നൻപകൽ നേരത്ത് മയക്കം – ചിന്താപരീക്ഷണമോ പ്രതീകമോ ?
എഴുതിയത് : Harris Ali
കടപ്പാട് : Malayalam Movie & Music DataBase (m3db)
നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിൽ പല പ്രായത്തിലുള്ള സ്ത്രീപുരുഷന്മാരും കുട്ടികളും അടങ്ങുന്ന കുടുംബസുഹൃത്തുക്കളുടെ ഒരു സംഘം ഒരു ബസ്സിൽ വേളാങ്കണ്ണിയിൽ തീർത്ഥാടനത്തിനുപോയിട്ട് തിരിച്ചുവരുന്ന വഴിയാണ്. അവരിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രവുമുണ്ട്. തമിഴ്നാട്ടിലെ പാടങ്ങളുടെ നടുവിലൂടെയുള്ള ഒരു റോട്ടിലൂടെ ബസ് സഞ്ചരിക്കുന്നു. വഴിക്ക് ഊണ് കഴിച്ചതിനാൽ എല്ലാവരും മയക്കത്തിലാണ്. ജെയിംസിനു ഉറക്കം വരുന്നില്ല. യാത്രയ്ക്കുമുൻപ് രാത്രി എല്ലാവരും ഒരു ഹോട്ടലിലെ മുറികളിൽ കഴിഞ്ഞപ്പോഴും ജെയിംസിന് ശരിക്ക് ഉറക്കം വന്നില്ലായിരുന്നു. ജെയിംസ് ബസ് നിർത്താൻ ആവശ്യപ്പെടുന്നു. ഡ്രൈവർ ബസ് നിർത്തുന്നു. ജെയിംസ് ബസിൽ നിന്നിറങ്ങി നടക്കുന്നു. തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലേക്കാണ് അദ്ദേഹം നടന്നുകയറുന്നത്.
കുടുംബത്തിനു നഷ്ടപ്പെട്ടുപോയ സുന്ദരത്തിൻ്റെ വീട്ടിലേക്കാണ് അദ്ദേഹം നേരെ പ്രവേശിക്കുന്നത്. അവിടെ സുന്ദരത്തിൻ്റെ ഭാര്യ പൂങ്കുഴലി (അതോ പൂവള്ളി?), മകൾ, അച്ഛൻ, അമ്മ തുടങ്ങിയവരുണ്ട്. ജെയിംസ് തൻ്റെ വേഷം മാറി സുന്ദരത്തിൻ്റെ വസ്ത്രങ്ങളെടുത്തണിയുന്നു. സുന്ദരത്തിനെപ്പോലെ പെറുമാറുന്നു. വീട്ടിലെ കാലിക്ക് തീറ്റ കൊടുക്കുന്നു, അവിടത്തെ പട്ടിയോട് സല്ലപിക്കുന്നു, സുന്ദരത്തിൻ്റെ മോപഡ് എടുത്ത് കറങ്ങുന്നു,അന്നാട്ടിലെ ജനങ്ങളുമായി സംസാരിക്കുന്നു, ചായ കുടിക്കുന്നു, മദ്യം കഴിക്കുന്നു. തമിഴ് സംസാരിച്ചുകൊണ്ട് തമിഴന്മാരുടെ ഗ്രാമത്തിൽ സുന്ദരമെന്ന തമിഴനായി രണ്ടുനാൾ ജീവിക്കുന്നു. ജെയിംസിനെ കാണാതായപ്പോൾ പിന്നാലെ ഇറങ്ങിനടന്ന് ഗ്രാമത്തിലെത്തിയ ബസിലെ സുഹൃത്തുക്കൾ അദ്ദേഹത്തെ പിടിച്ചു തിരിച്ചുകൊണ്ടുപോകാനും അനുനയിപ്പിക്കാനുമൊക്കെ ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷെ താൻ സുന്ദരമാണെന്നാണ് ജെയിംസ് അവകാശപ്പെടുന്നതും കരുതുന്നതും. തമിഴന്മാരായ ഗ്രാമവാസികളും ജെയിംസിൻ്റെ ആളുകളായ മലയാളികളും ഒത്തുചേർന്ന് പ്രശ്നപരിഹാരത്തിനായി തലപുകഞ്ഞാലോചിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഈ സിനിമ കണ്ടപ്പോൾ രണ്ട് സാദ്ധ്യതകളാണ് മനസ്സിൽ തോന്നിയത്. ഒന്ന്, ഇത് ഒരു Thought experiment (ചിന്താപരീക്ഷണം) ആണെന്നാണ്. രണ്ട്, പുറമെ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഉള്ളിൽ മറ്റൊരു അർത്ഥം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു പ്രതീകാത്മക കഥയാണെന്നും.
