Health
ഇപ്പോൾ ഭീതിപടർത്തുന്ന കുരങ്ങുപനിയെ കുറിച്ച് അറിയേണ്ടതെല്ലാം

സംഗീത് കുമാർ സതീഷ്.
MONKEY POX – VIRUS
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന ഒരു സൂനോട്ടിക് (ZOONOTIC – Caused by germs that spread between animals and people.) വൈറസാണ് മങ്കിപോക്സ് വൈറസും അതുമൂലമുണ്ടാകുന്ന രോഗവും. മുൻകാലങ്ങളിൽ വസൂരി രോഗികളിൽ കണ്ടിരുന്നതിന് സമാനമായ ലക്ഷണങ്ങലാണ് കണ്ടുവരുന്നത്, എന്നിരുന്നാലും രോഗ തീവ്രത വളരെ കുറവാണ്.
2022 മെയ് ആദ്യം മുതൽ, യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും കാനഡ,യു എസ്, യു കെ തുടങ്ങിയ പല രാജ്യങ്ങളിലും കുരങ്ങുപനി കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്താകമാനം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 92കേസുകളാണ്.
ക്ഷതങ്ങൾ, ശരീരസ്രവങ്ങൾ, ശ്വസനതുള്ളികൾ (Droplets), രോഗിയുടെ കിടക്ക പോലുള്ള മലിനമായ വസ്തുക്കൾ എന്നിവയുമായിട്ടുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മങ്കിപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. സാധാരണയായി 6 മുതൽ 13 ദിവസം വരെയാണ് കുരങ്ങുപനിയുടെ ഇൻകുബേഷൻ കാലയളവ് എന്നാൽ 5 മുതൽ 21 ദിവസം വരെയും ആകാം. മനുഷ്യരിൽ, കുരങ്ങ് പോക്സിന്റെ ലക്ഷണങ്ങൾ വസൂരിയുടെ പോലെ സാമ്യമുള്ളതും എന്നാൽ വസൂരിയോളം തീവ്രമല്ല.
Symptoms.
തലവേദന, ത്വക്ക് ചുണങ്ങു, പനി, ശരീരവേദന, വിറയൽ, വീർത്ത ലിംഫ് നോഡുകൾ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. വസൂരിക്ക് സമാനമായ ലക്ഷണങ്ങൾ ആണ് കാണുന്നതെങ്കിലും വസൂരിയോളം തീവ്രമല്ല. വസൂരിയും Monkey Pox ഉം തമ്മിലുള്ള പ്രധാന വ്യത്യാസം, Monkey Pox ബാധിച്ചവരിൽ ലിംഫ് നോഡുകൾ (ലസികാ ഗ്രന്ഥി) വീർക്കുന്നതു കണ്ടുവരുന്നു (ലിംഫഡെനോപ്പതി) എന്നാൽ വസൂരി അങ്ങനെയല്ല. പനി പ്രത്യക്ഷപ്പെട്ട് 1 മുതൽ 3 ദിവസത്തിനുള്ളിൽ ചുണങ്ങുകൾ വികസിക്കുന്നു, പലപ്പോഴും മുഖത്ത് ആരംഭിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്.രോഗം സാധാരണയായി 2-4 ആഴ്ചകൾ വരെ നീണ്ടുനിൽക്കും.
Prevention
വൈറസ് ബാധയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക (രോഗം ബാധിച്ചതോ കുരങ്ങുപനി ബാധിച്ച സ്ഥലങ്ങളിൽ ചത്തതോ ആയ മൃഗങ്ങൾ ഉൾപ്പെടെ).രോഗിയായ മൃഗവുമായി സമ്പർക്കമുള്ള സ്ഥലങ്ങളോ, സാധനങ്ങളോ മറ്റു വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.അണുബാധയ്ക്ക് സാധ്യതയുള്ള മറ്റുള്ളവരിൽ നിന്ന് രോഗബാധിതരായ രോഗികളെ ISOLATE ചെയ്യുക.
