കോവിഡ്-19 കേരളത്തിൽ കൂടുതൽ ഗുരുതരമായ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്

80
ഹർഷൻ
കോവിഡ്-19 കേരളത്തിൽ കൂടുതൽ ഗുരുതരമായ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇറ്റലിയിൽനിന്നെത്തിയവരും അവരിൽനിന്ന് പകർന്നുകിട്ടിയവരും ചേർന്ന് കൊറോണ വൈറസിനെ എത്രപേരിലേയ്ക്കെത്തിച്ചിട്ടുണ്ട് എന്ന് വരും ദിവസങ്ങളിലറിയാം.കണ്ണൂരും തൃശൂരും കൊച്ചിയിലും കോട്ടയത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമൊക്കെ രോഗബാധിതർ മറ്റുള്ളവരുമായി ഇടപഴകിയിട്ടുണ്ട്.ശക്തമായ പ്രചാരണവും ബോധവൽകരണവും നിയന്ത്രണവുമൊക്കെയുണ്ടായിട്ടും പലർക്കും ഇത് തമാശക്കളിയാണ്.
വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർ പതിനാലുദിവസം നിർബന്ധമായും വീടുകളിൽ ഏകാന്തവാസത്തിൽ (ഹോം ക്വാറൻ്റൈനിൽ) കഴിയണമെന്ന് സർക്കാർ പലതവണ പറഞ്ഞിട്ടും അതനുസരിക്കാത്തവർ നിരവധിയാണ്. വീടുകേറിത്താമസം മുതൽ വിവാഹനിശ്ചയം വരെയുള്ള ചടങ്ങുകളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്.ഇവരിൽ ആരൊക്കെ കൊറോണ വാഹകരാണെന്നറിയാൻ രണ്ടാഴ്ചവരെ സമയം വേണം.
വിമാനത്താവളത്തിലെ പരിശോധനയിലൂടെ നാൽപ്പതുശതമാനം രോഗബാധിതരെയേ കണ്ടെത്താനാവൂ എന്ന് വിദഗ്ധർ പറയുന്നു.വിമാനമിറങ്ങുന്ന അറുപതുശതമാനം രോഗബാധിതരും സ്ക്രീനിങ്ങിൽ നോർമലായിരിക്കുമത്രേ. അതുകൊണ്ടുകൂടിയാണ് വിമാനമിറങ്ങുന്നവരെല്ലാവരും വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കണമെന്ന് പറയുന്നത്.
ആരോടുപറയാൻ …
ആര് കേൾക്കാൻ.
(വിമാനത്താവളപരിശോധനയിൽ എല്ലാ രോഗികളേയും കണ്ടെത്താനാവുമായിരുന്നെങ്കിൽ അമേരിക്കയിലൊന്നും കൊറോണ നിലംതൊടില്ലായിരുന്നു )
ഗൾഫിലും കർണാടകമടക്കമുള്ള സംസ്ഥാനങ്ങളിലും കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് കേരളത്തെ കൂടുതൽ ഞെരുക്കും.കർണാടക കോവിഡിനെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് നമ്മൾ കണ്ടു .ഇന്ത്യയിൽ ആദ്യമായി കൊറോണ ബാധിച്ച് മരിച്ച വ്യക്തിയെ കർണാടകത്തിലൂടെ ലൈൻബസ്സിൽ തേരാപ്പാരാ ഓടിക്കുകയായിരുന്നു അവിടുത്തെ സംവിധാനങ്ങൾ.ആള് മരിച്ചുകഴിഞ്ഞാണ് ആർക്കൊക്കെ രോഗം പകർന്നിട്ടുണ്ടാവുമെന്ന് ട്രാക്ക് ചെയ്യാൻ അവിടുത്തെ ഭരണകൂടം തീരുമാധിച്ചത്. അവിടത്തെ ഐടി കമ്പനികളും അടച്ചുപൂട്ടലിലേയ്ക്ക് നീങ്ങിയേക്കും. പതിനായിരങ്ങൾ കേരളത്തിലേയ്ക്ക് തിരിച്ചുവരും. യൂണിവേഴ്സൽ സ്ക്രീനിങ് എന്നതൊക്കെ എളുപ്പമല്ലാതാവും.
സർക്കാർ സംവിധാനങ്ങൾകൊണ്ട് മാത്രം തടുത്തുനിർത്താവുന്ന ഒന്നല്ലാതായി ഇപ്പോൾത്തന്നെ ഈ മഹാമാരി മാറിയിട്ടുണ്ട്.
ഉത്തരവാദിത്തബോധമുള്ള പൗരൻ്റെ കടമ ഓരോരുത്തരും നിർവ്വഹിക്കണം.
വിദേശത്തുനിന്ന് അല്ലെങ്കിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുമ്പോൾ ജൻമനാട്ടിലെത്തിയതിൻ്റെ വലിയ ആശ്വാസം തോന്നും.കൂട്ടുകാരെ കാണാനും കള്ളുകുടിക്കാനും കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനും തോന്നും.തൽക്കാലം തനിച്ചിരുന്ന് ആശ്വാസം കണ്ടെത്തുന്നതാണ് നല്ലത്.
വിദേശത്തുനിന്ന് വരുന്നവർ കൊണ്ടുവരുന്ന രോഗമായി മാത്രം അധികകാലം ഇത് തുടരില്ല.ആരും രോഗിയാവാനും രോഗവാഹകരാകാനുമുള്ള സാധ്യത അടുത്തുതന്നെയുണ്ട്.അതുകൊണ്ട് വിദേശത്തുനിന്നുവരുന്നവരെ കുറ്റപ്പെടുത്താതെ പരിഹസിക്കാതെ പറ്റുംപോലെ സഹായിക്കുക.
കൂടുതൽ പേർക്ക് കൊറോണ പടർന്നുപിടിച്ചാൽ ചികിത്സ വീട്ടിൽത്തന്നെ വേണ്ടിവരും.ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രമായി ആശുപത്രിവാസം ക്രമപ്പെടുത്തേണ്ടിവരും.അത്രയൊന്നും ഗുരുതരമാവാതിരിക്കാൻ നമുക്കൊരുമിച്ച് ശ്രമിക്കാം.
ഭൂരിപക്ഷത്തിനും ഒരു ജലദോഷപ്പനിപോലെ വന്നുപോകുന്നതാണ് കൊവിഡ് 19.പക്ഷേ ഹൃദ്രോഗികൾ,ശ്വാസകോശരോഗികൾ,പ്രായമായവർ,പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങി എല്ലാവരും ചേരുന്നതാണ് നമ്മൾ.നമ്മളെ രക്ഷിച്ചെടുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.