ഇത് യുപിയിലല്ല, നമ്പർ വൺ കേരളത്തിലാണ് നടക്കുന്നത്

76

ഹാഷിം ചേന്നാമ്പിളളി

ഇത് യു.പി.യിലല്ല, നമ്പർ വൺ കേരളത്തിലാണ് നടക്കുന്നത്.

കോവിഡ് എന്ന ലോക മഹാദുരന്തത്തിനിടയിൽ സർക്കാർ ചുങ്കപ്പാതക്ക് വേണ്ടി ജനങ്ങളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നു. മലപ്പുറത്തെ പടിക്കൽ നിന്നുളള കാഴ്ച്ചയാണ് വീഡിയോയിൽ. കോവിഡ് ഭീതിയിൽ ആരാധനാലയങ്ങളിൽ പോകാതെ, ജോലിക്ക് പോലും പോകാതെ സർക്കാർ നിർദേശം പൂർണ്ണമായും പാലിച്ച് വീട്ടിൽ തന്നെ അടച്ചിരിക്കുന്നവരിലേക്ക് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് മതിൽ ചാടിക്കടന്ന് ഡെപ്യൂട്ടി കളക്ടർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരും പോലീസുമടക്കമുളള വൻ സംഘം അതിക്രമിച്ചു കയറുന്നു. ചുങ്കപ്പാതക്കു വേണ്ടി കുടിയൊഴിപ്പിച്ച് ഭൂമി പിടിച്ചെടുക്കലാണ് ലക്ഷ്യം. ‘കുട്ടികളും പ്രായമായവരും വിദേശത്തു നിന്ന് വന്നവരുമുണ്ടിവിടെ.നിങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമായ നടപടിയാണ്. നിങ്ങൾ ദയവായി തിരിച്ചു പോകണം. കോവിഡ് ഭീതിയിൽ കഴിയുന്ന ഞങ്ങളെ ദ്രോഹിക്കരുത്’ ഗൃഹനാഥന്റെ ഈ അഭ്യർത്ഥനക്ക് ലാത്തിയും പൊലീസിന്റെ ബലിഷ്ഠമായ കരങ്ങളുമാണ് മറുപടി പറഞ്ഞത്.

ഉത്തരേന്ത്യയിലല്ല. നമ്മുടെ കേരളത്തിൽ മലപ്പുറത്ത് ഇന്ന് നടന്നതാണ് . ചുങ്കപ്പാതക്കു വേണ്ടിയുളള ഈ ഭൂമി പിടിച്ചുപറിക്കൽ സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന കേരളത്തിൽ തന്നെയാണ് നടക്കുന്നത്. മനുഷ്യരെല്ലാം ഏറ്റവും ദുർബലരായ കാലമാണിത്. മാനസികമായും സാമ്പത്തികമായും ആരോഗ്യപരമായും കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്. കൊറോണ എന്ന അദൃശ്യ ശത്രു എല്ലാവരെയും മഹാഭീതിയിലും അനിശ്ചിതത്വത്തിലുമാക്കിയിരിക്കുന്നു. കൂട്ടത്തിലുളളവർ മരിച്ചു വീഴുന്നു. സർവ്വരിലേക്കും രോഗാണു പടർന്നു കയറുന്നു. ജോലിയും ഉപജീവനമാർഗങ്ങളും അടഞ്ഞു. ഏറിയവർക്കും വരുമാന മാർഗ്ഗങ്ങൾ നിലക്കുന്നു. ചിലർ ആത്മഹത്യയിൽ അഭയം പ്രാപിച്ചു. കോവിഡ് പ്രതിസന്ധി ഏൽപ്പിച്ച കടുത്ത ആഘാതം അനേകായിരം പേരുടെയും മനസ്സിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഇനിയെന്ത് എന്നത് സാധാരണ മനുഷ്യരെ തുറിച്ചു നോക്കുന്നു. ഏതുനിലക്ക് നോക്കിയാലും മനുഷ്യരെല്ലാം അതീവ ദുർബലരായ അവസ്ഥയിലാണ്.

അത് തിരിച്ചറിഞ്ഞ മട്ടിൽ തക്കം പാർത്തിരുന്ന രാക്ഷസരെ പോലെയാണ് സർക്കാരിന്റെ കിങ്കരന്മാർ ചാടി വീഴുന്നത്. പാൻഡമിക് നിയമങ്ങളും കോവിഡ് രോഗ ഭീതിയും മൂലം ഒറ്റപ്പെട്ട ഇരയുടെ ദൗർബല്യം തിരിച്ചറിഞ്ഞ്. പ്രത്യയ ശാസ്ത്രം പരണത്ത് വച്ച് ചുങ്കപ്പാതക്കു വേണ്ടി മഹാദുരന്തകാലത്തും ഭുമി തട്ടിയെടുത്ത് കുടിയൊഴിപ്പിക്കാൻ. എന്നിട്ടും പ്രതിഷേധിക്കുന്നവരെ മനുഷ്യത്വത്തിന്റെ കണിക പോലും കാണിക്കാതെ നിർദ്ദാക്ഷിണ്യം തല്ലിയൊതുക്കുന്നു. ചർച്ചയില്ല. പുനരധിവാസമില്ല. കോവിഡിന്റെ ഇളവില്ല. നീതിയുമില്ല.