ഇരുപത്തിമൂന്നാം വയസിൽ ക്വാറന്റൈനിൽ കഴിഞ്ഞ യുവതിയുടെ അനുഭവം

0
141
ഹേമ ഹേമാംബിക
സൂര്യപ്രകാശം കാണാത്ത ഒരു യൗവനമാസം:
എന്റെ കഴിഞ്ഞ പോസ്റ്റ് കണ്ടു പലർക്കും കൗതുകം തോന്നുകയും, ഇൻബോക്സിൽ വന്നു ചോദിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആ കഥ പറയാമെന്നു വച്ചതു.
കഥ പഴയതു തന്നെ. പോസ്റ്റിൽ പലരും പറഞ്ഞ കഥകളുമായി സാമ്യമുള്ളതു. പക്ഷെ അവിടെയൊരു പ്രശ്നമുണ്ട്. അത് 23 വയസ്സുള്ള, യുവതി പ്രേമനൈരാശ്യത്തിൽപെട്ട് മുറിക്കകത്തു വാതിലടച്ചു ഇരുന്നതല്ല. പ്രേമം പോയിട്ട് ഒരു പുല്ലു പോലും മുളക്കാത്ത കാലമായിരുന്നു അത്. ബയോകെമിസ്ട്രിയിൽ കൈവിഷം കിട്ടിയ കാലം.
23 വയസ്സിൽ സംഭവിച്ചത്:
കഥ ചിക്കൻ പോക്സ് എന്ന് പോലും വിളിക്കാൻ പറ്റാത്തൊരു ചിക്കൻപോക്സ് ആയിരുന്നു. ഈ കഥയിലെ പ്രശനം വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
ആ കാലത്ത്, എം എസ് സി കഴിഞ്ഞ കാലം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യിലെ വർക്കിങ് വിമെൻസ് ഹോസ്റ്റലിൽ കുറച്ചു മാസങ്ങൾ താമസിക്കേണ്ടി വന്നിട്ടുണ്ട്. സഹ മുറിയത്തി, എത്രയോ വര്ഷങ്ങളായി അതെ ഹോസ്റ്റലിൽ താമസിക്കുന്ന ആളാണ്, യൂണിവേഴ്സിറ്റിയിൽ സ്ഥിര ജോലിയുള്ള, എന്നെക്കാൾ വളരെ മുതിർന്നൊരു സ്ത്രീ. അവിടെ മൊത്തം ഒരു ചേച്ചീസ് മാഫിയ ആയിരുന്നു ഭരിച്ചിരുന്നത്. ഈ സ്ഥിര താമസക്കാർ എന്നെപ്പോലെയുള്ള പീറകുട്ടികളെ പ്രത്യേകിച്ച് മൈൻഡ് ചെയ്യ്യാറൊന്നുമില്ല. കണ്ണിക്കണ്ടാൽ ചിരിക്കാത്തവരും ധാരാളം.
ഒരു ദിവസം വൈകിട്ട് കിളി കൂടണഞ്ഞപ്പോൾ, ചില മുറുമുറുപ്പുകൾ…എല്ലാവരും അപരിചിതരെ പോലെ.
എന്റെ റൂമിലെ ചേച്ചിയ്ക്ക് പനി. കഴുത്തിൽ ഒന്നുരണ്ടു കുരുക്കളും. ഇരുട്ടായിരിക്കുന്നു. ചേച്ചിയ്ക്ക് ഓട്ടോ പിടിച്ചു കോഹിനൂരുള്ള ഡോക്ടറെ കാണാൻ പോകണം. കൂടെ പോകാൻ കൂട്ട് വേണം.
ആര് പോകും? അതാണ് വന്നപ്പോഴുള്ള മുറുമുറുപ്പും അപരിചതത്വവും.
