എന്റെ ഒരു സുഹൃത്ത് എപ്പോഴും പറയാറുണ്ടായിരുന്നു, ദേശീയ ഐക്യത്തെക്കുറിച്ച് പറയാൻ നല്ല രസമാണെന്ന്.എപ്പോഴെങ്കിലും നിങ്ങൾ മുസ്ലീങ്ങളുടെ തെരുവിൽ ഒറ്റയ്ക്ക് പോയിട്ടുണ്ടോ?. എപ്പോഴെങ്കിലും പോയി നോക്കൂ, ഭയം തോന്നുന്നു.അയാൾ മുസ്ലീങ്ങളെ വല്ലാതെ ഭയന്നിരുന്നു എന്നാലും അയാൾക്ക് ഷാരുക് ഖാനെ വളരെ ഇഷ്ടമായിരുന്നു. അയാളുടെ കവിളിലെ ചുഴികൾ, പിന്നെ ദീപാവലിക്ക് റിലീസായ അയാളുടെ സിനിമകളും. ദീലീപ് കുമാർ യൂസഫ് ആണെന്ന് അയാൾക്ക് അറിയുമായിരുന്നില്ല. അയാളുടെ സിനിമകളും അയാൾ നിർബന്ധമായും കാണുമായിരുന്നു. അദ്ദേഹത്തെ അയാൾ ഭയന്നിരുന്നില്ല, മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു.അയാൾ കാത്തിരിക്കുമായിരുന്നു ആമിറിന്റെ ക്രിസ്മസ് റിലീസിനായി, പിന്നെ സൽമാന്റെ ഈദ് റിലീസിനും. ബ്ലാക്കിൽ ടിക്കറ്റ് എടുത്തായാലും വേണ്ടില്ല വിസിലടിച്ചുകൊണ്ട് കാണുമായിരുന്നു. അവരെ അയാൾ ഭയന്നിരുന്നില്ല മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു.അയാൾ എന്റെ കൂടെ എൻജിനീയറായി… ശാസ്ത്രത്തിൽ വളരെയേറെ താല്പര്യമായിരുന്നു. പറയുമായിരുന്നു, അബ്ദുൾ കലാമിനെ പോലെ എനിക്കും ഒരു ശാസ്ത്രജ്ഞനാകണം രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കണം എന്ന്. അയാൾ അദ്ദേഹത്തെ ഭയന്നിരുന്നില്ല മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു. അയാൾക്ക് ക്രിക്കറ്റും വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് മൻസൂർ അലി ഖാന്റെ രാജകീയ സിക്സറുകൾ.മുഹമ്മദ് അസറുദ്ദീന്റെ കൈകൾ ജഹീർ ഖാന്റേയും ഇർഫാൻ പഠാന്റെയും പറപറക്കുന്ന പന്തുകൾ ഇവരെല്ലാം മാന്ത്രികരാണെന്ന് പറയുമായിരുന്നു. ഇവരെല്ലാം കളിച്ചാൽ നാം ഒരിക്കലും തോൽക്കുമായിരുന്നില്ല പാക്കിസ്ഥാനോട്. അയാൾ അവരെ ഭയന്നിരുന്നില്ല. മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു
അയാൾ നർഗീസിന്റേയും മധുബാലയുടേയും സൗന്ദര്യ ആരാധകനായിരുന്നു. അയാൾ അവരെ ബ്ലാക് ആന്റ് വൈറ്റിൽ കാണാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അയാൾ ആരാധകനായിരുന്നു,
വഹീദാ റഹ് മാന്റെ പുഞ്ചിരിയുടെ പർവീൺ ബാബിയുടെ മോഹന സൗന്ദര്യത്തിന്റെ. അയാൾ അവരെ ഭയന്നിരുന്നില്ല,
മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു
അയാൾ ദുഃഖം വരുമ്പോഴെല്ലാം മുഹമ്മദ് റാഫിയുടെ പാട്ടുകൾ കേൾക്കുമായിരുന്നു. പറയുമായിരുന്നു അള്ളാഹു റാഫി സാഹബിന്റെ തൊണ്ടയിൽ കുടിയിരിക്കുന്നു. കാതുകളിൽ കൈവെച്ചു മാത്രമേ അയാൾ റാഫിയുടെ നാമം ഉച്ചരിക്കാറുള്ളു. പേരിനോടൊപ്പം എപ്പോഴും സാഹബ് എന്ന് ചേർക്കുമായിരുന്നു. സാഹിർ എഴുതിയ ഗാനങ്ങൾ അദ്ദേഹം പാടിയാൽ സന്തോഷം കൊണ്ട് കരയാൻ തോന്നുമായിരുന്നു അയാൾക്ക്. അയാൾ അദ്ദേഹത്തെ ഭയന്നിരുന്നില്ല, മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു, അയാൾ എല്ലാ ജനവരി ഇരുപത്തിയാറിനും അല്ലാമാ ഇക്ബാലിന്റെ സാരേ ജഹാൻ സേ അച്ഛാ പാടുമായിരുന്നു. പറയുമായിരുന്നു പാട്ടിനൊപ്പം ബിസ്മില്ലാ ഖാന്റെ ഷഹനായിയും സക്കീർ ഹുസൈന്റെ തബലയും ഉണ്ടായിരുന്നെങ്കിൽ പിന്നെന്തു പറയാൻ! അയാൾ അവരെ ഭയന്നിരുന്നില്ല, മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു. അയാൾക്ക് പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ ഗാലിബിന്റെ ഗസൽ ചൊല്ലും. ഫേസിന്റെ ചില കവിതകൾ അയയ്ക്കും. കടം വാങ്ങിയ ഈ കവിതകളിൽ അയാളുടെ
പ്രിയതമ മയങ്ങിപ്പോകും. അവൾ ഇന്ന് അയാളുടെ ഭാര്യയാണ് അയാൾ ഈ കവികളെയൊന്നും ഭയന്നിരുന്നില്ല. മുസ്ലീങ്ങളെ മാത്രം ഭയമായിരുന്നു
വലിയ കാപട്യക്കാരനായിരുന്നു എന്റെ സുഹൃത്ത് വളരെ നിഷ്കളങ്കനും. അയാൾ താനറിയാതെ തന്നെ ഓരോ മുസൽമാനേയും ഇത്രയധികം സ്നേഹിക്കുകയായിരുന്നു എന്നാലും എന്തുകൊണ്ടാണ് പറയുന്നത് എന്നറിയില്ല മുസ്ലീങ്ങളെ അയാൾ ഭയക്കുന്നുവെന്ന്. അയാൾ മുസ്ലീങ്ങളുടെ രാജ്യത്ത് കഴിയുന്നു സന്തോഷത്തോടെ സ്നേഹത്തോടെ എന്നിട്ടും മുസൽമാന്മാരുടെ ഏതു തെരുവിൽ ഒറ്റയ്ക്ക് പോകാനാണ് അയാൾ ഭയന്നിരുന്നത് എന്നറിയില്ല വാസ്തവത്തിൽ ഭഗവാൻ ഉണ്ടാക്കിയ മുസ്ലിങ്ങളെ അയാൾ ഭയന്നിരുന്നില്ല. അഥവാ ഭയന്നിരുന്നുവെങ്കിൽ തന്നെ രാഷ്ട്രീയക്കാരും പത്രക്കാരും തെരഞ്ഞെടുപ്പും ഉണ്ടാക്കിയ ആ കാല്പനിക മുസ്ലീങ്ങളെയാണ്. സങ്കല്പത്തിൽ അവർ ഏറെ ഭീകരരായിരുന്നു. എന്നാൽ വാസ്തവത്തിൽ ഈദിലെ മധുര പലഹാരങ്ങളെക്കാൾ മധുരതരമായിരുന്നു.