Space
ഹെലികോപ്ടർ പറക്കുന്നു ചൊവ്വയിൽ
ഭൂമിക്ക് വെളിയിൽ ഒരു ഗോളത്തിൽ ആദ്യമായി മനുഷ്യനെ എത്തിച്ച നാസ ഇപ്പോൾ മറ്റൊരു ശാസ്ത്ര വിസ്മയം കൂടി അവതരിപ്പിക്കുകയാണ്.
185 total views

ഹെലികോപ്ടർ പറക്കുന്നു ചൊവ്വയിൽ
ഭൂമിക്ക് വെളിയിൽ ഒരു ഗോളത്തിൽ ആദ്യമായി മനുഷ്യനെ എത്തിച്ച നാസ ഇപ്പോൾ മറ്റൊരു ശാസ്ത്ര വിസ്മയം കൂടി അവതരിപ്പിക്കുകയാണ്. 2021 ഏപ്രിൽ 19 ന് നാസയുടെ ഇൻജിന്യൂയിറ്റി (Ingenuity) എന്ന ഹെലികോപ്ടർ ചൊവ്വയിൽ പറക്കും. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 3 മുതൽ 5 വരെ മീറ്റർ ഉയരത്തിലാണ് 90 സെക്കണ്ട് ദൈർഘ്യമുള്ള പറക്കൽ നിശ്ചയിച്ചിട്ടുള്ളത്. ഇന്നത്തെ ദൗത്യം വിജയിച്ചാൽ തുടർന്ന് 4 തവണ കൂടി ഈ മാർസ് ഹെലികോപ്ടർ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കും. 50 മീറ്റർ ദൂരം പറന്നതിനു ശേഷം പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തുന്ന ഹെലികോപ്ടർ പെർസിവറൻസ് റോവറുമായി സന്ദേശങ്ങൾ കൈമാറും.
ഭൗമാന്തരീക്ഷത്തിൻ്റെ നൂറിൽ ഒന്നു മാത്രമാണ് ചൊവ്വയുടെ അന്തരീക്ഷ സാന്ദ്രത. ഗുരുത്വാകർഷണമാകട്ടെ ഭൂമിയുടെ മുന്നിൽ ഒന്നും. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ഹെലികോപ്ടർ പറത്തുന്നത് പ്രയാസമാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 30 കിലോമീറ്റർ ഉയരത്തിൽ ഹെലികോപ്ടർ പറത്തുന്നതിന് സമാനമായ സാഹചര്യമാണ് നാസ നേരിടുന്നത്. ഭൂമിയിലെ ഒരു ഹെലികോപ്ടറിൻ്റെ ബ്ലേഡ് കറങ്ങുന്നതിൻ്റെ മൂന്നിരട്ടി വേഗതയിലാണ് ചൊവ്വയിൽ മാർസ് ഹെലികോപ്ടറിൻ്റെ ബ്ലേഡുകൾ കറങ്ങുന്നത്. എങ്കിൽ മാത്രമേ ചൊവ്വയിൽ നിന്നുള്ള ടേക്ക് – ഓഫ് സാധ്യമാവുകയുള്ളൂ. ക്രാഷ് ലാൻഡിംഗ് ഒഴിവാക്കുന്നതിനായി ഹെലികോപ്ടറിൻ്റെ കാലുകളിൽ സ്പ്രിംഗ് ഘടിപ്പിച്ചിട്ടുണ്ട്. കോപ്ടറിലെ പ്രൊസസറിന് പെർസിവറൻസ് റോവറിലെ പ്രൊസസറിനേക്കാൾ 100 മടങ്ങ് പ്രവർത്തന ശേഷിയുണ്ട്.
സോളാർ പാനലുകളാണ് ഹെലികോപ്ടറിന് ആവശ്യമുള്ള ഊർജം നൽകുന്നത്. 30-40 W / h കപ്പാസിറ്റിയുള്ള ആറ് ലിഥിയം അയോൺ ബാറ്ററിയും ഇൻജിന്യൂയിറ്റിയിൽ ഉണ്ട്. 250 kbits/s ഡാറ്റ 1000 മീറ്ററിനുള്ളിൽ അയക്കാൻ കഴിയുന്ന കമ്യൂണിക്കേഷൻ സിസ്റ്റമാണ് കോപ്ടറിലുള്ളത്. 80 മില്യൺ യു.എസ് ഡോളറാണ് മാർസ് കോപ്ടറിൻ്റെ നിർമാണച്ചെലവ്. ഓപ്പറേഷന് 5 മില്യൺ കൂടി ചെലവ് പ്രതീക്ഷിക്കുന്നു. ഇൻജിന്യൂയിറ്റി പറക്കുന്നത് ചരിത്രത്തിലേക്കാണ്. 1903 ൽ ഭൂമിയിൽ ആദ്യത്തെ എയർക്രാഫ്റ്റ് പറന്നുയർന്നു. ഇപ്പോൾ ഭൂമിക്ക് വെളിയിൽ മറ്റൊരു ലോകത്തിൽ ആദ്യത്തെ എയർക്രാഫ്റ്റ് പറന്നുയരുന്നു.
186 total views, 1 views today