‘മോഡേൺ ബ്രഡിന്റെ കഥയും ചരിത്രവും

388

എഴുതിയത്  : N S Arun Kumar

1949-ൽ, ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡറായിരുന്ന സർദാർ കെ. എം. പണിക്കർ, ചൈനയുടെ വളർച്ച കണ്ട് അതൊരു ലോകമാതൃക ആയി കരുതപ്പെട്ടുകളയുമോ എന്ന് ഭയപ്പെട്ടു. തുടർന്ന് അദ്ദേഹം ഇക്കാര്യം ബ്രിട്ടന്റേയും ഓസ്ട്രേലിയയുടേയും അംബാസിഡർമാർ മുഖേന അതത് രാജ്യങ്ങളിലെ ഭരണാധിപൻമാരെ അറിയിക്കുകയും ഏഷ്യാ-പസഫിക് മേഖലയിലെ പഴയ ബ്രിട്ടീഷ് കോളനികൾ കമ്മ്യൂണിസ്റ്റ് പാതയിലേക്ക് നീങ്ങിയാലുണ്ടാവുന്ന ‘അപകട’ങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന്, അമേരിക്ക ഇക്കാര്യത്തിൽ മുൻകൈയ്യെടുക്കാൻ തയ്യാറാവുകയും 1950 ജനുവരിയിൽ ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് ഒരു ഒത്തുചേരൽ സംഘടിപ്പിക്കുകയും ചെയ്തു. ‘കൊളംബോ പ്ളാൻ’ എന്ന് പേരു ലഭിച്ച ഈ കൂട്ടായ്മയുടെ മുഖ്യ ഫണ്ടിങ് ഏജൻസി അമേരിക്കയായിരുന്നു: ലക്ഷ്യം, കമ്മ്യൂണിസ്റ്റ് പാതയെ വെടിഞ്ഞ്, കോർപ്പറേറ്റ് സാമ്പത്തികസഹായത്തോടെ കഴിയുക. 1950 നവംബർ 28-ന് ‘കൊളംബോ പ്ളാൻ’ നിലവിൽ വന്നു. 27 രാജ്യങ്ങൾ, ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്, മലേഷ്യ, സിംഗപ്പൂർ, ആസ്ട്രേലിയ, ബ്രിട്ടൺ, അമേരിക്ക അടക്കം അതിൽ അംഗമായി. ആദ്യം ആറു വർഷത്തേക്കായിരുന്നു പ്ളാൻ. പിന്നീട്, പല തവണ ദീർഘിപ്പിച്ചു. 1980-ൽ അനന്തമായി തുടരാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടനുൾപ്പെടെ ചില രാജ്യങ്ങൾ പിന്മാറി.

കൊളംബോ പ്ളാൻ ഇപ്പോഴുമുണ്ട്. അത് നമ്മളറിയാതെ കുറേ നാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗവുമായിട്ടുണ്ട്. കൊളംബോ പ്ളാൻ വഴി ലഭിച്ച ഫണ്ട് ഉപയോഗിച്ച് ഇന്ത്യാ ഗവൺമെന്റ് തുടങ്ങിയ കമ്പനിയുടെ ഉൽപ്പന്നമായിരുന്നു നമുക്ക് സുപരിചിതമായിരുന്ന ‘മോഡേൺ ബ്രഡ്’.

1965-ലാണ് സെൻട്രൽ ഗവൺമെന്റ് ഒരു പൊതുമേഖലാ സംരംഭമായി ‘മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് കമ്പനി’ തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ ബ്രാൻഡഡ് ബ്രഡ് കമ്പനി ആയിരുന്നു അത്. തമിഴ്നാട്ടിലെ കാഴിക്കുൻഡ്രം ആയിരുന്നു ആസ്ഥാനം. മാത്രമല്ല, 13 ഇന്ത്യൻ നഗരങ്ങളിൽ നിർമ്മാണയൂണിറ്റുകൾ ആരംഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാം ആയിരുന്നു ഹെഡ് ക്വാർട്ടേഴ്സ്.

