നിങ്ങൾ മരിച്ചുപോയ മനുഷ്യരെ വായിച്ചിട്ടുണ്ടോ ?

39

Dipin Das

നിങ്ങൾ മരിച്ചുപോയ മനുഷ്യരെ വായിച്ചിട്ടുണ്ടോ ?

ഞാൻ വായിച്ചിട്ടുണ്ട്… രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ മുഖം തലയിണയിൽ അങ്ങനെതന്നെ കണ്ണടച്ച് കിടക്കുന്നത് ഞാൻ കാണും… വെറുതെ നോക്കും… തീർച്ചയായും സിനിമയിൽ കാണുന്നതുപോലെ അത്രയും സമാധാനവും, ചിലപ്പോഴൊക്കെ പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആ നിഷ്കളങ്കമായ മുഖമായിരിക്കില്ല എനിക്ക്. ഞാൻ നേരിൽകണ്ട മരണത്തിന്റെ മുഖം അതായിരുന്നില്ല. മണിക്കൂറുകൾ കഴിയുംതോറും ശരീരത്തിന്റെ ഊർജം നഷ്ടപ്പെട്ടുപോയവന്റെ… ഓരോ അവയവത്തിന്റെയും പ്രവർത്തനം നഷ്ടപ്പെട്ടു പോയവന്റെ… ഓരോ കോശവും നശിച്ചുപോകാൻ തുടങ്ങുന്നവന്റെ… തളർച്ചയും കിതപ്പും എന്റെ ശരീരത്തിനുള്ളതുപോലെ, എന്റെ മുഖത്തുമുണ്ടാകും. വാടും… ചാര നിറമാകാൻ തുടങ്ങും. മരണത്തിന്റെ നിറം മരവിപ്പിന്റെ ചാരമാണ്. വെണ്ണീറിന്റെ വെളുപ്പാണ്. എങ്കിലും എനിക്ക് വാർദ്ധക്യത്തിന്റെ ഒരു ലക്ഷണവുമുണ്ടാവില്ല… മുടി നരച്ചുപോയിട്ടുണ്ടാകില്ല… താടിരോമം വെളുത്തുപോയിട്ടുണ്ടാകില്ല… തൊലിയിൽ ചുളിവുകൾ ബാധിച്ചുപോയിട്ടുണ്ടാകില്ല… അതെ, ആത്മഹത്യയായിരുന്നു.

വീടറിഞ്ഞു കഴിഞ്ഞാൽ, പിന്നെ ജീവൻ തിരിച്ചുപിടിക്കാനുള്ള ഓട്ടമാണ്. പക്ഷേ അതെനിക്ക് ആശുപത്രിയിൽ മരണമുറപ്പിക്കാൻ പോകുന്നൊരു പോക്കാണ്. പ്രീയപ്പെട്ട ഒരാൾ എന്നെയും ചേർത്തുപിടിച്ചിട്ടുണ്ടാകും. പോകുമ്പോൾ ആ ചേർത്തുപിടിക്കലിന് പ്രതീക്ഷയുടെ കൂട്ടുണ്ടാകും. തിരിച്ചുവരുമ്പോൾ നഷ്ടപ്പെട്ടവനെപ്പോലെ ഒറ്റയ്ക്കാവും. വീടെത്തുമ്പോൾ, ആളറിഞ്ഞ്… കൂട്ടമായി… എനിക്കിഷ്ടപ്പെടില്ലന്നറിഞ്ഞുകൊണ്ടുതന്നെ, അവസാന യാത്രയയപ്പിനുള്ള ആചാരങ്ങളും ചടങ്ങുകളുമായി തയ്യാറെടുത്ത് നിൽക്കും. വീടിനകം പോകരുതെന്ന്… കൊണ്ടുപോകരുതെന്ന് കരഞ്ഞു പറയും.

