ധനുമാസത്തിലെ തിരുവാതിര രാത്രി

0
469

her-death in thiruvathira night

പുഴകടന്ന് മുത്തോലിക്ക് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എത്തിയിട്ട് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞിരുന്നു. വണ്ടി വരാനുള്ള സമയം കഴിഞ്ഞിട്ടും അത് വരാഞ്ഞിട്ടു വളരെ അധികം അക്ഷമന്‍ ആയിരുന്നു ഞാന്‍.പാലായില്‍ നിന്നും എത്താനുള്ള വണ്ടി അവസാനത്തെ ട്രിപ്പ്‌ മുടക്കിയതായിരിക്കാം എന്ന് കവലയില്‍ ഉള്ള മുറുക്കാന്‍ കടയുടെ മുന്നില്‍ ബീഡി തെറുത്തിരുന്ന മെലിഞ്ഞു നീണ്ട മനുഷ്യന്‍ പറഞ്ഞു. ഇന്ന് നാരായണേട്ടന്റെ കൂടെ കൂടി,നാളെ രാവിലെ പാലാക്ക് പോകുന്നതാണ് നല്ലത് എന്ന് അയാള്‍ പറഞ്ഞു. ഒരു പരിചയവും ഇല്ലാതിരുന്ന ഒരു സ്ഥലമായിരുന്നു എന്നതിനാലും, ചെന്നിട്ടുള്ള അത്യാവശ്യങ്ങള്‍ ഓര്‍ത്തിട്ടും, കുറച്ചു നേരം കൂട്ടി കാക്കാന്‍ ഞാന്‍ തീരുമാനിച്ചു. മുറുക്കാന്‍ കടയിലെ സാധനങ്ങള്‍ അടുക്കി വെക്കാന്‍ തുടങ്ങുകയായിരുന്നു കടക്കാരന്‍ നാരായണേട്ടന്‍.

അരമണിക്കൂറിനു ശേഷവും വണ്ടി എത്താതിരിക്കയും,വീട്ടിലേക്കു പോരുന്നോ എന്നുള്ള നാരായണേട്ടന്റെ ചോദ്യവും കൂടി ആയപ്പോള്‍ , ഇന്ന് ഇവിടെ തന്നെ കൂടാം എന്ന് ഞാന്‍ തീരുമാനിച്ചു.അപരിചിതന്‍ ആയ ഒരാളുടെ വീട്ടില്‍ താമസിക്കുന്നതിന്റെ ഒരു വിഷമം ഉണ്ടായിരുന്നു എങ്കിലും,വേറെ മാര്‍ഗ്ഗം ഇല്ലാത്തതുകൊണ്ട് സമ്മതിക്കയായിരുന്നു.

വീട്ടിലേക്കു ഉള്ളവഴിയില്‍ നിറയെ നിലാവായിരുന്നു.കടയില്‍ നിന്നും നാരായണേട്ടന്‍ കൈയില്‍ കരുതിയിരുന്ന റാന്തല്‍ കത്തിക്കേണ്ടി വന്നിരുന്നില്ല. അങ്ങ് എവിടെ നിന്നോ തിരുവാതിര പാട്ടിന്റെ നേര്‍ത്ത സ്വരം കേട്ടു. “ഇന്ന് ധനുമാസത്തിലെ തിരുവാതിരയാണ്…പുഴക്കക്കരെ കളി ഉണ്ട്.. കാണാന്‍ താല്പര്യമുണ്ടാകുമോ” എന്നുള്ള നാരായണേട്ടന്റെ ചോദ്യത്തിന് എങ്ങനെ എങ്കിലും വീടണയുന്നതാണ് പ്രധാനം എന്ന എന്റെ ഉത്തരം ഉണ്ടാക്കിയ ചെറു ചിരി, നിലാവില്‍ ഞാന്‍ കണ്ടു.