Thought Experiment (ചിന്താപരീക്ഷണം)
ഒരു ചിന്താപരീക്ഷണത്തിൽ നമ്മുടെ ചുറ്റുമുള്ള കാര്യങ്ങളിൽനിന്ന് വ്യത്യസ്തമായി, പൊതുവിൽ സംഭാവ്യമല്ലാത്ത എന്തെങ്കിലും ഒരു സംഗതി സംഭവിച്ചതായി സങ്കൽപ്പിക്കുക, എന്നിട്ട് അത് ചുറ്റുമുണ്ടാക്കുന്ന വ്യതിയാനങ്ങളും അതിൽ നിന്നുദ്ഭവിക്കുന്ന സംഭവവികാസങ്ങളും വിശകലനം ചെയ്യുക എന്നതാണ് ചെയ്യുക. പ്രേം നസീറിനെ കാണ്മാനില്ല എന്ന പഴയ സിനിമ ഓർമ്മ വരുന്നു. മലയാളസിനിമാലോകത്ത് തിളങ്ങിനിൽക്കുന്ന താരമായ പ്രേം നസീറിനെ ഒരു സുപ്രഭാതത്തിൽ കാണാതാകുന്നു. അത് പൊതുസമൂഹത്തിലും സിനിമാമേഖലയിലും സൃഷ്ടിക്കുന്ന ചലനങ്ങൾ, മാറ്റങ്ങൾ, പ്രതിസന്ധികൾ ഒക്കെയാണ് അതിലെ പ്രമേയം എന്നാണോർമ്മ. പ്രേം നസീറിനെപ്പോലെയൊരാൾ പെട്ടെന്ന് അപ്രത്യക്ഷനായാൽ എന്തൊക്കെ സംഭവിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണ അത് നൽകും. Perfect Strangers എന്ന ഇറ്റാലിയൻ പടത്തിലുള്ളതും ഒരു ചിന്താപരീക്ഷണമാണ്. അതിലെ ആശയം 12th Man എന്ന മലയാളം ചിത്രത്തിലേക്ക് പകർത്തപ്പെട്ടു. പ്രേംനസീറിൻ്റെ ചിത്രത്തിൽ ഒരാൾ അപ്രത്യക്ഷനാവുകയാണെങ്കിൽ നൻപകൽ നേരത്ത് മയക്കത്തിൽ ഒരു ഗ്രാമത്തിൽ ഒരാൾ പുതുതായി പ്രത്യക്ഷപ്പെടുകയാണെന്ന വ്യത്യാസമാണുള്ളത്. സുന്ദരത്തിൻ്റെ രൂപത്തിൽ ജെയിംസ് പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ ചുറ്റും പല ചലനങ്ങളും ഉണ്ടാകുന്നു. സുന്ദരത്തിൻ്റെ കുടുംബാംഗങ്ങളിൽ അദ്ദേഹം പ്രതികരണങ്ങൾ സൃഷ്ടിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ, അച്ഛൻ, മകൾ, അമ്മ, അളിയൻ, നായ, തുടങ്ങിയ ഓരുത്തരുടെയും പ്രതികരണം വ്യത്യസ്തമാണ്.
