ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉള്ളം കൈകൊണ്ട് വായ പൊത്തല്ലേ എന്ന് പറയാൻ കാരണം എന്ത് ?
അറിവ് തേടുന്ന പാവം പ്രവാസി
👉വൃത്തിയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ഇല്ലാത്തവരാണ് മലയാളികൾ എന്നാണ് പൊതുവേയുള്ള ധാരണ. രണ്ട് നേരം കുളിക്കുകയും, അലക്കിത്തേച്ച വസ്ത്രമണിഞ്ഞ് നടക്കുകയും ചെയ്യുന്നവരാണ് മിക്കവരും. എന്നാൽ വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഡീസന്റ് ആണെങ്കിലും പൊതുസ്ഥലങ്ങളിലെ കാഴ്ച കണ്ടാൽ മൂക്കത്ത് വിരൽ വെയക്കും.നാലാള് കൂടുന്നിടത്തൊക്കെ നീട്ടിത്തുപ്പും, സാമാന്യമര്യാദയില്ലാതെ ചുമയ്ക്കും, ചുമയ്ക്കുമ്പോളും തുമ്മുമ്പോഴും കൈകൊണ്ട് വായ പൊത്തി കൈകഴുകാതെ ഭക്ഷണം കഴിക്കും, അല്ലെങ്കിൽ കൂട്ടുകാരുടെ തോളിൽ കൈയിട്ട് നടക്കും, രോഗാണുക്കൾക്ക് പടർന്നുകയറാൻ നമ്മൾ തന്നെ സാഹചര്യം ഒരുക്കുകയാണ് ഇവിടെ.
ഇനി ഇത് തുടർന്നു കൂടാ, പൊതുസ്ഥലത്ത് പാലിക്കേണ്ട ചില ശുചിത്വ മര്യാദകളുണ്ട്. ചുമയോ ,തുമ്മലോ വരുമ്പോൾ ഉള്ളംകൈകൊണ്ട് വായ പൊത്തിപ്പിടിക്കുന്നവരാണ് പലരും. രോഗാണുക്കൾ പുറത്തെത്തുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഉള്ളം കൈകൊണ്ട് വായ പൊത്തുമ്പോൾ രോഗാണുക്കൾ നേരിട്ട് കൈകളിലേക്ക് പടരും. പിന്നീട് ആ കൈകൊണ്ട് തൊടുന്നിടത്തെല്ലാം രോഗാണുക്കളും എത്തും.
പുസ്തകങ്ങൾ, പൊതുടാപ്പുകൾ, പ്ലേറ്റുകൾ എന്നിവിടങ്ങളിലെല്ലാം രോഗാണുക്കൾ എത്താം. മറ്റൊരാൾ അവിടെ സ്പർശിക്കുമ്പോൾ അത് അയാളുടെ കൈയിലേക്കും പിന്നീട് ശരീരത്തിലേക്കുമെത്തും. അതിനാൽ ഉള്ളം കൈകൊണ്ട് വായ പൊത്തരുത്. കർച്ചീഫ് അല്ലെങ്കിൽ ടിഷ്യൂ പേപ്പർ ഉപയോഗിക്കുന്ന താണ് നല്ലത്. ഇതിനൊന്നും കഴിഞ്ഞില്ലെങ്കിൽ കൈമുട്ടിന്റെ മുൻവശം കൊണ്ട് വായപൊത്താം.