സ്വർണ്ണത്തിന്റെ ചരിത്രം

144

Chakkiar Perinthalmanna

സ്വർണ്ണം

മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചു പോരുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണിത്.

70-ഓളം രാജ്യങ്ങൾ സ്വർണ്ണം ലോകത്ത് വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ലോകവ്യാപകമായ ഉല്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ദക്ഷിണാഫ്രിക്ക, ഐക്യനാടുകൾ, ഓസ്ട്രേലിയ, ചൈന, കാനഡ, റഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. സ്വർണത്തിന്റെ ഏറ്റവും വലിയ ഉല്പാദകരായ ദക്ഷിണാഫ്രിക്ക 399 മെട്രിക് ടൺ സ്വർണം 2002-ൽ ഉൽപ്പാദിപ്പിച്ചു.
ലോകത്തെ ഏറ്റവും അധികം സ്വർണ്ണം ലഭിക്കുന്ന ഖനി ഇന്തോനേഷ്യയിലെ “ഗ്രാസ്ബർഗ്” ആണ്.

ചരിത്രം:

ചരിത്രാതീത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ്‌ സ്വർണ്ണം. ഒരുപക്ഷേ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹവും ഇതുതന്നെയായിരിക്കണം. ബി.സി.ഇ. 2600 ലെ ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ ഈജിപ്തിൽ സ്വർണ്ണം സുലഭമായിരുന്നെന്ന് പരാമർശിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ ഈജിപ്തും നുബിയയുമാണ്‌ ലോകത്തിൽ ഏറ്റവുമധികം സ്വർണ്ണം ഉല്പ്പാദിപ്പിച്ചിരുന്ന മേഖലകൾ. ബൈബിളിലെ പഴയ നിയമത്തിൽ സ്വർണ്ണത്തെപ്പറ്റി പലവട്ടം പരാമർശിക്കുന്നുണ്ട്.

സ്വർണ്ണത്തിന്റെ നിർമ്മാണചരിത്രം എട്രൂസ്കൻ, മിനോവൻ, അസ്സിറിയൻ, ഈജിപ്‌ഷ്യൻ സംസ്കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളിൽ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വർണ്ണം നിർമ്മിച്ചിരുന്നത്. പുരാതനകാലം മുതൽ ഇന്ത്യയിൽ മദ്ധ്യേഷ്യയിലും തെക്കൻ യുറൽ പർവ്വത പ്രദേശങ്ങളിലും കിഴക്കൻ മെഡിറ്ററേനിയൻ തീരങ്ങളിലും സ്വർണ്ണം നിർമ്മിച്ചു പോന്നിരുന്നു. സ്വർണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണ്‌.

പതിനാറാം നൂറ്റാണ്ടു മുതൽ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്സിക്കോയും ആയിരുന്നു സ്വർണ്ണത്തിന്റെ ഏറ്റവും വലിയ ഉൽപ്പാദകർ. പതിനാറാം നൂറ്റാണ്ടിലെ ലോകത്തെ ആകെ സ്വർണ്ണോൽപ്പാദനത്തിന്റെ 9 ശതമാനം മെക്സിക്കോയിൽ നിന്നായിരുന്നു. 1851 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ വൻ സ്വർണ്ണനിക്ഷേപങ്ങൾ കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകസ്വര്ണ്ണോല്പാദനത്തിന്റെ നല്ലൊരു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നായിരുന്നു.


ഖനനവും ശുദ്ധീകരണവും:

സ്വർണ്ണം അടങ്ങിയ ചരലിൽ നിന്നും വെള്ളം ഉപയോഗിച്ച് കഴുകി അരിച്ച് എടുക്കുന്ന രീതിയാണ് സ്വർണ്ണം വേർതിരിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി. (ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർണ്ണം അരിച്ചെടുക്കുന്നതിന് സ്വർണ്ണപ്പണിക്കാരും മറ്റും ഈ രീതി ഉപയോഗിക്കുന്നു.)

സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള ആധുനികരീതിയാണ് ഹൈഡ്രോളിക് ഖനനം. വെള്ളം ശക്തിയിൽ ചീറ്റിച്ചാണ് ഈ രീതിയിൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്. ഇത്തരത്തിൽ വേർതിരിച്ചെടുക്കുന്ന സ്വർണ്ണത്തെ സംയോജിപ്പിച്ച് ഉരുക്കുന്നത്തിനു രസം ഉപയോഗിക്കുന്നു. തീരെ ചെറിയ തരികളായ സ്വർണം രസത്തിൽ കുഴക്കുമ്പോൾ അവ ഒന്നിക്കുന്നു ഇതിനെ ചൂടാക്കുമ്പോൾ രസം ബഷ്പീകരിക്കുകയും സ്വർണം മാത്രമായി ഉരുക്കിയെടുക്കാനും കഴിയുന്നു. പിന്നീട് സ്വർണത്തെ വെള്ളി, ചെമ്പ് എന്നിവ ഉപയോഹിച്ചു നേർപ്പിച്ച ശേഷം ചെറിയ തരികലക്കി നൈട്രിക് ആസിഡിൽ ഇട്ടു ഒരു പ്രത്യേക അനുപാതത്തിൽ ചൂടാക്കുമ്പോൾ സ്വർണം മാത്രമായി വളരെ ചെറിയ തരികളായി ലെഭിക്കുന്നു ഇതിനെ ഉരുക്കിയെടുക്കുമ്പോൾ ശുദ്ധ സ്വർണം ലെഭിക്കുന്നു.

അന്താരാഷ്ട്ര നാണയനിധി, നിശ്ചിത അളവ് സ്വർണ്ണത്തിന്റെ വിലയാണ്‌ നാണയവിലയുടെ ആധാരമായി മുൻപ് കണക്കാക്കിയിരുന്നത്. ഓക്സീകരണം മൂലമുള്ള നാശത്തെ ഫലപ്രദമായി ചെറുക്കുന്നതിനാൽ, ദന്തരോഗചികിത്സ, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യവസായമേഖലകളിൽ ഈ ലോഹം വ്യാപകമായി ഉപയോഗിച്ചു വരുന്നു.

സംയോജകത സാധാരണയായി ഒന്നോ മൂന്നോ ആയ ഒരു സംക്രമണമൂലകമാണ് സ്വർണം. മിക്കവാറും രാസവസ്തുക്കളുമായി ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നില്ലെങ്കിലും ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, രാജദ്രാവകം, സയനൈഡ് എന്നിവയുമായി പ്രവർത്തനത്തിലേർപ്പെടുന്നു. സ്വർണം രസത്തിലലിഞ്ഞ് സങ്കരമായ അമാൽഗം രൂപം കൊള്ളുന്നു. മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന നൈട്രിക് അമ്ലവുമായി സ്വർണ്ണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ വസ്തുക്കളിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണ്ണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്.

സ്വർണത്തിന്റെ അണുസംഖ്യ 79-ഉം പ്രതീകം Au എന്നുമാണ്. ഔറം എന്ന ലത്തീൻ വാക്കിൽ നിന്നാണ് Au എന്ന പ്രതീകം ഉണ്ടായത്.

ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണ്ണം. ഒരു ഗ്രാം സ്വർണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വർണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും.

സ്വർണത്തെ മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരലോഹങ്ങളാക്കാം. ഇത്തരം സങ്കരങ്ങൾക്ക് ശുദ്ധസ്വർണത്തെ അപേക്ഷിച്ച് കൂടുതൽ കടുപ്പമുണ്ടായിരിക്കും. ആകർഷകമായ നിറവും ഈ സങ്കരങ്ങളുടെ പ്രത്യേകതയാണ്.