മുന്നിൽ സുന്ദരത്തിൻ്റെ ഭാവത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്നത് ജെയിംസാണെന്ന് ചുറ്റുമുള്ളവർക്കറിയാമെങ്കിലും സുന്ദരത്തിൻ്റെ ജീവിതത്തിലെ ഓരോ കാര്യവും, അദ്ദേഹത്തിൻ്റെ ശീലങ്ങളും, രീതികളും, ജീവിതചര്യകളും ഒക്കെ ജെയിംസിന് എങ്ങനെയറിയാം എന്ന് ആരും അദ്ഭുതം കൂറുന്നില്ല. ഇത് സിനിമയിൽ അല്പം മാജിക് റിയലിസത്തിൻ്റെ അംശം കൊണ്ടുവരുന്നു.
ചിന്താപരീക്ഷണം എന്ന നിലയിൽ സിനിമയെ കാണുമ്പോൾ രണ്ട് പ്രശ്നങ്ങൾ മുന്നിൽ വരുന്നുണ്ട്:
ഒന്ന്: ജെയിംസിനോട് സ്ഥലം വിടണമെന്ന് ചുറ്റുമുള്ളവർ ആവശ്യപ്പെടുമ്പോൾ താൻ സുന്ദരമാണെന്ന് സ്വയം കരുതുന്ന ജെയിംസ് നിസ്സഹായനാവുകയും ഇത് തൻ്റെ നാടാണെന്നും ഇവിടെ നിന്ന് പോകാൻ കഴിയില്ല എന്നും വികാരഭരിതനായി പറയുകയാണ് ചെയ്യുന്നത്. സുന്ദരമാണെങ്കിൽ ഒരിക്കലും ആ രീതിയിലായിരിക്കില്ല പ്രതികരണമുണ്ടാവുക എന്ന് തോന്നുന്നു. താൻ ജനിച്ചുവളർന്ന നാട്ടിൽനിന്ന് താൻ എന്തിനു പോകണം എന്ന് അല്പം ധിക്കാരത്തോടുകൂടിയേ പറയാൻ സാദ്ധ്യതയുള്ളൂ. പുറമെ നിന്നു വന്ന് അവിടെ തമ്പടിച്ചിരിക്കുന്ന ഒരാൾക്കേ പുറത്താക്കപ്പെടാൻ പോകുമ്പോൾ നിസ്സഹായനായി വിലപിക്കേണ്ടി വരുകയുള്ളൂ. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിലും സിനിമയിൽ മമ്മൂട്ടിയുടെ ഏറ്റവും നല്ല അഭിനയപ്രകടനം കാഴ്ചവെക്കാൻ ഈ രംഗങ്ങൾ കാരണമായി എന്ന് എല്ലാവർക്കുമറിയാം.
രണ്ട്: പൂർണ്ണമായും സുന്ദരം എന്ന വ്യക്തിയായി ജീവിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് സ്വാഭാവികമായും രാത്രി ഉറങ്ങാൻ നേരത്ത് തൻ്റെ ഭാര്യയുമായി ആയിരിക്കും ഉറങ്ങാൻ കിടക്കുക. പക്ഷെ സിനിമയിൽ അത്തരം രംഗങ്ങളൊന്നും കാണിക്കുന്നില്ല. ഒരു ചിന്താപരീക്ഷണമാണെങ്കിൽ ആ ഘടകം വളരെ പ്രധാനമാണ്. കാരണം, ജെയിംസ് പൂങ്കുഴലിയുടെ കൂടെ കിടക്കാൻ തുനിഞ്ഞാൽ എല്ലാവരും എതിർക്കും. അവളുടെ ക്ഷിപ്രകോപിയായ സഹോദരൻ ചിലപ്പോൾ അദ്ദേഹത്തെ കൊല്ലാൻ തുനിഞ്ഞെന്നും വരും. പക്ഷെ സിനിമയിൽ കാണുന്നത് പിറ്റേന്ന് പുലർച്ചെ ജെയിംസ് സുന്ദരത്തിൻ്റെ പതിവ് ദിനചര്യകളുമായി മുന്നോട്ടുപോകുന്നതാണ്. എന്തെങ്കിലും അനിഷ്ടസംഭവത്തിൻ്റെ യാതൊരു സൂചനയുമില്ല.
