പാൽ പിരിയുന്നു, പനീർ കേടാകുന്നു, തൈര് പാക്കറ്റ് വീർത്ത് വരുന്നു….. എല്ലാത്തിനും ഉള്ള ഉത്തരം ഇവിടുണ്ട്

70

ഹർഷ.വി.എസ്സ്

പാൽ പിരിയുന്നു… പനീർ കേടാകുന്നു … തൈര് പാക്കറ്റ് വീർത്ത് വരുന്നു….. എല്ലാത്തിനും ഉള്ള ഉത്തരം ഇവിടുണ്ട്…. വായിക്കണം… ഉല്പാദകരെ കുറ്റം പറയും മുൻപ് ഉപഭോക്താവ് തീർച്ചയായും അറിഞ്ഞിരിക്കേണ്ടവ.. നമുക്ക് പാൽ വേണം, പശു വീട്ടിൽ ഇല്ല!! അപ്പോൾ നേരെ പാൽ വാങ്ങാൻ ഒരു കടയിലേക്ക് ചെല്ലുന്നു.. നല്ല ധൃതിയാണ്, പുറത്തു ഒരു ക്രയ്റ്റിൽ വച്ചിരിക്കുന്ന പാക്കറ്റ് പാൽ, തൈര്, സംഭാരം അല്ലെങ്കിൽ മറ്റ് മറ്റെന്തെങ്കിലും എടുക്കുന്നു… പണം കൊടുത്തു നേരെ വീട്ടിലേയ്ക്ക്… കുറച്ചു കഴിഞ്ഞു എടുക്കേണ്ടതല്ലേ, എന്നു കരുതി അടുക്കളയിൽ തന്നെ പാൽ വയ്ക്കുന്നു… സൗകര്യം പോലെ ഉപയോഗിക്കാൻ എടുക്കുന്നു.. ചിലപ്പോൾ കുറച്ചധികം നേരം ഇരുന്നിട്ടും ആകാം!! പാൽ തിളപ്പിക്കാൻ, അടുപ്പിൽ വയ്ക്കുമ്പോഴേക്കും പിരിഞ്ഞു!! തരികൾ പോലെ ചിലപ്പോൾ കണ്ടേക്കാനും മതി!! വാങ്ങിയ തൈര് നന്നായി പുളിച്ചിട്ടുണ്ടാകും, പാക്കറ്റ്, ബലൂണ് പോലെ വീർത്തും ഇരിക്കും!!

എന്താണ് യഥാർത്ഥത്തിൽ നടന്നത്!! ഉല്പന്നം നിർമിച്ചവരെ ചീത്ത പറയും മുൻപ്/ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റും മുൻപ്/ചുറ്റുമുള്ളവരോട് വാങ്ങിയത് മോശം ഉൽപ്പന്നമാണെന്നു പറയും മുൻപ്, ചില കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം!!
ഏതു ഭക്ഷണപദാർത്ഥവും കേടു കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന കാലയളവാണ്, Shelf life. ആ സമയപരിധിക്ക് ശേഷം ഭക്ഷണം ഗുണനിലവാരത്തോടെ ഉപയോഗിക്കാൻ കഴിയില്ല, എന്നു മാത്രമല്ല, പാക്ക് ചെയ്തു ലേബെലും ഒട്ടിച്ച നിലയിൽ, മാർക്കറ്റിൽ തുടരാനും കഴിയില്ല.ഭക്ഷ്യ സുരക്ഷാ നിയമം(FSSA) ഇന്ത്യയിൽ നടപ്പിലാക്കിയത്, അതുവരെ ഭക്ഷ്യ മേഖലയിൽ ഉണ്ടായിരുന്ന നിയമങ്ങൾ എല്ലാം കോർത്തിണക്കിയും, കൂടുതൽ ജാഗ്രത പുലർത്തിക്കൊണ്ടുമാണ്.. ഈ നിയമപ്രകാരം ഏതു ഭക്ഷണപദാർത്ഥം പാക്കറ്റിലാക്കി, വിപണിയിൽ എത്തിക്കുമ്പോഴും ലേബലിൽ നിർബന്ധമായും കാണേണ്ട ‘സംഗതികൾ’ പറയുന്നുണ്ട്.. ഒരിക്കൽ എങ്കിലും പാക്ക് ചെയ്ത ഭക്ഷണ വസ്തുക്കളുടെ, ലേബലിൽ എഴുതിയവ വായിക്കുവാൻ, തുനിഞ്ഞിട്ടുള്ള എത്രപേരുണ്ടാകും..??!! ഓരോ ഗുണഭോക്താവും നിർബന്ധമായും, ലേബൽ വായിച്ചു മാത്രമേ വാങ്ങാവൂ…

