പല ഹോട്ടലുകളിലും പലഹാരങ്ങൾ പൊതിഞ്ഞു തരുന്നതും,കയ്യും, വായും കഴുകിക്കഴിഞ്ഞാൽ തുടയ്ക്കാൻ തരുന്നതും പഴയ ന്യൂസ്പേപ്പറുകൾ ആണ്. ഇത് കൊണ്ട് വല്ല ദോഷങ്ങളും ഉണ്ടോ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉ന്യൂസ്പേപ്പർ മറ്റു ക്വാളിറ്റി ഉള്ള പേപ്പറുകളെക്കാൾ വില കുറഞ്ഞതാണ്. അതിനാൽ ഹോട്ടൽ നടത്തുന്നവരും, ചായക്കടക്കാരുമെല്ലാം പലഹാരം പൊതിഞ്ഞു കൊടുക്കാനായി പത്രം ഉപയോഗിക്കാറുണ്ട്. വില കുറവ്, കൂടാതെ ലഭ്യതയും കൂടുതൽ, ഈ രണ്ടു ഘടകങ്ങളാണ് പത്രം ഉപയോഗിക്കാനായി അവരെ പ്രേരിപ്പിക്കുന്നത്. പണ്ടൊക്കെ വാഴയിലയിൽ ആയിരുന്നു ഇങ്ങനെ പലഹാരങ്ങൾ പൊതിഞ്ഞു നൽകിയിരുന്നത്. എന്നാൽ പത്രത്തെ അപേക്ഷിച്ചു നോക്കുമ്പോൾ വാഴയിലക്ക് വില കൂടുതലാണ്. വൈകുന്നേരത്തെ എണ്ണക്കടികൾ, പൊറോട്ട തുടങ്ങിയവ പൊതിയാനാണ് പത്രം ധാരാളമായി ഉപയോഗിക്കുന്നത്.
മീൻ പൊതിയാറുണ്ടെങ്കിലും മീൻ കഴുകി ഉപയോഗിക്കുന്നത് കൊണ്ട് അതിൽ അത്ര പ്രശ്നമില്ല. എന്നാൽ നമ്മൾ പലഹാരങ്ങൾ പോലെയുള്ള സാധനങ്ങൾ നേരിട്ടാണ് കഴിക്കുന്നത്. അതിനാൽ ദൂഷ്യഫലങ്ങളും ഏറെയാണ്. അതെന്തൊക്കെയാണെന്ന് നോക്കാം. പത്രം അച്ചടിക്കാൻ ഉപയോഗിക്കുന്ന കടലാസും, മഷിയും വളരെ വിലകുറഞ്ഞതാണ്. അപ്പോൾ അതിൽ എണ്ണപ്പലഹാരങ്ങൾ പോലെയുള്ളവ പൊതിയുമ്പോൾ അത് ആ മഷി വലിച്ചെടുക്കും, എന്നിട്ട് നമ്മൾ കഴിക്കുമ്പോൾ അത് നമ്മുടെ ശരീരത്തിൽ ചെല്ലുകയും ചെയ്യും.
ഈ മഷിയിൽ ശരീരത്തിന് ഹാനികരമായ ലെഡ്, കാഡ്മിയം, ഗ്രാഫൈറ്റ് എന്നിവ ഉണ്ട്. പഠനങ്ങൾ പ്രകാരം പത്രത്തിൽ ഉള്ള ലെഡ് കാരണം കുട്ടികളിൽ ബുദ്ധി വികസനം കുറയ്ക്കും. കൂടാതെ ഗ്രാഫൈറ്റ് കിഡ്നിക്കും, ശ്വാസകോശത്തിനും തകരാർ ഉണ്ടാക്കും. ഇത് മഷിയുടെ കാര്യം. അത് പോലെ തന്നെ പത്രം പഴയതാകുമ്പോൾ, അല്ലെങ്കിൽ അതിൽ ഈർപ്പം ഉണ്ടാകുമ്പോൾ പല തരം ഫങ്കസുകളും അതിൽ ഉണ്ടാകും ഇത് വയറ്റിൽ ചെല്ലും വഴി പല രോഗങ്ങളും ഉണ്ടായേക്കാം. കൂടാതെ മഷിയിൽ അടങ്ങിയിട്ടുള്ള മറ്റു പല കെമിക്കലുകളും ശരീരത്തിന് വളരെ ഹാനികരമാണ്. പൊതിഞ്ഞു കഴിക്കുന്നത് മാത്രമല്ല. കയ്യും, വായും കഴുകിക്കഴിഞ്ഞാൽ പത്രം ഉപയോഗിച്ച് കയ്യോ, മുഖമോ തുടക്കരുത്.