പ്ലാസ്മ ചികിത്സയെ നിലവിൽ ഉള്ളതിൽ വച്ച് ഫലപ്രദമായ ചികിത്സ എന്നു വേണമെങ്കിൽ പറയാം

39
Hema Hemambika
പ്ലാസ്മ തെറാപ്പി
Covid19 നു ചികിത്സയ്ക്ക് ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നു കൊറോണ രോഗികളിൽ പ്ലാസ്മ തെറാപ്പി ട്രയൽ ചെയ്യാനുള്ള അനുമതി കിട്ടിയിരിക്കുന്നു. വളരെ നല്ല കാര്യം. നിലവിൽ ഉള്ളതിൽ വച്ച് ഫലപ്രദമായ ചികിത്സ എന്നു വേണമെങ്കിൽ പറയാം.
പ്ലാസ്മ തെറാപ്പി എന്നു കൊണ്ടു ഉദ്ദേശിക്കുന്നത്, അസുഖം മാറിയ രോഗികളുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ചു, രോഗം മാറാത്ത രോഗികളിൽ കൊടുക്കുന്ന രീതിയാണ്. അസുഖം മാറിയ രോഗികളിൽ, അവരുടെ രക്തത്തിൽ Covid19 യ്ക്ക് എതിരെയുള്ള ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. ഈ ആന്റിബോഡികളെ ആണ് മറ്റു രോഗികളിൽ കൊടുക്കുന്നത്.
സാധാരണ ഗതിയിൽ, വൈറസ് ബാധിച്ചാൽ 7 ദിവസമോ അതിൽ അധികമോ സമയം വേണ്ടി വരും ഒരു മനുഷ്യന്റെ ദേഹത്തു ആന്റിബോഡികൾ ഉണ്ടാകാൻ. രോഗപ്രതിരോധ ശക്തി അനുസരിച്ചു ഈ സമയം നീണ്ടുപോകാം. വളരെക്കുറവ് ആന്റിബോഡി മാത്രം ഉണ്ടായെന്നും വരാം. അങ്ങിനെ വരുമ്പോൾ രോഗം വഷളാകുകയും ചെയ്യും. ഇതിനു ഒരു പരിധി വരെ സഹായമാവുന്നുണ്ട് പ്ലാസ്മ തെറാപ്പി.
ആരോഗ്യമുള്ള ഒരാൾക്ക് 800മില്ലി വരെ പ്ലാസ്മ ദാനം ചെയ്യാം. സൗത്ത് കൊറിയയിലും ചൈനയിലും ഈ ചികിത്സ നടത്തി ഫലം കണ്ടിട്ടുണ്ട് എന്നു റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും കൂടുതൽ വിശാലമായ രീതിയിൽ ഈ ചികിത്സയ്ക്ക് ക്ലിനിക്കൽ ട്രയൽ ആവശ്യമുണ്ട്. അമേരിക്കയും മറ്റു പല രാജ്യങ്ങളും Covid19 യ്ക്ക് നിലവിൽ പ്ലാസ്മ തെറാപ്പി ചെയ്യുകയോ പഠനങ്ങൾ നടത്തുകയോ ചെയ്യുന്നുണ്ട്.
എന്നിരുന്നാലും Covid19 യുടെ കേസിൽ പ്ലാസ്മ തെറാപ്പിയെ മുഴുവനായി ഡിപെൻറ് ചെയ്യാനും സാധിക്കില്ല. കാരണം, ഈ ചികിത്സയ്ക്ക് രോഗം മാറിയ ഒരു ദാതാവിനെ ആവശ്യമുണ്ട്. രോഗം മാറിയ എല്ലാവർക്കും പ്ലാസ്മ ദാനം കൊടുക്കാൻ സാധിക്കണം എന്നില്ല. ലോകത്ത് ഇതു ആദ്യമായല്ല പ്ലാസ്മ തെറാപ്പി. മറ്റു പല അസുഖങ്ങൾക്കും ഇതുപോലെ പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നുണ്ട്. 2003 ഇൽ സാർസ് ഔട്‌ബ്രെക്കിൽ ചൈന ഈ ചികിത്സ പരീക്ഷിച്ചിരുന്നു.