Heaven
Faisal K Abu
ദൃശ്യം എന്ന ചിത്രം മലയാളത്തിൽ അതു വരെ വന്നിരുന്ന ത്രില്ലർ സിനിമാ രീതികൾക്ക് ഒരു കീറാമുട്ടി കൂടി സമ്മാനിച്ച ഒന്നായിരുന്നു. പടത്തിലെ അവസാന സീനിൽ വരെ കാണികളെ ത്രിൽ അടിപ്പിക്കുന്ന, അൽഭുതപ്പെടുത്തുന്ന എന്തെങ്കിലും കൂടി സമ്മാനിക്കുക എന്നത്. അതിനെ പിന്തുടർന്ന് വന്ന പല സിനിമകളിലും ബോധപൂർവം തന്നെ അത് ഉപയോഗിച്ചതായി കണ്ടിട്ടുണ്ട്. അതിലേക്ക് ഒന്നു കൂടി എന്നു പറയാവുന്ന ഒരു ചിത്രം ആയാണ് എനിക്കു ഹെവൻ അനുഭവപ്പെട്ടത്.
ഒരു കാട്ടിൽ നിന്നും NCC കേഡറ്റുകൾ കണ്ടെത്തുന്ന അഴുകി തുടങ്ങിയ ഒരു ജഡത്തിൽ നിന്നും ആരംഭിക്കുന്ന സിനിമ അദ്യ പതിനഞ്ച് മിനിറ്റിൽ തന്നെ കൊലപാതകിയേയും കാണികൾക്ക് മുന്നിൽ കൊണ്ടുവരുന്നുണ്ട്… തുടർന്ന് ഈ കൊലപാതകത്തിന് കാരണമായ സംഭവം എന്തായിരുന്നു, അയാൾ തന്നെ ആണോ ഈ കൊലപാതകം നടത്തിയത് തുടങ്ങിയവ ആണ് ഈ ചിത്രം പറയുന്നത്.
തുടക്കത്തിൽ ഒരു ആക്ഷൻ ഹീറോ ബിജു ഫോർമാറ്റിൽ കഥ പറഞ്ഞ് തുടങ്ങുന്ന ചിത്രം പതിയെ അതിൻ്റെ പ്രാധാന പ്രമേയത്തിൽ എത്തുമ്പോൾ നല്ല രീതിയിൽ കാണികളും ആയി കണക്റ്റ് ചെയ്തു തുടങ്ങി ഇടവേള വരേ നന്നായി പോകുന്നുണ്ട് . എന്നാൽ ഇടവേളക്ക് ശേഷം ആ ഒരു ഗ്രിപ്പിങ്ങ് സിനിമയിൽ നഷ്ടപെട്ടു പോകുന്നത് പോലെ തോന്നി… ആവസാന അരമണിക്കൂർ ഒക്കെ ഒരു കഥ എങ്ങനെ എങ്കിലും പറയുക എന്നതിന് അപ്പുറം ഒട്ടും തന്നെ രസകരമായി തോന്നിയില്ല.. ആൻ്റി ക്ലൈമാക്സ് ഒക്കെ നനഞ്ഞ പടക്കം പോലെ ആണ് തോന്നിയത്…സിനിമയിൽ ഉടനീളം ത്രില്ലിംഗ് ആയ പല സംഭവങ്ങളും ഒക്കെ അവതരിപ്പിച്ചു ഇരിക്കുന്നത് ഇതേ ഒരു നനഞ്ഞ ഫീലിൽ ആണ്.
സുരാജിൻ്റെ പെർഫോർമൻസ് സിനിമ ഡിമാൻഡ് ചെയ്യുന്നത് കൃത്യമായി നൽകുന്നുണ്ട്… പക്ഷേ ഈ ഒരു അമിത മിതത്വം എന്ന ടൈപ്പ് കാസ്റ്റിംഗ് അദ്ദേഹം വിട്ടു പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ… ജാഫർ ഇടുക്കിയുടെ വേഷം ആണ് പേഴ്സണലി സിനിമയിൽ എനിക്കു ഇഷ്ട്ടപ്പെട്ടത്.
ത്രില്ലർ ജോണർ സിനിമകൾ ഒരുപാട് ഇഷ്ടം ഉള്ളൊരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു പോലീസുകാരൻ കൂടി എഴുത്തുകാരൻ ആയ ചിത്രം എന്നതു തന്നെയാണ് ഹെവൻ എന്ന സിനിമ എനിക്ക് നൽകിയ പ്രതീക്ഷ.
പക്ഷേ ഒരു കഥയെ തിരക്കഥ ആക്കിയപ്പോൾ ഒട്ടും തന്നെ ഒഴുക്കുള്ള ഒന്നായി തോന്നിയില്ല.. മേകിങ്ങും ഒട്ടും തന്നെ കഥയെ അപ്പ്ലിഫ്റ്റ് ചെയ്യാൻ ഉള്ളൊരു ശ്രമം ഒന്നും നടത്തുന്നത് ആയി തോന്നിയില്ല… ആകെ തുകയിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നതിൽ കൂടുതൽ ഒന്നും തോന്നിയില്ല.