Hasna Shahitha എഴുതിയത്

എറണാകുളത്തുകാര്‍ എം.പിയുടെ വീട്ടില്‍ ചെന്ന് ഒറ്റ ദിവസത്തെ മഴയില്‍ വീടും നാടും മുങ്ങിയതും ജീവിതം വഴി മുട്ടിയതും പറയുന്നു. അടുപ്പിലും വെള്ളം കേറി പട്ടിണിയായെന്ന് പറഞ്ഞാല്‍ എം.പിയുടെ ഭാര്യ ചോദിച്ചേക്കും, ചോറ് വെച്ചില്ലെങ്കിലെന്താ ഐസ്‌ക്രീം തിന്നൂടേന്ന്.

പഴയ വിപ്ളവകാരി സിന്ധു ജോയി പനിനീര്‍പ്പൂ കൊടുത്ത് അഭിനന്ദിച്ച ഈ ഫേസ്ബുക് പോസ്റ്റ് എറണാകുളം എം.പി. ഹൈബി ഈഡന്‍റെ ഭാര്യയും നിയമവിദ്യാര്‍ത്ഥിയുമായ അന്ന ഈഡന്‍റേതാണ്.

ലോകോളേജില്‍ പഠിക്കുമ്പോള്‍ ഇവരുടെ ക്ളാസില്‍ ചെന്ന് എം.എല്‍.എ ഹൈബി ഈഡന്‍റെ ഗുണ്ടായിസത്തെ കുറിച്ച് കാംപയിന്‍ ചെയ്താല്‍ എന്‍റെ ഭര്‍ത്താവിനെ പറ്റി പറയാന്‍ പാടില്ലെന്ന് വിറളി പിടിക്കുന്ന ഈ സ്ത്രീയെ കണ്ടിട്ടുണ്ട്. മണ്ണിലിറങ്ങി രാഷ്‌ട്രീയം അനുഭവിക്കാത്ത ഈ താരഭാര്യക്ക് വിവരക്കേടും ഉപരിവര്‍ഗ്ഗ പ്രിവിലേജിന്‍റെ ഹുങ്കും ആദ്യമല്ലെന്ന് പറയുകയായിരുന്നു.

ബലാല്‍സംഗം തടയാനായില്ലെങ്കില്‍ അത് ആസ്വദിക്കണം എന്നത് പോലെയാണത്രേ ഇവര്‍ ഈ വെള്ളക്കെട്ട് ആഘോഷിക്കുന്നത്. ഒരു നിലയില്‍ വെള്ളം നിറഞ്ഞാല്‍ മുകളില്‍ കയറി ഇരിക്കാനും, ഏത് സമയവും വേണ്ടത്ര സൗകര്യങ്ങള്‍ ലഭ്യമാകാനും പാകത്തില്‍ സുഖകരമായ ജീവിതം ഉള്ളവര്‍ക്ക് അങ്ങനെ പലതും തോന്നും. കാലങ്ങളായി കോണ്‍ഗ്രസ്സ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതാണ് ഈ പ്രശ്നത്തിന്‍റെ മൂലകാരണമെന്നത് ഐസ്ക്രീം നുണഞ്ഞ് ഇരിക്കുമ്പോള്‍ ഒന്നോര്‍ക്കുന്നത് നല്ലതാണ്.

ബലാല്‍സംഗവും വെള്ളപ്പൊക്കവും വിധിയല്ല, ഒന്നില്‍ പുരുഷാധിപത്യത്തിനും രണ്ടാമത്തേതില്‍ ഉത്തരവാദിത്തവും കാര്യക്ഷമതയും ഇല്ലാത്ത ഭരണവര്‍ഗ്ഗത്തിനും പങ്കുണ്ട് അന്ന ഈഡന്‍. രണ്ടിനേയും സാമാന്യവല്‍ക്കരിച്ച് ആഘോഷിക്കാന്‍ അവയുടെ അനുഭവങ്ങള്‍ക്ക് അതീതമായ പ്രിവിലേജ് കയ്യിലുണ്ടാകണം. സ്ത്രീ ആയിരിക്കുമ്പോഴും ഈ ആണ്‍തമാശ നിങ്ങളുടെ വായില്‍ വരുന്നത് അത് കൊണ്ടാണ്.

ഫ്രഞ്ച് വിപ്ളവകാലത്ത് റൊട്ടിയില്ലാതെ വിശന്ന് വലഞ്ഞ മനുഷ്യരോട് കേക്ക് തിന്നൂടേ എന്ന് ചോദിച്ച മേരി അന്‍റോണിയയുടേയും ഭര്‍ത്താവിന്‍റേയും തല എടുക്കുകയായിരുന്നു ജനങ്ങള്‍. എറണാകുളത്തിന്‍റെ ‘രാജകുമാരനും’ ഭാര്യയും ഇനി ഈ ദുരിതക്കാലത്ത് ജനങ്ങളുടെ അടുത്ത് ചെന്നാല്‍ അവര്‍ കാര്‍ക്കിച്ച് തുപ്പാനും രണ്ടെണ്ണം കിട്ടാനും സാധ്യതയുണ്ട്. സാരമില്ല, തടയാനായില്ലെങ്കിലും നിങ്ങള്‍ ആസ്വദിക്കുമല്ലോ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.