പുരോഗമനവാദികളെ സിപിഎം മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും സംഘപരിവാറും ആക്കുന്നു

120

Hasna Shahitha 

ഉത്തരം മുട്ടിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നവരെ മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദികളും ആക്കുകയെന്നത് സി.പി.എം കാലാകാലങ്ങളായി ജനകീയ സമരങ്ങളേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും നേരിടാന്‍ ഉപയോഗിച്ച് വന്നിട്ടുള്ള തന്ത്രമാണ്. ഇപ്പോള്‍ എളുപ്പം സംഘിയാക്കലാണ്.
തങ്ങള്‍ക്ക് എതിര്‍പ്പുള്ളവര്‍ക്ക് നേരെ സംഘപരിവാറും ആരോപിക്കുക മാവോയിസ്റ്റ് ബന്ധവും തീവ്രവാദി ബന്ധവുമാണ്.

കഴിഞ്ഞ തവണ സര്‍ക്കാരുമായുള്ള ഗൂഡാലോചന സംഘപരിവാര്‍ ആരോപിച്ചെങ്കില്‍, ഇത്തവണ സംഘപരിവാറുമായുള്ള ഗൂഡാലോചന സര്‍ക്കാര്‍ അനുകൂലികള്‍ ബിന്ദു അമ്മിണിക്ക് നേരെ ആരോപിക്കുന്നു. ഒരേ തരത്തില്‍ സ്വയം പ്രതിരോധിക്കേണ്ടി വരുന്ന രണ്ട് കൂട്ടര്‍ !

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ സി.പി.എംകാരും സംഘപരിവാരവും മെനയുന്നത് ഒരേതരം ഗൂഡാലോചന സിദ്ധാന്തങ്ങളാണ്. സി.പി.എം ആകുമ്പോള്‍ കേരളത്തിലെ പുരോഗമനപക്ഷത്തിന്‍റെ കൂടെ പിന്തുണയും കിട്ടിയേക്കും.

കഴിഞ്ഞ തവണ മല കയറാന്‍ പോയവരോട് ചോദിച്ചാല്‍ മനസ്സിലാകും അവരുടെ നീക്കങ്ങള്‍ എങ്ങനെയാണ് സംഘപരിവാര്‍ അക്രമികള്‍ അറിഞ്ഞിരുന്നതെന്ന്. പൊലീസിന്‍റെ ഓരോ നീക്കവും ഏറ്റവും വേഗം അറിഞ്ഞിരുന്നത് അക്രമികളാണ്. പൊലീസും മലകയറാന്‍ പോയവരും മാത്രം അറിഞ്ഞിരുന്ന ഇടങ്ങളില്‍ കൃത്യമായി അവരെത്തിയിരുന്നു. സംഘപരിവാറിന്‍റെ ദൂതന്‍മാരായ പോലീസ് സേനയെ വച്ച് കൊണ്ടാണ് ഇതൊക്കെ എങ്ങനെ ജനംടിവി മാത്രം അറിഞ്ഞെന്ന് ഇപ്പോള്‍ അന്തം വിടുന്നത്!

കഴിഞ്ഞ തവണ മല കയറ്റത്തിന് ശേഷം കണ്ണൂരില്‍ ജയരാജന്‍റെ കണ്‍മുന്നില്‍ ജീവിച്ച, സി.പി.എംകാര്‍ സുരക്ഷ ഉറപ്പാക്കിയ, സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നെന്ന് ആവര്‍ത്തിച്ച ബിന്ദു അമ്മിണിക്ക് മാസങ്ങള്‍ക്കിപ്പുറം സംഘപരിവാര്‍ ബന്ധം ആരോപിക്കുകയാണ് സി.പി.എംകാര്‍.

കേരളത്തില്‍ ജീവിക്കുന്ന രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ സുരക്ഷിതരാകണമെങ്കില്‍ പരമപ്രധാനമായി ചെയ്യേണ്ടത് സി.പി.എം പ്രവര്‍ത്തകരെ വെറുപ്പിക്കാതിരിക്കലും അവരെ പ്രതിസന്ധിയിലാക്കാതിരിക്കലും ആണെന്ന് പറയട്ടെ. നിലപാടുകളിലെ സങ്കീര്‍ണ്ണതയെ അഴിക്കാന്‍ അവരെ നിര്‍ബന്ധിക്കരുത്. അങ്ങനെ ചെയ്താല്‍ എന്തും പറഞ്ഞ് അവര്‍ നിങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കും. കുപ്രചരണങ്ങള്‍ നടത്തും. അവര്‍ക്കൊപ്പം നില്‍ക്കാന്‍ സമൂഹത്തിന്‍റെ വിവിധ തട്ടിലുള്ളവരെ അണിനിരത്തും.

എത്ര നാള്‍, ഏതൊക്കെ കാര്യങ്ങളില്‍ നിങ്ങളവരെ പിന്തുണച്ചിട്ടുണ്ട്, ഒരുമിച്ച് നിന്നിട്ടുണ്ട് എന്നതൊന്നും വിഷയമല്ല. ‘നീ തീര്‍ന്നെടാ തീര്‍ന്ന്’എന്ന് അവരുറപ്പിച്ചാല്‍ പ്രതിരോധിക്കുക സംഘടിതരല്ലാത്ത, സാധാരണ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാണ്.

കേന്ദ്രത്തിലെ ആര്‍.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ നില്‍ക്കുമ്പോള്‍ നമ്മളെത്ര ദുര്‍ബലതയിലാണെന്ന് തോന്നലില്ലേ. അത് ഇവിടെയും ബാധകമാണ്. കഴിഞ്ഞ് മൂന്ന് നാല് കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ ജനകീയ പ്രതിരോധ സമരങ്ങള്‍ ഉണ്ടാകാത്തതെന്തെന്ന് ആലോചിച്ചാല്‍ മതി. അടിത്തട്ട് മുതല്‍ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരെ വരെ അവര്‍ നിര്‍ജ്ജീവമാക്കിയിട്ടുണ്ട്. ഈ സര്‍ക്കാരിനോട് മുട്ടരുത് എന്ന തീരുമാനം നടപ്പിലാക്കിയിട്ടുണ്ട്.

ബിന്ദു അമ്മിണിയെ സംഘപരിവാര്‍ ആക്കുന്നതിനെ കുറിച്ചാണ് മുകളില്‍ പറഞ്ഞത്. തൃപ്തി ദേശായിയുടെ ഉദ്ദേശത്തേയും പശ്ചാത്തലത്തേയും കുറിച്ച് എനിക്ക് ബോധ്യമുണ്ട്.