പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

1) പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കൂ.

2) പനികൾ പൊതുവേ വൈറൽ പനികളാണ്, അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട.

3) സാധാരണ വൈറൽ പനികൾ സുഖമാകാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടി വന്നേക്കും.

4) പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും – ഏറ്റവും ലളിതമായ പാരസെറ്റോമോൾ പോലും – ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്.

5) ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിനു വേണ്ടത്ര ശ്രദ്ധയും പരിചരണവും നൽകേണ്ടതാണ്. രോഗം വിട്ടു മാറാനും, പനി മാറിയതിനു ശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

– ചൂടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പു ചേർത്ത കട്ടിയുള്ള കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കട്ടൻ ചായ, കട്ടൻ കാപ്പി, ജീരക വെള്ളം, ചൂടു വെള്ളം എന്നിവയേക്കാൾ നല്ലതാണ്.

– നന്നായി വേവിച്ച മൃദുവായ. പോഷകാഹാരവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവിൽ ഇടവിട്ടു തുടർച്ചയായി കഴിക്കുക.

– പനി പൂർണ്ണമായി മാറും വരെ വിശ്രമിക്കുക. രോഗം വേഗം വിട്ടൊഴിയാനും പനി പടരുന്നത് തടയാനും അതു സഹായിക്കും.

6) കുത്തിവയ്പ്പിനു വേണ്ടിയും ഡ്രിപ്പിനു വേണ്ടിയും ഡോക്ടർമാരെ നിർബന്ധിക്കാതിരിക്കുക. മിക്കപ്പോഴും അവ ആവശ്യമില്ല. ചിലപ്പോൾ അവ വിറയൽ, വേദന, മനംപുരട്ടൽ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. ഇവ, ഒരു പക്ഷേ, ഗുരുതരമായിത്തീരുകയും ചെയ്യാം.

7) കഴിക്കുന്ന പാരസെറ്റോമോൾ ഗുളികളേക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിലും വേഗത്തിലും കുത്തിവയ്പ്പുകൾ പ്രവർത്തിക്കുന്നില്ല എന്നറിയുക.

8) വീട്ടിൽ ചികിത്സിക്കുന്നവർ താഴെപ്പറയുന്ന ഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിച്ചേരുക:

– പ്രതീക്ഷിച്ച സമയം കൊണ്ടു പനി ഭേദമാകുന്നില്ല.

– നല്ല ചികിത്സയും പരിചരണവും ലഭിച്ച ശേഷവും പനി മൂർച്ഛിക്കുന്നു.

– ശരീരത്തിൽ പാടുകൾ, തിണർപ്പുകൾ, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിൻ്റെ അളവു കുറയൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത രോഗലക്ഷണങ്ങൾ ഉണ്ടാകുന്നു.

– ഭക്ഷണം കഴിക്കാൻ വയ്യാതെയാകുന്നു.

9) തുമ്മമ്പോളും ചീറ്റുമ്പോളും മൂക്കും വായയും പൊത്തുക. സോപ്പും വെള്ളവും ഉപായോഗിച്ചു കൈകൾ ഇടയ്ക്കിടെ കഴുകുക. വൈറൽ പനിക: പടർന്നു പിടിക്കുന്നതു തടയാനും, ശ്വാസകോശരോഗങ്ങൾ മറ്റുള്ളവരിലേയ്ക്ക് പകരുന്നതു തടയാനും ഈ ശീലം സഹായിക്കും.

10) സ്വയം ചികിത്സ അപകടകരമായൊരു ശീലമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നു വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക.

കടപ്പാട് – Arogya Jagratha

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.