുമ്പോൾ ഞാൻ എല്ലായ്പ്പോഴും ചോദിച്ചു പോകുന്നു,

‘നിങ്ങൾക്കിതിൽ നിന്ന് എന്തെങ്കിലും ലഭിക്കുന്നുണ്ടോ?’
ഈ സെലിബ്രേറ്റഡ് ട്രാഷുകളിൽ നിന്നും മടുപ്പിന്റെയും ആവർത്തനത്തിന്റെയും പൊള്ളയായ പ്രകമ്പനങ്ങൾ അല്ലാതെ കാലങ്ങളായി ഞാൻ ഒന്നും സ്വീകരിക്കുന്നില്ല.