‘ഹിഗ്വിറ്റ’ വിവാദം ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. ഹേമന്ത് ജി. നായർ സൂരജ് വെഞ്ഞാറമ്മൂടിനെയും ധ്യാൻ ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയുന്ന ചിത്രമാണ് ‘ഹിഗ്വിറ്റ’ . എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തയുടനെ തന്നെ എഴുത്തുകാരൻ എൻ എസ് മാധവൻ ആ ടൈറ്റിലിന് മേൽ അവകാശവാദം ഉന്നയിക്കുകയും ആ പേര് തനിക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന് വാദിക്കുകയും ചെയ്തു. എൻ എസ് മാധവന്റെ കഥയുടെ പേരാണ് ‘ഹിഗ്വിറ്റ’ . തലക്കെട്ടിന്മേല്‍ തനിക്ക് അവകാശമില്ലാതെ പോകുന്നത് ദു:ഖകരമാണ് എന്നായിരുന്നു എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

എൻ എസ് മാധന്റെ ഈ അവകാശവാദം മുഖവിലയ്‌ക്കെടുത്തോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ഫിലിം ചേംബർ ഈ സിനിമയുടെ പേര് ‘ഹിഗ്വിറ്റ’ എന്ന് ഇടാൻ പാടില്ലെന്ന് കല്പനയിറക്കി. ‘ഹിഗ്വിറ്റ’ എന്‍എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണെന്നും പേര് നല്‍കണമെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി വാങ്ങണമെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി ഫിലിം ചേംബറിന്റെ ഈ തീരുമാനത്തെ എൻ എസ് മാധവൻ ആഘോഷിക്കുകയും ചെയ്തു. എന്നാൽ പേര് മാറ്റില്ല എന്ന നിലപാടാണ് സംവിധായകൻ ഹേമന്ത് ജി. നായർ എടുത്തിട്ടുള്ളത്. സിനിമയുടെ പേര് മാറ്റുന്നത് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണെന്നും ഫിലിം ചേംബർ അത്തരമൊരു തീരുമാനം അറിയിച്ചിട്ടില്ലെന്നും ആണ് സിനിമയുടെ സംവിധായകൻ ഹേമന്ത് ജി. നായർ പറയുന്നത്. നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനോടകം എൻ എസ് മാധവനെതിരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കെതിരെയും സോഷ്യൽ മീഡിയായിൽ പ്രതികരണങ്ങൾ ശക്തമാകുകയാണ്. ലോകപ്രശസ്ത ഫുട്ബാളർ ആയ ഹിഗ്വിറ്റ ആരുടേയും തറവാട് സ്വത്തല്ലെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. ഹിഗ്വിറ്റയെ മലയാളികൾക്ക് ആരും പരിചയപ്പെടുത്തിയത് അല്ലെന്നും ഈ കഥ രചിക്കപ്പെടുന്നതിനു മുൻപേ മലയാളികൾ ഹിഗ്വിറ്റയെ അറിഞ്ഞവരാണെന്നും ഫുട്ബോളിനെ കുറിച്ച് അറിയാത്ത കുറച്ചുപേർ മാത്രമായിരിക്കാം മാധവന്റെ ഹിഗ്വിറ്റയെ ആദ്യം അറിഞ്ഞവരെന്നും പറയുന്നവരും ഉണ്ട്. ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന എഴുത്തുകാർ തികഞ്ഞ അസഹിഷ്ണുക്കൾ ആണെന്ന് പറയുന്നവരാണ് കൂടുതൽ.

ഈ വിഷയത്തെ കുറിച്ച് Muhammed Shameem എഴുതിയ കുറിപ്പ് വായിക്കാം. കാര്യങ്ങൾ വളരെ കൃത്യമായി തന്നെ കുറിപ്പിൽ പറയുന്നുണ്ട്.

Muhammed Shameem

എലിപ്പത്തായം എന്ന പേരിൽ ഒരാൾ ഒരു സിനിമ ചെയ്യുന്നതോ നോവലെഴുതുന്നതോ ശരിയല്ല എന്ന് വേണമെങ്കിൽ പറയാം. ആ പേര് അടൂരിന്റെ സിനിമയുമായി ബന്ധപ്പെട്ട് അത്രമേൽ വിഖ്യാതമായതിനാൽ.എന്നു കരുതി ആ പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് ഗുരുതരമായ അപരാധമൊന്നുമല്ല. പൂവൻ പഴം എന്ന പേരിൽ അറിയപ്പെടുന്ന രണ്ട്‌ കഥകളുണ്ട്. ഒന്ന് കാരൂരിന്റെത്‌, രണ്ടാമത്തെത്ത് ബഷീർ എഴുതിയതും. രണ്ടു പേരും ഒരേ കാലത്ത് ജീവിച്ചവർ. ആർക്കും ഒരു കുഴപ്പവും ഉണ്ടായില്ല.ചില പേരുകൾ മാത്രം ചിലരുടെ പേരിൽത്തന്നെ അറിയപ്പെടും. ഓ.വി വിജയൻ അല്ലാത്ത മറ്റൊരാൾക്കും ഖസാക്കിന്റെ ഇതിഹാസം എന്ന പേര് ഉപയോഗിക്കാൻ പറ്റില്ല. അതുപോലെയല്ല ഹിഗ്വിറ്റ എന്ന പേര്. അത് എൻ.എസ് മാധവന്റെ കഥയുടെ പേരല്ല. മറിച്ച് കൊളംബിയൻ ഫുട്ബോൾ ഇതിഹാസ താരത്തിന്റെ പേരാണ്. കഥക്ക് അദ്ദേഹം ആ പേര് നൽകി എന്നതു കൊണ്ട് അദ്ദേഹത്തിന് അതിന്മേൽ ധാർമികമോ നിയമപരമോ ആയ അവകാശമൊന്നുമില്ല.

