Theju P Thankachan
നായക കഥാപാത്രത്തിന് വളരെ കുറവ് സ്ക്രീൻ ടൈം നൽകി എന്നത് വിക്രം സിനിമയുടെ വലിയ പ്രത്യേകതകളിൽ ഒന്നായി പല ചർച്ചകളിലും പറയുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അതിനും വർഷങ്ങൾക്ക് മുൻപേ തന്നെ ഒരു മാസ്സ് പടത്തിലെ നായകന് മുഴുവൻ സിനിമയുടെ ഇരുപത്തഞ്ചു ശതമാനം സമയത്തേക്ക് മാത്രം പെർഫോം ചെയ്യാനുള്ള ഏരിയ നൽകിയത് ലൂസിഫറിലൂടെ പൃഥ്വിരാജും മുരളി ഗോപിയും ചേർന്നാണ്.
മോഹൻലാലിന്റെ അതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ മാസ്സ് പടങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റ്.
എന്നാൽ അത് മാത്രമായിരുന്നില്ല ലൂസിഫറിലെ പ്രത്യേകത.എഴുതിയ മാസ്സ് സീനുകളേക്കാൾ ആ സിനിമ ചർച്ച ചെയ്യപ്പെടേണ്ടത് അത് എഴുതാതെ വിട്ട, എഴുതിയിരുന്നെങ്കിൽ കുറേ അധികം കൈയ്യടി കിട്ടമായിരുന്ന, പല സീനുകളുടെ പേരിലാണ്.സിനിമ അതിന്റെ അന്ത്യത്തോടക്കുന്തോറും ഒരുപാട് കഥാപാത്രങ്ങളെ,അവരുടെ യഥാർത്ഥ ഐഡന്റിറ്റിയെ,എഴുത്തുകാരൻ വെളിപ്പെടുത്തുന്നുണ്ട്.
ഉദാഹരണത്തിന് ജതിൻ മഹേശ വർമ്മയ്ക്ക് മുന്നിൽ സ്വയം റിവീൽ ചെയ്യുന്ന സീൻ. വേണമെങ്കിൽ മുരളി ഗോപിക്ക് ആ സീനിലേക്ക് മോഹൻലാലിനെ കൂടെ കൊണ്ട് വരാമായിരുന്നു. ടോവിനോയെ കൊണ്ട് നാല് ഡയലോഗ് അധികം പറയിച്ച് ഒരു മാസ്സ് ബി.ജി.എമ്മും കൂടെ ചേർത്താൽ രണ്ട് താരങ്ങളുടെയും ഫാൻസിന്റെ കൈയ്യടിയും കിട്ടും.പക്ഷേ മുരളി ഗോപി അത് ചെയ്യുന്നില്ല.
പകരം “ഞാൻ സ്റ്റീഫൻറെ അനിയൻ തന്നെയാ” എന്ന ഒരൊറ്റ ഡയലോഗ് ആണ് ആകെ ഉപയോഗിച്ചിരിക്കുന്നത്.ഇനി ബോബിയുടെ മുന്നിൽ നേരിട്ട് പോയി സ്റ്റീഫന്റെ കൂടെ ഷോ കാണിക്കാമായിരുന്ന സാധ്യത ഉണ്ടായിരുന്നിട്ട് എഴുത്തുകാരൻ ആ അവസരവും മനപൂർവം വിട്ടുകളയുകയാണുണ്ടായത്.ആ സീനും വർക് ചെയ്തെടുത്തിരിക്കുന്നത് “ഞാൻ വിളിച്ചത് എന്റെ ചേട്ടൻ വന്നിട്ടാ” എന്ന ടോവിനോയുടെ ഒരേയൊരു ഡയലോഗിന്റെ മൂർച്ചയിലാണ്. ഇനി ലൂസിഫറിലെ ഏറ്റവും വലിയ മാസ്സ് ഇരിക്കുന്നത് മുരുകൻ എന്ന കഥാപാത്രത്തിന്റെ കൈയ്യിലാണ്. അത് ബൈജു എന്ന പെർഫോമറിന്റെ കൂടെ ഗുണം കൊണ്ടാണ്. ഓരോ കഥാപാത്രവും തങ്ങളുടെ കൂറ് വെളിപ്പെടുത്തുമ്പോൾ പോലും മുരുകനെ എഴുത്തുകാരൻ ഇരുട്ടത്ത് നിർത്തിയിരിക്കുകയാണ്. സ്റ്റീഫന്റെ കമാണ്ടർ ഇൻ ചീഫ് എന്നൊക്കെ പറയാവുന്ന ടൈപ്പ് കഥാപാത്രം. മുരുകൻ തന്റെ വിശ്വരൂപം അവതരിപ്പിക്കാൻ പോകുന്ന സമയം വളരെ രസകരമാണ്. അപ്പുറത്ത് നിന്ന് ചതിപ്പണി ചെയ്യുന്ന തന്നെപ്പോലത്തെ മറ്റൊരു വലംകൈയ്യെയാണ് അയാൾ ഇല്ലാതാക്കാൻ പോകുന്നത്. വേണമെങ്കിൽ മുരളി ഗോപിക്ക് ഇവിടെയും മോഹൻലാലിന്റെ സാന്നിധ്യം ഉപയോഗപ്പെടുത്താമായിരുന്നു.
