ബീഫ് കഴിക്കാത്ത ഇന്ത്യൻ ജർമ്മനിയിൽ വീട്ടിനു വെളിയിൽ ഇറങ്ങാത്തതാണ് നല്ലത്

403

Hema Hemambika (ജർമ്മനിയിൽ നിന്നും)

ഫ്രാങ്ക്ഫാർട്ട് കേരളസമാജത്തിന്റെ ഫുഡ് ഫെസ്റ്റിൽ ബീഫ് വിളമ്പുന്നത് സംബന്ധിച്ച്, ഉത്തരേന്ത്യൻ മഹാഹിന്ദുക്കളുടെ പരാതിയെക്കുറിച്ചും അതനുകൂലിച്ച് കൊണ്ടുള്ള കോണ്സുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ CGI നടപടിയെക്കുറിച്ചും വായിച്ചു കാണുമല്ലോ.

കേരളസമാജം എന്നത്, ജർമ്മൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ മലയാളികളുടെ കൂട്ടായ്‌മ ആണ്. ഫുഡ് ഫെസ്റ്റ് മാത്രമല്ല, ഓണവും ക്രിസ്മസും എല്ലാം ഈ കമ്മ്യുണിറ്റിയിൽ അവർ ആഘോഷിക്കുന്നു. ഇതുപോലെ തന്നെ ഉത്തരേന്ത്യൻ, ഇതര ദക്ഷിണേന്ത്യൻ ഗ്രൂപ്പുകൾ ഉണ്ട്. അവരും ഇതുപോലെ ആഘോഷങ്ങൾ നടത്തുന്നുണ്ട്.

അതുപോലെയല്ല CGI. കേന്ദ്ര ഗവർമെന്റ്- ഫോറിൻ ഏജൻസി. ഇന്ത്യക്കാർക്ക് വേണ്ടി, ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്ന(?) ഏജൻസി. എന്നു വച്ച്, ജർമനിയിൽ താമസിക്കുന്ന ഒരു ഇന്ത്യനോട്, അല്ലെങ്കിൽ ഇന്ത്യൻ born ജെർമനോട് ഇവർക്ക് ചെയ്യാൻ പറ്റുന്ന/കൈ കടത്താവുന്ന വളരെക്കുറച്ചു കാര്യങ്ങളെ ഉള്ളു. എന്റെ അറിവിൽ പാസ്സ്പോര്ട്ട്, വിസ സംബന്ധമായ കാര്യങ്ങൾ, അറ്റസ്റ്റേഷൻ കാര്യങ്ങൾ മുതലായ രേഖകളാൽ ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം. അതിനപ്പുറം, ഒരു ഇന്ത്യൻ എന്തു കഴിക്കണം, എന്തു കഴിക്കരുത്, എന്തു വിളമ്പിക്കണം, എന്തു പാചകം ചെയ്യണം, എങ്ങനെ ജീവിക്കണം എന്നുള്ളതിൽ കൈ കടത്താൻ യാതൊരു അധികാരവുമില്ല. ഇവിടെ താമസിക്കുന്ന ഓരോ ഇന്ത്യനും ഓർഗനൈസേഷനുകളും ജർമൻ നിയമത്തിനു അധീനതയിലാണ്. അങ്ങിനെയിരിക്കെ, കേരളസമാജത്തോട് ബീഫ് അടങ്ങിയ മെനു പിൻ വലിക്കാൻ ആവശ്യപ്പെട്ടത് അത്യന്തം തെറ്റു തന്നെയാണ്. സംഘപരിവാർ ഭരണത്തിന് ഒത്താശ ചെയ്യുകയല്ലാതെ മറ്റൊന്നുമല്ലിത്.

ഇതിന്റെ കൂടെ എനിക്ക് തോന്നിയ ഒരു തമാശയുണ്ട്. ബീഫ് പാടില്ലെന്ന് പറഞ്ഞ ഹിന്ദുക്കൾ, ജർമനി പോലുള്ള രാജ്യത്ത് ജീവിക്കുമ്പോൾ ഒരു മില്ലിഗ്രാം എങ്കിലും ബീഫ് അകത്തുപോകാതെ ജീവിക്കുന്നു എന്നു വിശ്വസിക്കാൻ സാധിക്കില്ല. ഇവിടങ്ങളിൽ ഇന്ത്യൻ ഇന്ത്യനായി ജീവിക്കുന്ന ഒരു കമ്മ്യുണിറ്റി അല്ലാത്തത് കൊണ്ടു തന്നെ, ജോലിസ്ഥലങ്ങൾ, റെസ്റ്റോറന്റ് എന്നിവടങ്ങളിൽ നിന്ന് തുപ്പി തെറിപ്പിച്ചായാൽ പോലും ഒരു തുള്ളി എങ്കിലും അകത്തു ചെല്ലും. പക്ഷെ ഒന്നാലോചിക്കണം, ആ തുള്ളി തെറിക്കുന്നത് തന്റെ സായിപ്പ് ബോസ്സിന്റേത്, സായിപ്പ് സുഹൃത്തുക്കളുടേത് ഒക്കെ ആണ്. മറ്റൊരു ബീഫ് കഴിക്കുന്ന ഇന്ത്യക്കാരന്റേത് അല്ല. സായിപ്പിന്റെ പാർട്ടിക്ക് പോകുന്നത് പോലെ അല്ലല്ലോ ഇന്ത്യക്കാരന്റേത്. ഗോമൂത്രം പുണ്യാഹം എന്ന പോലെ തന്നെ. ഇതു ചിന്തിച്ചപ്പോൾ ഓർമ്മ വന്നു മറ്റൊരു കാര്യം, ഇവിടെയുള്ള ഇന്ത്യൻ ബ്രാഹ്മണർ വെളുത്ത സായിപ്പിനെയും മദാമ്മയെയും കല്യാണം കഴിക്കുക മാത്രമല്ല, ജാത്യാപ്രകാരമുള്ള വേഷവിധാനങ്ങളോട് കൂടിയും ആചാരങ്ങളോടും കൂടി അതു നടത്തപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇന്ത്യയിലെ ഒരു ബ്രാഹ്മിൻ മറ്റൊരു ജാതിയിൽ, മതത്തിൽ പെട്ട ഇന്ത്യനെ ഇതുപോലെ ഇന്ത്യയിൽ വിവാഹം കഴിക്കുന്നത് അത്യപൂർവ്വവും.

ഇക്കണക്കിന്‌, ബീഫ് കഴിക്കാത്ത ഇന്ത്യൻ വീട്ടിനു വെളിയിൽ ഇറങ്ങാത്തതാണ് നല്ലത്. ബീഫ് അടങ്ങിയ സ്ട്രീറ്റ് ഫുഡ് കഴിച്ചു, കൈകൾ പേരിനു തുടച്ചു ബാക്കി നമ്മളീ കാണുന്ന പബ്ലിക് വാഹനങ്ങളിലും പബ്ലിക് പ്ലെസ് ലെ ഡോർ ഹാൻഡിൽ, മേശകൾ , കസേരകൾ, എന്നു വേണ്ട എല്ലായിടത്തും തന്നെ പുണ്യമൃഗത്തിന്റെ ഫാറ്റ് തന്മാത്രകൾ ഒളിഞ്ഞിരിപ്പുണ്ട്. ബിവേർ!
നിങ്ങൾ ഹിന്ദുവല്ലാതാകാൻ ഈ ഒരൊറ്റ തന്മാത്ര മതി.