വാങ്ങുന്ന ഭക്ഷണപദാരർഥത്തിന്റെ ചേരുവകൾ എല്ലാം തന്നെ, പായ്ക്കറ്റിന് പുറത്തു രേഖപ്പെടുത്തിയിട്ടുണ്ടാകും.. കൂടാതെ, ഉൽപ്പന്നത്തിന്റെ പേര്, ബ്രാൻഡ് നെയിം, അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ വിവരം, അളവ്, വില, ഉപയോഗിക്കാവുന്ന കാലയളവ്, സൂക്ഷിക്കേണ്ട ഊഷ്മാവ്, നിർമ്മാതാവിന്റെ വിവരം, FSSA ലൈസൻസ് നമ്പർ തുടങ്ങിയവയെല്ലാമുണ്ടാകും.. ലേബൽ ഇല്ലാത്ത, പാക്ക് ചെയ്ത ഭക്ഷണ വസ്തുക്കൾ, വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത്!!

ഇനിയാണ് പ്രധാന കാര്യം, ഷെൽഫ് ലൈഫ് മാത്രം നോക്കി സാധനം വാങ്ങിയാൽ പണി പാളും. ഉപയോഗിക്കാവുന്ന കാലയളവിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ്, ഭക്ഷണം സൂക്ഷിക്കേണ്ട ഊഷ്മാവ്!!! ഓരോ ഭക്ഷണ സാധനവും, സൂക്ഷിക്കേണ്ട രീതിയിലാണോ, ഒരു Retail ഷോപ്പിൽ നിന്നും കിട്ടുന്നത് എന്നതാണ് പ്രധാനമായ കാര്യം!!പാലും തൈരും എല്ലാം എത്ര നാൾ ഉപയോഗിക്കാം എന്നതിനൊപ്പം, എത്ര ഊഷ്മാവിൽ സൂക്ഷിച്ചാലാണ്, അത്രയും സമയം കേടുകൂടാതെ ഇരിക്കുക, എന്നും പാക്കറ്റിൽ കൃത്യമായി എഴുതിയിട്ടുണ്ട്. തണുത്ത അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ട ഇത്തരം പെട്ടെന്ന് കേടാവുന്ന ഉൽപ്പന്നങ്ങൾ, റോഡ് വക്കത്തും, കടത്തിണ്ണയിലും വച്ചിരുന്നാൽ, അതു വാങ്ങി ഉപയോഗിക്കണോ!! പാക്കറ്റ് പാലിനും തൈരിനും നല്ല ഡിമാൻഡ് ഉള്ളതുകൊണ്ട്, കടയിൽ എങ്ങനെ വച്ചാലും ചിലവാകും എന്നുള്ള ധാരണ, തിരുത്തേണ്ടത് കാശു മുടക്കി സാധനം വാങ്ങുന്നവർ തന്നെയാണ്!!

സിപ് അപ്പ്, ഐസ്ക്രീം, തൈര്, സംഭാരം, ലസ്സി, ശീതളപാനീയങ്ങൾ തുടങ്ങി വേനലിൽ ആശ്വാസമാകുന്ന ഏതു ഉല്പന്നവും വിശ്വാസ്യതയുള്ള കടകളിൽ നിന്നോ, മികച്ച ഗുണമേന്മയുണ്ട് എന്നു ബോധ്യമുള്ളതോ, ആയതു നോക്കി മാത്രം വാങ്ങുവാൻ ശ്രദ്ധിക്കുക!! ഫലൂദയും മിൽക്ക് ഷെയ്ക്കും ഒക്കെ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാലിന്റെ പഴക്കം ആര് നോക്കുന്നു!! ഒരുപാട് മധുരവും, ടൂട്ടി ഫ്രൂട്ടിയും പഴങ്ങളും ചോക്ലേറ്റും, എല്ലാം ചേർന്നു, പാലിന്റെ രുചിഭേദമൊന്നും അറിയാൻ പോകുന്നില്ല!! അതുകൊണ്ടു തന്നെ ഇത്തരം ആഹാര സാധനങ്ങൾ ശ്രദ്ധിച്ചു കഴിക്കണം. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും പ്രധാനമാണ്….
എല്ലാ പാക്ക് ചെയ്ത ഉൽപ്പന്നങ്ങളും സൂക്ഷിക്കാൻ കഴിയുന്ന സമയത്തിന് ശേഷവും, ഫ്രീസിറിൽ വച്ചു ഉപയോഗിക്കുന്ന പ്രവണതയും നല്ലതല്ല!! ഷെൽഫ് ലൈഫ് എന്നത്, നിറം,ഗുണം,രുചി,ഘടന,ഗന്ധം തുടങ്ങി ഒരു ഭക്ഷണ പദാർത്ഥത്തിൽ, ആവശ്യമായ ഗുണനിലവാരം നിലനിൽക്കുന്ന കാലയളവ് തന്നെയാണ്!!!

