ചില തന്ത/ഭർത്താവ ഭോഷ്‌കന്മാരെ നിലയ്ക്ക് നിർത്തണമെങ്കിൽ ശക്തമായ നിയമം വരേണ്ടതുണ്ട്

178

Hema Hemambika

പെറ്റുകൊണ്ടേയിരിക്കുന്ന അമ്മ, കുടിയനായ അച്ഛൻ! പ്രസവിക്കുന്നതാണോ കുറ്റം, ഗർഭം ധരിക്കുന്നതാണോ കുറ്റം, അതോ കുടിയനായ അച്ഛനാണോ കുറ്റം? കുറ്റത്തിന്റെ കണക്കുകൾ പറയുമ്പോൾ അവസാനം നമ്മൾ എത്തി നിൽക്കുക നമ്മുടെ സിസ്റ്റത്തിൽ തന്നെയാവും.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പൊതുജനം പറയുന്ന പോലെ പ്രവർത്തിക്കാൻ സാധിക്കില്ല. ദാമ്പത്യത്തിൽ പോലും ബലാസംഗം നടക്കുന്ന ഈ നാട്ടിൽ പൊതുജനത്തിന് പ്രത്യേകിച്ചു അഭിപ്രായം പറയാനൊന്നും അവകാശമില്ല എന്നാണ് തോന്നുന്നത്.

മറ്റൊന്ന്, ഒരു ബന്ധത്തിൽ കുട്ടികൾ വേണമോ വേണ്ടയോ, എത്ര വേണം എന്നുള്ളതും തീരുമാനിക്കേണ്ടത് പൊതുജനമോ സിസ്റ്റമോ അല്ല. അതു ആ ബന്ധത്തിൽ ഉൾപ്പെടുന്നവരാണ്.

സ്ത്രീകളുടെ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും എത്തി നിൽക്കുന്നത്, സാമ്പതികത്തിൽ ആയിരിക്കണം. നമ്മുടെ സിസ്റ്റം എന്തുമാത്രം കെട്ടുറപ്പ് ഒരു സ്ത്രീയ്ക്ക് നൽകുന്നുണ്ട്? കുടുംബം- കുട്ടികൾ എന്ന ജീവിതത്തിനു സിസ്റ്റം യാതൊരു പരിരക്ഷയും നൽകാത്തത് കൊണ്ടു തന്നെയാണ് ലക്ഷങ്ങൾ മുടക്കി, സ്ത്രീധനവും കൊടുത്തു നമ്മൾ കല്യാണക്കാരാറിൽ ഏർപ്പെടുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. സിസ്റ്റം തരാത്ത പരിരക്ഷ സമൂഹവും കുടുംബവും നൽകും എന്ന് ചിന്തിക്കുന്നത് കൊണ്ടു തന്നെയാണ്. പ്രത്യേക നിയമങ്ങൾ ഈ ‘പരിരക്ഷയ്ക്ക്’ ഇല്ലാത്തതു കൊണ്ടു തന്നെ, ഈ കരാർ നല്ല രീതിയിൽ നടന്നു കാണാറില്ല.

അതിനൊരു ഉദാഹരണം പറയാം.
യൂറോപ്പിൽ, പ്രത്യകിച്ചും ജർമനിയിൽ കല്യാണം കഴിക്കാതെ തന്നെ ആളുകൾ ഒരുമിച്ചു ജീവിക്കുന്നത് സാധാരണമാണ്. അതു മാസങ്ങൾ അല്ല. നീണ്ട വർഷങ്ങളോളം അവർ ദമ്പതികൾ ആയി ജീവിക്കുന്നു. അതിനിടയിൽ അവർക്ക് കുട്ടികളും ഉണ്ടാകുന്നു. ജീവിതം പിന്നെയും മുന്നോട്ട് പോകുന്നു. ഇതു വളരെ സാധാരണമാണ്. അപൂർവ്വം ചിലർ ഇതിനിടെ കല്യാണം കഴിക്കും, കല്യാണം കഴിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ആണെന്ന് വേണം പറയാൻ.

