Sanuj Suseelan
അത്യാവശ്യം കൊള്ളാവുന്ന ഒരു പ്ലോട്ടിനെ വളരെ മോശമായ തിരക്കഥയും സംഭാഷണങ്ങളും കൊണ്ടും നശിപ്പിച്ചിരിക്കുന്ന ഒരു സിനിമയാണ് ഹെവൻ. മലയാളത്തിൽ അടുത്തിടെ ഇറങ്ങി ഹിറ്റായ ക്രൈം ത്രില്ലറുകളിൽ കണ്ട കൊള്ളാവുന്ന ചില ഷോട്ടുകൾ അതേപടി ഇതിൽ എടുത്ത് ചേർത്തിട്ടുണ്ട്. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുന്നത് പോലെ അതെല്ലാം സിനിമയുടെ താളത്തിന് ചേരാത്ത രീതിയിൽ വേറിട്ട് നിൽക്കുന്നുമുണ്ട്. അതൊന്നും പോരാഞ്ഞിട്ട് മോഡേൺ ആവാൻ വേണ്ടി സോഷ്യൽ മീഡിയയിലും മറ്റും കാണുന്ന പൊളിറ്റിക്കൽ കറക്ട്നെസ്സ് ജാർഗണുകളും ഈ ചിത്രത്തിലുണ്ട്. ഓരോ സംഭവങ്ങളും സബ് പ്ലോട്ടുകളും വളരെ സമയമെടുത്തും വലിച്ചു നീട്ടിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓപ്പണിങ് സീൻ തന്നെ ഉദാഹരണം. അഞ്ചോ പത്തോ മിനിറ്റ് എടുത്ത് അവതരിപ്പിക്കുന്ന സീനിൽ ആ വണ്ടിയും കുട്ടികളും അതിൽ പിള്ളേർസെറ്റിന്റെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഡയലോഗുകളും ഒളിഞ്ഞു നോട്ടവുമെല്ലാം എന്തിനാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നോക്കുക. ഇതൊന്നുമില്ലാതെ ഒന്നോ രണ്ടോ ഷോട്ടിൽ ഇതിനേക്കാൾ കൗതുകകരമായി ഇതേ വിഷയം അതവതരിപ്പിക്കാൻ എത്രയോ വഴികളുണ്ടായിരുന്നു.
CAUTION : Mild spoilers ahead
അഴുകിത്തുടങ്ങിയ ശവശരീരത്തിന്റെ പഴക്കം എങ്ങനെയാണു കണ്ടുപിടിച്ചതെന്ന് ഫോറൻസിക് സർജൻ വിശദീകരിക്കുന്ന ഒരു സീനുണ്ട്. “Forensic entomology” എന്നൊരു ശാസ്ത്ര ശാഖയുണ്ട് എന്നത് ശരിതന്നെ. സർജനും ഇൻസ്പെക്ടറും തമ്മിലുള്ള സംഭാഷണത്തിൽ അതുപയോഗിച്ച് ശവശരീരത്തിന്റെ പഴക്കത്തെപ്പറ്റി അവർ ഒരു അനുമാനം നടത്തുന്നതിലും തെറ്റില്ല. ശവശരീരത്തിന്റെ കാലപ്പഴക്കം ശാസ്ത്രീയമായി നിർണയിക്കുന്നത് അന്തരാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയിലൂടെയും ടെസ്റ്റുകളിലൂടെയുമാണ് എന്നാണ് എന്റെ പരിമിതമായ അറിവ്. പക്ഷെ സിനിമയിൽ സർജൻ കോടതിയിൽ വന്നു നെഞ്ചു വിരിച്ചു പറയുന്നത് ആദ്യം പറഞ്ഞ രീതിയിലാണ് തങ്ങൾ ആ ബോഡിയുടെ പഴക്കവും കൊല നടന്ന സമയവും കണ്ടുപിടിച്ചതെന്നാണ്. ഇതൊക്കെ ഏതു ഉട്ടോപ്പിയയിൽ നടക്കുന്ന കഥയാണ് ഹേ ? ഈ സിനിമയിൽ ക്രൈം ചെയ്യുന്നയാൾക്ക് ഫോറൻസിക് എന്റമോളജിയെപ്പറ്റി ഏകദേശ ധാരണയെങ്കിലും ഉണ്ടാവുമെന്ന് സിനിമ കണ്ടവർക്ക് പിടികിട്ടും. അങ്ങനെയാണെങ്കിൽ അയാൾക്ക് കൊല നടന്ന സമയം മാനിപ്പുലേറ്റ് ചെയ്യുന്ന രീതിയിൽ ക്രൈം സീനിൽ വേറെ ജീവികളെ വേണമെങ്കിൽ പ്ലാന്റ് ചെയ്യാമല്ലോ. ഇങ്ങനെയുള്ള വിചിത്രമായ തിയറികൾ തലങ്ങും വിലങ്ങും എടുത്തു വീശിയാണ് സിനിമയിൽ അന്വേഷണം മുന്നോട്ട് പോവുന്നത്. ജയറാമും ഇന്ദ്രജിത്തും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഫിംഗർ പ്രിന്റ് എന്ന സിനിമയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഇതിലെ ക്ലൂ പിടിത്തം. കൂടുതൽ വിശദീകരിച്ച് വഷളാക്കുന്നില്ല.
