ഇത് വരെ പെയ്‌ത മഴ കുറവാണ്, എന്നിട്ടും സംസ്ഥാനത്തുടനീളം നിന്നും കേൾക്കുന്ന വാർത്തകൾ സുഖകരമല്ല

25

കാർത്തിക് ശശി

തുടർച്ചയായി മൂന്നാം വർഷവും കേരളം ശക്തമായ മഴക്കെടുതി നേരിടുകയാണ്. നിലവിലെ കണക്കുകൾ പ്രകാരവും ഇത് വരെ പെയ്‌ത മഴ കുറവാണ്. എന്നിട്ടും സംസ്ഥാനത്തുടനീളം നിന്നും കേൾക്കുന്ന വാർത്തകൾ സുഖകരമല്ല. ഇടുക്കി രാജമലയിലെ ഉരുൾ പൊട്ടലിൽ പതിനാല് മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനിയും അൻപതിൽ ഏറെ പേരെ കാണാൻ ഇല്ലായെന്ന് പറയുന്നു. വയനാട്ടിലും ഉരുൾപൊട്ടൽ ഉണ്ടായി. പമ്പ, പെരിയാർ, മീനച്ചിലാറിലൊക്കെ ജലനിരപ്പ് ഉയരുന്നു. പല ചെറു അണക്കെട്ടുകളും ഷട്ടർ ഉയർത്തി തുടങ്ങിയിരിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒക്കെ അതീവജാഗ്രതാ നിർദേശം ഒക്കെ ഔദ്യോഗികമായി നൽകുന്ന സാഹചര്യത്തിലേക്ക് കടക്കുന്നു. തീരദേശം മൊത്തം കടൽ കയറി ഒഴുകുകയാണ്, പ്രത്യേകിച്ച് തിരുവനന്തപുരം പൂവാർ മുതൽ ചെല്ലാനം വരെ. ഒത്തിരി വീടുകൾക്ക് നാശം സംഭവിച്ചിരിക്കുന്നു. ആകെ ഒരു മഴക്കെടുതിയുടെ അന്തരീക്ഷം.

എന്നും നമുക്ക് ഇങ്ങനെ പോയാൽ മതിയോ?

പലപ്പോഴും പറഞ്ഞതാണ് വീണ്ടും പറയുന്നു തിരുത്തലുകൾ കൂടിയേ തീരൂ. ഉരുൾപൊട്ടുമ്പോൾ, മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ, പ്രളയം വരുമ്പോൾ അതിന്റെ കെടുതി അനുഭവിക്കുന്ന മനുഷ്യരെ കൂടി ഉൾപ്പെടുത്തി കൊണ്ട് മനുഷ്യരുടെ ഇടപെടീലുകളുടെ പ്രശ്നം എന്നങ്ങ് പറഞ്ഞു പോയാൽ പോരാ. അത് അശ്ലീലമാണ്. ഏറിയ പങ്ക് ഭൂമിയും, സ്വത്തും കൈക്കലാക്കി വെച്ചിരിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ തെറ്റായ പ്രവർത്തികളുടെയും, അവർക്ക് വെള്ളവും, വളവും നൽകി തങ്ങൾ തന്നെ ഉണ്ടാക്കിയ നിയമങ്ങളെ കാറ്റിൽ പറത്തി കൊണ്ട് താൽപര്യങ്ങൾക്ക് വേണ്ടി നിന്ന് കൊടുത്ത മാറി മാറി വന്ന കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളുടേയും കൈയ്യിലിരിപ്പിന്റെ ഫലമാണ് നമ്മൾ ഈ അനുഭവിക്കുന്നത്. അത് അങ്ങനെ തന്നെ പറയണം. ഇപ്പോഴോ? എന്ന് ചോദിച്ചാൽ, ഇപ്പോൾ തന്നെ എന്നാണ് മറുപടി.