അപ്പോഴും ഒന്ന് കാണാനുള്ള ധൈര്യമില്ലാതെ, പിരിഞ്ഞുപോയ പ്രീയപ്പെട്ടവർ ചിലപ്പോൾ…ചിലപ്പോൾ മാത്രം… മരിച്ചുപോയതിന്റെ ഉത്തരവാദിത്ത്വം ചുമന്ന് നീറുന്നുണ്ടാകും. അല്ലെങ്കിൽ വെറുതെ കണ്ടുപോകും… കരഞ്ഞുപോകും. നിനക്കിത് ചെയ്യണമായിരുന്നോ എന്ന്… വേണ്ടിയിരുന്നോ എന്ന് എന്നോട് മനസ്സിൽ ചോദിക്കും. തിരികെ പോകും. പോകുമ്പോൾ എന്നോടൊത്തുള്ള പഴയ നല്ല ഓർമകളൊക്കെയും ഓർത്തുപോകും… കാണുന്ന കാഴ്ചകളിൽ… വസ്തുകളിൽ അവനും അത് ഇഷ്ടമായിരുന്നു അല്ലെങ്കിൽ ഇഷ്ടമായിരുന്നില്ല എന്ന്… അവനും അതുപോലെയായിരുന്നു എന്ന് ചിന്തിച്ചുപോകും. സഹിക്കാൻ പറ്റാതെ സങ്കടം തുളുമ്പും. പിന്നീടുള്ള ദിവസങ്ങളിലും ഓർത്ത്… ഇനിയില്ലല്ലോ എന്ന്… ആരോടെങ്കിലും പറഞ്ഞോ, തന്നോട് തന്നെ പറഞ്ഞോ വേദനിച്ചുപോകും. ചിലപ്പോൾ കണ്ണ് നനഞ്ഞുപോകും. ആരെങ്കിലും ചോദിക്കുമ്പോൾ ‘ഹേയ് ഒന്നുമില്ലെന്ന്’ പറഞ്ഞ് ചിരിക്കാൻ ശ്രമിക്കും. പതിയെ പതിയെ ഓർക്കുന്നത് കുറയും… വേദനയും കുറയും… പിന്നെ ഓർക്കുന്നത് വല്ലപ്പോഴുമാകും. അവസാനം… അവന്റെ പുരോഗമനമാണ് കാരണമെന്ന്… ചിന്തയാണ് കാരണമെന്ന്… അവനിലെ നിരീശ്വരവാദിയാണ് കാരണമെന്ന് എല്ലാവരെയുംപോലെ വിധി എഴുതും… അല്ലെങ്കിൽ ചുറ്റുപാടുമുള്ള ചിന്തകളിൽ അവരും പെട്ടുപോകും. പതിയെ എല്ലാവരും എന്നെ മറന്നുപോകും. ആരുടെ ഓർമയിലും ജീവിക്കാതെ ഞാനൊറ്റയാവും.

അവസാന വിധിയെഴുത്ത് അതാണ്. അവൻ പുരോഗമനവാദി ആയതുകൊണ്ട്… നിരീശ്വരവാദി ആയതുകൊണ്ട്… ആർക്കുമില്ലാത്ത ചിന്തകൊണ്ട്. ഇങ്ങനെയുള്ളവരുടെ ഗതിയൊക്കെ ഇതുതന്നെയാണ്. ഞാൻ ട്രാൻസ്‌ജൻണ്ടറാണ്… സ്വവർഗ്ഗാനുരാഗിയാണ്… എന്നുതന്നെയിരിക്കട്ടെ. എങ്കിൽ വീര്യം കൂടും… ഇവരുടെയൊക്കെ അവസാനം ഇങ്ങനെയാണ്. ചത്തത് നന്നായി… അങ്ങനെ ലിസ്റ്റ് നീണ്ടുപോകും. ബൈക്ക് ആക്സിഡന്റിൽ മരിച്ചുപോയ മകനുവേണ്ടി… ഹെൽമറ്റ് വയ്ക്കണമെന്നും… സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നുമുള്ള നിർദേശവുമായി… പോകുന്ന വഴികളിൽ… തെരുവിലെ ചുവരുകളിൽ, നോട്ടീസ് പതിപ്പിച്ച് ബോധവൽക്കരണം നടത്തുന്ന മാതാപിതാക്കളെ പത്രങ്ങളിൽ വായിച്ചിരുന്നു. അത് എത്രപേരിൽ എത്തി എന്ന്… എത്ര തലയിൽ ഉറച്ചുപോയി എന്ന് ഉറപ്പില്ലെങ്കിലും, ഈ വിധിയെഴുത്ത് നാട് പറന്ന് കാണും. ആരും… ആരും… അടുത്ത പ്രീയപ്പെട്ടവർപോലും, അവനുള്ള ഇടം ഇവിടെ ഉണ്ടായിരുന്നില്ലെന്നും. അവരുൾപ്പെടെ അത് അനുവദിച്ചുകൊടുത്തിട്ടില്ലെന്നും. അതുകൊണ്ടാണ് അവന് മരണം സ്വീകരിക്കേണ്ടിവന്നതെന്നും ഓർത്തുപോകില്ല. അതിന് മനസ്സിലാക്കണമെന്നും… സ്നേഹമുണ്ടാകണമെന്നും മാത്രമാണ് പറഞ്ഞുപോകുന്നത്.

‘നല്ലത് നായിക്കറിയില്ല’ എന്ന് ഞാൻ, മുകളിൽനിന്ന് എന്നെത്തന്നെ സമാധാനിപ്പിക്കാൻ ആശ്വാസവാക്ക് മൊഴിഞ്ഞാലും, എന്റെ മരണത്തിന് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നല്ലോ എന്നോർത്ത് വേണ്ടായിരുന്നു എന്ന്… വെറുതെയായി എന്ന്… ചിന്തിച്ചുപോകും. അപ്പോൾ ഓർത്തിട്ട് കാര്യമില്ലല്ലോ… അതുകൊണ്ട് ഇപ്പോഴേ ഓർക്കുന്നു. എന്റെ ഇടം ഇവിടെ തീർത്തിട്ട്… ആധുനിക മനുഷ്യനാണ് ശരിയെന്നുപറഞ്ഞ് എനിക്ക് ജീവിക്കണം. ഇനിവരുന്ന തലമുറകൾക്ക് സമാധാനമുണ്ടാകണം… വീട്ടിലും പുറത്തും അവരുടെ ശരീരവും ചിന്തയും അവരുടേത് മാത്രമാകണം. അതിന് ഞാൻ ഞാനായി ജീവിച്ചാൽ മതിയാകും. നിങ്ങൾ നിങ്ങളായി ജീവിച്ചാൽ മതിയാകും.