തിണ്ണയില്‍ എന്നെ ഇരുത്തിയതിനു ശേഷം നാരായണേട്ടന്‍ വീടിലേക്ക്‌ കയറി. പിന്നീട് വെറുതെ കടയിലെയും, കവലയിലെയും കാര്യങ്ങള്‍ ആരോടോ വിവരിക്കുന്നത് കേട്ടു. മറുപടിയായി മൂളലുകള്‍ മാത്രം കേട്ടത് എന്നില്‍ ആശ്ചര്യം ഉളവാക്കി.പരിചയപ്പെടുത്താനായി ഉള്ളിലേക്ക് വിളിച്ചപ്പോള്‍,മെലിഞ്ഞ് ഒരു വശം തളര്‍ന്നു കൈകള്‍ കോച്ചി കിടക്കുന്ന ഒരു രൂപം ഞാന്‍ കണ്ടു.മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ഭിത്തിയില്‍ കണ്ട പഴയ ബ്ലാക്ക്‌ & വൈറ്റ് ചിത്രത്തിലെ സുന്ദരി തന്നെയോ ഇത് ? തലമുടി മൊട്ടയടിച്ചിരുന്നു. വായുടെ ഒരുവശം കോടിയിരുന്നു എങ്കിലും ഐശ്വര്യം തുടിക്കുന്ന ഒരു മുഖം ആയിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. തിളക്കമുള്ള വലിയ കണ്ണുകള്‍ കൊണ്ട് അവര്‍ എന്നെ കണ്ണിമക്കാതെ നോക്കി. ഒരു പരിചയ ഭാവം ഉണ്ടോ അതില്‍ ?

കുളിച്ചു വരുമ്പോഴേക്കും കഞ്ഞി ശരിയാവും എന്ന് പറഞ്ഞു അടുത്ത് തന്നെ ഉള്ള പുഴയിലേക്ക് നാരായണേട്ടന്‍ എന്നെ കൊണ്ടുപോയി. നിലാവ് നന്നായി ഉണ്ടായിരുന്നു. തിരുവാതിരപ്പാട്ട് ഇപ്പോള്‍ ശരിക്കും കേള്‍ക്കാവുന്ന രീതിയില്‍ ആയി.ദേവകിക്കു വലിയ ഇഷ്ട്ടമാണ് തിരുവാതിര എന്നും, തിരുവാതിരപ്പുഴുക്ക് ഒക്കെ കഴിച്ചിട്ട് നാള്‍ എത്രയായി എന്നും പറഞ്ഞു നാരായണേട്ടന്‍ ഒരു നിശ്വാസം ഉതിര്‍ത്തു. നാല് വര്‍ഷമായത്രേ ദേവകി ചേച്ചി ഇതേ കിടപ്പ്. ഒരിക്കല്‍ പശുവിനെ കുളിപ്പിക്കാന്‍ കൂട്ടില്‍ കയറിയപ്പോള്‍ തെന്നി വീണു. പിന്നെ ആ കിടപ്പില്‍ നിന്നും എഴുന്നെറ്റിട്ടില്ലത്രേ. കുളിപ്പിക്കലും ഭക്ഷണം കൊടുക്കുന്നതും, വിസര്‍ജ്യങ്ങള്‍ എടുക്കുന്നതും ഒക്കെ നാരായണേട്ടന്‍ തന്നെ. കാലത്തും, ഉച്ചക്കും, കുറെ നേരം കട അടച്ചു വന്നു വീട്ടിലെ കാര്യങ്ങള്‍ ഒക്കെ നടത്തും.

കഞ്ഞി എടുത്തു തന്നതിന് ശേഷം, നാരായണേട്ടന്‍ അകത്തേക്ക് പോയി. കഞ്ഞി കുടിപ്പിക്കുന്നതിനു ഇടയിലും,എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മറുപടിയായി മൂളലുകള്‍ ഉണ്ടായിരുന്നില്ല. ഏകദേശം അര മണിക്കൂറു കഴിഞ്ഞു കാലിയായ കഞ്ഞി പാത്രം കൊണ്ട് വരുമ്പോള്‍ ആ മുഖത്ത് ഒരു തരം സന്തോഷം ഉണ്ടായിരുന്നു. കുഞ്ഞിനെ നന്നായി ഊട്ടി കഴിയുമ്പോള്‍ അമ്മയുടെ മുഖത്ത് കാണാറുള്ള അതെ ഭാവം.

