Hey Ram (Kamal Hassan, 2000).
Sabu KT
“മഹാത്മജി നമ്മേ വിട്ടുപിരിഞ്ഞ വിവരം വേദനയോടെ അറിയിക്കുന്നു”
ബാക്ഗ്രൗണ്ടിലേ ‘വൈഷ്ണവ ജന് തോ തേനേ കഹിയേ’ എന്ന പ്രാർത്ഥനാഗാനത്തിനിടയിലാണ് സങ്കടകാരമായ ഈ റേഡിയോ അറിയിപ്പ്.അടുത്ത സീനിൽ, നെഹ്‌റു, മൗണ്ട്ബാറ്റൻ തുടങ്ങിയവർ വരുന്ന വഴിയിൽ ഒരു വലിയ ഒരാൾക്കൂട്ടം. മഹാത്മാഗാന്ധി കൊല്ലപ്പെട്ടതിൽ ഉള്ള സങ്കടവും, നിലവിളിയും,ആരാണ് കൊലചെയ്തത് എന്നറിയാതെ പ്രതിഷേധവും. ഇതിനിടയിൽ ആൾക്കൂട്ടത്തിനടയിൽ കോപത്തോടെ ഒരു ചോദ്യം.
“തീർച്ചയാണ് ആ കൊലയാളി ഒരു മുസ്ലിം തന്നെയായിരിക്കും?… ആരാണ് ആ മുസ്ലിം?”
പ്രതിഷേധക്കാരെ താത്കാലികമായെങ്കിലും നിശ്ശബ്ദരാകാൻ മൗണ്ട്ബാറ്റൻ ആ സമയം ഒരു ‘കളവു’പറഞ്ഞു.
“Stop it…Do not be foolish. It was not a Muslim, it was a Hindu”
(നിങ്ങളുടെ പ്രധിഷേധം നിർത്തൂ…സ്വയം വിഡ്ഢികൾ ആവരുത്…അത് ഒരു മുസ്ലിം അല്ല, ഒരു ഹിന്ദുവാണ്.)
അത് കേട്ടതും എല്ലാവരും നിശബ്ദരായി, പലർക്കും വിശ്വസിക്കാൻ കഴിയാതെയായി.തുടർന്ന് ഒരു മുറിയിൽ, മൗണ്ട്ബാറ്റൻനോട് നെഹ്‌റു ചോദിക്കുന്നു.
“അതൊരു ഹിന്ദുവാണെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു?”
മൗണ്ട്ബാറ്റൻ
“സത്യത്തിൽ എനിക്കതറിയില്ല… അയാൾ ഒരു ഹിന്ദുവാണോ?”
“അതേ, അയ്യാൾ ഒരു ഹിന്ദുവാണ്”
മൗണ്ട്ബാറ്റൻ: “Thanks God for that ….the country would be tear apart” (“ദൈവത്തിനു നന്ദിപറയണം…. ഈ രാജ്യം വീണ്ടും ഛിന്നഭിന്നമായെന്നെ”)
ഒരു വലിയ വംശഹത്യ ഒഴിച്ചു നിർത്താൻ താൻ പറഞ്ഞ കളവു സത്യമായതിൽ മൗണ്ട്ബാറ്റന് ആശ്വാസം തോന്നുകയും, ഈ വിവരം രാജ്യത്താകമാനം അറിയിക്കാൻ നെഹ്രുവിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
കമൽഹാസൻ രചന, സംവിധാനം, നിർമാണം എന്നിവ നിർവഹിക്കുകയും അതോടപ്പം സാകേത്റാം എന്ന അയ്യങ്കാർ വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ഹേ റാം(2000) എന്ന സെമി-ഫിക്ഷനൽ സിനിമയിലെ അവസാന രംഗത്തെ സംഭാഷങ്ങൾ ആണ് ഇത്.
