ഒ ടി ടി പ്ലാറ്റ് ഫോമുകൾ മലയാളം സിനിമയുടെ നിലവാരം തകർക്കുന്നുവോ ??
Hisham Haneef
ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ വരവ് തുടക്ക കാലത്തു നിർമാതാക്കൾക്ക് ഒരു രക്ഷ മാർഗം ആയിരുന്നു.
തിയേറ്റർ കളക്ഷൻ പുറമെ മുൻപ് നിർമാതാക്കളുടെ വരുമാനമാർഗം സാറ്റലൈറ്റ് ,ഓഡിയോ,വീഡിയോ ,വിദേശ അവകാശങ്ങളിൽ നിന്നുള്ള വരുമായിരുന്നു.ഇന്റർനെറ്റ് എല്ലായിടത്തും സർവ വ്യാപകമായതോടെ ഓഡിയോ,വീഡിയോ അവകാശങ്ങളിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ് തുടങ്ങി.വൻ തുക മുടക്കി സാറ്റലൈറ്റ് അവകാശങ്ങൾ വാങ്ങിയിരുന്ന ടി വി ചാനലുകൾ മാർക്കറ്റ് ഉള്ള താരങ്ങളുടെ പടത്തിനു മാത്രം കാശിറക്കാൻ തുടങ്ങിയതോടെ ആ വരുമാനത്തിലും കുറവ് വന്നു.അതിപ്പോൾ ഒന്നിലധികം ചാനലുകൾ ഒരു പടം ഷെയർ ഇട്ടു വാങ്ങി അവരുടെ ചാനലുകളിൽ പ്രദർശിപ്പിക്കുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു.വിദേശ അവകാശം സിനിമയിലെ നായകന്മാർ പ്രതിഫലത്തിന് പുറമെ സ്വന്തമാക്കിയതോടെ ( വിദേശത്തു നിന്നും വരുന്ന കാശിനു ടാക്സ് ഇല്ലാത്തതിനാൽ ടാക്സ് വെട്ടിക്കാൻ വേണ്ടി തന്നെയാണ് ഇങ്ങനെ ചെയ്യുന്നത്.ഗൾഫിൽ ഒരു ഇറാനിയന് ഈ അവകാശങ്ങൾ നടന്മാരുടെ കയ്യിൽ നിന്നും എടുക്കുന്നത് ) )ആ വരുമാനവും അവസാനിച്ച മട്ടാണ് .
അതിനു പുറമെ നടന്മാർ തന്നെ സിനിമകൾ നിർമിക്കാൻ തുടങ്ങിയതോടെ നല്ല കഥകളൊന്നും നിർമാതാക്കൾക്ക് കിട്ടാതായി.കൂടെ മാർക്കറ്റ് ഉള്ള താരങ്ങളുടെ ഡേറ്റും.ഈ ഒരവസ്ഥയിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നിൽക്കുമ്പോളാണ് ഒരു പിടി വള്ളി പോലെ ഒ ടി ടി പ്ലാറ്റുഫോമുകളുടെ വരവ്.കോവിഡ് കാലത്തു ഒ ടി ടി എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന നിർമാതാക്കൾക്ക് ഒരു പിടി വള്ളിയായിരുന്നു.റിലീസ് ചെയ്യാൻ പറ്റാതിരുന്ന പല സിനിമകളും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും ഭീഷണികൾ അവഗണിച്ചു ഡിജിറ്റൽ പ്ലാറ്റ്‌ഫോം റിലീസിലൂടെ മുടക്കുമുതലിന്റെ പകുതിയിലധികവും തിരിച്ചു പിടിച്ചു.ബാക്കി വരുമാനം സാറ്റലൈറ്റ് അവകാശങ്ങളിലൂടെ ഒപ്പിച്ചു .ഇത് വരെ എല്ലാം ഓക്കേ ആയിരുന്നു.ഇതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഡിജിറ്റൽ റിലീസിലൂടെ വരുമാനം കിട്ടുമെന്നായപ്പോൾ നല്ലൊരു കഥയോ,അഭിനയ മുഹൂര്തങ്ങളോ ഇല്ലാത്ത ചെലവ് കുറച്ചെടുക്കുന്ന തട്ടി കൂട്ട് പടങ്ങളുടെ വരവായി.തിയേറ്റർ കളക്ഷൻ ഇല്ലെങ്കിലും ഡിജിറ്റൽ റിലീസിലൂടെ തടിയെടുക്കാം എന്നതായിരുന്നു ഉദ്ദേശം. പലതും വന്നതും പോകുന്നതും ആരുമറിയാതായി.ആദ്യമൊക്കെ എല്ലാം ഡിജിറ്റൽ പ്ലാറ്റുഫോമുകൾ എടുത്തിരുന്നെങ്കിലും “കളി” മനസിലായതോടെ അവരും ഇത്തരം പടങ്ങളെ ഒഴിവാക്കാൻ തുടങ്ങി.ഒടുക്കത്തെ ലാഗും കിറുങ്ങിയിരിക്കുന്ന പോലത്തെ അഭിനേതാക്കളുടെ പ്രകടനവും കൂടിയായതോടെ പ്രേക്ഷകരും അകന്നു.മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ അടക്കം ഡിജിറ്റൽ പ്ലാറ്റുഫോമുകൾ വഴി നിലവാരമില്ലാത്ത പടങ്ങൾ പടച്ചു വിട്ടു. കഴിഞ്ഞ വർഷവും ഈ വര്ഷം ഇറങ്ങി കൊണ്ടിരിക്കുന്ന അധിക പടങ്ങളും ഡിജിറ്റൽ പ്ലാറ്റുഫോമുകൾ കണ്ടു ഇറങ്ങുന്ന തട്ടിക്കൂട്ടുകളാണ്.ഫാൻസും ,പെയ്ഡ് റിവ്യൂകളും ഇപ്പോൾ ഏൽക്കാതെ ആയിട്ടുണ്ട്.അതിനോടൊപ്പം വർധിച്ച ടിക്കറ്റ് നിരക്കും ഒരു മാസം കഴിഞ്ഞാൽ ഡിജിറ്റൽ പ്ലാറ്റഫോമിൽ വരുമെന്നുള്ളത് കൊണ്ടും തിയേറ്ററിൽ നിന്നും കുടുംബ പ്രേക്ഷകരും അകന്നു.