അഭിനേതാക്കളിലേക്ക് വന്നാൽ എല്ലാവരും നാടകീയമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് മാത്രമാണ് അല്പമെങ്കിലും ആശ്വാസം. സിനിമയുടെ തുടക്കത്തിലേ അദ്ദേഹത്തിന്റെ ശരീര ഭാഷയും സംസാരവുമെല്ലാം ക്ഷീണിതനായ ഒരാളിന്റേതാണ്. അതുകൊണ്ടു തന്നെ മറ്റു സംഭവ വികാസങ്ങൾക്ക് ശേഷവും ആ മാറ്റം വലുതായൊന്നും നമുക്ക് അനുഭവപ്പെടില്ല എന്ന ഒരു അപാകതയുണ്ട് എന്ന് മാത്രം. എന്നാൽ ചില സീനുകളിൽ അദ്ദേഹം വളരെ നന്നായിട്ടുമുണ്ട്. പ്രത്യേകിച്ച് മകനെക്കുറിച്ചോർത്ത് സഹപ്രവർത്തകനായ അലൻസിയറുടെ വീട്ടിലിരുന്നു സംസാരിക്കുന്ന ഒരു രംഗത്തിൽ. ഇപ്പോൾ പൊട്ടിയൊഴുകും എന്ന മട്ടിലുള്ള കണ്ണുകളും എന്തോ ഓർത്ത് പല്ലുകൾ കടിച്ചമർത്തുന്നതും ഒക്കെ അദ്ദേഹം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. അഭിജ, സ്മിനു സിജോ , ജാഫർ ഇടുക്കി, അലൻസിയർ, സുധീഷ് എന്നിങ്ങനെ കഴിവുള്ള അഭിനേതാക്കൾ ഒരുപാടുണ്ടെങ്കിലും എന്തോ പന്തികേട് തോന്നുന്ന വിധം ഇൻ കൺസിസ്റ്റന്റ് ആണ് എല്ലാവരുടെയും പ്രകടനം. അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. അസമയത്ത് ചീഞ്ഞ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിക്കേണ്ടി വന്ന ഇവരോട് സഹതാപമുണ്ട്.
ഒരു പുതുമുഖ സംവിധായകന്റെ ആദ്യ സിനിമയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ഏതു സിനിമയിലെയും സാങ്കേതികമായ തെറ്റുകുറ്റങ്ങൾ വേണമെങ്കിൽ കണ്ടില്ലെന്നു നടിക്കാവുന്നതാണ്. എന്നാൽ കഥയിലും തിരക്കഥയിലും പ്രത്യേകിച്ച് സംഭാഷണത്തിലും ഉള്ള പ്രശ്നങ്ങൾ അങ്ങനെയല്ല. ഒരു സിനിമ എടുക്കുമ്പോൾ കഴിയുന്നത്ര വിഷയങ്ങൾ കുത്തിതിരുകേണ്ട കാര്യവുമില്ല. ഒരു സ്ത്രീയുടെ ദേഹത്ത് തൊടാൻ അവളുടെ അനുവാദം വേണോ എന്ന വിഷയത്തെക്കുറിച്ച് ചൂടൻ ചർച്ചകൾ നടക്കുന്ന സ്ഥിതിക്ക് അതുംകൂടി ഇരുന്നോട്ടെ എന്ന മട്ടിലാണ് ഈ സിനിമയിൽ അത് ചേർത്തിരിക്കുന്നത്. അത് സാരമില്ല എന്ന് വയ്ക്കാം. പക്ഷെ അപ്പോൾ അതിൽ എന്തെങ്കിലും പുതുതായി പറയാൻ കൂടി നിങ്ങൾക്ക് കഴിയണം. അല്ലെങ്കിൽ അത് അതേപടി ഒഴിവാക്കുന്നതാണ് നല്ലത്. കഥയ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും അതുകൊണ്ടില്ലാത്ത സ്ഥിതിക്ക് എന്തിനാണ് ഇത്തരം തക്കിട തരികിട വിദ്യകൾ ? പുരോഗമന ചിന്തകൾ ഒരു വിനോദ സിനിമയിൽ ചേർക്കുമ്പോൾ നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ വിപരീത ഫലമാണുണ്ടാക്കുക. എന്തും ഓവർഡോസ് ആയാൽ ജനത്തിന് മടുക്കും. എത്രയോ ജനപ്രിയ കുടുംബ ചിത്രങ്ങളെടുത്ത സത്യൻ അന്തിക്കാട് പോലും അതിന്റെ പേരിൽ വിമർശനം നേരിടുന്ന കാലമാണ്.
ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മേല്പറഞ്ഞതൊക്കെ അവഗണിച്ചാൽ ഒരുതവണ കണ്ടു മറക്കാവുന്ന ചിത്രം.