പാത്രങ്ങള്‍ എടുത്തു വെച്ചതിനു ശേഷം നാരായണേട്ടന്‍ റേഡിയോ ഓണ്‍ ചെയ്തു . ഞായറാഴ്ച ആയതിനാല്‍ ” രഞ്ജിനി “എന്ന മലയാള ചലച്ചിത്ര ഗാന പരിപാടി ഉണ്ടാവും എന്ന് പറഞ്ഞു. ചില്ല് എന്ന പുതിയ ചിത്രത്തിലെ പോക്കുവെയില്‍ പൊന്നുരുകി എന്ന ഗാനം ചെറിയ ശബ്ദത്തില്‍ കേട്ടു. ചാവടിയില്‍ കിടക്ക വിരിച്ചു തന്നു എങ്കിലും ഞാന്‍ പുറത്തു തിണ്ണയില്‍ തന്നെ കിടന്നു. എപ്പോഴോ ഞാന്‍ ഉറങ്ങി.

ഉടുത്തൊരുങ്ങി ദേവകി ചേച്ചിയും, നാരായണേട്ടനും തിരുവാതിര കാണാന്‍ പോകാന്‍ വിളിച്ചപ്പോള്‍ പോയേക്കാം എന്ന് ഞാന്‍ വിചാരിച്ചു.ദേവകി ചേച്ചി തലമുടിയില്‍ ചൂടിയിരുന്ന ഗന്ധരാജന്‍ പൂവില്‍ നിന്നും, ഏതോ മാദക ഗന്ധം ആണ് വരുന്നത് എന്ന് എനിക്കുതോന്നി. പുഴക്കക്കരെ ആയിരുന്നു തിരുവാതിര നടക്കുന്ന വീട്. പുഴയുടെ രണ്ടു വശങ്ങളിലും ചെറുതായി വെള്ളം ഉണ്ടായിരുന്നു, പിന്നെ നടുക്ക് വിശാലമായ മണല്‍പ്പുറവും. മണലില്‍ കൂടി നടക്കാന്‍ ദേവകി ചേച്ചിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് അവര്‍ക്കായി നിന്നും നടന്നും ഞങ്ങള്‍ പുഴ കടന്നു. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി നടന്നു വേണമായിരുന്നു തിരുവാതിര നടക്കുന്ന വീട്ടില്‍ എത്താന്‍ . പൊന്തക്കാട്ടില്‍ നിന്നും കപ്പ വേവിച്ച പോലെ ഒരു മണം വന്നപ്പോള്‍ , പാമ്പുകള്‍ വാ പൊളിക്കുന്ന മണം ആണെന്ന് ദേവകിചേച്ചി പറഞ്ഞു. എനിക്ക് അല്‍പ്പം പേടി തോന്നി. ഇഴ ജന്തുക്കളെ അത്രക്കും ഭയം ആയിരുന്നു എനിക്ക്. ജാതക വശാല്‍ എന്റെ ആയുസ്സ് തീരാന്‍ കേവലം മാസങ്ങള്‍ കൂടി മാത്രമേ ഉള്ളു എന്ന കാര്യവും, വിഷം തീണ്ടിയോ അപകട മരണമോ ആയിരിക്കും എനിക്ക് ഉണ്ടാവുക എന്ന് ചക്രപാണി ജ്യോത്സ്യന്‍ എഴുതിയിരുന്നതും എന്തുകൊണ്ടോ മനസ്സിലേക്ക് വന്നു .

വൈദ്യുതി എത്താത്ത ഒരു വീടായിരുന്നു അത്.കത്തിച്ച നിലവിളക്കിനു ചുറ്റും തിരുവാതിര കളിക്കുന്ന സെറ്റുടുത്ത യുവതികള്‍.വീടിന്റെ തിണ്ണയിലും പരിസരത്തും നില്‍ക്കുന്ന സ്ത്രീകളും, അപൂര്‍വ്വം പുരുഷന്മാരും. ഇടവേളയില്‍ ഒരു പ്രൌഡയായ സ്ത്രീ ഇലയില്‍ തിരുവാതിരപുഴുക്ക് വിളമ്പി. ആദ്യമായി കഴിച്ച പുഴുക്കില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന് അത് കഴിക്കുന്ന സ്വാദില്‍ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല.