മലയാളത്തിൽ അവസ്ഥ ഇങ്ങനെ നിൽക്കുമ്പോൾ അന്യ ഭാഷകളിൽ വ്യത്യസ്തമായ കണ്ടന്റുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വരുന്നുണ്ട് .പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന വെബ്‌സീരീസുകൾക്ക് ഭാഷ ബേദ മന്യേ മാർക്കാറുണ്ട് .മലയാളത്തിൽ യു ട്യൂബിൽ റിലീസ് ആക്കുന്ന തട്ടിക്കൂട്ട് വെബ്‌സീരീസുകൾ അല്ലാതെ ലക്ഷണമൊത്ത ഒരു വെബ്‌സീരീസ് ഇത് വരെ ഇറങ്ങിയിട്ട് പോലുമില്ല.മറ്റു ഭാഷകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ലക്ഷ്യമിട്ടു പടങ്ങൾ ഇറങ്ങുന്നുണ്ട് പക്ഷെ പ്രേക്ഷകരെ ആകർഷിക്കാനുള്ള എന്തെങ്കിലുമുണ്ട്..ഈ അടുത്ത് തമിഴിൽ ഇറങ്ങിയ മാർക്കറ്റ് ഇല്ലാത്ത പുതുമുഖങ്ങൾ അഭിനയിച്ച ലവ് ടുഡേ അഞ്ചര കോടിക്ക് തീർന്ന പടമാണെന്നാണ് നിർമാതാവ് ഉദയ നിധി സ്റ്റാലിൻ പറഞ്ഞത് .ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്ന് മാത്രം അഞ്ചര കോടി കിട്ടി.തിയേറ്ററിൽ നിന്നും 85 കോടിയും കളക്ട് ചെയ്തു.റീ മേക്ക് ,ഡബ്ബിങ് ,വിദേശ അവകാശങ്ങൾ പുറമെ.അന്യഭാഷകൾ ഇങ്ങനെ നേട്ടമുണ്ടാക്കുമ്പോളാണ് മലയാളം മുടന്തുന്നത്. മലയാളത്തിൽ കഴിവുള്ള ടെക്‌നീഷ്യന്മാരുടെയും ക്രിയേറ്റർമാരുടെയും കുറവ് ശരിക്കുണ്ട്.അധികം വൈകാതെ ഡിജിറ്റൽ പ്ലാറ്റുഫോമുകളും മലയാളത്തെ കയ്യൊഴിയും.
പിന് കുറിപ്പ് – കേരളത്തിൽ ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെ സിനിമയോ,വെബ്‌സീരീസോ നേരിട്ട് കാണുന്നവർ കുറവാണ്.അധിക ആൾക്കാരും ടോറന്റ്റുകളെയും.ടെലിഗ്രാമിനെയുമാണ് ആശ്രയിക്കുന്നത്.വിദേശത്തുള്ളവർക്കു നിസാര എമൗണ്ട് പേ ചെയ്താൽ വര്ഷം മുഴുവനും മലയാളമടക്കമുള്ള ലോകത്തിലെ മുഴുവൻ ചാനലുകളും സിനിമയും വെബ്‌സീരീസുകളും വര്ഷം മുഴുവൻ കാണാൻ പറ്റുന്ന പാക്കേജുകൾ ഉണ്ട്.ഇതും ഡിജിറ്റൽ പ്ലാറ്റുഫോമുകൾ മലയാളത്തിൽ നിന്നും അകലാൻ കാരണമായിട്ടുണ്ട്..ഇപ്പോൾ അധിക ഡിജിറ്റൽ പ്ലാറ്റുഫോമുകളും കാണികളുടെ എണ്ണത്തിന് അനുസരിച്ചു വരുമാനം പങ്ക് വെക്കുന്ന സ്കീമാണ് മലയാളത്തിൽ സ്വീകരിച്ചിരിക്കുന്നത്.
മലയാളത്തിലും വ്യത്യസ്തമായ പടങ്ങളും വെബ് സീരീസുകളും വരുമെന്ന് പ്രതീക്ഷിക്കാം.