ഹിന്ദു വിശ്വാസവും, ഹിന്ദുത്വ രാഷ്ട്രീയവും

വെള്ളാശേരി ജോസഫ് 

ഹിന്ദു വിശ്വാസവും ഹിന്ദുത്വ രാഷ്ട്രീയവും രണ്ടും രണ്ടാണ്. രാഷ്ട്രീയം വേറെ, വിശ്വാസം വേറെ. മതത്തിൻറ്റെ കൂടെ രാഷ്ട്രീയവും സമ്പത്തും അധികാരവും ഒക്കെ കൂടിച്ചേരുമ്പോഴാണ് വയലൻസും, മത സ്പർദ്ധയുമൊക്കെ വരുന്നത്. അന്യമത വിദ്വേഷം രാഷ്ട്രീയ നേട്ടത്തിനായി ചിലർ ഇവിടെ ആസൂത്രിതവും സംഘടിതവുമായി  ഉപയോഗപ്പെടുത്തുകയാണ്.

ഇന്ത്യയിൽ ഹിന്ദുവായിരിക്കുമ്പോൾ തന്നെ മതാതീതമായി മനുഷ്യത്ത്വത്തിൻറ്റെ വലിയൊരു പ്രതീകമായി മാറിയത് മഹാത്മാ ഗാന്ധിയാണ്. താൻ ഒരു സനാതന ഹിന്ദുവാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് ഗാന്ധി ഹിന്ദു-മുസ്‌ലിം സഹോദര്യത്തിന് വേണ്ടി നിലകൊണ്ടത്. 1947-ൽ വിഭജനത്തിൻറ്റെ കാലുഷ്യം നിറഞ്ഞ ഘട്ടത്തിലും ഹിന്ദു-മുസ്‌ലീം സാഹോദര്യം ഗാന്ധി ഉയർത്തി പിടിച്ചു. ഗാന്ധി വധം മിഥ്യയല്ലാ. ഇപ്പോൾ ബി.ജെ.പി.-യുടെ എം.പി. – യായ പ്രഗ്യാ സിംഗ് ഠാക്കൂറും,  കേന്ദ്ര മന്ത്രിയായ അനന്ത് കുമാർ ഹെഗ്ഡെയും മറ്റനേകം പേരും കൊലപാതകിയായ ഗോഡ്‌സെയെ പ്രകീർത്തിക്കുകയാണ്. നേരത്തേ സാക്ഷി മഹാരാജ്ജും ഗോഡ്‌സെയെ പ്രകീർത്തിച്ചിരുന്നു. ചുരുക്കം പറഞ്ഞാൽ മത സ്പർദ്ധയിൽ അധിഷ്ഠിതമായ ഹിന്ദ്വത്ത്വ രാഷ്ട്രീയത്തിൻറ്റെ മുഖം മൂടികൾ അഴിഞ്ഞു വീഴുകയാണ്.

ഗുജറാത്ത് കലാപത്തിലെ ഇരയായ ബിൽക്കീസ് ബാനുവിൻറ്റെ കേസിൽ സുപ്രീം കോടതിയുടെ റിവ്യൂ പെറ്റീഷനിലുള്ള വിധി കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വന്നത്. ഗുജറാത്ത് കലാപകാലത്ത് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ സ്വന്തം ഗ്രാമവാസികൾ കൂട്ടബലാത്സംഗം നടത്തി മരിച്ചു എന്ന് കരുതി ഇട്ടിട്ടു പോയതാണ്. ഇരുന്നൂറോളം സ്ത്രീകളാണ് അന്ന് ബലാത്സംഗത്തിന് ഇരയായത്. ബിൽക്കീസ് ബാനുവിൻറ്റെ മൂന്ന് വയസുള്ള കുഞ്ഞ് കുടുംബത്തിലെ 13 പേരോടൊപ്പം കൊല്ലപ്പെടുകയും ചെയ്തു. 3 വയസ്സുകാരിയായ മകൾ സലേഹമയെ പാറയിലടിച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്. 50 ലക്ഷവും ജോലിയും, വീടും, സർക്കാർ ജോലിയും ആണ് ആ പൈശാചികമായ അക്രമത്തിന് സുപ്രീം കോടതി നഷ്ടപരിഹാരമായി ബിൽക്കീസ് ബാനുവിനു കൊടുത്തത്. അതിനെതിരെ റിവ്യൂ പെറ്റീഷന് പോയത് തന്നെ കാണിക്കുന്നത് ഭരണകൂടത്തിൻറ്റെ ഇത്തരം കുറ്റകൃത്യങ്ങളോടുള്ള അനുഭാവമാണ്.

