ഹിജാബിന്റെ കാല്പനികവത്കരണം അഥവാ ഓണത്തിനിടയിലെ പുട്ടുകച്ചവടം

922

ബച്ചു മാഹിയുടെ (Bachoo Mahe)രണ്ടു കുറിപ്പുകൾ

ലോകം ഞെട്ടിത്തെറിച്ച ഭീകരാക്രമണത്തിന് ശേഷം ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡനും അവരുടെ ഭരണകൂടവും സ്വീകരിച്ച നടപടികൾ പരക്കെ പ്രകീർത്തിക്കപ്പെടുകയുണ്ടായി. കേരളത്തിലും അവരുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുകയാണ് ഒരു വിധം എല്ലാവരും. ന്യൂസിലാൻഡ് ജനസംഖ്യയിൽ 1.18% മാത്രമാണ് മുസ്ലിംകൾ. അതിൽത്തന്നെ ഏതാണ്ട് മുഴുക്കെയോ നല്ലൊരു പങ്കോ മറ്റുരാജ്യങ്ങളിൽ നിന്ന് കുടിയേറി പൗരത്വം നേടിയവരാണ്. ആ ന്യൂനാൽ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് നേരെ നിഷ്ഠുരമായ ഭീകരാക്രമണം ഉണ്ടായപ്പോൾ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഒരു ഭരണാധികാരി ഏത് വിതാനത്തിലേക്ക് ഉയരണമെന്നും ഒരു സമൂഹം ജനാധിപത്യപരതയുടെ ഉത്തുംഗതയിൽ എങ്ങനെ ആയിരിക്കുമെന്നും ന്യൂസിലാൻഡ് മാതൃക തീർത്തു.

നമ്മുടെ ജനാധിപത്യ പരികല്പന എന്നാൽ ഭൂരിപക്ഷത്തിൻ്റെ ഹിതം, രീതി, ശീലങ്ങൾ (അവ യഥാർത്ഥത്തിൽ ഭൂരിപക്ഷത്തിൻറെതാണോ അതോ ഭൂരിപക്ഷത്തിൻ്റെത് എന്ന പേരിൽ പ്രാമുഖ്യം നേടിയതാണോ എന്നത് മറ്റൊരു വശം) എന്നിവ ന്യൂനപക്ഷം ഉൾപ്പെടെയുള്ള സമൂഹത്തിന് മേൽ അടിച്ചേല്പിക്കുക എന്നതാണ്. അത് ഇടത്-വലത്-സംഘി ഭേദമന്യേ സർവാംഗീകാരം നേടിയ സംഗതിയാണ്. അതുകൊണ്ടാണ് സർക്കാർ പരിപാടികൾ നിലവിളക്ക് കത്തിച്ചും തേങ്ങയുടച്ചും ഗണപതി ഹോമം നടത്തിയും തുടങ്ങുന്നത്.

ന്യൂസിലാൻഡിൽ പാർലമെൻ്റ് സമ്മേളിച്ചത് ഖുർആൻ പാരായണത്തോടെ ആയതും പ്രധാനമന്ത്രിയും സ്പീക്കറും അസ്സലാമു അലൈകും എന്ന ഇസ്ലാമിക അഭിവാദന രീതിയോടെ പ്രസംഗം തുടങ്ങിയതും

Bachoo Mahe

വെള്ളിയാഴ്ച പ്രാർത്ഥനക്കുള്ള ബാങ്ക് വിളി സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞതും മറ്റൊരു ആംഗിളിലാണ് കാണേണ്ടത്. ഒരു മതവിഭാഗം എന്നത് വെറുപ്പിൻ്റെ ടാർഗറ്റ് ആകുമ്പോൾ അതിനെതിരെ ഞങ്ങൾ അവരെ ചേർത്ത് പിടിക്കുന്നു എന്ന സന്ദേശം. ജനാധിപത്യപരതയുടെ ഉത്തുംഗതയാണത്. അല്ലാതെ അൽദീനികൾ ഹുറേ വിളിക്കുന്നത് പോലെ, ന്യൂസിലാൻഡ് ‘മഹത്വം തിരിച്ചറിഞ്ഞ്’ മ്മടെ ‘ദീനിൽകൂടി’യതല്ല!