HIGUITA
HIGUITA

അതേ സമയം ചൂളൈമേടിലെ ശവങ്ങൾ എന്നോ ലന്തൻബത്തേരിയിലെ ലുത്തീനിയകൾ എന്നോ പറഞ്ഞാൽ അത് എൻ.എസ് മാധവനെത്തന്നെ ഓർമിപ്പിക്കും. അത്തിൽ അദ്ദേഹത്തിന് അവകാശവുമുണ്ട്.മലയാളത്തിലെ ഏറ്റവും ജീനിയസായ എഴുത്തുകാരിലൊരാളാണ് എൻ.എസ് മാധവൻ. പലപ്പോഴും അദ്ദേഹത്തിന്റെ കഥകളെ ചരിത്രപരം എന്ന് മനസ്സിലാക്കേണ്ടി വന്നിട്ടുണ്ട്. വൻമരങ്ങളിലും മുംബൈയിലും നിലവിളികളിലും തിരുത്തിലുമെല്ലാം അധിക്ഷേപിക്കപ്പെടുന്നവരുടെ ജീവിതവും വികാരങ്ങളുമുണ്ട്, അവരെ ചേർത്തുപിടിക്കലുമുണ്ട്. ഹിഗ്വിറ്റ എന്ന കഥയിൽ പക്ഷേ, പ്രതിനിധാനത്തിന്റെ പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ എൻ.എസ് മാധവൻ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. അതിന്റെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ.ഫുടബോളിന്റെ ചരിത്രത്തിൽ ഇതിഹാസമായിത്തീർന്ന റെനേ ഹ്വിഗീറ്റയുടെ പേരാണ് മാധവൻ തന്റെ കഥയുടെ ടൈറ്റിൽ ആക്കിയത്. ആക്ഷേപകരമായിട്ടല്ലെങ്കിൽ അറിയപ്പെടുന്ന ഒരാളുടെ പേര് കഥയുടെ തലക്കെട്ടാക്കുന്നതിൽ പ്രശ്നമൊന്നുമില്ല.

അതേസമയം ഇതേ സാധ്യത മറ്റൊരു കലാകാരനും വകവെച്ചു കൊടുക്കുന്നതാണ് എൻ.എസ് മാധവന്റെ മാന്യത എന്ന് ഞാൻ കരുതുന്നു. ഹിഗീറ്റ എന്ന പേരിന്റെ അവകാശം യഥാർത്ഥത്തിൽ റെനെ ഹിഗീറ്റക്കുള്ളതാണ്. പരാതി പറയാൻ തെല്ലെങ്കിലും അവകാശം അദ്ദേഹത്തിന് മാത്രമേയുള്ളൂ. ആ പേരിന്റെ പകർപ്പവകാശമൊന്നും ഒരെഴുത്തുകാരനും ഇല്ല. എൻ.എസ്‌ മാധവൻ വിവാദങ്ങളെ പ്രണയിക്കുന്ന ഒരാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന് അതിന്റെ ആവശ്യമൊന്നുമില്ല. ഒരു വിവാദവും കൂടാതെ തന്നെ അദ്ദേഹം മഹാനായ ഒരെഴുത്തുകാരനാണ്.

Leave a Reply
You May Also Like

രാജപ്പൻ രാജുവേട്ടനായി, രാജുവേട്ടാ അടുത്ത സീസണിൽ ഇറങ്ങി വിമർശകരുടെ നെഞ്ചത്തു സിക്സർ അടിക്കുക

സംവിധായകൻ ഒമർ ലുലു നടൻ പൃഥ്വിരാജിനെ കുറിച്ചെഴുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. We Hate…

‘ഐഡന്റിറ്റി’ വീണ്ടെടുക്കുക എന്നത് ഒരു സ്വാതന്ത്ര്യപ്രഖ്യാപനം ആണ്

Athul pm സംവിധാനം ചെയ്ത ഐഡൻറ്റിറ്റി LGBTQ സമൂഹത്തോടുള്ള വലിയൊരു ഐക്യദാർഢ്യമാണ്. വളരെ സിമ്പോളിക്കായ ഒരു…

ഐശ്വര്യ ഒരിക്കൽമാത്രം അമ്മായിയച്ഛനോടു ദേഷ്യപ്പെട്ടു, കാരണം അമിതാബച്ചൻ ആ നടന്റെ കൂടെ അഭിനയിക്കാൻ തീരുമാനിച്ചു ? എന്താണ് ഐശ്വര്യയും ആ നടനുമായുള്ള പ്രശ്നം ?

ബോളിവുഡിൽ ബച്ചൻ കുടുംബത്തിന് വ്യത്യസ്തമായ സ്ഥാനമാണുള്ളത്. ഈ കുടുംബത്തിന് മുഴുവൻ സിനിമാ വ്യവസായവും വലിയ ബഹുമാനവും…

സെന്റിമെന്റ്സിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന “ചതി” മെയ് അഞ്ചിന് തീയറ്ററുകളിൽ എത്തും

“ചതി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡബ്ലീയു എം മൂവീസിന്റെ ബാനറിൽ എൻ കെ മുഹമ്മദ്…