പ്രതീകാത്മകകഥ – വ്യാഖ്യാനം
ഇനി രണ്ടാമത്തെ സാദ്ധ്യതയായ ഒരു പ്രതീകാത്മകകഥയായി ഇതിനെ കാണുകയാണെങ്കിൽ എനിക്ക് തോന്നിയ വ്യാഖ്യാനം താഴെ പറയും വിധമാണ്. സിനിമയുടെ ആദ്യരംഗങ്ങളിലൊന്നിൽ പരാമർശിക്കുന്ന തിരുക്കുറലിലെ വരികളെ ആസ്പദമാക്കിയുള്ള ഒരു വ്യാഖ്യാനമാണിത്. ജെയിംസ് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്യുമ്പോഴാണ് ഭിത്തിയിൽ തമിഴിലെഴുതിയ വരികൾ ശ്രദ്ധിക്കുന്നത്. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഹോട്ടൽകാരൻ അത് വിശദീകരിച്ചുകൊടുത്തു. ഉറക്കത്തിലേക്ക് വീഴുന്നതിനെ മരണമായും ഉണരുന്നതിനെ ജീവനായും കാണാമെന്നതാണ് ആ വരികളുടെ സാരം. ഉറക്കം എന്നത് മരണമായും അന്ധകാരമായും തിന്മയായും വെറുപ്പായും സങ്കുചിതമനോഭാവമായും ഒക്കെ കണക്കാക്കാം. അതുപോലെ ഉണർച്ച അഥവാ ഉണർവ്വ് എന്നത് ജീവനും പ്രകാശവും സ്നേഹവും നന്മയും വിശാലമനസ്കതയും ഒക്കെയായി കാണാനും സാധിക്കും.
സിനിമയിൽ ഒരു മലയാളിസമൂഹവും ഒരു തമിഴ്സമൂഹവുമുണ്ട്. ഇരുകൂട്ടരും വ്യത്യസ്ത സംസ്കാരത്തിലും ഭാഷയിലും മതവിശ്വാസത്തിലുമൊക്കെ ജീവിക്കുന്നവരാണ്. ഇത്തരം വ്യത്യസ്തതകൾ മനുഷ്യരെ പരസ്പരം അന്യരായി കാണാൻ പ്രേരിപ്പിക്കുന്നവയാണ്. അതിൽനിന്ന് വിപരീതമായി, എല്ലാവരും ഒന്നാണ് എന്ന ചിന്തയിൽ എത്താൻ, മറ്റുള്ളവരെക്കൂടി നമ്മളായിക്കാണാൻ, ഉൾക്കാഴ്ച അഥവാ ഉണർവ്വ് നല്ല തോതിൽ ആവശ്യമാണ്. അഥവാ തെളിഞ്ഞ ബുദ്ധി, സ്നേഹം, നന്മ എന്നിവ ഉണ്ടാകണം. ആ ഉണർവ്വ് ജെയിംസിൽ ഉണ്ടാകുന്നു. അതിൻ്റെ തുടക്കം ഹോട്ടലിൽനിന്ന് ചെക്കൗട്ട് ചെയ്യുന്നതിനുമുൻപേ തന്നെ സംഭവിച്ചു. രാത്രി എന്താണെന്നറിയില്ല, ശരിക്ക് ഉറക്കം ലഭിച്ചില്ല എന്ന് ജെയിംസ് ഹോട്ടൽകാരനോട് സൂചിപ്പിക്കുന്നുണ്ട്. മറ്റൊരു ഭാഷയിലും സംസ്കാരത്തിലും പെട്ട സുന്ദരം താൻ തന്നെയാണെന്ന് ജെയിംസിനു കാണാൻ കഴിയുന്നത് ആ ഉണർവിൻ്റെയും തെളിഞ്ഞുനിൽക്കുന്ന നമയുടെയും ഫലമാണ്.