സ്വർണത്തോടു കൂടി മറ്റു ലോഹങ്ങൾ ചേർക്കുമ്പോൾ സ്വർണത്തിന്റെ തനതു നിറമായ മഞ്ഞയോടൊപ്പം താഴെപ്പറയുന്ന നിറങ്ങൾ ചേർന്ന നിറമായിരിക്കും ലഭിക്കുക. ചെമ്പ് – റോസ്, ഇൻഡിയം – നീല, അലൂമിനിയം – പർപ്പിൾ, പ്ലാറ്റിനം, പലേഡിയം, നിക്കൽ – വെളുപ്പ്. വെള്ളിയുടേയും ബിസ്മത്തിന്റേയും പ്രകൃത്യാലുള്ള സങ്കരങ്ങൾക്ക് കറുപ്പ് നിറമാണ് ഉണ്ടായിരിക്കുക. വളരെ നേർത്ത പൊടിയാക്കിയാൽ സ്വർണവും മറ്റു ലോഹങ്ങളെപ്പോലെത്തന്നെ കറുത്ത നിറത്തിലായിരിക്കും.

പ്രകൃതിദത്തമായ സ്വർണത്തിൽ 8 മുതൽ 10 വരെയോ അതിലധികമോ വെള്ളി അടങ്ങിയിരിക്കും. 20% – ൽ അധികം വെള്ളി അടങ്ങിയിരിക്കുന്ന സ്വർണത്തെയാണ് എലക്ട്രം എന്നു പറയുന്നത്. വെള്ളിയുടെ അളവ് കൂടുംതോറും നിറം കൂടുതൽ വെളുത്തു വരുകയും ആപേക്ഷികസാന്ദ്രത കുറയുകയും ചെയ്യുന്നു.

വൈദ്യുതിയുടേയും താപത്തിന്റേയും വളരെ നല്ല ഒരു ചാലകമാണ് സ്വർണ്ണം. കൂടാതെ വായുവോ മറ്റു രാസവസ്തുക്കളോ ഇതിനെ ബാധിക്കുന്നുമില്ല. താപം, ഈർപ്പം, ഓക്സിജൻ തുടങ്ങിയവയുമായി വളരെ നേരീയ അളവിൽ മാത്രമേ ഈ ലോഹം പ്രവർത്തിക്കുന്നുള്ളൂ. സ്വർണ്ണത്തിന്റെ ഇത്തരം ഗുണങ്ങൾ, ആഭരണങ്ങൾ നാണയങ്ങൾ എന്നിവയുടെ നിർമ്മിതിക്ക് ഇതിനെ അനുയോജ്യമാക്കുന്നു.


ആഭരണങ്ങളിലെ സ്വർണ്ണത്തിന്റെ അളവ് കാരറ്റ് (k) എന്ന തോതിലാണ് അളക്കുന്നത്. ശുദ്ധസ്വർണം 24 കാരറ്റാണ്. 22k, 18k, 14k, 10k എന്നിങ്ങനെ വിവിധ കാരറ്റുകളിലുള്ള സ്വർണ്ണാഭരണങ്ങൾ ലഭ്യമാണ്. കാരറ്റ് കുറയുന്തോറും അതിലെ സ്വർണ്ണത്തിന്റെ അളവ് കുറയുകയും കൂട്ടുലോഹങ്ങളായ വെള്ളി, ചെമ്പ് മുതലായവയുടെ അളവ് കൂടുകയും ചെയ്യുന്നു.

916 സ്വർണം എന്നറിയപ്പെടുന്നത്, 91.6% സ്വർണ്ണം അടങ്ങിയിരിക്കുന്ന സങ്കരമാണ്. 22k ആഭരണങ്ങളിലേയും 916 ലേയും സ്വർണ്ണത്തിന്റെ അളവ് തുല്യം തന്നെയാണ്.

14 കാരറ്റ് സ്വർണം പിച്ചളയുടെ അതേ നിറത്തിലുള്ളതായിരിക്കും. ബാഡ്ജുകളും മറ്റും നിർമ്മിക്കുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. 18 കാരറ്റ് സ്വർണ്ണത്തിൽ 25% ചെമ്പ് അടങ്ങിയിരിക്കും. ആഭരണങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. വെള്ളി ചേർത്ത 18 കാരറ്റ് സ്വർണ്ണത്തിന് പച്ചകലർന്ന മഞ്ഞ നിറമായിരിക്കും.

Advertisements