ഇരുന്നൂറോളം സ്ത്രീകൾ ഗുജറാത്ത്‌ കലാപത്തിൽ ബലാത്സംഗം ചെയ്യപ്പെട്ടതൊക്കെ അക്രമത്തിൻറ്റെ ഭീകര മുഖമാണ് വിളിച്ചോതുന്നത്. ഇതൊക്കെ മിഥ്യകളല്ലാ. ബാബ്ബ്രി മസ്ജിദ് പൊളിച്ചതും  മിഥ്യയല്ലായിരുന്നു. ബാബ്ബ്രി മസ്ജിദ് പൊളിച്ചതിലൂടെയാണ് ഹിന്ദുത്ത്വ രാഷ്ട്രീയം സമീപ കാല ഇന്ത്യയിൽ തേരോട്ടം തുടങ്ങിയത്. 500 വർഷം പഴക്കമുള്ള ഒരു ആരാധനാലയം സാധാരണക്കാരായ വിശ്വാസികളെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന ഒന്നാണോ??? പിന്നീടുണ്ടായ മുംബൈ കലാപവും, ഗുജറാത്ത് കലാപവും സംഘ പരിവാർ രാഷ്ട്രീയത്തെ ഊട്ടി ഉറപ്പിച്ചു. ഈ കലാപങ്ങളൊന്നും മിഥ്യകളല്ലായിരുന്നു. അമ്പതിലേറെ ആളുകളാണ് ‘പശുസ്നേഹം’ മൂലം ബി.ജെ.പി. കേന്ദ്രത്തിൽ അധികാരത്തിൽ എറിയതിനു ശേഷം കൊല്ലപ്പെട്ടത്. അനേകം പേർക്ക് ബി.ജെ.പി. -യുടെ ‘പശുസ്നേഹം’ മൂലം പൊതിരെ തല്ലും കിട്ടി. സംജോത്താ എക്സ്പ്രസ് സ്ഫോടനം, മക്കാ മസ്ജിദ് സ്ഫോടനം, മാലിഗാവിലുണ്ടായ ബോംബ് സ്ഫോടനം – ഇവയൊക്കെ വിദ്വേഷ രാഷ്ട്രീയത്തിൻറ്റെ ഭീകര മുഖങ്ങളാണ് വിളിച്ചോതിയത്. കേണൽ പുരോഹിത് എന്ന ബോംബു പൊട്ടിച്ച ആൾ, പ്രഗ്യാ സിംഗ് ടാക്കൂർ എന്ന ബോംബു പൊട്ടിച്ച സന്യാസിനി, ഗ്രഹാം സ്റ്റൈൻസിനെയും പിഞ്ചു മക്കളെയും കാറിനുളളിലിട്ട് ചുട്ടുകരിച്ച ധാരാ സിംഗ് – ഇവരൊക്കെ മിഥ്യകളല്ലായിരുന്നു. ബോംബ് സ്ഫോടനത്തിൽ പങ്കാളികളായവരുമായുള്ള ബന്ധം ചൂണ്ടികാട്ടി നേരത്തേ ഹൈക്കോടതിയും, സുപ്രീം കോടതിയും പ്രഗ്യാ സിംഗ് ഠാക്കൂറിന് ജാമ്യം ബി.ജെ.പി. അധികാരത്തിൽ വരുന്നതിന് മുമ്പ് നിഷേധിച്ചതായിരുന്നു. ബി.ജെ.പി. അധികാരത്തിൽ എത്തിയതോടെ കഥയാകെ മാറി. ഉത്തരവാദിത്ത്വപ്പെട്ട പാർട്ടിയായിരുന്നെങ്കിൽ ബി.ജെ.പി. പ്രഗ്യാ സിംഗ് ഠാക്കൂറിനെ ലോക്സഭാ സ്ഥാനാർഥി ആക്കരുതായിരുന്നു. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ പ്രഗ്യാ സിംഗ് ഠാക്കൂർ ബി.ജെ.പി. – യുടെ ഏറ്റവും വിവാദ നായികയായ പാർലമെൻറ്ററി എം.പി. ആയി മാറികഴിഞ്ഞു. അവർ ഇപ്പോൾ കൊലപാതകിയായ ഗോഡ്‌സെയേയും പ്രകീർത്തിക്കുന്നു. ചുരുക്കം പറഞ്ഞാൽ ഹിന്ദുത്ത്വ രാഷ്ട്രീയത്തിൻറ്റെ മൂടുപടങ്ങൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ്.