ജെയിംസ് ഉണർവ്വോടെ തമിഴ്നാട്ടിലെ പാടങ്ങളുടെ നടുവിലെ റോട്ടിലേക്ക് ബസിൽ നിന്നിറങ്ങുമ്പോൾ ബസിൽ മറ്റെല്ലാവരും ഉറക്കത്തിലായിരുന്നു, അഥവാ അന്ധകാരത്തിലായിരുന്നു. ഹോട്ടലിൽ രാത്രി തനിക്ക് ശരിക്കുറക്കം വന്നില്ല എന്ന് ജെയിംസ് പറയുമ്പോഴും മറ്റുള്ളവർ നേരം വെളുത്തിട്ടും എഴുന്നേൽക്കാതെ അവരവരുടെ മുറികളിൽ ഉറക്കത്തിലാണ്ടുകിടക്കുകയായിരുന്നു എന്ന് സിനിമയുടെ ആരംഭത്തിൽ നമ്മൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അവർ എപ്പോഴും ഉറക്കത്തിലാണെന്നർത്ഥം. മുകളിൽ സൂചിപ്പിച്ച രണ്ട് സന്ദർഭങ്ങൾ കൂടാതെ ഒരിക്കൽ കൂടി അവരെല്ലാവരും ഉറങ്ങുന്ന രംഗം സിനിമയിൽ കാണാം.
മലയാളി, തമിഴൻ എന്ന വ്യത്യാസം മറന്നുകൊണ്ട് ജെയിംസും സുന്ദരവും ഒന്നായി ഒറ്റ വ്യക്തിയായി ജീവിക്കുമ്പോഴും മറ്റു മലയാളികൾ തമിഴരെ വണ്ടിയിടിച്ചു കൊല്ലുന്നവരും ബലാൽസംഗക്കാരും കുട്ടികളെ മോഷ്ടിക്കുന്നവരും ആയിട്ടാണ് കാണുന്നത്. തമിഴരെ അന്യരായിക്കാണുന്നത് ഒഴിവാക്കാൻ വേണ്ട വിശാലമനസ്കത അവർക്കൊരിക്കലും കൈവരുന്നില്ല. ജെയിംസിന് അത് എങ്ങനെയോ ലഭിച്ചു. തമിഴരെ സ്വന്തമായി കാണാൻ കഴിയുന്ന മലയാളിക്ക് ലോകത്ത് ആരെയും സ്വന്തമായി കാണാൻ സാധിക്കും.
അതുപോലെ തമിഴരെ അന്യരായിക്കാണുന്ന മലയാളിക്ക് സന്ദർഭമനുസരിച്ച് ആരെയും, മലയാളികളെപ്പോലും, അന്യരായി കാണാൻ കഴിയും. അതിൻ്റെ ഉദാഹരണമായി സിനിമയിൽ തമിഴരെക്കുറിച്ച് മോശമായി സംസാരിച്ചിട്ട് തൊട്ടടുത്ത വാക്യത്തിൽ ചങ്ങനാശ്ശേരിക്കാരിയെ കുറ്റം പറയുന്നത് കാണിക്കുന്നുണ്ട്. ഒരു സാഹചര്യത്തിൽ തമിഴർക്കെതിരെ നിൽക്കുമ്പോഴും അവർ മറ്റൊരു സാഹചര്യത്തിൽ ജില്ലകളായും താലൂക്കുകളായും പ്രദേശങ്ങളായും അകലുകയും അന്യത്വം കൽപ്പിക്കുകയും തമ്മിൽത്തല്ലുകയും ചെയ്യും.
