ഹാർമ്മോണിയം; സച്ചിദാനന്ദൻ പുഴങ്കരയുടെ കവിത

240

ഹാർമ്മോണിയം
സച്ചിദാനന്ദന്‍ പുഴങ്കര

അനുപല്ലവി രാഗശാന്തമായ്‌
ഒഴുകും സംഗതിയിൽ കുളിച്ചവൻ
ചരണത്തിലെരിഞ്ഞ വാക്കുകൾ –
ക്കിടയിൽ ജോൺസനിരുന്നു ചിത്രമായ്‌…!
.
മറവിയ്ക്കു പുറത്തുവന്നതും
വയലിൻ പോലെയഗാധസങ്കടം
പെരുകിക്കരയുന്ന മട്ടിലെൻ
കവിതയ്ക്കുള്ളിലൊളിച്ചിരുന്നവൻ….
.
ഒരുമിച്ചു നടന്ന പാട്ടിലെ
ഹിതസഞ്ചാരമറിഞ്ഞ യാത്രയിൽ
കടലാണൊരു ശംഖമായ്‌, തവിൽ
പെരുകീ രാത്രി നിറച്ച കോപ്പയിൽ..!
.
ഒഴിയുന്നു – നിരാശ രക്തവും
ചിരിയും വാറ്റിയെടുത്ത ഭാജനം….
ഹൃദയാന്തരജീവിതങ്ങളിൽ
പകരാൻ കാത്ത വിശുദ്ധപാനകം….
.
ജലചന്ദ്രിക ചന്ദനം തൊടും
പുഴയിൽ കണ്ണുനനഞ്ഞിറങ്ങിയോൾ
വനനന്ദിനി രാധികയ്ക്കവൻ
ഹരികാംബോജി ഗിതാറിലിപ്പൊഴും…
.
ഒരുനാൾ പിരിയുന്നു നാം മഹാ –
കലഹം കൊണ്ടു മടുത്ത മോന്തിയിൽ…
പുലരുമ്പൊഴടുത്തുദിച്ചു നീ
പുണരാൻ, നന്തുണിയായ്‌ തലോടുവാൻ…
.
ഹൃദയം തൊഴുകയ്യിലായ്‌ മര –
ക്കുരിശിൻ നേർക്കു കുനിഞ്ഞുനിന്നു നീ,
വചനങ്ങൾ മറന്നിടാതെയെൻ
വരികൾക്കീണമിണക്കിയിന്നലെ…
.
വരുമെന്നു പറഞ്ഞിരുന്നു നീ
മഴയിൽ, കാത്തു നനഞ്ഞുനിന്നു ഞാൻ,
തിരുവാതിര ഞാറ്റുവേലയോ
സിരകൾ പൊട്ടിയ നാട്ടുവീണയായ്‌…
.
പകലിന്റെ നടുക്കു നിന്നു ഞാൻ,
കുയിലിൽ മുന്തിരിനീർ നിറച്ചു നീ,
കലികാലഘടങ്ങളൊന്നിലെ –
ത്തനിയാവർത്തനമായുടഞ്ഞു നാം….
.
മരണത്തിനുമിപ്പുറത്തുനി –
ന്നുയരുന്നുണ്ടു വിലാപമോഹനം….
എഴുതാതെയിരുന്ന വാക്കുകൾ
കരയുന്നു,ണ്ടതു കണ്ടു പൂവുകൾ….
.
ശവമഞ്ചമെടുത്തു ജോൺസനെ
തലയിൽ വെച്ചു ലതാകിരീടവും…
പുതുവെള്ളയുടുത്ത പള്ളിയിൽ
കുറുകീ പ്രാർത്ഥനയിൽ പിറാവുകൾ…!!
.
( സംഗീതസംവിധായകൻ ജോൺസനെ ഓർത്ത്‌)
‘ഹാർമ്മോണിയം’ എന്ന കവിതാസമാഹാരത്തില്‍ നിന്ന്.