ആരും പോകില്ല. എല്ലാവരും വാതിലടച്ചു കഴിഞ്ഞു. ചേച്ചി എന്നോടായി, കുട്ടി ഒന്ന് വരുമോ? മറ്റുള്ളവർ കരുതും പോലെ ഇതു ചിക്കാന്പോക്സോന്നും അല്ലെന്നും. ഓട്ടോക്കാരൻ പിടിച്ചു തട്ടുമോ എന്നാണു പേടി. ഞാൻ അവിടെ ചെന്നിട്ട് ഒന്നോ രണ്ടോ ആഴ്ചയേ ആയുള്ളു. അതിനിടയ്ക്ക് ലീവിന് പോയിരുന്ന അവർ തിരിച്ചു വന്നതേയുള്ളു. ഞാനാണെങ്കിൽ ഒന്നു പരിചയപ്പെട്ടു വരുന്നേ ഉള്ളൂ. ദയനീയത കണ്ടാൽ കരയുന്ന ഒരു പ്രായമായിരുന്നു എന്റേത്. അവരുടെ കൂടെ ഓട്ടോയിൽ ഡോക്ടറെ കാണാൻ പോയി. അവർക്ക് കാണേണ്ടത് ഒരു ഹോമിയോ ഡോക്ടറെ ആയിരുന്നു. അവിടെ ഏതാണ്ട്, രണ്ടു മണിക്കൂർ ഡോക്ടര് വരുന്നതും കാത്ത് നിന്നു. ഡോക്ടർ അവർക്ക് മരുന്ന് കൊടുത്തു. പകരാതിരിക്കാൻ എനിക്കും കിട്ടി ഒരു കെട്ടു മരുന്ന്. ഞാൻ ജീവിതത്തിൽ ആദ്യമായി കഴിച്ച ഹോമിയോ മരുന്ന്.
തിരിച്ചു അതെ ഓട്ടോയിൽ ഹോസ്റ്റലിലേക്ക്. അവർ അതിരാവിലെ വീട്ടിലേക്ക് പോകാനും തീരുമാനിച്ചു. തിരിച്ചു ഹോസ്റ്റലിൽ എത്തിയ എനിക്ക് സ്വബോധം വന്നു. Varicella യുടെ കൂടെയാണ് ഇത്രയും നേരം സഞ്ചരിച്ചത് എന്ന ബോധം. സ്വല്പം പേടി തോന്നി, ആലോചിക്കാതെ എടുത്തു ചാടിയ എന്റെ മണ്ടത്തരം. ഇനിയിപ്പോ എന്ത് ചെയ്യും? അന്ന് രാത്രി മുഴുവൻ അവരുടെ കൂടെ ആ മുറിയിൽ അടച്ചിട്ടു കഴിയണം. മറ്റൊരുടെയെങ്കിലും മുറിയിൽ താമസിക്കാനുള്ള ശ്രമങ്ങൾ പാളി. എല്ലാവർക്കും പേടി. തൊട്ടപ്പുറത്ത് മുൻപ് താമസിച്ച സ്റ്റുഡന്റസ് ഹോസ്റ്റൽ ഉണ്ട്. പരിച്ചയ്ക്കാരും ഉണ്ട്. അവിടെ കേറാമെന്നു വച്ചാൽ, അടച്ച ഗേറ്റ് തുറക്കാൻ പറ്റില്ലെന്നൊരു പിശാച് വാർഡനും. ( വലിയ നിബന്ധനകൾ ഇല്ലാത്ത ഗെറ്റാണ്, എന്നിട്ടും)
ഒരു വഴിയുമില്ലാതെ നമ്മുടെ ചിക്കൻ പോക്സ് ചേച്ചിയുടെ കൂടെ ആ മുറിയിൽ അന്നു ഞാൻ കഴിച്ചു കൂട്ടി. അതിരാവിലെ ചേച്ചി കാംപസ് വിട്ടു. ഒരാഴ്ച കഴിഞ്ഞു ഞാൻ ബാംഗ്ലൂർക്കും പോയി.