എനിക്ക് സ്നേഹമെന്നാൽ പരിഗണനയാണ്… ബഹുമാനമാണ്… ഒരു മനുഷ്യനെ, അവന്റെ ഇടത്തെ… വ്യക്തിയെന്ന അടയാളപ്പെടുത്തലാണ്… തിരഞ്ഞെടുപ്പുകളെ വ്യക്തിസ്വാതന്ത്ര്യമെന്ന അടയാളപ്പെടുത്തലാണ്. അല്ലാതെ, മതത്തിന്റെയും സംസ്കാരത്തിന്റെയും അഭിമാനത്ത്തിന്റെയും അമ്പുകൾ എയ്ത്, പറക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ വീഴ്ത്തുന്നതല്ല. ഏത് ബന്ധത്തിനുള്ളിലാണെങ്കിലും… ആ പ്രവർത്തിയെ നിങ്ങൾ സ്നേഹമെന്നും… നന്മയെന്നും പേരിട്ടുവിളിച്ചാലും, അത് കാപട്യമാണ്. അങ്ങനെയുള്ള ഒരു വൈകാരിക ബന്ധത്തിനും പ്രസക്തിയില്ല. സ്നേഹനാട്യമാണ്… ഐക്യനാട്യമാണ്… പുരോഗമനനാട്യമാണ്. ഇതെന്നോ ഉറപ്പിച്ചുപോയതാണ്. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുക എന്നത് എന്റെ വാശിയാണ്.
എന്റെ പ്രീയപ്പെട്ടവരെ… എന്റെ ഉടൽ എന്റെ സ്വാതന്ത്ര്യമെന്ന്… എന്റെ അവകാശമെന്ന്… പറഞ്ഞുപോകുന്ന മനുഷ്യരെ… നിങ്ങൾ പ്രണയിക്കുക… ഉമ്മ വയ്ക്കുക… കെട്ടിപിടിക്കുക.

അങ്ങനെ നിങ്ങൾ ജീവിച്ചിരിക്കുക. ജീവിതം സമരമെന്നോർത്തുതന്നെ ജീവിക്കുക… മരിച്ചിരിക്കുമ്പോഴല്ല, ജീവിച്ചിരിക്കുമ്പോഴാണ് നേടാൻ കഴിയുകയെന്ന് അറിയുക. നിങ്ങളുടെ ജീവിതം, സാധാരണ മനുഷ്യരേക്കാൾ എത്രയോ വിലപ്പെട്ടതാകുന്നത്, നിങ്ങൾ തുറന്നുപറയുന്ന ആ ഉടൽ സ്വാതന്ത്ര്യം തന്നെയാണ്. ഓരോ നിമിഷവും ജീവിച്ചിരിക്കാനുള്ള കാരണങ്ങളെ തേടുക. ആ കാരണങ്ങളെ തുറന്നുപറഞ്ഞുകൊണ്ടുതന്നെ ജീവിക്കുക. അത് നേടാൻ പരിശ്രമിക്കുക… വഴിമുടക്കികൾ വരും… ഒരു വലിയ വേസ്റ്റ്ബിൻതന്നെ കരുതുക. പോടാ മൈരേ എന്നുപറയാനുള്ളൊരു നാക്കും… തൊഴിക്കാനുള്ള ഒരു കാലും കരുതുക. കരയാൻ തോന്നുവെങ്കിൽ അവസാനം ഏതൊരു മനുഷ്യനും ഒറ്റയെന്നും… ഒരു പുതപ്പെന്നും… ഒരു ചിതയെന്നും ഓർക്കുക… ആരും കൂടെയുണ്ടാകില്ല. ആരും കൂടെവരില്ല. മരിച്ചുപോയവരുടെ ലോകത്ത് നിങ്ങൾക്കൊന്നും ചെയ്യാനില്ല… ബോറടിയാണ്. അപ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്ന മനുഷ്യരെ കാണും… കൊതിയാകും. അതുകൊണ്ട് നിങ്ങൾ ജീവിച്ചിരിക്കുക… നിങ്ങളെ സ്നേഹിക്കുന്നവരെ തൊട്ടുരുമ്മി പോവുക… സ്നേഹിക്കാത്തവരെയും… അവരുടെ വാക്കുകളെയും ഗെറ്റ്ഔട്ട്‌ അടിക്കുക. കൊറേ സ്നേഹം😍😍 കൊറേ ഉമ്മകൾ 😘😘😘…

(അത്രയും പ്രീയപ്പെട്ടവർക്കുവേണ്ടി❣️☘️… )