ദാസേട്ടൻ കരയുന്നത് കേട്ടിട്ടുണ്ടോ ?

29

ദാസേട്ടൻ കരയുന്നത് കേട്ടിട്ടുണ്ടോ??

ധനം എന്ന ചിത്രത്തിൽ ‘ നീ വിടപറയുമ്പോൾ.. ‘ എന്നൊരു ഗാനം ഉണ്ട്. അല്ലേലും ശോക ഗാനം രവീന്ദ്രൻ മാഷിന്റെ ഒരു തട്ടകം ആണ്. പി കെ ഗോപി എഴുതിയ ഇൗ ഗാനം ദാസേട്ടൻ ശരിക്കും കരഞ്ഞുകൊണ്ട് തന്നെയാണ് പാടുന്നത്. ഒരു ദിവസം തന്നെ 5-6 ഗാനങ്ങൾ, അതിൽ പ്രണയം വിരഹം ഹാസ്യം ശാസ്ത്രീയം തുടങ്ങി പലതരം, സ്റ്റുഡിയോയിൽ നിന്നും സ്റ്റുഡിയോയിലേക്ക് ഓടി നടന്നു പാടുന്ന ഒരു മനുഷ്യന് എങ്ങനെ ഇത്ര പെട്ടെന്ന് ഒരു ഗാനത്തിന്റെ അതി തീവ്രമായ ഭാവത്തിലേക്ക് എത്തിച്ചേരാൻ പറ്റുന്ന എന്ന് അതിശയത്തോടെ അല്ലാതെ നമുക്കെങ്ങനെ നോക്കിക്കാണാൻ പറ്റും? അങ്ങനെ ചിന്തിച്ചപ്പോൾ ആവണം അദ്ദേഹം മനുഷ്യൻ അല്ല, ഗന്ധർവൻ ആണ് എന്ന നിഗമനത്തിൽ മഹാകവി എത്തിയത്.

വികാര നൗകയുമായ്‌ എന്ന ഗാനത്തിന്റെ സഞ്ചാരം കടലിന്റെ ഓളംവെട്ടിൻെറ അതേ രീതിയിൽ ആണ്. ഓളപ്പരപ്പിൽ തോണിയിൽ കിടന്നു പാടിയാൽ അങ്ങനെയേ നമുക്ക് പാടാൻ പറ്റൂ.. സംശയം ഉളളവർ ‘വെൺ നുര വന്നു തലോടുമ്പോൾ..’ എന്ന ഭാഗം ഒക്കെ ശ്രദ്ധിച്ച് ഒന്ന് കേട്ടുനോക്കൂ. എസ് പി ബാലസുബ്രഹ്മണ്യം വന്നു ട്രാക്ക് കേട്ട് ഇത് താൻ പാടിയാൽ ശരിയാവില്ല എന്ന് പറഞ്ഞു തിരിച്ചുപോയ പാട്ടാണ്. ദാസേട്ടൻ ഹൃദയം നൽകിയാണ് ആ പാട്ടൊക്കെ പാടിയിരിക്കുന്നത്.