ഭക്തിക്കും, ആത്മീയതക്കും ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ ഒരു കാലത്തും വിഘ്നം ഉണ്ടായിട്ടില്ല. ആധുനിക കാലഘട്ടത്തിലും അതിനൊന്നും ഒരു മാറ്റവുമില്ലാ. ഇന്ത്യക്കാരുടെ ഇടയിലുള്ള ഈ ഭക്തിയും ആത്മീയതയും ആണ് ഹിന്ദുത്ത്വ രാഷ്ട്രീയത്തിൻറ്റെ കപട നാട്യക്കാർ വളരെ സമർത്ഥമായി അധികാരത്തിനു വേണ്ടി ചൂഷണം ചെയ്യുന്നത്. മലയാളത്തിൽ ഹിമാലയൻ യാത്രാ വിവരണങ്ങൾ എഴുതിയ എം. കെ. രാമചദ്രനെ പോലുള്ളവർ കണ്ടമാനം അതിശയോക്തി കലർത്തി തീവ്ര രാജ്യസ്നേഹവും, തീവ്ര മതബോധവും ഒക്കെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിൻറ്റെ ഒക്കെ ഫലമായി മിഥ്യാഭിമാനത്തിന് അടിമപ്പെട്ട ഒട്ടേറെ ഇൻഡ്യാക്കാർ ഇന്നുണ്ട്.

യോഗികളിലും സന്യാസിമാരിലും ബഹു ഭൂരിപക്ഷം പേരും പ്രസിദ്ധി ഒട്ടും ആഗ്രഹിക്കുന്നവരല്ല. മലയാളിയായ ആത്മീയാചാര്യൻ ശ്രീ എം – ൻറ്റെ ഗുരുവും ഹിമാലയൻ യോഗിയുമായ മഹേശ്വതാർ ബാബാജി ശ്രീ എം – ൻറ്റെ ആത്മകഥയായ ‘ഗുരുസമക്ഷം – ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ’ എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത് “Greatness is never exhibited” എന്നാണ്. മഹത്ത്വം എന്നുള്ളത് പരസ്യപ്പെടുത്താനുള്ള ഒന്നല്ല എന്നാണ് എല്ലാ ആത്മീയാചാര്യന്മാരും മനുഷ്യനെ പഠിപ്പിച്ചിട്ടുള്ളത്. “നിൻറ്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്” എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. മഹത്ത്വം അല്ലെങ്കിലും എം. കെ. രാമചന്ദ്രൻ ഒക്കെ എഴുതി പിടിപ്പിക്കുന്നത് പോലെ അതിശയോക്തി കലർന്ന വർണനകൾക്കുള്ളതല്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങൾ എല്ലാ മതങ്ങളിലെയും ആത്മീയാചാര്യൻമാരേയും, ചടങ്ങുകളെയും ബഹുമാനിക്കുന്നവരാണ്. ഹിന്ദുയിസത്തിലെ ദേവീ സങ്കൽപ്പം നിമിത്തം ഹിന്ദുക്കൾക്കും കന്യാ മറിയത്തെ ആരാധിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. വേളാങ്കണ്ണിയിലും, മുംബയിലെ മാഹി പള്ളിയിലും, ഡൽഹിയിലെ ഖാൻ മാർക്കെറ്റിൽ ഉള്ള മാതാവിൻറ്റെ പള്ളിയിലും ദിവസേന ഒഴുകിയെത്തുന്ന അന്യ മതക്കാർ ആയിരങ്ങളാണ്. അത് പോലെ തന്നെ ഫക്കീറായിരുന്ന ഷിർദി സായി ബാബയെയും, ക്വാജ മൊയ്നുദ്ദീൻ ചിഷ്ടിയെയും ആരാധിക്കുന്ന അന്യ മതക്കാർ ആയിട്ടുള്ളവർ ആയിരങ്ങളാണ്. കാശി വിശ്വനാഥ് ക്ഷേത്രത്തിനു ചുറ്റും ആയിരകണക്കിന് മുസ്ലീങ്ങൾ ഉണ്ട്. അവരാണ് വിശ്വ പ്രസിദ്ധമായ ബനാറസ് സിൽക്ക് സാരി നെയ്യുന്നത്. അത് പോലെ തന്നെ പല ക്ഷേത്രങ്ങളിനു ചുറ്റിലും പൂജാ ദ്രവ്യങ്ങളൊക്കെ വിൽക്കുന്നത് മുസ്ലീങ്ങളാണ്. രാമേശ്വരത്തെ ക്ഷേത്രത്തിനടുത്താണല്ലോ മുൻ പ്രെസിഡൻറ്റ് അബ്ദുൾ കലാം ജനിച്ചു വളർന്നത്. ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയിൽ തികഞ്ഞ മത സൗഹാർദവും, സാഹോദര്യവും ഉണ്ടെന്നുള്ള കാര്യം ആർക്കും കാണാം.