ഹിന്ദുത്വഫാഷിസത്തിൻ്റെ പ്രഥമ ടാർഗറ്റ് ആയ മുസ്ലിംകൾ, ആക്രമണത്തിനും അപരവൽക്കരണത്തിനും ഇരയാകുമ്പോൾ മുസ്ലിം സ്വത്വത്തിൻ്റെ മൗലിക, ജനാധിപത്യ, വിശ്വാസ, പൗരാവകാശങ്ങൾക്ക് ഒപ്പം നിരുപാധികം നിലയുറപ്പിക്കാതെ അവർക്ക് ഹിന്ദുത്വ അബോധത്തിന് അനുസൃതമായ പ്രിസ്‌ക്രിപ്‌ഷൻ നൽകുന്ന സ്വയംകൃത മതേതരർക്കും ലിബറലുകൾക്കും ഒപ്പം തങ്ങളിലെ ഉപസ്വത്വങ്ങളെ അംഗീകരിക്കാത്ത, ന്യൂനപക്ഷ അവകാശം, മതസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാൽ സ്ത്രീ അവകാശങ്ങൾ, വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശം, ലൈംഗിക ന്യൂനപക്ഷ അവകാശങ്ങൾ ഇവയ്ക്ക് മേൽ ഹിംസ തീർക്കലാണ് എന്ന് മനസ്സിലാക്കി വെച്ചിരിക്കുന്ന മുസ്ലിം സദാചാരി ആൺകോയ്മക്കും ഒരുപോലെ പഠിക്കാനുണ്ട്.

ജനാധിപത്യം എന്നത് തത്വത്തിൽ സുന്ദരമാണ്. അത് നിങ്ങൾ മനസ്സിലാക്കിയ പോലെ പത്തിൽ ആറുപേർ കൈപൊക്കിയാൽ എന്ത് തോന്ന്യാസവും ആകാമെന്നതല്ല; മറിച്ച് പത്തിൽ ഒരാൾ ആണെങ്കിൽപോലും മാറ്റി നിർത്താതെ അണച്ച് പിടിക്കുക എന്നതാണ്. അതാണ് സ്യൂസിലാൻഡ് ലോകത്തെ പഠിപ്പിക്കുന്നത്. ന്യൂസിലാൻഡിൽ പൊലിഞ്ഞ അൻപതിന് പകരം, ആയിരങ്ങൾ വംശീയ വെറുപ്പിൽ പൊലിഞ്ഞ മുസ്ലിം, സിക്ക് സമൂഹങ്ങളെ ഇങ്ങനെ ചേർത്തുപിടിക്കാൻ ഇന്ത്യക്ക് കഴിയാതെ പോയത് ഇവിടെ ജനാധിപത്യം കള്ളനാണയം ആയതുകൊണ്ടും വംശീയഭീകരർ ഭരണത്തിന് പുറത്തുനിന്നല്ല ഉള്ളിൽത്തന്നെയാണ് എന്നത് കൊണ്ടുമാണ്.
=====
ലോകത്തിൻ്റെ പലഭാഗങ്ങളിലും മുസ്ലിംകൾ ആയ ആണും പെണ്ണും ഒരു മതകീയ അനുശാസനം എന്ന് ശരിയായോ തെറ്റായോ ധരിച്ച് കൊണ്ടുള്ള വേഷവിധാനം തെരഞ്ഞെടുത്തിരുന്നു. ഫുൾ സ്ലീവ്, ഫുൾ ലെങ്ത്ത് വെള്ളവസ്ത്രവും താടിയും തൊപ്പിയും ആണ് ആണിൻ്റെ വേഷം. തലയിൽ സ്കാർഫും ഫുൾ സ്ലീവുമൊക്കെ അടങ്ങുന്ന വേഷം പെണ്ണിനും. ചുരുക്കത്തിൽ ആണിനും പെണ്ണിനും ഓപ്‌ഷണൽ ആയി ഏതാണ്ട് ശരീരഭാഗങ്ങൾ കവർ ചെയ്യുന്ന വസ്ത്രധാരണം എന്നർത്ഥം. ചില ദേശങ്ങളിൽ ചിലർ പാലിക്കുകയും മറ്റു ചിലർ പാലിക്കാതിരിക്കുകയും ചെയ്തു. ചുരുക്കം ചില നാടുകളിൽ മാത്രം ഏതാണ്ടെല്ലാവരും തീക്ഷ്ണതയോടെ പാലിച്ചു.

ഹിജാബ് എന്നത് സ്ത്രീവേഷത്തെക്കുറിച്ച പ്രത്യേകമായ പദമല്ലായിരുന്നു; മാന്യമായ വേഷം, ഔചിത്യപൂർണ്ണമായ പെരുമാറ്റം എന്ന് ആണിനും പെണ്ണിനും പൊതുവായ മര്യാദകളെക്കുറിക്കുന്ന പദമായിരുന്നു. അത് തലമറക്കണമെന്നോ തുറക്കണമെന്നോ സവിശേഷമായ തിട്ടൂരങ്ങൾ ഉൾക്കൊണ്ടുമില്ല. വേഷമെന്നത് കാലികവും പ്രാദേശികവുമായ പ്രത്യേകതകളെയും സൗകര്യങ്ങളെയും ഉൾകൊണ്ടുള്ള ഒന്നാണെന്ന് വീക്ഷണമുള്ള മതമീംസാകാരന്മാർ അന്യത്രയുണ്ട്.