ജെയിംസിൻ്റെ ഉണർവും നന്മയും പക്ഷെ അദ്ദേഹത്തെ വളരെയൊന്നും സഹായിക്കുന്നില്ല. അങ്ങോട്ട് അന്യഭാവം മറന്ന് പെരുമാറുമ്പോൾ ഇങ്ങോട്ടും അത് തിരികെയുണ്ടായില്ലെങ്കിൽ മുന്നോട്ടുള്ള യാത്ര ദുഷ്കരമാകും. ജെയിംസ് സുന്ദരത്തെ താനായിത്തന്നെ കാണുമ്പോഴും മറ്റുള്ളവർ ജെയിംസിനെ സ്വന്തമായി പരിഗണിക്കുന്നില്ല. നാട്ടുകാരിൽ നിന്ന് അദ്ദേഹത്തിന് അവഗണനയും നി:സഹകരണവുമാണ് ലഭിക്കുന്നത്. ഒടുവിൽ അന്ധകാരത്തിലേക്കുതന്നെ മടങ്ങാൻ അദ്ദേഹം പ്രേരിതനാകുന്നു. ഹോട്ടലിലുറങ്ങാത്ത, ബസ്സിലുറങ്ങാത്ത ജെയിംസ് ഊണുകഴിഞ്ഞ് മയക്കത്തിലേക്ക് പോകുന്നു. സുന്ദരത്തെ കൈവെടിയുന്നു. തമിഴരെ വിട്ടുപോകുന്നു.
ജെയിംസിൻ്റെ ഉണർവ്വിലും നന്മയിലും ഭാഗികമായെങ്കിലും അദ്ദേഹത്തോട് കൂട്ടുചേരുന്ന ചിലരെ ഇക്കഥയിൽ കാണാം. ഒന്ന് സുന്ദരത്തിൻ്റെ ഭാര്യയായ പൂങ്കുഴലി. അവൾക്ക് രണ്ട് നാളുകളെങ്കിലും സുന്ദരത്തിൻ്റെ സാന്നിദ്ധ്യം വീണ്ടും അനുഭവിക്കാൻ കഴിയുന്നു, ജെയിംസിൻ്റെ രൂപത്തിലൂടെയാണെങ്കിലും. സുന്ദരത്തിനോടുള്ള സ്നേഹഭാവത്തിൽനിന്നുദ്ഭവിക്കുന്ന വികാരമാണ് ജെയിംസ് മറ്റൊരാളാണ് എന്ന ബോധമുള്ളപ്പോഴും മറ്റു നാട്ടുകാരെപ്പോലെ അവനെ പൂർണ്ണമായും തിരസ്കരിക്കുന്നതിൽ നിന്ന് അവളെ പിന്നോട്ട് വലിച്ചുനിർത്തുന്നത്. സ്നേഹമുള്ളിടത്ത് നന്മയുടെ ആ ഉണർവ്വുണ്ടാവുമെന്നും അന്യരെയും സ്വന്തമായി കാണാൻ അപ്പോൾ കഴിയുമെന്നും ആണ് അതിലെ ധ്വനി. മുന്നിൽ നിൽക്കുന്ന നഷ്ടപ്പെട്ടുപോയ സുന്ദരത്തോടുള്ള വികാരവായ്പ് ഹൃദയത്തിൽ നിറയുമ്പോഴും അത് സുന്ദരമല്ല ജെയിംസാണല്ലോ എന്നറിഞ്ഞുള്ള ഹൃദയത്തിൻ്റെ തകർച്ച എത്ര ഭംഗിയായാണ് ഓരോ നിമിഷവും രമ്യ പാണ്ഡ്യൻ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഇവിടെ പറയാതെ വയ്യ.
