മണ്ണിന്റെ മക്കള്‍ക്ക് വേണ്ടിയുള്ള സംവരണം എന്നു കണ്ടാല്‍ മതി, മറ്റ് സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കാം

47

Ravichandran C

പൂക്കാലം വന്നു പൂക്കാലം..

50000 രൂപ വരെ മാസശമ്പളമുള്ള സ്വകാര്യമേഖലയിലെ എല്ലാ ജോലികളുടെയും 75 ശതമാനം ഹരിയാനക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്യണം എന്ന പുതിയ ബില്ലാണ് ഹരിയാന ഡെപ്യൂട്ടി മുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല അവതരിപ്പിച്ചിരിക്കുന്നത്. അതവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണിത്. ബില്ല് പാസ്സായി മൂന്ന് മാസത്തിനകം നടപ്പാക്കാത്തവര്‍ക്ക് 25000-ഒരു ലക്ഷം വരെ പിഴയുണ്ടാവും. ഒരു ജില്ലയില്‍ നിന്ന് പരമാവധി 10 ശതമാനം പേരേ പാടുള്ളൂ. ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്ന മാരുതി പോലുള്ള കമ്പനികളില്‍ 20 ശതമാനം പോലും ഹരിയാനക്കാരില്ല എന്നാണ് ദുഷ്യന്തിന്റെ ആരോപണം.

മണ്ണിന്റെ മക്കള്‍ക്ക് വേണ്ടിയുള്ള സംവരണം എന്നു കണ്ടാല്‍ മതി. മറ്റ് സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കാം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പോലും ജില്ലതിരിച്ചും സംസ്ഥാനം തിരിച്ചും ഗ്രേസ് മാര്‍ക്ക് കൊടുക്കുന്നുണ്ട്. സംവരണം ഇല്ലാത്തതുകൊണ്ട് മാത്രം അന്യരാജ്യങ്ങളില്‍ ലഭിച്ച ജോലിയിലിരുന്ന് നാട്ടിലെ സംവരണത്തെ പുക്‌ഴത്തി സ്വയം വീര്‍ക്കുന്ന സംവരണപ്രഭുക്കള്‍ക്ക് ഇതൊക്കെ ഉറുമ്പുകടിക്കുന്ന വേദന പോലും ഉണ്ടാക്കില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയുടെ നഗ്നമായ ലംഘനമാണ്, പ്രസിഡന്റിന്റെ അനുമതി വേണം, സമത്വവിരുദ്ധമാണ് എന്നൊക്കെ ചുമ്മാ തട്ടിവിടാം. പക്ഷെ കുഴപ്പമില്ല, ഒരു അതാത് ആര്‍ട്ടിക്കിളുകളില്‍ ഓരോ ക്ലോസ് കൂടി കൂട്ടിച്ചേര്‍ത്താല്‍ മതിയാകും. രാജ്യത്തെ പൗരന്‍മാരെല്ലാം നിയമത്തിന്‍രെ മുന്നില്‍ തുല്യരാണ്, പക്ഷെ ഒരു സംസ്ഥാനത്തില്‍ അവിടുത്തെ പൗരന്‍മാരെ മറ്റുള്ളവരെക്കാള്‍ തുല്യരാക്കാന്‍ അതാത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ തുല്യതാവ്യായാമത്തില്‍ നിന്ന് മാന്യമായി ഒഴിവാക്കിയിരിക്കുന്നു എന്നെഴുതി ചേര്‍ത്ത് ഒരു ഭരണഘടനാ ഭേദഗതി ചെയ്താല്‍മതി. സംവരണം അങ്ങനെയാണ്, തുടങ്ങിക്കഴിഞ്ഞാല്‍ അതിങ്ങനെ പ്രളയംപോലെ പടര്‍ന്നു കയറികൊണ്ടിരിക്കും.

വെറുതെ കയ്യടിച്ചുവിടാനല്ലാതെ മറ്റൊന്നും രാഷ്ട്രീയക്കാര്‍ക്ക് സാധിക്കില്ല. ജാതി, മതം, ലിംഗം, പ്രദേശം, ഭാഷ….. എന്നിങ്ങനെ തുടങ്ങി സംവരണമില്ലാത്തവര്‍ക്ക് വരെ സംവരണം വരും. കാരണം അത് അടിസ്ഥാനപരമായി സമത്വവിരുദ്ധവും അധാര്‍മ്മികവുമായ ഒരാശയമാണ്. കാല്‍പന്തുകളിയില്‍ ഒരാള്‍ക്ക് കൈ കൊണ്ട് പന്തടിക്കാന്‍ അനുവാദം കൊടുത്താല്‍ ബാക്കിയെല്ലാവരും വൈകാതെ പന്തില്‍ കൈവെക്കും. That is quite natural. അപ്പോഴും നീതിബോധമുള്ള മനുഷ്യരെ തുറിച്ചു നോക്കുന്ന കുറെ സമത്വആര്‍ട്ടിക്കിളുകള്‍ ഭരണഘടനയില്‍ മിച്ചം വരും. ജീവനുണ്ടായിരുന്നെങ്കില്‍ കണ്‍മുന്നില്‍ വെച്ച് വേണമായിരുന്നോ എന്ന ചോദ്യം അവര്‍ ചോദിക്കുമായിരുന്നു.