ഹെവൻ
ശ്രീലേഷ് ബാലാകൃഷ്ണൻ
സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്ത ഒരു മലയാളം ത്രില്ലർ സിനിമ. ഹെവൻ അഥവാ സ്വർഗം…സ്വർഗ്ഗത്തിന് കൃത്യമായ ഒരു നിർവചനം ഉണ്ടോ?മരണത്തിനപ്പുറം നമ്മെ കാത്തിരിക്കുന്ന തൂവെള്ള നിറമുള്ള,കോടമഞ്ഞു പോലുള്ള ആകാശമാണോ സ്വർഗം?അങ്ങനെയെങ്കിൽ ഈ സിനിമയിൽ സ്വർഗത്തിൽ ജീവിക്കുന്നവർ ഏറെയാണ്..
പക്ഷെ ഞാൻ ഈ സിനിമയിൽ കണ്ടെത്തിയ ഒരു നിർവചനം ഉണ്ട് സ്വർഗം എന്ന പദത്തിന്..”മരണത്തിനു മുൻപ്, ജീവിക്കുന്ന സമയങ്ങളിൽ ചില മനുഷ്യർക്ക് എല്ലാം നേടിക്കൊടുക്കുന്ന, മറ്റു ചിലർക്ക് എല്ലാം നഷ്ടപ്പെടുത്തുന്ന ഒരിടം.. രണ്ടായാലും ജീവിതത്തെ മാറ്റി മറിക്കുന്ന ഒരിടം.
സിനിമയെപ്പറ്റി ഒരുപാടൊന്നും എഴുതുന്നില്ല..ഒരു പോലീസ് ഉദ്യോഗസ്ഥൻ എഴുതിയ കഥ,അതിലെ വസ്തുതകളോട് പരിപൂർണമായി നീതി പുലർത്തിക്കൊണ്ട്,അത് ആവശ്യപ്പെടുന്ന വേഗതയിൽ,പശ്ചാത്തല സംഗീതത്തിന്റെ അമിത ബഹളങ്ങളില്ലാതെ,എന്നാൽ നമ്മെ പിടിച്ചിരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന സിനിമ..സാധാരണ കുറ്റാന്വേഷണ സിനിമകളിൽ കണ്ടിട്ടില്ലാത്ത സയൻസ് പരമായ ചില രംഗങ്ങൾ വളരെ നന്നായി വന്നിട്ടുണ്ട്..സുരാജിന്റെയും ജാഫർ ഇടുക്കിയുടെയും സുദേവ് നായരുടെയും സുധീഷിന്റെയും പ്രകടനങ്ങൾ വളരെ നന്നായി..കഥയുടെ ഒരു പ്രത്യേക ഘട്ടത്തിൽ സുരാജിന്റെ അടക്കിപ്പിടിച്ച ഒരു അതിതീവ്രമായ അഭിനയം സിനിമ കണ്ടിറങ്ങിയാലും നമ്മെ വേട്ടയാടും തീർച്ച.
ഈ വർഷം ഇറങ്ങിയ മികച്ച ചില ചിത്രങ്ങളുടെ കൂട്ടത്തിൽ ഞാൻ എന്ന പ്രേക്ഷകൻ ഹെവനെയും ചേർക്കുന്നു.. കുറ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവർക്ക്,അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക്,മകനെ സ്നേഹിക്കുന്ന അച്ഛന്, അമ്മൂമ്മയെ സ്നേഹിക്കുന്ന കൊച്ചുമോന്,തന്റെ ജോലിയെ സ്നേഹിക്കുന്ന ഒരു പോലീസുകാരന് തീർച്ചയായും ഹൃദയത്തോട് ചേർക്കാവുന്ന സിനിമയാണ് ഹെവൻ..ഒറ്റവാക്കിൽ പറഞ്ഞാൽ കുടുംബ ബന്ധങ്ങളുടെ തീവ്രതയിലൂടെ കടന്നു പോകുന്ന ഒരു കുറ്റാന്വേഷണ സിനിമ…തിയേറ്റർ കാഴ്ചകളിൽ തീർച്ചയായും പരിഗണിക്കാവുന്ന ചിത്രം.
വേണ്ട രീതിയിലുള്ള പ്രമോഷൻ നടക്കാത്തത് കൊണ്ടാണോ, ഒരു പുതുമുഖ സംവിധായകന്റെ സിനിമ ആയത് കൊണ്ടോ എന്നറിയില്ല..ആളുകൾ കുറവായിരുന്നു കാണാൻ.. ഈ വാരാന്ത്യ ദിവസങ്ങളിൽ തിയേറ്റർ സജീവമാകുമെന്നും,സിനിമയെപ്പറ്റി നല്ല മൗത്ത് പബ്ലിസിറ്റി കിട്ടുമെന്നും പ്രതീക്ഷിക്കുന്നു..നല്ല സിനിമയാണ്..അതിന് അർഹിക്കുന്ന വിജയം നേടിക്കൊടുക്കേണ്ടത് നമ്മൾ പ്രേക്ഷകരാണ്..