‘മോഡേൺ’ എന്ന പേരിനുള്ള ജനപ്രിയത വലുതായിരുന്നു. വിപണിയിൽ, ബ്രഡ് എന്നാൽ മോഡേൺ ബ്രഡ് എന്ന അവസ്ഥയായിരുന്നു ഏറെക്കാലം. ബ്രിട്ടാണിയ എന്ന കമ്പനിക്കും ബ്രഡ് ഉണ്ടായിരുന്നുവെങ്കിലും അത് ബ്രഡ് ബിസിനസിൽ ക്ളച്ച് പിടിച്ചില്ല.

എന്നാൽ, 2000- ആയപ്പോൾ ഊട്ടിവളർത്തിയ കൈതന്നെ അന്തകനായി. മോഡേണിന്റെ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചു.

യൂണിലീവർ എന്ന ബഹുരാഷ്ട്ര കുത്തകയുടെ ഇന്ത്യൻ പ്രതിരൂപമായ ഹിന്ദുസ്ഥാൻ യൂണിലീവർ, വെറും 105 കോടിക്ക്, മോഡേണിന്റെ 74 ശതമാനം ഓഹരി വാങ്ങി. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവത്കരണം- പൊതുമേഖലയിലെ സ്വകാര്യവൽക്കരണം ആയിരുന്നു അത്. ബാക്കി 26 ശതമാനം, 2002-ലും വാങ്ങി. വെറും 44 കോടിക്ക്. ഈ സമയം മോഡേൺ കമ്പനിയുടെ ലാഭം 250 കോടി ആയിരുന്നു! ഗവൺമെന്റിന്റെ ‘ഡിസ്ഇൻവെസ്റ്റ്മെന്റ് പ്ളാൻ’ പ്രകാരമായിരുന്നു ഈ തീറെഴുതൽ.

എന്നാൽ, യൂണീലിവറിന്റെ കൈകളിൽ മോഡേൺ നന്നായില്ല. അവർ പായ്ക്കിങ് മാറ്റി. ബ്രഡ് അല്ലാതെയുള്ള പലതുംകൂടി പരീക്ഷിച്ചു. പക്ഷേ, ‘നഷ്ടം’ തന്നെയായിരുന്നു. ആ സമയം ഹിന്ദുസ്ഥാൻ യൂണീലിവറിന്റെ ലാഭം 30,805.62 കോടി ആയിരുന്നു. പക്ഷേ, “പുതുപ്പെണ്ണ് മുടിപ്പിച്ചു”!

2001-ൽ, ഹിന്ദുസ്ഥാൻ യൂണിലീവർ പുതുപ്പെണ്ണിനെ കൈയ്യൊഴിയാൻ തീരുമാനിച്ചു.

2015-ൽ, സിംഗപ്പൂർ ആസ്ഥാനമായുള്ള ‘എവർസ്റ്റോൺ’ മോഡേണിനെ ഏറ്റെടുത്തു. അതിന്റെ സബ്സിഡിയറി ആയ ‘നിമ്മാൺ ഫുഡ്സ്’ വിപണനം തുടങ്ങി: പല പരസ്യങ്ങളിലൂടെ: പഴയ പായ്ക്കിങ് പകുതി അനുകരിച്ചു: ചുവപ്പും പച്ചയും കട്ടകൾ..!! പിന്നെ പലതും പറഞ്ഞു: ഹൃദ്രോഗികൾക്കുള്ള ‘ഒമേഗാ-3’ ചേർത്തിട്ടുണ്ട്, ‘മിൽക്ക് പ്ളസ് കാൽസ്യം’ ആണ് എന്നിങ്ങനെ!! 2021-ൽ ആയിരം കോടിയാണ് അവരുടെ ടാർജെറ്റ്- ബ്രിട്ടാണിയയാണ് മുഖ്യ എതിരാളി ഇപ്പോഴും!

Advertisements