ഒഎൻവിയുടെ വരികളിൽ നിന്നും രവീന്ദ്രൻ മാസ്റ്റർ ഉണ്ടാക്കിയെടുത്ത മറ്റൊരു ദുഃഖഗാനം ഉണ്ട്. ലാൽ സലാം എന്ന ചിത്രത്തിൽ ‘ സാന്ദ്രമാം മൗനത്തിൽ..’. അതിന്റെ തുടക്കത്തിലേ ആലാപ് ഒന്ന് കേട്ടുനോക്കൂ. ഹൃദയം പൊട്ടിയുള്ള കരച്ചിൽ ആണത്. ആലാപുകളെ പറ്റി പറഞ്ഞാല്, സംഗീത വിരോധിയായ ജഗൻ എന്ന ഗുണ്ടയേ ഉണ്ണിമായയുടെ മാനസപുരുഷനായി സെക്കൻഡുകൾ കൊണ്ട് മാറ്റിയെടുത്ത ആലാപ്‌. കൊട്ടാരത്തിൽ ദിവസങ്ങൾ തങ്ങിയിട്ടും ഉദയവർമ്മയുടെ മനസ്സിൽ കയറിക്കൂടാൻ പറ്റാതിരുന്ന അനന്തൻ നമ്പൂതിരി എന്ന അബ്ദുല്ലയെ നിമിഷങ്ങൾ കൊണ്ട് ഉദയവർമ്മയുടെ ഉറ്റ ചങ്ങാതി ആക്കി മാറ്റിയ ആലാപ്. ഗാനമേളയിൽ നന്ദൻ എന്ന ഗായകൻ മൈക്കിന്റെ മുന്നിൽ എത്തുമ്പോൾ കാലിയായി കിടന്നിരുന്ന കസേരകൾ ആലാപ് തീരുമ്പോൾ ആളുകളെ കൊണ്ട് നിറച്ച അനുഭവം ( ചിത്രം : സുഖമോ ദേവി). വാത്സല്യം നിറയുന്ന, താരാട്ടിന്റെ മാധുര്യമുള്ള ആലാപ് ( ആലില മഞ്ചലിൽ..). സെക്കൻഡുകൾ മാത്രം ദൈർഘ്യം ഉള്ള ആലാപുകൾ കൊണ്ട് ഇൗ മനുഷ്യൻ നമ്മെ ഒട്ടൊന്നുമല്ല പലവിധ അനുഭൂതികൾ കൊണ്ട് നിറച്ചത്.
” നിന്റെ നൂപുര മർമ്മരം.. ” എന്ന ദാസേട്ടന്റെ എൻട്രി ( എന്തിന് വേറൊരു സൂര്യോദയം). എന്തൊരു ഭാവം ആണത്. മമ്മൂട്ടി – ശോഭന ബന്ധത്തിലെ ഏറ്റവും സൂക്ഷമായ ഭാവം പോലും ഒപ്പിയെടുക്കുന്ന ആലാപനം. അതിൽ പ്രണയവും കരുതലും എല്ലാം ഉണ്ട്.
” അഴകേ.. ” എന്നദ്ദേഹം വിളിക്കുമ്പോൾ ഏത് കൗമാരക്കാരിയുടെ ഉള്ളം ആണ് കുളിരണിയാത്തത്?

പുഴയോരഴകുള്ള പെണ്ണ് .., തംബുരു കുളിർ ചൂടിയോ.., നീലക്കടമ്പുകളിൽ നീലക്കൺ പീലികളിൽ.., പൊയ്കയിൽ കുളിർ പൊയ്കയിൽ.. തന്റെ ഉറ്റ സുഹൃത്തും ഏറ്റവും വലിയ ആരാധകനുമായ രവീന്ദ്രൻ തനിയ്ക്ക് വേണ്ടി മാത്രം, തന്നെ ധ്യാനിച്ച് മാത്രം ഉണ്ടാക്കിയ ഇതുപോലെ വൈവിധ്യമാർന്ന എത്ര എത്ര ഗാനങ്ങൾ ആണ് അദ്ദേഹം ഹൃദയം നൽകി പാടിയിട്ടുള്ളത്.
ഇൗ ലേഖനം പൂർണ്ണമാകണമെങ്കിൽ ബാബുരാജിന്റെയും ജോൺസന്റെയും ഓരോ പാട്ടുകൾ കൂടി ഓർമിക്കേണ്ടി വരും. ” താമസമെന്തെ വരുവാൻ.. ” – എന്തൊരു പാട്ടാണത്? 24 വയസ്സോക്കെ ഉള്ള ഒരു പയ്യന് ഇങ്ങനെ തീവ്രമായി ഒക്കെ പാടാൻ പറ്റുമോ?

‘ദേവാംഗണങ്ങൾ കൈയ്യൊഴിഞ്ഞ താരകം..’ – ഗന്ധർവൻ ഗന്ധർവനു വേണ്ടി പാടിയ ഗാനം. എന്തൊരു മധുരം. എന്തൊരു ഭാവം. ❤
ദാസേട്ടാ.. ഞങ്ങൾക്ക്, ഞങ്ങൾടെ വരും തലമുറകൾക്ക് ഒക്കെയും ആവോളം നുകരാനുള്ള അമൃത് അങ്ങ് നൽകി കഴിഞ്ഞു. എന്നാലും അങ്ങേയ്ക്ക് ഓരോ വയസ്സ് കൂടുമ്പോഴും ഒരു വേദന ആണ് മനസ്സിൽ. എന്നും ഞങ്ങളുടെ ദാസേട്ടൻ ആയി ഞങ്ങളുടെ കൂടെ വേണം എന്നാണ്. ഉമ്മ.. ❤