”ഹേ റാം’ സിനിമ ആരംഭിക്കുന്നത്, 1999 ഡിസംബർ 6നു, ബാബരി മസ്ജിദ് ദിനാചരണ ഹർത്താൽ ദിവസത്തിലാണ്. അത്യാസന്നനിലയിൽ കിടക്കുന്ന സാകേത്റാമിനെ (കമൽ ഹാസൻ) ആശുപത്രിയിൽ എത്തിക്കാൻ കൊച്ചുമകനും ഡോക്ടറും പരിശ്രമിക്കുന്നു. അവിടെ നിന്നും ആരംഭിക്കുന്ന സിനിമയിലെ ഫ്ലാഷ്ബാക്ക്, പ്രേക്ഷകരെ ഇൻഡ്യാ-പാക് വിഭജനകാലഘട്ടത്തിൽ നടന്ന ഹിന്ദു-മുസ്ലിം കലാപകാലത്തെ കാഴ്ചകളിലേക്ക് കൊണ്ടുപോകുകയും മത തീവ്രവാദത്തിന്റെ മനുഷ്യത്വമില്ലായ്മകളെ തുറന്നുകാണിക്കുകയും ചെയ്യുന്നു.
പാകിസ്ഥാനിൽ സ്ഥിതിചെയ്യുന്ന മൊഹഞ്ചദാരോയിൽ ആർക്കിയോളജി വകുപ്പിൽ ജോലി ചെയ്യുകയായിരുന്ന സാകേത്റാം, ഹിന്ദു-മുസ്ലിം കലാപത്തിനുള്ള സാധ്യതകാരണം സുഹൃത്തായ അംജദ് ഖാനോടും (ഷാരൂഖ്ഖാൻ) മറ്റും വിടപറഞ്ഞു കൊൽക്കത്തയിലെ സ്നേഹിതയായ അപർണയെ (റാണിമുഖർജി) കാണാൻ പോകുന്ന രംഗങ്ങളോടുകൂടിയാണ് ഫ്‌ളാഷ്ബാക്ക് തുടങ്ങുന്നത്.ഇന്ത്യാ-പാക്ക് വിഭജനം എന്ന ആവശ്യപെട്ടുകൊണ്ടു, 1946 ആഗസ്ത് 16നു മുഹമ്മദലി ജിന്ന ആഹ്വനം ചെയ്താ ഡയറക്റ്റ് ആക്ഷൻ ഡേയിലെ ഹർത്താൽ ദിനത്തിൽ സാകേത്റാം കൽക്കത്തയിൽ അപർണയുടെ അടുത്ത് എത്തുന്നത്. അതേ ദിവസം രാത്രി, മുസ്ലിം കലാപകാരികളാൽ സാകേത്‌റാം ആക്രമിക്കപ്പെടുകയും പരിചയക്കാരനായ അൽതാഫും സംഘവും അപർണയെ അതിക്രൂരമായി ബലാല്‍സംഗംചെയ്തു കൊലപ്പെടുത്തുകയും ചെയ്യന്നു.
അടുത്ത ദിവസങ്ങളിൽ കൽക്കൊത്ത തെരുവുകളിൽ നടന്ന ഹിന്ദു-മുസ്ലിം കലാപങ്ങൾക്കിടയിൽ അൽത്താഫിനെ കൊലപ്പെടുത്തുന്ന സാകേത്‌റാം തുടർന്ന് തീവ്രഹിന്ദുത്വ പ്രവർത്തകനായ അഭയങ്കാറിനെ (അതുൽ കുൽക്കർണി) കണ്ടുമുട്ടുന്നു. സാകേത്‌റാം തീവ്രഹിന്ദുത്വ ഗ്രൂപ്പിന്റെ ഭാഗമാകുന്നു. ഇന്ത്യയിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന കഷ്ടതകൾക്കെല്ലാം കാരണം ഒറ്റൊരാൾ ആണെന്നും അത് മുഹമ്മദലി ജിന്നയെല്ല മറിച് മോഹൻദാസ് കരംചന്ദ് ഗാന്ധിയന്നെനും സാകേത്‌റാമിനെ അഭയങ്കർ ബോധ്യപ്പെടുത്തുന്നു. മുസ്ലിം വിരോധത്തിൽനിന്നും ഉയർന്ന പകയും അഭയങ്കറുമായുള്ള രാഷ്ട്രീയ സൗഹൃദവും ഗാന്ധിയെ കൊലചെയ്യാനുള്ള ഗൂഡാലോചനയിൽ സാകേതിനെ എത്തിക്കുന്നു. ഒരു ഘട്ടത്തിൽ കൊലചെയ്യുന്നതിനുള്ള മുഖ്യറോൾ സാകേത്റാം ഏറ്റെടുക്കുകയും ചെയ്യുന്നു.
