ജോസഫ്, നായാട്ട് തുടങ്ങിയ ഉൾകാമ്പുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന ഷാഹി കബീർ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇല വീഴാ പൂഞ്ചിറ, കോട്ടയത്തിനും ഇടുക്കിയ്ക്കും അതിർത്തിയാവുന്ന പ്രദേശവുമാണ് , ആ പ്രദേശത്തെ ഒരു വയർലസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. തിരക്കഥാകൃത്തുകളായ നിധീഷിനും ഷാജി മാറാടിനും അഭിമാനിക്കാവുന്ന ചിത്രം തന്നെയാണ് ഇത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന പ്രേക്ഷകരെ അസ്വസ്ഥമാക്കുന്ന സന്ദര്ഭങ്ങളാണ് അവർ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള ഒരു വ്യത്യസ്തമായ കുറിപ്പ് വായിക്കാം . ഹസീന.കെ.സി. എഴുതിയത് .

ഇലവീഴാപൂഞ്ചിറ

ഹസീന.കെ.സി

ഇത്രമേലെന്റെ ഉറക്കം കെടുത്തിയ ഒരു സിനിമ കുട്ടിക്കാലത്ത് കണ്ട ഫാസിലിന്റെ പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രമാണ്.ആ ഫിലിം നേരിട്ട് കാണുന്നതിന് മുമ്പേ ആസ്യതാത്ത സീൻ ബൈ സീൻ കഥ പറഞ്ഞത് കേട്ട് തന്നെ ഞാൻ പേടിച്ച് പോയിരുന്നു. ഇന്നും ആ സിനിമ ഒറ്റക്കിരുന്ന് കാണാനെനിക്ക് ഭയമാണ്.
മനുഷ്യമനസ്സ് ഒരു വല്ലാത്ത മാറാപ്പുക്കെട്ടാണ്.അതിലെന്തൊക്കെ ചീഞ്ഞു നാറുന്നുണ്ട് എന്ന് ആർക്കറിയാം ?
ഒന്നിച്ച് ഉണ്ടും , ഉറങ്ങിയും കഴിയുന്ന കൂട്ടുകാർക്കിടയിൽ, ദമ്പതികൾക്കിടയിൽ ആരുടെ മനസ്സിലാണ് ഏറ്റവും പുഴുക്കുത്തേറ്റത് എന്ന് ആർക്കറിയാൻ കഴിയും ?

“അവൾ കാറ്റത്തില വെറുതെ പറത്തീട്ട് പറയുന്നു ….
അകം വീണാലെനിക്ക് ,
പുറം വീണാൽ നിനക്ക് .
അകമെന്റെ ഒടുങ്ങാഞ്ഞ കനവിന്റെ നറും പച്ച .
പുറമെന്റെ അടങ്ങാത്ത കയ്പ്പേറും കരും പച്ച ….”
ഏലപ്പാറക്കുള്ള ബസിൽ മധു കേറി സീറ്റ് പിടിക്കുന്നതും , ഒരു പെൺക്കുട്ടിയും , യുവതിയും ബസിൽ കേറി ഇടം പിടിക്കുന്നതും , ബസിലെ തെരുവു ഗായകനിൽ നിന്നു തിരുന്ന ഗാനവും . അത് മധുവിലുണ്ടാക്കുന്ന അസ്വസ്ഥതയും …

കാഴ്ച്ചക്കാരന്റെ ഉള്ളിലും പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നു.ആരോ വെറുതെ കാറ്റത്ത് പറത്തുന്ന ഇലകളാണ് ഒരോ ജീവിതങ്ങളും ,ഒടുങ്ങാത്ത കനവുകളും , അടങ്ങാത്ത കയ്പ്പേറും മോഹഭംഗങ്ങളു കൊണ്ട് ജീവിതം അമ്മാനമാടുന്നു.മധുവിന്റെ കയ്യിലുമുണ്ട് ജീവിത മോഹഭംഗങ്ങളുടെ , അടങ്ങാത്ത പ്രതികാരത്തിന്റെ മാറാപ്പുക്കെട്ട്.സമുദ്രനിരപ്പിൽ നിന്ന് 2000 ത്തിൽ പരം അടി ഉയരത്തിലുള്ള പോലീസ് AR ക്യാമ്പിൽ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നത് കനം തൂങ്ങുന്ന ആ മാറാപ്പുക്കെട്ടുമായാണ് .ഇലവീഴാ പൂഞ്ചിറയുടെ ഐതിഹ്യത്തിൽ പറയുന്ന പോലെ തണൽ മരങ്ങളില്ലാതെ, ഇല വീണ് കുതിരാത്ത , ശാപമേറ്റ പുൽമേടുകൾ മാത്രമുള്ള മലയാണത്. ഇടിമിന്നൽ ഏൽക്കാൻ സാദ്ധ്യത കൂടുതലുള്ള സ്ഥലം.ദൈവം നേരിട്ടിറങ്ങി കർമ്മം നടത്തുന്നിടം.