പാലിന്റെ പാക്കറ്റിൽ Use By Date ആണ് മിക്കവാറും ഉണ്ടാവുക! എന്നു വച്ചാൽ, ഏതു തീയതിക്കുള്ളിൽ ഉപയോഗിച്ചു തീർക്കാം എന്നു രേഖപ്പെടുത്തിയിരിക്കുന്നു.. ഇനി നിർമ്മാണ തീയതി( Manufacturing Date), ഉപയോഗശൂന്യമാകുന്ന തീയതി( Expiry Date) എന്നിവ എഴുതി വച്ചിട്ടുണ്ടെങ്കിലും, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലവും അന്തരീക്ഷവും (Storage Facilities) കൂടി പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഉപ്പു ചേർത്ത വെണ്ണ (Salted Butter), 12 മാസങ്ങൾ വരെ 4°C ഊഷ്മാവിൽ താഴെ ഉപയോഗിക്കാമെന്ന് എഴുതിയാൽ, അങ്ങനെ സൂക്ഷിക്കാത്ത വെണ്ണയ്ക്കു 12 മാസം ഉപയോഗിക്കാനുള്ള കാലയളവ്, ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്!!
ഇനി ടൊമാറ്റോ സോസ്, കണ്ടെന്സ്ഡ് മിൽക്ക്, Sterilized/UHT മിൽക്ക് പോലുള്ളവ നോക്കിയാൽ, മാസങ്ങൾ ഷെൽഫ് ലൈഫ് ഉണ്ട്. എന്നാൽ ഒരിക്കൽ പാക്കറ്റ്/കുപ്പി തുറന്നാൽ, തണുത്ത അന്തരീക്ഷത്തിൽ/റെഫ്രിഡ്ജ്റ്ററിൽ സൂക്ഷിക്കുവാൻ നിഷ്കർഷിച്ചിട്ടുണ്ട്!! അതും എത്ര നാൾ എന്നു കൂടി രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇനി സാധാരണ അന്തരീക്ഷത്തിൽ ‘പെട്ടെന്ന് കേടാകാത്ത’ തൈരും പാലും ലസ്സിയും സംഭാരവുമൊക്കെ കിട്ടുന്നുണ്ടെങ്കിലും സൂക്ഷിക്കണം!! പാൽ തൈരായി മാറുന്നതിനു, സാധാരണയായി 6-14 മണിക്കൂർ വരെ ഊഷ്മാവ് അനുസരിച്ചു സമയം മതി. തുടർന്ന് തണുത്ത അന്തരീക്ഷത്തിൽ മാത്രമാണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കിൽ ഫെർമെന്റഷൻ (പാലിലെ ലാക്ടോസ് ലാക്ടിക് ആസിഡ് ആകുന്നു) നടന്നു പുളിപ്പ് കൂടുകയും, വാതകങ്ങൾ ഉണ്ടായി, പാക്കറ്റ് വീർത്തു വരുകയും ചെയ്യും!! ദീർഘ നേരം അന്തരീക്ഷഊഷ്മാവിൽ ഇരുന്നിട്ടും പാലും, തൈരും കേടാവുന്നില്ലെങ്കിൽ, സംഗതി ‘വ്യാജനാണ്/മായമുണ്ട്’ എന്നു സംശയിക്കാം!!വേനലിൽ കുളിർപ്പിക്കുന്ന ഭക്ഷണവസ്തുക്കൾ, സുരക്ഷിതം കൂടി ആവട്ടെ…. ഭക്ഷ്യ ഉൽപാദന വിപ്ലവം, ഭക്ഷ്യസുരക്ഷ വിപ്ലവത്തിലേക്കുകൂടി, വഴിമാറേണ്ട കാലം കഴിഞ്ഞു!!! ഓരോ ഉപഭോക്താവും കഴിക്കേണ്ടത്, എന്താണെന്നും, എങ്ങനെയെന്നും, എവിടുന്നെന്നും കൂടി പഠിച്ചു തുടങ്ങേണ്ടിയിരിക്കുന്നു!!