കാരണം വെള്ളം മഴ തോർന്നാൽ, വെള്ളം ഇറങ്ങിയാൽ ഇതെല്ലാം മറക്കും, അതാണ് നമ്മൾ മലയാളികളുടെ പ്രശ്നം. അത് കൊണ്ട് പറഞ്ഞു പഴകിയത് തന്നെ പറയുന്നു. അനധികൃതമായ, പ്രകൃതിയെ തകർക്കുന്ന, ആവാസ മേഖലയിലെ ഖനന പ്രവർത്തികൾ നിർത്തി വെക്കണം. പാറ ഖനനവും, റിസോർട്ട് നിർമാണവും, മരം മുറിക്കലും ഒക്കെ എവിടെ പാടില്ല എന്ന കണക്കൊക്കെ ഏകദേശം ഇപ്പോൾ തന്നെ നമ്മുടെ കൈയ്യിൽ ഉണ്ട്. അത് കുറച്ച് കൂടി വിപുലമാക്കണം, എന്നിട്ട് കർശനമായി അത് നിയന്ത്രിക്കണം എന്നല്ല, അവസാനിപ്പിക്കണം. പരിസ്‌ഥിതി സംരക്ഷണം എന്ന് പറയുന്നവർക്ക് ഭ്രാന്ത് അല്ല എന്നും, പരിസ്ഥിതി സംരക്ഷണം എന്നത് കപട വാദം അല്ലെന്നും തിരിച്ചറിയാൻ ഈ അവസരങ്ങൾ എങ്കിലും ഉപയോഗിക്കണം. തെറ്റായ നടപടികളെ ശാസ്ത്രീയത എന്ന രീതിയിൽ അവതരിപ്പിക്കുന്ന, പരിസ്‌ഥിതിയെ കുറിച്ച് സംസാരിക്കുന്നത് അശാസ്ത്രീയത എന്ന് പ്രചരിപ്പിക്കുന്ന എല്ലാ കപട ശാസ്ത്രീയ വാദികളേയും അകറ്റി നിർത്തുകയും വേണം.

ഒപ്പം ഈ അവസരത്തിൽ നമ്മുടെ സംവിധാനങ്ങളിലെ പോരായ്മകൾ കൂടി നാം തിരിച്ചറിയണം. അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ വൾനറബിൾ മാപ്പ് തയ്യാറാക്കി അപകട സാധ്യത മേഖലകളോട് അടുപ്പിച്ച് നിർത്തണം. ഇടുക്കിയിൽ ഒരു വിഷയം ഉണ്ടായാൽ കോഴിക്കോട്, എറണാകുളം ഒക്കെ എപ്പോഴും ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്ന കാലതാമസം എത്രയോ മനുഷ്യരെ ആണ് പ്രതിസന്ധിയിൽ ആക്കുന്നത് ഇത്തരത്തിൽ മാപ്പ് ഒക്കെ ഉണ്ടെങ്കിലും, അതൊക്കെ എത്രത്തോളം ശരി എന്നതിൽ സംശയം ഉണ്ടെന്ന് ദുരന്തനിവാരണ മേഖലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് ആശങ്ക പങ്ക് വെച്ചിട്ടുണ്ട്. ഡാമുകൾ തുറന്നാൽ എത്ര വെള്ളം എവിടെ ഒക്കെ ഉയരും എന്നതിൽ ഒക്കെ നമുക്ക് ഏകദേശ കണക്കുകൾ ഉണ്ടെങ്കിലും പലപ്പോഴും ആ ഏകദേശം എന്നത് തെറ്റി പോകുന്നത് ഒരു വലിയ പ്രശ്നമാണ് എന്നദ്ദേഹം പറഞ്ഞത് ഓർക്കുന്നു. നമ്മൾ ഒട്ടും സുരക്ഷിതമല്ലാത്ത പരിസ്‌ഥിതിയിലേക്ക് എത്തി കഴിഞ്ഞു. അത് കൊണ്ട് തന്നെ ഓരോ മനുഷ്യന്റേയും ജീവനും, ജീവിത ചുറ്റുപാടുകൾക്കും പ്രാധാന്യം നൽകി കൊണ്ട് അത്ര ശക്തമായ സംവിധാനങ്ങൾ സജ്ജമാക്കേണ്ടത് അനിവാര്യമാണ്.