ന്യൂ ഇയർ ആഘോഷത്തിന്റ ചരിത്രം

254

ന്യൂ ഇയർ ആഘോഷത്തിന്റ ചരിത്രം

ജനുവരി ഒന്ന്‌ പുതുവത്സരമായി ആചരിക്കുന്നത്‌ ജൂലിയൻ കലണ്ടർ നിലവിൽ വന്നതിനു ശേഷമാണ്‌. ഈ ആചാരം തുടങ്ങിയിട്ട്‌ കുറച്ചു നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ. മെസപ്പെട്ടോമിയൻ സംസ്കാരത്തിൽ മാർച്ച്‌ മധ്യത്തിലാണ്‌ പുതുവത്സരദിനം വന്നിരുന്നത്‌. റോമൻ സാമ്രാജ്യകാലഘട്ടത്തിൽ ന്യൂമപോണ്ടിലസ്‌ ചക്രവർത്തി ജനുവരി/ ഫെബ്രുവരി എന്നീ രണ്ടു മാസങ്ങൾ കൂടി കലണ്ടറിൽ ചേർക്കുകയും ജനുവരി 1 പുതുവത്സര ദിനമായി കണക്കാക്കുകയും ചെയ്തു.

റോമാക്കാർ ജനാലകളുടെയും വാതിലുകളുടെയും ദേവനായ ജാനസിനാണ്‌ പുതുവത്സരദിനം സമർപ്പിച്ചിരിക്കുന്നത്‌. ഈ കലണ്ടർ കാത്തോലിക്‌ പ്രോട്ടസ്റ്റൻഡ്‌ രാജ്യങ്ങൾ ഒരു പോലെ അംഗീകരിച്ചപ്പോൾ യൂറോപ്പിലാകെ പതിനാറാം നൂറ്റാണ്ടു മുതൽ ജനുവരി 1 പുതുവത്സര ദിനമായി ആചരിക്കപ്പെട്ടു തുടങ്ങി. ആദിയും അന്ത്യവുമില്ലാത്ത കാലചക്രത്തിനെ ജീവിതവുമായി ബന്ധപ്പെടുത്തി ഒരു ബിന്ദുവിൽ അടയാളപ്പെടുത്തുക എന്നത്‌ ജ്ഞാനവികാസത്തിൽ മനുഷ്യന്റെ പ്രധാന സമസ്യകളിലൊന്നായിരുന്നു. മനുഷ്യൻ അതിന്‌ സൂചിതമായി അവലംബിച്ചത്‌ ഋതുക്കളെയാണ്‌. ഭൂമിയുടെ പ്രയാണത്തെ ഋതുക്കളിലൂടെ അടയാളപ്പെടുത്തി അവൻ കാലനിർണ്ണയം സാധിച്ചു.

ബി.സി 45 മുതൽ ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്ന ഈ കലണ്ടർ ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി നൽകി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ 4 വർഷം കൂടുമ്പോൾ അധികദിവസം (24 മണിക്കൂർ) കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസ വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു.

( 24 – (4x 5’48″46″”) ഇപ്രകാരം കണക്കുകൂട്ടിയാൽ ഓരോ 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി.

സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമായി. തുടർന്ന് പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു. 1582 ഫിബ്രവരി 24 നാണ് ഈ കലണ്ടർ നിലവിൽ വന്നത്. പോപ്പ് ഗ്രിഗറി പതിമൂന്നാമനാണ് ഈ കലണ്ടറിന് അംഗീകാരം നൽകിയത്. ജൂലിയൻ കലണ്ടർ പരിഷ്കരിച്ചാണ് ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്. ജർമൻ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ക്രിസ്റ്റഫർ ക്ലോവിയസ് ആയിരുന്നു ഈ കലണ്ടറിന്റെ മുഖ്യശില്പി.

കടപ്പാട് : മുഹമ്മദ് സഗീർ പണ്ടാരത്തിൽ