ഭക്ഷണം ക്രമീകരിക്കാം കാലാവസ്ഥക്കനുസരിച്ച്

0
535

ഭക്ഷണം ക്രമീകരിക്കാം കാലാവസ്ഥക്കനുസരിച്ച്

വളരുന്നതിനനുസരിച്ച് നാമെല്ലാം ആഹാരക്രമത്തിൽ മാറ്റം വരുത്താറുണ്ട്.
ഇതുപോലെ കാലാവസ്ഥക്കനുസരിച്ചും ഡയറ്റ് പ്ലാൻ മാറ്റണമെന്നാണ് വിദഗ്ധാഭിപ്രായം. വെയിലും മഴയും മഞ്ഞുമെല്ലാം മാറിമാറിയും
ഇടകലർന്നും വരുന്ന കേരളത്തിൽ ആരോഗ്യ പരിപാലനത്തിനായി അനുയോജ്യമായ ആഹാരക്രമം
തുടരേണ്ടതുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ചെറിയ
കാലയളവിനുള്ളിൽ തന്നെ കാലവസ്ഥ മാറിമറിയുന്നുണ്ട്. ഇതിനനുസരിച്ച് അനുയോജ്യമായ ഡയറ്റിലേക്ക് മാറാം.

വേനൽക്കാലം

ജനുവരി അവസാന വാരം തുടങ്ങി മെയ് വരെ നീളുന്നതാണ് കേരളത്തിലെ വേനൽക്കാലം.
ഇക്കാലയളവിൽ ധാരാളം വെള്ളം കുടിക്കണം. കരിങ്ങാലി, ചുക്ക്, പതിമുഖം, രാമച്ചം, ഉണക്കമുന്തിരി, നെല്ലിക്ക എന്നിവയിലൊന്നിട്ട് തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിൻവെള്ളം, സംഭാരം, പഴച്ചാറുകൾ എന്നിവ നല്ലതാണ്.

ഗോതമ്പ്, ബാർളി തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണം, എളുപ്പം ദഹിക്കുന്ന കഞ്ഞി പോലുള്ളവയും അനുയോജ്യം. ജലാംശം അധികമുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മഴക്കാലം

ദഹിക്കാൻ പ്രയാസമുള്ള മാംസാഹാരങ്ങൾ, കൊഴുപ്പുകൂടിയ ഭക്ഷണം, എണ്ണപ്പലഹാരങ്ങൾ എന്നിവ ഒഴിവാക്കണം. ജീരകം, ചുക്ക് എന്നിവയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം, ചൂടോടെയുള്ള ഭക്ഷണം, ഇഞ്ചിയും മുളകും കറിവേപ്പിലയുമിട്ട മോര്, ചെറുപയർ, മുതിര, പുളിയിട്ട മീൻ കറി, ഇഞ്ചിയും കുരുമുളകും കൂടുതൽ ചേർത്ത ഭക്ഷണം, ഇലയട, ഓട്ടട, കട്ടിപ്പത്തിരി, ജീരക കഞ്ഞി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

മഞ്ഞുകാലം

പാൽ ഉത്പന്നങ്ങൾ, മാംസാഹാരങ്ങൾ, സൂപ്പ്, മിതമായ അളവിൽ എണ്ണ – നെയ്യ് ചേർത്ത ആഹാരങ്ങൾ, ഗോതമ്പ്, അരിപ്പൊടി, ഉഴുന്ന് കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ എന്നിവ മഞ്ഞുകാലത്ത് ഉൾപ്പെടുത്തണം.