കറുത്ത അമ്പാസിഡറിൽ ഇരുട്ടത്ത് വന്നിറങ്ങുന്ന ചെകുത്താൻ വസ്ത്രധാരി.കറുപ്പും വെളുപ്പും കലർന്ന സ്റ്റീഫൻ. പിറകിൽ സർവ്വസന്നദ്ധനായി മുരുകൻ.സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തിൽ അനാവൃതമാകുന്ന സ്റ്റീഫന്റെ മുഖം. ഇതുകണ്ട് പേടിച്ചരണ്ട് നിൽക്കുന്ന അലോഷി. നീട്ടിപ്പിടിച്ച തോക്കിന്റെ മുന്നിൽ നിന്ന് സ്റ്റീഫനെ കുറിച്ച് മുരുകന്റെ വക നാല് ബിൽഡപ്പ്. പോരേ പൂരം.! തീയേറ്റർ ഇളകിമാറിയാൻ ഇതിൽപ്പരം എന്ത് വേണം..പക്ഷേ ആ സാധ്യതയും മുരളി ഗോപി വിട്ടുകളയുന്നു.പകരം ഒരു ഡയലോഗിൽ അയാൾ സ്റ്റീഫൻ എന്ന മഹാരഹസ്യത്തെ ഒളിപ്പിക്കുന്നു : ആ തെറ്റിന് എന്റെ പുസ്തകത്തിൽ ഒരു ശിക്ഷയേ ഉള്ളൂ.! ഇനി സ്റ്റീഫന്റെ സ്വഭാവം നോക്കിയാലും മുൻ മോഹൻലാൽ ചിത്രങ്ങളിൽ നിന്നുമെല്ലാം അതിന് ഒരു പ്രധാന വ്യത്യാസം ഉള്ളതായി കാണാം.
നിർണ്ണായക സാഹചര്യങ്ങളിൽ പലതിലും സ്റ്റീഫൻ സ്വയം വണ്ടിയോടിക്കുന്നത്.സാധാരണ ഡ്രൈവറെ ഉപയോഗിക്കുന്നവർ ആണ് മോഹൻലാലിന്റെ നായകന്മാർ. ഇവിടെ പക്ഷേ ടിംബർ ഫാക്ടറി ഫൈറ്റിനിടയിലേക്ക് സ്റ്റീഫൻ വന്നു കയറുന്നത് ഒറ്റയ്ക്ക് ജീപ്പോടിച്ചാണ്. അത് പോലെ തന്നെ അലോഷിക്കുള്ള അവസാനത്തെ മരണവിളി സ്റ്റീഫൻ നടത്തുന്നതും ഡ്രൈവിങ് സീറ്റിലിരുന്നാണ്. യമൻ കാളപ്പുറത്തിരുന്ന് കൊലവിളി നടത്തുന്നതിന് സമാനമായൊരു വിഷ്വൽ.!സ്റ്റീഫൻ സ്ക്രീനിൽ എപ്പോഴൊക്കെ വരണം എന്നതിനെ പറ്റി എഴുത്തുവേളയിൽ മുരളി ഗോപി ഒരുപാട് ആലോചന നടത്തിയിട്ടുണ്ട് എന്നുറപ്പ്. കാരണം മായിൽവാഹനത്തെ കൊല്ലാൻ പോകുന്നത് സ്റ്റീഫൻ നേരിട്ടാണ്. വേണമെങ്കിൽ മുരുകനെ അയച്ചു ചെയ്യിച്ചെടുക്കാവുന്നതേയുള്ളൂ. പക്ഷേ നേരിട്ട് ആ കൊലയിൽ സ്റ്റീഫൻ ഇടപെടുന്നത് അത് പ്രിയയുടെ കേസ് ആയതുകൊണ്ടവണം. അലോഷിയെ കൊല്ലാൻ സ്റ്റീഫൻ നേരിട്ട് പോകാത്തത് അത്രയും വർത്ത് അവന് കൊടുക്കേണ്ട എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. ഇങ്ങനെ ഓരോ കാഴ്ചയിലും രസകരമായ ഒത്തിരി സംഗതികൾ ഒളിഞ്ഞിരിക്കുന്ന ഒരു സിനിമയാണ് ലൂസിഫർ. ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളിലൊന്ന് എമ്പുരാൻ ആയിരിക്കുന്നതിന്റെ കാരണവും മുരളി ഗോപിയുടെ എഴുത്തിലുള്ള ഈ വൈദഗ്ദ്യം കാണാൻ വേണ്ടിയാണ്.