ജെയിംസിൻ്റെ നന്മയിൽ കൂട്ടുചേരുന്ന രണ്ടാമത്തെ കഥാപാത്രം സുന്ദരത്തിൻ്റെ അമ്മയാണ്. അവർക്ക് ജെയിംസ് എന്നോ സുന്ദരമെന്നോ വ്യത്യാസമില്ല. മലയാളിയെന്നോ തമിഴനെന്നോ വ്യത്യാസമില്ല. ജെയിംസിനെ സുന്ദരമായിത്തന്നെ അവർ കാണുന്നു. അവരുടെ ഒരു സവിശേഷത തൻ്റെ ചുറ്റും സമൂഹത്തിൽ എന്തൊക്കെ നടന്നാലും അതൊന്നും അറിയാതെ അഥവാ ശ്രദ്ധിക്കാതെ റ്റി.വി.യിലെ സിനിമകൾ കണ്ടുകൊണ്ടിരിക്കുക എന്നതാണ്. സമൂഹത്തിൻ്റെ ഒഴുക്കിനൊത്തുനീങ്ങുന്നവർക്ക് നന്മയുടെ ആ ഉണർവ്വ് ഉണ്ടാവുകയില്ല. ആ ഒഴുക്കിൽനിന്ന് അകന്നുമാറി മറ്റൊരു ലോകത്ത് ജീവിക്കുന്നവർക്കേ അത് സാദ്ധ്യമാവുകയുള്ളൂ എന്നുവേണം ഇതിൽനിന്ന് മനസ്സിലാക്കാൻ. അവർ സമൂഹത്തിൽ ജീവിക്കുന്നില്ല. മറിച്ച് റ്റി.വി. സമ്മാനിക്കുന്ന ഒരു സാങ്കല്പികലോകത്തിലാണെപ്പോഴും. ഒരു തൂണും ചാരി കാലുകൾ നീട്ടിവെച്ച് മുറുക്കിക്കൊണ്ട് സിനിമകൾ ഇടതടവില്ലാതെ കണ്ടുകൊണ്ടിരിക്കുക എന്നതാണ് അവരുടെ എപ്പോഴുമുള്ള പ്രവൃത്തി. സിനിമയിൽ അത്തരത്തിലല്ലാതെ അവരെ ഒരിക്കലും കാണിക്കുന്നില്ല. അവർ അന്ധയാണ്. സിനിമകൾ കാണുകയല്ല, അതിലെ ഡയലോഗുകൾ കേട്ട് ആസ്വദിക്കുകയാണ് അവർ ചെയ്യുന്നത്.
ഇനി ജെയിംസിൻ്റെ വിശാലത മനസ്സിലാക്കുന്ന മറ്റൊരു കഥാപാത്രം ആ വീട്ടിലെ നായയാണ്. ജെയിംസിനോട് എപ്പോഴും സൗഹൃദഭാവവും സഹകരണവും പ്രദർശിപ്പിക്കുക, സംസാരിക്കുമ്പോൾ കേൾക്കുക, അനുസരിക്കുക, ഏറ്റവും പരിചിതനെന്നതുപോലെ പെരുമാറുക എന്നീ കാര്യങ്ങൾ ആ നായയിൽ കാണാം. ജെയിംസ് സുന്ദരത്തിൻ്റെ വീട്ടിലെത്തുന്നതുമുതൽ നായ ജെയിംസിൻ്റെ സുഹൃത്താണ്. മനുഷ്യർ നിശ്ചയിച്ചിരിക്കുന്ന രീതിയിൽ ഭാഷ, സംസ്കാരം മുതലായവയുടെ സങ്കുചിതമായ വേർതിരിവ് ഒരു നായയ്ക്ക് മനസ്സിലാവുകയില്ല. അത്തരം കാര്യങ്ങൾക്കുമതീതമായി ചിന്തിക്കുന്നവർക്കേ ഒരു അന്യവ്യക്തിയെ തങ്ങളിലൊരാളായി കാണാനാകൂ എന്നതിൻ്റെ സൂചനയായി അതുകൊണ്ട് ആ നായ മാറുന്നു. ഇനി ഒരു ചെറുസൂചന കൂടി ബാക്കിയുണ്ട്. അത് ഒരു കൊച്ചുകുഞ്ഞാണ്. ജെയിംസ് അവസാനം ഉച്ചമയക്കത്തിനു കിടക്കുമ്പോൾ തൻ്റെ കൂട്ടരായ മലയാളിസംഘവും മയങ്ങുന്നതു കാണാം. അവരുടെയെല്ലാവരുടെയും കണ്ണുകൾ അടഞ്ഞിരിക്കുമ്പോഴും അതിലൊരാളുടെ കൈയിലുള്ള ഒരു കുഞ്ഞ് മാത്രം കണ്ണുതുറന്നുപിടിച്ച് തുറിച്ചുനോക്കിയിരിക്കുന്നതുകാണാം. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിഷ്കളങ്കമായ മനസ്സുള്ളയാൾക്കേ ആ നന്മയുടെ ഉണർവ്വിലിരിക്കാൻ കഴിയൂ എന്നാണ് സൂചന. മറ്റുള്ളവരെല്ലാം ആ സമയത്ത് കണ്ണുകളടച്ച് അന്ധകാരത്തിൻ്റെ ലോകത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്.