അന്യന്റെ മുതലിലേക്കുള്ള ഒളിഞ്ഞുനോട്ടമോ ? കയ്യേറ്റമോ നടക്കുമ്പോൾ ആ ഇടം (ആ വ്യക്തി) ശപിക്കപ്പെടുന്നുണ്ട്.അവൻ കുറ്റക്കാരൻ തന്നെയാണ്.വൃത്തിയും, ശുദ്ധിയും , കൈ മുതലായുള്ള വെങ്കായം എന്ന് വിളി പ്പേരുള്ള സഹപ്രവർത്തകൻ അവധിക്ക് പോവുമ്പോൾ തന്റെ വസ്ത്രങ്ങൾ അയയിൽ ഒരു തുണിക്കൊണ്ട് മൂടി സുരക്ഷിതമാക്കിയാണ് മടങ്ങുന്നത്. എന്നാൽ സുധി എന്ന മറ്റൊരു സഹപ്രവർത്തകൻ അത് മാറ്റി തന്റെ ഉടുവസ്ത്രമാക്കുന്നതോടെ അയാളുടെ ക്യാരക്റ്റർ വ്യക്തമാക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് കയ്യടക്കമുള്ള തിരകഥ കൊണ്ടുപോകുന്നു.

ആരാണ് തെറ്റ് കാരൻ ?
ആരാണ് ഒറ്റുക്കാരൻ ?
ആരെ പ്രതിസ്ഥാനത്ത് നിർത്തും?
അടങ്ങാത്ത പകക്ക് പ്രതികാരം മാത്രമാണോ പോംവഴി?
“കൊന്ന പാപം തിന്നാൽ തീരുമോ ?”
സൗബിൻ എന്ന നായകന്റെ അസാദ്ധ്യമായ പ്രകടനം .
ഒതുക്കമുള്ള അഭിനയത്തിലൂടെ സൗബിൻ അത് തെളിയിച്ച് കഴിഞ്ഞു. സംവിധാനവും, ഛായഗ്രഹണവും ഒന്നിനൊന്ന് മെച്ചം.

ഒരു ചെറുകഥയിലൊതുങ്ങുന്ന കഥയെ , മനോഹരമായ ക്യാൻവാസിലൊതുങ്ങുന്ന തിരക്കഥയാക്കി , കഥയുടെ കാമ്പ് ചോരാതെ കാണികൾക്ക് മുമ്പിലെത്തിച്ചിരിക്കുന്നു.ഈ സിനിമ ആസ്വദിച്ച് കാണാൻ കഴിയുന്ന ഒന്നല്ല.മറിച്ച് മനസ്സിൽ ഒരു ഉണങ്ങാത്ത മുറിവായി നീറിക്കൊണ്ടിരിക്കും.

(28/11/2022)

 

 

 

Leave a Reply
You May Also Like

ഈ സമ്മാനങ്ങളുടെ പിന്നിൽ ഒരുപാട് കാലത്തെ പ്രയത്നങ്ങളുണ്ട്

മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാർ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.…

സമൃദ്ധമായ ബാല്യകാല ഓണ ഓർമ്മകളുമായി പൊന്നോണ പൂനിലാവ് ഓണ ആൽബം

പൊന്നോണ പൂനിലാവ്. ഓണ ആൽബം മുകേഷ് പ്രകാശനം ചെയ്തു. സമൃദ്ധമായ ബാല്യകാല ഓണ ഓർമ്മകളുമായി, പൊന്നോണ…

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

*കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !* തേജ സജ്ജയെ നായകനാക്കി പ്രശാന്ത്…

നായകൻ സിജു വിൽസൻ ഈ സിനിമയ്ക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങൾ അങ്ങേയറ്റം കയ്യടി അർഹിക്കുന്നു

പത്തൊമ്പതാം നൂറ്റാണ്ട് Vishakh Raveendran S സിജു വിൽസനെ നായകനാക്കി “വിനയൻ” സംവിധാനം ചെയ്ത ചരിത്ര…