എഴുതിയത് : Hasna Shahitha

“കളമശ്ശേരി എസ്.ഐ അമൃത് രംഗന് സി.പിം.എം നേതാവിനോട് ഇവിടെ ഇരിക്കണമെന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് തുടങ്ങി ‘ചുട്ട മറുപടി’ കൊടുക്കുന്നതിന്റെ ഓഡിയോ ആണല്ലോ ഇപ്പോള്‍ വൈറല്‍ . സക്കീര്‍ ഹുസ്സൈനോട് പ്രത്യേകിച്ഛ് യാതൊരു താല്പര്യവുമില്ല. പക്ഷേ അയാള്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ പ്രസിഡന്റിനോട് മോശമായി പെരുമാറിയോ എന്നാണ് ചോദിക്കുന്നത്. ഒപ്പം നിങ്ങളെ പറ്റി കുറേ പരാതി കിട്ടിയിട്ടുണ്ട് എന്നൊക്കെ സിപിഎം അധികാരി ലൈനില്‍ പറയുന്നൊക്കെയുണ്ട്. അതിന് ശേഷമാണ് ഇദ്ദേഹം തുരുതുരാ പഞ്ച് ഡയലോഗ് അടിക്കുന്നത്. കളമശ്ശേരിയില്‍ ഇരിക്കാമെന്ന് ആര്‍ക്കും വാഗ്ദാനം നല്‍കിയിട്ടില്ല, ചത്ത് പണിയെടുക്കുന്ന പൊലീസിനെയാണോ നിങ്ങളുടെ വിദ്യാര്‍ത്ഥികളെയാണോ വിശ്വാസം, ടെസ്റ്റ് എഴുതി പാസ്സായതാണ് ഞാന്‍ തുടങ്ങി ശ്വാസം കിട്ടാതെ ഡയലോഗുകളുടെ ഒഴുക്കാണ്.
ഈ പൊലീസുകാരുടേയും സിവില്‍ സര്‍വീസുകാരുടേയും ഡയലോഗില്‍ രോമാഞ്ചം വരുന്ന ഏര്‍പ്പാട് ഇവിടെ എക്കാലത്തുമുണ്ട്. ഭരത്ചന്ദ്രന് ഐ.പി.എസ്സും ജോസഫ് അലക്സ് ഐ.എ.എസ്സും ടൈപ്പ് ഹീറോയിസം മലയാളികള്‍ക്ക് എല്ലാ കാലത്തും ഹരമാണെന്ന് അറിഞ്ഞ് കൊണ്ടാകണം ആ ഓഡിയോ ക്ളിപ്പ് പുറത്ത് വന്നതും . ഒന്ന് ക്ഷീണം തട്ടിയ സക്കീര്‍ ഹുസൈനാകില്ല, സ്വന്തം ഡയലോഗിന് ടട്ടട്ടടടട്ടാ ബാക്ഗ്രൗണ്ട് ഇടാനുള്ള കനമുണ്ടെന്ന് തോന്നിയ എസ്.ഐ ആയിരിക്കണമല്ലോ അത് ആര്‍ക്കെങ്കിലും കൊടുക്കുക. പ്രത്യേകിച്ച് പഴയ എ.ബി.വി.പി നേതാവായ പൊലീസുകാരന്. ഈ ഡയലോഗ് നിര കത്തുമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടാകും.
കുസാറ്റില്‍ നടന്ന ഒരു അടിപിടിയുടെ പശ്ചാത്തലത്തിലാണ് ആ സംഭാഷണം. സാധാരണ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളില്‍ ഏത് സംഘടനയുടേതായാലും നേതാക്കള്‍ ഇടപെട്ടാല്‍ അവരോട് കമ്മ്യൂണിക്കേഷന്‍ നടത്തി, അവര്‍ വഴി രംഗം സമാധാനമാക്കാനാണ് പൊലീസ് ശ്രമിക്കുക. അത്തരമൊരു പരിഗണനയും ബഹുമാനവും സംഘടനാ ഭേദമന്യേ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്നുമുണ്ട്. ഇവിടെ വിദ്യാര്‍ത്ഥികളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട എസ്.എഫ്.ഐ ജില്ല പ്രസിഡന്റിനെ പിടിച്ച് ജീപ്പില്‍ കയറ്റുകയും മരിച്ച് പോയ അച്ഛനെയുള്പ്പെടെ തെറി പറയുകയുമാണ് നടന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ആ വിദ്യാര്‍ത്ഥി നേതാവിനെ മോശമായി കൈകാര്യം ചെയ്യുകയും അത് ചോദിക്കാന്‍ വിളിച്ച പാര്‍ട്ടി നേതാവിനോട് നെടുനീളന്‍ ഡയലോഗ് അടിക്കുകയും ചെയ്യുന്ന പൊലീസുകാരനെ ഹീറോ ആക്കി ആഘോഷിക്കുന്നത് അപകടകരമാണ്. സി.പി.എംകാരനായ, തട്ടിക്കൊണ്ട പോക്കില്‍ പ്രതിയായ സക്കീര്‍ ഹുസൈനോട് ആയത് കൊണ്ട് അമൃത് രംഗ് ചെയ്തത് നന്നായി എന്ന് കരുതുന്നതും. ഈ കലിതുള്ളലും ചൂടുമൊക്കെ പ്രോത്സാഹിപ്പിച്ചാല്‍ സക്കീര്‍ ഹുസൈനല്ല, സാധാരണ മനുഷ്യര്‍ക്കാണ് ഭാവിയില്‍ അനുഭവിക്കേണ്ടി വരിക.