പലരും ഈ സിനിമയെ പല രീതിയിൽ വ്യാഖ്യാനിച്ചതു കണ്ടു. ഇതിൽ ഏത് വ്യാഖ്യാനമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഉദ്ദേശിച്ചത്, അല്ലെങ്കിൽ ഇവയിൽനിന്നൊക്കെ വ്യത്യസ്തമായ മറ്റു വല്ല വ്യാഖ്യാനമാണോ അദ്ദേഹത്തിൻ്റേത്, അതോ ഇനി ഒരു വ്യാഖ്യാനവും അദ്ദേഹം ഉദ്ദേശിച്ചിട്ടില്ലേ എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കുന്നു.ഈ സിനിമയിലെ പശ്ചാത്തലം പഴയ തമിഴ് ഗാനങ്ങളും റ്റി.വി. സിനിമകളിലെ സംഭാഷണങ്ങളും മറ്റുമൊക്കെക്കൊണ്ട് മുഖരിതമാണ്. തമിഴ് ആയതുകൊണ്ടും പശ്ചാത്തലശബ്ദങ്ങളായതുകൊണ്ടും അവയൊക്കെ അവഗണിക്കാൻ ശരാശരി മലയാളിപ്രേക്ഷകർക്ക് പ്രവണതയുണ്ടാകും. പക്ഷെ അല്പം ശ്രദ്ധിച്ചാൽ മനസ്സിലാകും ആ ഗാനങ്ങളും സംഭാഷണങ്ങളുമൊക്കെ സിനിമയിലെ അതത് രംഗങ്ങളിലെ സംഭവങ്ങളുമായി ഏറെക്കുറെ ബന്ധപ്പെട്ടുനിൽക്കുന്നവയാണെന്ന്. അഥവാ, അവയും കൂടി മനസ്സിലാക്കുമ്പോഴാണ് സിനിമയുടെ പൂർണ്ണമായ ആാസ്വാദനം സാദ്ധ്യമാകുന്നത്. തമിഴ് ആയതുകൊണ്ട് എല്ലാവർക്കും ആ പറയുന്നതൊക്കെ പൂർണ്ണമായി ഉൾക്കൊള്ളാനാകണമെന്നില്ല (എനിക്കും തമിഴ് ശരിക്കറിയില്ല). പക്ഷെ, സിനിമയിലുടനീളം യോജിച്ച സംഭാഷണങ്ങളും ഗാനങ്ങളും തെരഞ്ഞെടുക്കുക എന്നതും അതൊക്കെ വ്യത്യസ്തസന്ദർഭങ്ങളിൽ കൃത്യമായി വിളക്കിച്ചേർക്കുക എന്നതും മറ്റൊരു സിനിമ നിർമ്മിക്കുന്നയത്രയും തന്നെ ശ്രമകരമായിരുന്നിരിക്കണം എന്ന് തോന്നുന്നു.
ചുരുക്കത്തിൽ, ‘ചുരുളി’യിലെ ആ പാലത്തിൻ്റെ അപ്പുറവും ഇപ്പുറവും ഉള്ള തമ്മിലിണങ്ങാത്ത രണ്ട് വ്യത്യസ്തലോകങ്ങൾ പോലെ ഈ സിനിമയിലും ഉറക്കത്തിൻ്റെയും ഉണർവ്വിൻ്റെയും രണ്ട് വിപരീതലോകങ്ങൾ നിലകൊള്ളുന്നു. അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.