മതം എന്ന് പറയുമ്പോൾ തന്നെ ഓരോ മതത്തിലേയും ആദ്ധ്യാത്മികവും, ധാർമികവും ആയിട്ടുള്ള കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. എളിമ, വിനയം, സത്യസന്ധത, ആത്മാർഥത, സാമൂഹ്യ സേവനം – ഇതൊക്കെയാണ് ഏതു മതത്തിൻറ്റെയും അന്ത സത്ത. പിന്നെ, ആരാധനയിലും, മത പുരോഹിതന്മാരുടെ ഭാഷയിലും വേഷത്തിലും ഒക്കെ വിത്യാസം കാണാം. അതിൽ വലിയ പ്രാധാന്യം ഒന്നുമില്ല. മതത്തിനുപരിയായി മനുഷ്യനെ കാണാൻ ആഗ്രഹിക്കുന്നവർ എല്ലാ ആത്മീയ ആചാര്യന്മാരെയും, മതങ്ങളെയും ബഹുമാനിക്കും. അവർ ഒരു മതത്തെയും നിന്ദിക്കയില്ല; മറിച്ച് എല്ലാ ആത്മീയ നേതാക്കളും, മതങ്ങളും  മനുഷ്യരാശിക്ക് നൽകിയ സംഭാവനകൾ ആദരിക്കും. ഇന്ത്യയിൽ അങ്ങനെയുള്ള അനേകം ആത്മീയാചാര്യൻമാർ ഉണ്ടായിരുന്നു. ഊരു ചുറ്റുന്ന സന്യാസിമാരും, ബുദ്ധ ഭിക്ഷുക്കളും, സൂഫികളും ഇന്ത്യയിൽ ധാരാളമായി ഉണ്ടായിരുന്നു. അവർ കുട്ടികളോടും, സാധാരണക്കാരോടും സംവദിച്ചത് വഴി ഭക്തിയുടേയും, ആധ്യാത്മികതയുടെയും ഒരു വലിയ പാരമ്പര്യം എന്നും ഇന്ത്യയിൽ നിലനിന്നിരുന്നു. ഇതൊന്നും ഇപ്പോൾ നരേന്ദ്ര മോഡിയും, ബി.ജെ.പി. – യും ചെയ്യുന്നത് പോലെ രാഷ്ട്രീയ മൊബിലൈസേഷനും,  രാഷ്ട്രീയ ചൂഷണത്തിനും വേണ്ടി പരിണമിക്കുന്നത് ആയി തീരരുത്.