കളി തീരാന്‍ ഞങ്ങള്‍ നിന്നില്ല. .തിരിയെ വരുമ്പോഴേക്കും മഞ്ഞുണ്ടായിരുന്നു. ചെറിയ തണുപ്പ് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കൈകള്‍ പിന്നില്‍ കെട്ടി. പൊന്തക്കാടുകളുടെ ഇടയില്‍ കൂടി വരുമ്പോള്‍വഴി കാലില്‍ എന്തോ കടിച്ചതുപോലെ തോന്നി. ഏതോ ഒരു ഇഴജന്തു കാലില്‍ കൂടി പോയതുപോലെ. ദേഹം തളരുകയാണോ..അമ്മെ എന്ന് വിളിച്ചത് മാത്രം ഓര്‍മ്മയുണ്ട്.

നാരായണേട്ടന്റെ കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു.അകലെ നിന്നും അപ്പോഴും തിരുവാതിരപ്പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.പതിയെ ഞാന്‍ നാരായണേട്ടന്റെ മുറിയിലേക്ക് നടന്നു. ദേവകി ചേച്ചിയുടെ തല മടിയില്‍ വെച്ച് കരയുകയായിരുന്നു നാരായണേട്ടന്‍.

കാലത്തെ മരണം അറിഞ്ഞു വന്നവരോടെല്ലാം നാരായണേട്ടന്റെ ബന്ധു എന്ന് തോന്നിച്ച ഒരു സ്ത്രീ പറഞ്ഞു കൊണ്ടേ ഇരുന്നു.”ഇന്നലെ വൈകുന്നേരവും ഒരു കുഴപ്പവും ഇല്ലായിരുന്നു.ഞാന്‍ വന്നു കണ്ടതല്ലേ”.എല്ലാവരുടെയും മിഴികള്‍ എന്റെ നേര്‍ക്ക്. ഒരു അപരിചിതന്‍ വന്ന ദിവസം തന്നെഇങ്ങനെ സംഭവിച്ചതെന്തേ എന്ന് ഓര്‍ക്കുകയായിരിക്കുമോ അവരെല്ലാം?കാലന്റെ പ്രതിരൂപമായി അവിടെ കൂടിയിരുന്നവര്‍ തന്നെ കണ്ടു കാണുമോ എന്ന് എനിക്ക് ചെറുതായി സംശയം തോന്നി.സ്ത്രീയുടെ ഒപ്പം ഉണ്ടായിരുന്ന പതിമ്മൂന്നോ പതിന്നാലോ വയസ്സുള്ള ഒരു കുട്ടി എന്നെ കണ്ണുചിമ്മാതെ നോക്കി. നോട്ടം നേരിടാനാവാതെ ഞാന്‍ മുഖം തിരിച്ചു. വീണ്ടും നോക്കിയപ്പോഴും ആ കണ്ണുകള്‍ എന്നില്‍ തന്നെ ആയിരുന്നു. പതുക്കെ ഞാന്‍ വീടിന്റെ പിന്നിലേക്ക്‌ പോയി. എന്തുകൊണ്ടെന്നറിയില്ല , ചുണ്ടത് വെച്ച ബീഡി കത്തിക്കുമ്പോള്‍ എന്റെ കരം വിറച്ചു.

നാരായണേട്ടനോട് യാത്ര പറയാന്‍ ഞാന്‍ നിന്നില്ല. ദേവകി ചേച്ചിയെ അവസാനമായി ഒന്ന് കൂടി കാണാനും എന്ത് കൊണ്ടോ തോന്നിയില്ല.സ്വപ്നത്തില്‍ കണ്ട, ഗന്ധരാജന്‍ പൂ ചൂടിയ. ദേവകി ചേച്ചിയെ ഇഷ്ട്ടപ്പെട്ടത്‌ കൊണ്ടായിരുന്നോ അത് ?

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഒരിക്കല്‍ കൂടി എനിക്ക് മുത്തോലിയിലേക്ക് പോകേണ്ടി വന്നു.പതിവുപോലെ കടത്തു കടന്നു അക്കരയ്ക്കു പോകാനായി ഞാന്‍ ബസിറങ്ങി.മുത്തോലി ആകെ മാറിയിട്ടുണ്ടായിരുന്നു. നാരായണേട്ടന്റെ കട ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു കാണിക്ക മണ്ഡപം എനിക്ക് കാണാന്‍ സാധിച്ചു.തുലാമഴയില്‍ നനഞ്ഞു കിടക്കുകയായിരുന്നു മുത്തോലി .