ഗാന്ധിജിയെ കൊലപ്പെടുത്താൻ മഹാരാഷ്ട്രയിൽ എത്തുന്ന സാകേത്‌റാം പഴയ സുഹൃത്ത് അംജദ്ഖാനെ യാതൃശ്ചികമായി വീണ്ടും കാണുന്നു. വിഭജനത്തെ തുടർന്നുള്ള കർഫ്യു ദിവസങ്ങളിലെ അംജത് ഖാനും കുടുംബവും തീവ്രഹിന്ദുത്വവാദികളാൽ അക്രമിക്കപെടുന്ന ഘട്ടത്തിൽ അവരെ സംരക്ഷിക്കേണ്ട സാഹചര്യം സാകേത്‌റാമിനു ഉണ്ടാകുന്നു. അംജദ് ഖാൻ മരണപെടുന്നതിനുമുന്പേ മതതീവ്രവാദത്തിന്റെ ഭീകരമുഖം സാകേത്‌റാം തിരിച്ചറിയുന്നു. ഗാന്ധിജിയെ കൊലചെയാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് സാകേത്‌റാം മനസ്സിലാകുന്നു. തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള തിരിച്ചറിവ് മഹാത്മാ ഗാന്ധിയെ കണ്ടു പറയുവാനും ഗാന്ധിയെ കൊലപ്പെടുത്താൻ വേണ്ടി കരുതിയ തോക്കു അദ്ദേഹത്തിന്റെ മുന്നിൽ സമർപ്പിക്കാനും സാകേത്‌റാം ശ്രമിക്കുന്നു. എന്നാൽ അതേ ദിവസംതന്നെയാണ് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വെടിവെച്ചുകൊല്ലുന്നത്. ഇത്രയുമാണ് ഫ്‌ളാഷ് ബാക്. ഫ്‌ളാഷ് ബാക് ശേഷം ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ കലാപത്തിനിടയിൽ ചികിത്സാ ലഭിക്കാതെ സാകേത് രാം മരണപ്പെടുന്നു.കമൽഹാസന്റെ രചനയിൽ രൂപപ്പെട്ട ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് ഹേ റാം. ഗാന്ധിജിയുടെ പാകിസ്ഥാൻ, മുസ്ലിം വിഷയങ്ങളിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ നിലപാടുകളെയും നയങ്ങളെയും ചർച്ചയ്ക്കു വിധേയമാക്കുകയും ആത്യന്തികമായി ഗാന്ധിയുടെ അഹിംസയെ ശരിവെക്കുകയും ചെയുന്നുണ്ട് ഈ സിനിമ.
ഗാന്ധിയെ കൊലപ്പെടുത്തിയത് ഒരു മുസ്ലിം അല്ലായെന്നും എന്നും തീവ്രഹിന്ദുത്വ വാദികൾ ആണെന്നും ഉള്ള വസ്തുത-ഒരു വംശഹത്യ ഒഴിവായതിൽ ഉള്ള ആശ്വാസം പങ്കുവെച്ചുകൊണ്ടാണ് ഹേ രാം അവസാനിപ്പിക്കുന്നത്.സിനിമ അവസാനിപ്പിക്കുന്ന ടൈറ്റിൽസ് രംഗങ്ങളിൽ ഗാന്ധിജിയുടെ ചെറുമകൻ തുഷാർ ഗാന്ധിയുണ്ട്.സാകേത്റാമിന്റെ സ്വാകാര്യമ്യൂസിയത്തിലെ അടഞ്ഞുകിടക്കുന്ന ജന്നൽ-വാതിൽപാളികളിൽ ഒരു വലിയ ചിത്രം ഗാന്ധിജിയുടെതാണ്. സാകേത്റാമിന്റെ ചെറുമകനും ഗാന്ധിജിയുടെ ചെറുമകനും കൂടി ഗാന്ധിജിയുടെ ചിത്രം ഉൾകൊള്ളുന്ന ജനൽ-വാതിൽ പാളികൾ എല്ലാം ഓരോന്നായി തുറക്കുന്നു. തുടർന്ന് മുറിയിലേക്ക് വെളിച്ചവും കാറ്റും കടന്നുവരുന്ന കാഴ്ച കാണിച്ചുകൊണ്ടാണ് സിനിമയുടെ ഏൻഡ് ടൈറ്റിൽസ് അവസാനിക്കുന്നത്.