രോഗബാധിതരായ മൃഗങ്ങളുമായോ മനുഷ്യരുമായോ സമ്പർക്കം പുലർത്തിയ ശേഷം കൈ ശുചിത്വം ശീലമാക്കുക. ഉദാഹരണത്തിന്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.രോഗികളെ പരിചരിക്കുമ്പോൾ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) ഉപയോഗിക്കുക.
Treatment
നിലവിൽ, മങ്കിപോക്സ് വൈറസ് അണുബാധയ്ക്ക് തെളിയിക്കപ്പെട്ടതും സുരക്ഷിതവുമായ ചികിത്സയില്ല. എന്നിരുന്നാലും, വസൂരി വാക്സിൻ, ആൻറിവൈറലുകൾ, വാക്സിനിയ ഇമ്മ്യൂൺ ഗ്ലോബുലിൻ (VIG) എന്നിവ ഉപയോഗിക്കാം. കുരങ്ങുപനി ഉണ്ടെന്ന് സംശയിക്കുന്ന ഏതൊരു രോഗിയെയും പരിശോധിക്കണം, സ്ഥിരീകരിക്കപ്പെട്ടാൽ, അവരുടെ മുറിവുകൾ പുറംതൊലിയിലെത്തുന്നതുവരെ, ചുണങ്ങു വീഴുകയും ചർമ്മത്തിന്റെ പുതിയ പാളി രൂപപ്പെടുകയും ചെയ്യുന്നതുവരെ ISOLATE ചെയ്തിരിക്കണം.
കുരങ്ങുപനിയുടെ റിസർവോയർ ഹോസ്റ്റ് (പ്രധാന രോഗ വാഹകൻ) ഇപ്പോഴും അജ്ഞാതമാണ്, എന്നിരുന്നാലും ആഫ്രിക്കൻ എലികൾ രോഗം പകരുന്നതിൽ ഒരു പങ്കു വഹിക്കുന്നതായി സംശയിക്കുന്നു. മങ്കിപോക്സ് വൈറസിന് ഇരയാകാൻ സാധ്യതയുള്ള വിവിധ മൃഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മങ്കിപോക്സ് വൈറസിന്റെ യഥാർത്ഥ ഉറവിടം ഇപ്പോഴും അജ്ഞാതമാണ് എന്നിരുന്നാലും കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. രോഗബാധിതരായ മൃഗങ്ങളുടെയോ, വേണ്ടത്ര പാകം ചെയ്യാത്ത മാംസവും മറ്റും കഴിക്കുന്നത് രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
കുരങ്ങ്പോക്സ് സാധാരണയായി വലിയ തീവ്രതയില്ലാതെ വന്നു പോയേക്കാം , എന്നാൽ കുട്ടികൾ, ഗർഭിണികൾ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണം പ്രതിരോധശേഷി കുറഞ്ഞവരിൽ മറ്റു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അപകടസാധ്യത കുറവാണ്, എന്നിരുന്നാലും പനിയും വിറയലും ഉണ്ടെങ്കിലോ, ചർമ്മ ചുണങ്ങു (ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവുകൾ) ഉണ്ടാകുകയും ചെയ്താൽ ഉടനെ തന്നെ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ഉടൻ വൈദ്യസഹായം തേടുകയും വേണം.
1970-ൽ ആണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) കുരങ്ങുപനി ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തത്. അതിനുശേഷം, മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ആളുകളിൽ കുരങ്ങുപനി പകർന്നു രോഗബാധിതരായിട്ടുണ്ട്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ വൈറസിന്റെ സ്ഥിരമായ സാന്നിധ്യം കണ്ടു. ഗാബോൺ, ലൈബീരിയ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലും വലിയ രീതിയിൽ അക്കാലത്തു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിവരങ്ങൾക്ക് കടപ്പാട് – W .H .O, CDC CENTERS FOR DISEASE CONTROL & PREVENTION.
1,672 total views, 8 views today