ദേവകി ചേച്ചി മരിച്ച ആ ധനുമാസ രാത്രി വീണ്ടും എന്റെ മനസ്സില്‍ തെളിഞ്ഞു. ഏതോ മുന്‍ജന്മ ശാപം തീരാനെന്നോണം എന്റെ വരവിനായി കാത്തിരുന്നതായിരുന്നു ദേവകി ചേച്ചി എന്ന് പലപ്പോഴും എന്നതുപോലെ ഒരിക്കല്‍ കൂടി എന്റെ മനസ്സ് പറഞ്ഞു.തിരുവാതിര എന്ന് കേള്‍ക്കുമ്പോള്‍ തിരുവാതിരപ്പുഴുക്കിനെക്കാള്‍ മുന്‍പ് മനസ്സില്‍ വരാറുണ്ടായിരുന്നത് നിലാവുണ്ടായിരുന്ന ആ രാത്രിയിലെ അവിചാരിതമായ മരണം ആയിരുന്നു.

നാരായണേട്ടനെ ഒന്ന് കണ്ടാല്‍ കൊള്ളാം എന്നെനിക്കു തോന്നി.നാരായണേട്ടന്റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ പുതുതായി വീടുകള്‍ വന്നിരുന്നു. വഴി ഉറപ്പു വരുത്താനായി ഒരു വീടിന്റെ വാതിലില്‍ ഞാന്‍ കൊട്ടി. പുറത്തു വന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഒരു പരിചയം പോലെ തോന്നി.

“ആരാ..എവിടെക്കാ” എന്നയാള്‍ ചോദിക്കുമ്പോഴും,ഓര്‍മ്മയില്‍ ആ മുഖം പരതുകയായിരുന്നു ഞാന്‍. ദേവകി ചേച്ചി മരിച്ച ദിവസം എന്നെ തുറിച്ചു നോക്കിയ ആ കണ്ണുകള്‍ തന്നെ അല്ലെ ഇത്? “നാരായണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ ആരുണ്ട്‌” എന്ന് ചോദിച്ചപ്പോള്‍,”നാരായണേട്ടനെ എങ്ങനെയാണ് പരിചയം” എന്ന മറുചോദ്യം ആയിരുന്നു അയാള്‍ ചോദിച്ചത്. ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടെ ചോദിച്ചു.” നാരായണേട്ടന്‍ “?

“അമ്മാവന്‍ വീണു കിടപ്പായിട്ടു വര്‍ഷങ്ങള്‍ ആയി” എന്നയാള്‍ പറഞ്ഞു. അമ്മായിയുടെ മരണ ദിവസം വീണതാണത്രേ.” ഇന്നോ നാളെയോ എന്ന പോലെ കിടക്കുകയാണ് പാവം “എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരികെ നടക്കാന്‍ തീരുമാനിച്ചു.നാരായണേട്ടന്റെ വീട്ടിലേക്കു മരണദൂതനായി ഒരിക്കല്‍ കൂടി കയറി ചെല്ലാന്‍ ഞാന്‍ അശക്തന്‍ ആയിരുന്നു. മറ്റൊരു തവണ കൂടി ഈ ചെറുപ്പക്കാരന്റെയും,നാട്ടുകാരുടെയും മിഴികളെ നേരിടാന്‍ എനിക്ക് സാധിക്കയില്ല എന്ന് ഞാന്‍ മനസ്സാ ഉറപ്പിച്ചു.

യാദൃചികമെന്നോണം ഇന്നത്തെ ദിവസംതുലാമാസത്തെ തിരുവാതിര നാള്‍ ആണ് എന്ന തിരിച്ചറിവ്എന്നില്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി .പുഴയിലേക്കുള്ള നീണ്ടുകിടക്കുന്ന വഴിയിലൂടെ അതിവേഗം നടക്കുമ്പോള്‍ ഒരു തിരുവാതിരപ്പാട്ട് ഒഴുകി വരുന്നതുപോലെ എനിക്ക് തോന്നി.എവിടെയോ ഒരു ഗന്ധരാജന്‍ പൂവിന്റെ മണം ഉണ്ടോ ?