ബാഗ്ലൂരിലെ നിംഹാൻസിൽ ഒരു എക്സാം കഴിഞ്ഞു, 14 മത്തെ ദിവസം കൈകാലുകൾ ചൊറിഞ്ഞു കൊണ്ട് കഴുത്തിൽ ആദ്യത്തെ കുമിളയുമായി ഞാൻ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് ഉണക്ക മുന്തിരി പരുവത്തിൽ ചെറുതും വലുതുമായ കുമിളകൾ ശരീരം മുഴുവൻ, മുഖം മുഴുവൻ കീഴടക്കി കൊണ്ടിരുന്നു, രണ്ടാഴ്ച കഴിഞ്ഞിട്ടും കുമിളകൾ കൂടിയതല്ലാതെ കുറഞ്ഞില്ല. ബോധത്തിലും അബോധത്തിലും കഴിഞ്ഞു,
അമ്മ എന്റെ മുറി ക്വറന്റൈൻ ചെയ്തു. അച്ഛനെ കണ്ടില്ല, ഏട്ടൻ വന്നു പോയത് അറിഞ്ഞില്ല. വീട്ടിലേക്കു വരുന്നവരെ മുറ്റം കയറ്റാതെ അമ്മ പറഞ്ഞയച്ചു. അബോധത്തിൽ ഞാൻ കണ്ട, പറഞ്ഞ സ്വപ്നങ്ങൾക്ക് മറുപടി തന്നു കൊണ്ട് അമ്മ അരികിൽ ഇരുന്നു. അതിലൊരു സ്വപ്നം ഇന്നും ഓർക്കുന്നു. ഇഷ്ടിക വെപ്പായിരുന്നു അത്. ഇഷ്ടിക എണ്ണി വേണം വെക്കാൻ. എണ്ണം പറഞ്ഞു കൊണ്ട് അമ്മ അടുത്തിരുന്നു. ഞാൻ സിമന്റ് ചേർത്തു ഇഷ്ടിക വെച്ചു. ഇടയ്ക്കെപ്പോഴോ അമ്മ കരഞ്ഞു. മുറിയിലെ കണ്ണാടിയിൽ മുഖം നോക്കിയപ്പോൾ തല കറങ്ങി. 3 ആഴ്ച കഴിഞ്ഞിട്ടും കുമിളകൾ അമർന്നു തുടങ്ങിയില്ല. പോട്ടാൻ തുടങ്ങിയ കുമിളകളും ഞാനും തമ്മിലുള്ള മത്സരത്തിനിടയിൽ, വീട്ടിൽ മാത്രമല്ല ലോകത്തു ആർക്കും ഈ അസുഖം വരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
എല്ലാം കഴിഞ്ഞു ആകാശം കണ്ടപ്പോൾ ആരും പേടിക്കുന്ന ഒരു മുഖം എനിക്ക് കിട്ടിക്കഴിഞ്ഞിരുന്നു. അതുമായി ഒരു വർഷത്തിലേറെ നടന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ആളുകൾ ബസ്സിലും ട്രെയിനിലും ബസ് സ്റ്റോപ്പിലും, പാടുകൾ മാറാൻ പലതരം മരുന്നുപദേശിച്ചു സമീപിച്ചു.
അവരുടെ കുമിളക്കഥകൾ എന്നോട് വിവരിച്ചു.
ഈ കഥയിലെ പ്രധാന പ്രശനം എന്താണെന്നല്ലേ: Varicella വൈറസ്. അത് മറ്റൊരാൾക്ക് പകരുന്നത്, രോഗത്തിന്റെ തുടക്കത്തിൽ ആണെന്ന് കൃത്യമായി അറിഞ്ഞിട്ടും, മറ്റൊരാളെ സഹായിക്കാൻ ഞാൻ ചെന്നു എന്നത്. adult സ്റ്റേജിൽ രോഗം അതി തീവ്രമായിരിക്കും എന്നറിഞ്ഞിട്ടും മണ്ടത്തരം കാണിച്ചത്.
അറുപതിനായിരം കേസിൽ, ഒരാൾ വച്ച് ഇപ്പോഴും ചിക്കൻ പോക്സ് വന്നു മരണം നടക്കുന്നു.
ഞാനീ മണ്ടത്തരം ചെയ്യുമ്പോൾ, അതുമൂലമുള്ള രോഗം എന്താണെന്നും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും അറിയാമായിരുന്നു.
പക്ഷെ ഇന്ന് കൊറോണക്കെതിരെ നമ്മൾ ഒരു മണ്ടത്തരം ചെയ്യുമ്പോൾ, അത് എവിടെ എത്തി നിൽക്കും എന്ന് നമുക്കൊരു രൂപവുമില്ല എന്നതാണ്. ഒരു പക്ഷെ കാലം കഴിയുമ്പോൾ ഇതുപോലുള്ള കൊറോണ കഥകൾ അടുത്ത തലമുറ പറയുമായിരിക്കും.