എ.ബി.വി.പി പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥനെ ഹീറോയാക്കി വിട്ട ശേഷം പൊലീസിലെ സംഘിവത്കരണത്തെ പറ്റി ആശങ്കപ്പെട്ടിട്ടും കാര്യമില്ല.
സിഗരറ്റ് വലിക്കുന്നത് കുറ്റകരമാണെന്ന് ഒരു വിദേശവനിതയോട് പറഞ്ഞ് കൊടുക്കുന്ന എറണാകുളത്തെ ഒരു എസ്.ഐയുടെ പടം മുമ്പ് പത്രത്തില്‍ വന്ന് ഹിറ്റായിരുന്നു. വേഷം മാറി ഹോട്ടലിലെ പാര്‍ട്ടിയില്‍ നിന്ന് കഞ്ചാവ് പിടിക്കാനൊക്കെ പോയി പിന്നെയും സിനിമാ സ്റ്റൈലായി. എറണാകുളം നഗരത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിനെ ഏറ്റവും കൂടുതല്‍ കേസുകളില്‍ പെടുത്തിയത് ഇദ്ദേഹമാകും. പിന്നീട് നോര്‍ത്ത് സ്റ്റേഷനിലെത്തിയ ഒരു എസ്.ഐ ആണ്മുഷ്കിന്റെ പര്യായമായിരുന്നു. മോറല്‍ പൊലീസിങ്ങ് ഇദ്ദേഹത്തിന്റെ ഹോബിയാണ്. എം.എല്‍.എയെ ഉള്‍പ്പെടെ ലാത്തിക്കടിച്ച് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
ഇമ്മാതിരി സുരേഷ് ഗോപിമാര്‍ അവരുടെ മസിലും പെരുപ്പിച്ച് വന്ന് മനുഷ്യരെ ഭയപ്പെടുത്തി അച്ചടക്കകോഡ് പഠിപ്പിക്കുകയും തോന്നിയ മുറകളൊക്കെ പ്രയോഗിക്കുകയും ചെയ്യുമ്പോള്‍ നിലവിലെ അവസ്ഥയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഘടിത ബലം പ്രയോഗിക്കുക തന്നെ വേണം. മുഖ്യധാരയോ അല്ലാത്തതോ ആയ സംഘടിതരുടെ പ്രതിനിധികള്‍ക്കും സാധാരണ മനുഷ്യര്‍ക്കും ഇവരോട് കൂസലില്ലാതെ ഇടപെടാനാകണം. അതിന് ഇപ്പോള്‍ സാധ്യമായ ഒരു മാര്‍ഗം തന്നെയാണ് രാഷ്ട്രീയാധികാരം. എന്തിന് അത് ചെയ്തു എന്ന ചോദ്യം ആര് ചോദിച്ചാലും മറുപടി പറയാന്‍ പൊലീസുകാരെ നിര്ബന്ധിതരാക്കിയേ പറ്റൂ.
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള ഇടപെടലില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മേലെ നില്‍ക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. നിയമത്തിന്റെയും ചട്ടത്തിന്റെയും മുറുക്കം പിടിച്ച ശാഠ്യങ്ങളില്‍, മനുഷ്യപക്ഷത്ത് നിന്ന് വിലപേശാന്‍ അത് വേണ്ടി വരിക തന്നെ ചെയ്യും.”
Hasna Shahitha