കൊറോണ വൈറസ് മുടിയിലൂടെ പകരുമോ?

105
Hema Hemambika എഴുതുന്നു
കൊറോണ വൈറസ് മുടിയിലൂടെ പകരുമോ?
നിങ്ങളൊരു ക്യുവിൽ നിൽക്കുകയാണ്. രോഗിയായ ഒരാൾ പുറകിൽ നിന്ന് ശക്തിയായി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുകയും അതുമൂലം droplets നിങ്ങളുടെ മുടിയിൽ പറ്റിപ്പിടിക്കാനും അതുവഴി രോഗം പകരാനും സാധ്യതയുണ്ടോ ?
പകരാനും പകരാകാതിരിക്കാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്. ചില പ്രതലങ്ങളിൽ അതായത്, കാർഡ്ബോർഡ്, കോപ്പർ, പ്ലാസ്റ്റിക്, സ്റ്റീൽ എന്നീ പ്രതലങ്ങളിൽ, മൂന്നും ദിവസം വരെ വൈറസ് നില നിൽക്കാം എന്നു മാത്രമേ നമുക്കറിയുള്ളു. മറ്റു പ്രതലങ്ങളുടെ കാര്യം എന്താണെന്ന് അറിയില്ല. അത് കൊണ്ടാണ് ഇങ്ങനെ ഒരുത്തരം. പകരാതിരിക്കാനാണു സാധ്യത എന്ന് പറയാൻ കാരണം, മിനുസമുള്ള, smooth ആയ സ്റ്റീൽ പോലെയുള്ള പ്രതലങ്ങളിൽ ആണ് വൈറസ് തങ്ങി നിൽക്കുക എന്നതാണ്. അപ്പോൾ മുടി മിനുസമുണ്ടല്ലോ എന്നാവാം സംശയം. മുടി, കൈ കൊണ്ട് തൊടുമ്പോൾ മാത്രമാണ് മിനുസം. ഇതേ മിനുസം ഒരു അതിനൂതന മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ ഉണ്ടാകില്ല. മുടി, porous ആണ്. പരുപരുത്തത് ആണ് എന്നർത്ഥം. വാഷിങ്ടൺ സ്‌കൂൾ ഓഫ് മെഡിസിനിലെ ഡെര്മറ്റോളജിസ്റ് ആയ ഡോ. ഫ്രീഡ്മാൻ പറയുന്നത് മുകളിൽ പറഞ്ഞ വാദം, മുടിയിൽ ഉള്ള എണ്ണയെ അനുസരിച്ചിരിക്കും എന്നാണു. മുടിയിൽ ഉള്ള പ്രകൃതി ദത്തമായ എണ്ണയ്ക്ക് ചെറിയ രീതിയിലുള്ള antimicrobial ആക്ടിവിറ്റി ഉണ്ട്. പക്ഷെ ഈ എണ്ണ, ഓരോരുത്തരുടെ മുടിയിലും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടു തന്നെ ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കില്ല. വായുവിൽ നിന്ന് വൈറസിന്റെ അംശം മുടിയിൽ പറ്റാനും അത് നമ്മൾ കൈ കൊണ്ട് തൊട്ടു, അതുമുഖേന വൈറസ് ശരീരത്തിനുള്ളിൽ കടക്കാനും സാധ്യതയുണ്ട്. പൊതുവെ നമ്മളിൽ പലർക്കും സ്വന്തം ‘തല’ ഒരു വീക്ക്നെസ് ആണല്ലോ. അതുകൊണ്ടു തന്നെ ആ തലയും മുടിയും അവിടെ ഉണ്ടോയെന്ന് ഇടയ്ക്കിടെ തൊട്ടു നോക്കാതിരിക്കുകയും ചെയ്യുക. ഏറ്റവും ഉത്തമമായ മാര്ഗ്ഗം, പുറത്തു പോയി വന്നാൽ തലയും വൃത്തിയായി ഷാംപൂ ഇട്ടു കഴുകുക എന്നതാണ്. ഷാംപൂവിൽ അടങ്ങിയ surfactants ( ഈ വാക്കിനായി സ്‌കൂൾ കെമിസ്ട്രി ക്ലാസ്സിലേക്കു പോവുക) മുടിയിലുള്ള ചളിയും അണുക്കളും ഇല്ലാതാക്കും. മറ്റൊരു കാര്യം, മുടിയിൽ ഉപയോഗിക്കുന്ന പിന്നുകളും, ക്ലിപ്പുകളും ആണ്. അതും വൃത്തിയാക്കുക. കൈ മാത്രമല്ല, ദേഹം മൊത്തം സോപ്പിട്ടു കഴുകുക. ദേഹം മാത്രമല്ല, ചെരുപ്പ് മറക്കാതെ വൃത്തിയാക്കുക, അല്ലെങ്കിൽ വീട്ടിനകത്തു ചെരുപ്പ് കൊണ്ടുവരാതിരിക്കുക.