എന്നാൽ, പാൻ ഇസ്ലാമിസം, പൊളിറ്റിക്കൽ ഇസ്ലാമിസം പോലുള്ള ധാരകൾ ശക്തിപ്പെട്ടപ്പോൾ, ഹിജാബ് എന്ന സംജ്ഞ, തലമറക്കൽ എന്നത് രൂക്ഷതയോടെ ഊട്ടിയുറപ്പിച്ച് കൊണ്ടുള്ള സ്ത്രീവേഷ നിഷ്കർഷയെക്കുറിക്കുന്ന പദമായി ചുരുങ്ങി, മതത്തിൻ്റെ പരമപ്രധാനമായ അനുശാസനമായി ആഖ്യാനിക്കപ്പെടുകയും അതിനെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചുകൊണ്ടുള്ള മുസ്ലിം ഏകീകരണത്തിൻ്റെ (യൂണിഫോം) ഭാരം സ്ത്രീകളുടെ ചുമലിലേക്ക് വരികയും ചെയ്തു. പോകെപ്പോകെ മുഖം ഒഴിവായിരുന്ന ഹിജാബി നിഷ്കർഷയിൽ മുഖം മറയ്ക്കൽ കൂട്ടിച്ചേർക്കപ്പെട്ടു.

അത്തരം ഭാരങ്ങളൊന്നും ആണിന് ഉണ്ടാകുന്നില്ല എന്നത് പ്രസ്താവ്യമാണ്. തബ്ലീഗികളെപ്പോലെ മുസ്ലിംകളിലെ തുലോം ന്യൂനപക്ഷമായ ഗ്രൂപ് ഒഴികെ ആൺവേഷ നിഷ്കർഷയിൽ അധികം ഊന്നാറില്ല.

ഹാദിയയുടെ അവകാശത്തിൻ്റെ വിഷയമായാലും ജസീന്ത ആർഡൻ കാട്ടിയ അതുല്യമായ എമ്പതിയുടെ മാതൃക ആയാലും അതിനെയൊക്കെ പൂർണ്ണമനസ്സോടെ ഏറ്റെടുക്കുമ്പോഴും, അതിനിടയിൽ ഓണത്തിനിടയിലെ പുട്ടുകച്ചവടം എന്നത് പോൽ വരുന്ന ഹിജാബിൻറെ റൊമാൻറിസൈസിങ് വേഷമെന്നത് വ്യക്തിയുടെ ചോയിസ് ആണെന്ന് കരുതുന്ന ഒരു വിഭാഗം മുസ്ലിം സ്ത്രീകൾക്ക് മേൽ, എന്തിനധികം കുഞ്ഞുങ്ങൾക്ക് മേൽപോലും, വയലൻസ് തീർക്കുന്നുണ്ട് എന്നകാര്യം പറയാതെ വയ്യ.

ഇന്ന് മുസ്ലിം സംഘടനകൾ നടത്തുന്ന സ്‌കൂളുകൾ തമ്മിൽ മത്സരമാണ്. ആരാണ് ഏറ്റവുമാദ്യം “ഹിജാബ്” ഏർപ്പെടുത്തുക എന്ന്. എൽകെജി മുതൽ ‘ഹിജാബ്’ ഏർപ്പെടുത്തുന്ന സ്‌കൂളുകൾ ലിസ്റ്റിൽ ഒന്നാമതെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് യൂണിഫോമിൻറെ ഭാഗമായി മഫ്തയും പർദ്ദയുമൊക്കെ അടിച്ചേല്പിക്കുന്നതിനെതിരെ നിയമപരമായ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു.

അഖിലാണ്ഡമണ്ഡലം പരിപാലിക്കുന്നവനാണ് ദൈവം എങ്കിൽ അങ്ങേർക്ക് പെണ്ണുങ്ങളുടെ മുടി കാണുന്നുണ്ടോ എന്ന് നോക്കിയിരിക്കയാണോ ജോലി? എന്തൊരു ഭോഷ്ക് ആണ് നിങ്ങൾ സോഷ്യൽ പ്രഷർ വഴി സ്ത്രീകൾക്കും പെണ്കുട്ടികൾക്കും ഈ അടിച്ചേല്പിക്കുന്ന രീതി?! ആഭ്യന്തര ജനാധിപത്യവൽക്കരണത്തിൽ ഇസ്ലാമിക / മുസ്ലിം സമൂഹങ്ങൾ ഇനിയും കാതങ്ങൾ സഞ്ചരിക്കേണ്ടതായുണ്ട്.