ഇന്ത്യയിൽ പല പുണ്യ സ്ഥലങ്ങളിലേക്കും ഉള്ള തീർത്ഥാടനങ്ങൾ ഒരു ‘ലിവിങ് ട്രഡിഷൻ’ ആണ്. ഇതൊക്കെ ആർക്കും നേരിട്ട് കാണുവാൻ സാധിക്കും. വേളാങ്കണ്ണി പള്ളിയിലെ തിരുനാളിനൊക്കെ റോഡ് മുഴുവൻ പള്ളിയിലേക്ക് ഒഴുകുന്ന രീതിയിലാണ് ആളുകൾ സഞ്ചരിക്കുന്നത്. കുംഭമേളകളിൽ ലക്ഷകണക്കിനാളുകൾ ആണ് വരുന്നത്. ‘നാഷണൽ ജ്യോഗ്രഫിക്’ കുറെ നാൾ മുമ്പ് കുംഭ മേളയെ കുറിച്ച്  ഒരു ഡോക്കുമെൻറ്ററി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. പഞ്ചാബിലെ സുവർണ ക്ഷേത്രം, ഷിർദിയിലെ സായി ബാബാ മന്ദിരം, അനന്ദ്പൂർ സാഹിബിലെ ഗുരുദ്വാരാ, ബാന്ഗ്ലൂരിലെ മഞ്ജുനാഥ് ക്ഷേത്രം, പുരിയിലെ ജഗന്നാഥ ക്ഷേത്രം – ഇവിടങ്ങളിലൊക്കെയുള്ള ഭക്ഷണ വിതരണം നൂറു കണക്കിനാളുകൾ സ്വമേധയാ വന്നൊരുക്കുന്നതാണ്. ലക്ഷക്കണക്കിനാളുകൾ ആണ് ജാതി മത ഭേദമന്യേ ഇവിടുന്നൊക്കെ ഭക്ഷണം കഴിച്ചു സംതൃപ്തരായി പോകുന്നത്. സാധാരണ ജനങ്ങൾക്കിടയിലുള്ള ഈ ഭക്തിയും ആത്മീയതയും ആണ് നാടകാഭിനയത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനായി നരേന്ദ്ര മോഡി സമർത്ഥമായി മുതലാക്കാൻ നോക്കുന്നത്.

ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും, പ്രാദേശിക സാംസ്‌കാരങ്ങളോടുള്ള വിദ്വേഷവും ഇന്നത്തെ ഹിന്ദുത്ത്വ രാഷ്ട്രീയത്തിൻറ്റെ പ്രത്യേകതകളാണ്. ഈ ഹിന്ദുത്ത്വ രാഷ്ട്രീയം പറയുന്ന ബി.ജെ.പി. എന്തായാലും കുറെ പേരെ അകറ്റി നിറുത്തേണ്ടതുണ്ട്. ബി.ജെ.പി. – യുടെ തന്നെ കേന്ദ്ര മന്ത്രിയായ മേനകാ ഗണ്ടിയേയും, ബി.ജെ.പി. – യുടെ തന്നെ എം.പി. ആയ വരുൺ ഗണ്ടിയേയും ആദ്യം അകറ്റി നിറുത്തണം. കൂട്ടത്തിൽ ബി.ജെ.പി. നേതാക്കളുമായി കുടുംബ ബന്ധമുള്ള മുസ്ലീങ്ങളായ ഷാനവാസ് ഹുസൈനെ പോലുള്ള നേതാക്കളെ. പിന്നീട് മദ്രാസികൾ എന്ന ദക്ഷിണേന്ത്യക്കാരെ. പട്ടിയിറച്ചി കഴിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ ഒരിക്കലും ഹിന്ദുക്കളാവില്ല. എലിയെ ചുട്ട് കഴിക്കുന്ന ഗോത്ര വർഗ ജനതയും ഒരിക്കലും ഹിന്ദുവിൻറ്റെ കൂട്ടത്തിൽ വരികയില്ല. പന്നിയിറച്ചി ഒക്കെ കഴിക്കുന്ന ദളിതരെ ഉത്തരേന്ത്യയിൽ മറ്റു വിഭാഗക്കാർ അകറ്റി നിറുത്താറുണ്ടല്ലോ. അവരേയും ഹിന്ദുത്ത്വ പാർട്ടിയാകുബോൾ അകറ്റി നിറുത്താതെ പറ്റില്ലല്ലോ. ബീഫ് കഴിക്കുന്ന മലയാളികളെ പണ്ടേ അപരികൃതരും, ഇൻഡ്യാ വിരുദ്ധരും ആയിട്ടും ചിലരൊക്കെ കരുതുന്നും ഉണ്ടല്ലോ.

Previous articleസവർക്കറിന് ഭാരത രത്നം കൊടുക്കണമെന്ന് അമിതാജി പറയുമ്പോൾ…
Next articleവിശുദ്ധ വേതാളങ്ങളും മാധ്യമ കൊള്ളക്കാരും
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.