എന്റെ സുഹൃത്തുക്കളിൽ, സഹപ്രവർത്തകരിൽ പലരും അവരുടെ പാർട്ടണര്മാരുടെ കൂടെ പത്തോ ഇരുപതോ വർഷമായി ഒന്നിച്ചു ജീവിക്കുന്നവരാണ്, കല്യാണം കഴിക്കാതെ. കുട്ടികൾ ഉള്ളവരും ഉണ്ട്. കുട്ടികൾ ഉണ്ടെങ്കിലും, ഉണ്ടാകാൻ തയ്യാറെടുക്കുന്നെങ്കിലും ‘കല്യാണമോ എന്തിന്’ എന്നവർ ചോദിക്കും. സാമ്പത്തികമായി എങ്ങിനെ എന്നാണെങ്കിൽ, അവിടെയാണ് സിസ്റ്റത്തിന്റെ സംരക്ഷണം കടന്നു വരുന്നത്. കുട്ടികളുടെ ബാധ്യത എന്നത്, കുട്ടികൾക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ എന്നത് ഇവിടെ ഒരു വിഷയമല്ല.

ഉദാഹരണത്തിനു, ഇങ്ങനെ ഒന്നിച്ചു ജീവിച്ചു, ആ ബന്ധത്തിലെ കുഞ്ഞിന്റെ അച്ഛൻ പറന്നു നടക്കുന്നു എന്നു വക്കുക. മറ്റൊരു നഗരത്തിൽ ജോലി തേടിയോ, മറ്റൊരു ഇണ തേടിയോ പോകുകയോ ചെയ്തു എന്ന് വക്കുക. വലിയ രീതിയിലുള്ള കോടതി നടപടിക്രമങ്ങൾ ഒന്നുമില്ലാതെ ഗവർമെന്റ് കുഞ്ഞിന്റെ അച്ഛന്റെ കയ്യിൽ നിന്ന് കാശു പിടിച്ചെടുത്ത്, കുഞ്ഞിന്റെ ചിലവിനായി അമ്മയ്‌ക്ക മാസാമാസം തുക നൽകും. ഇത് പലപ്പോഴും ഓട്ടോമാറ്റിക്ക് പ്രോസസ് ആണ്. വലിയൊരു തുകയുമാണത്, കുട്ടിയുടെ18 വയസ്സുവരെ. എന്നു വച്ചാൽ അങ്ങനെയങ്ങ് ആർക്കും പറ്റിച്ചു ഒഴിവാകാൻ സാധ്യമല്ല. മാതാപിതാക്കളിൽ ആരെങ്കിലും മരണപ്പെടുകയാണെങ്കിൽ ഗവർമെന്റ് ഈ സംരക്ഷണ തുക മാസത്തിൽ കൊടുക്കുകയും ചെയ്യും.

ഇത്തരത്തിലുള്ള ഒരു നിയമം നമ്മുടെ നാട്ടിൽ ഉണ്ടായാൽ, അവിടെ കുട്ടികൾ മണ്ണ് തിന്നേണ്ടി വരില്ല എന്നത് ഉറപ്പാണ്. അതേ സമയം, കുഞ്ഞിന്റെ ചിലവിനു വേണ്ടിയുള്ള തുകയ്ക്ക് എത്ര കാലമാണ് ഇവിടെ അമ്മമാർ കോടതി കയറി ഇറങ്ങുന്നത്? ദാമ്പത്യ ബലാത്സംഗം നടത്തി, വർഷം തോറും കുഞ്ഞുങ്ങളെ ഉണ്ടാക്കുകയും അവരെ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്ന ഭർത്താവ് ഭോഷ്‌കന്മാരെ നിലയ്ക്ക് നിർത്തണമെങ്കിൽ ശക്തമായ നിയമം വരേണ്ടതുണ്ട്.