ലിച്ചിപ്പഴം വെറും വയറ്റിൽ കഴിക്കരുത്

550

ലിച്ചിപ്പഴം കഴിച്ചാല്‍?

വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തി ഇപ്പോൾ നാട്ടുകാരിയായി മാറിയിരിക്കുകയാണ് ലിച്ചിപ്പഴം. പുറത്ത് ചുവന്ന നിറത്തിൽ പരുക്കനായി കാണുന്ന തൊലിക്കുള്ളിൽ ബട്ടർ നിറത്തിലുള്ള കാമ്പുള്ള ലിച്ചി റംബൂട്ടാൻ, ലോങാൻ, അക്കീ തുടങ്ങിയ പഴങ്ങളുടെ കടുംബക്കാരിയാണ്. ശരീരഭാരം കുറയ്ക്കാനുള്ള പോഷകഘടകങ്ങൾ അടങ്ങിയ ഈ പഴത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയയെ സുഖപ്പെടുത്താനും സാധിക്കും. വിറ്റാമിൻ സിയുടെ കലവറയാണ് ലിച്ചി.

എന്നാൽ ഈ സുന്ദരി ഇന്ന് വാർത്തകളിൽ നിറയുന്നത് ബീഹാറിലെ മുസാഫര്‍പൂരില്‍ 120 ലേറെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ്. ലിച്ചിത്തോട്ടങ്ങളിലും പരിസരത്തും കൂടുതല്‍ നേരം ചെലവഴിക്കുന്നവരിലാണ് മസ്തിഷ്‌കവീക്കം കൂടുതലായി ഉണ്ടാകുന്നതെന്നാണ് കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാരത്തിന്റെ കുറവുള്ള കുട്ടികൾ ഈ പഴം കഴിക്കുമ്പോൾ അതിലെ മെഥലിൻ സൈക്ലോപ്രൊപിൽ ഗ്ലൈസിൻ എന്ന വിഷാംശം തലച്ചോറുകളുടെ പ്രവർത്തനം താറുമാറാക്കുന്നുവെന്നാണ് സംശയം.

രോഗബാധിതരായ ഭൂരിഭാഗം കുട്ടികളിലും ഗ്ലൂക്കോസ് പൊടുന്നനെ ക്രമാതീതമായി താഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലിച്ചിപ്പഴം പാകമാകുന്ന കാലത്ത് കുട്ടികള്‍ വെറും വയറ്റില്‍ കഴിക്കുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയും. അത് തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ക്ക് കാരണമാവുന്നു. നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എൻസിഫിലൈറ്റിസ് സിൻഡ്രോം ബാധിക്കുന്നത്.

ലിച്ചിയിലടങ്ങിയ വിഷവസ്തുക്കള്‍ പഞ്ചസാര ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ തടസപ്പെടുത്തുന്നതായി മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അമേരിക്കയിലെ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്‍ഡ് ഹൈജീന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ലിച്ചിത്തോട്ടങ്ങളിലെ പതിവായുള്ള കീടനാശിനി പ്രയോഗമാണ് മരണത്തിനു കാരണമാകുന്നതെന്നും പറയുന്നുണ്ട്. അതിനാൽ ലിച്ചിപ്പഴം വെറും വയറ്റിൽ കഴിക്കാതിരിക്കാൻ സൂക്ഷിക്കണം.

Advertisements