Basheer Pengattiri

ഫ്രഞ്ച് സാഹിത്യ കാരനായ ഷൂൾ വേൺ (Jules Verne :1828-1905) അറിയപ്പെടുന്നത് സയൻസ് ഫിക്ഷന്റെ പിതാവായാണ്. ഇദ്ദേഹം എഴുതിയ “ഭൂമിയിൽ നിന്നും ചന്ദ്രനിലേക് ” എന്ന കഥയിൽ- മൂന്ന് സാഹസികർ ഒരു പേടകത്തിൽ കയറി ചന്ദ്രനിലേക് യാത്ര ചെയ്യുന്നതായുണ്ട്. ഒരു ഭീമൻ പീരങ്കി ഉപയോഗിച്ച്, മൂന്ന് യാത്രികരേയും കയറ്റിയ കാപ്സൂളിനെ ബഹിരാകാശത്തേക് തൊടുത്തു വിടുകയായിരുന്നു. ബഹിരാകാശ യാത്രയുടെ സാധ്യതകളെ കുറിച്ചൊക്കെ ആദ്യമായി പഠനം നടക്കുന്നതിനും 50 വർഷം മുമ്പ്, 1865 ലാണ് ഈ നോവൽ എഴുതുന്നത്. കഥ നടക്കുന്നതാവട്ടെ ഫ്ലോറിഡയിലും.ഇന്ന്, USAയുടെ ഏറ്റവും വലിയ റോക്കറ്റ് വിക്ഷേപണ കേന്ദമായ ‘കെന്നഡി സ്പേയ്സ് സെന്റർ’ സ്തിതി ചെയ്യുന്ന ഫ്ലോറിഡയിലെ കേപ് കനാവറൽ എന്ന സ്ഥലത്തു തന്നെയാണ് ഈ കഥയും നടക്കുന്നത് എന്നത് അത്ഭുതകരമായ ഒരു സാമ്യതയാണ്.
ചരിത്രപരമായും യുക്തി പരമായും നോക്കുകയാണെങ്കിൽ;

ആദ്യമായി പറക്കുന്ന യന്ത്രങ്ങളെ കുറിച്ച് ആലോചിച്ചതും ഡിസൈനുകൾ വരച്ചതും വിശ്വ പ്രസിദ്ധ ചിത്രകാരനും ശില്പിയുമൊക്കെയായിരുന്ന ലിയോണാർദോ ദാ വിഞ്ചി(Leonardo da Vinci-1452-1519)ആയിരുന്നു. പിന്നേയും നാല് നൂറ്റാണ്ട് കഴിഞ്ഞതിനു ശേഷം, 1893 ലാണ് ആദ്യ ഗ്ലൈഡർ നിർമിക്കപ്പെട്ടത്. പിന്നിട് 10 വർഷം കഴിഞ്ഞ് 1903 ലാണ് റൈറ്റ് സഹോദരങ്ങൾ ആദ്യ യന്ത്രവൽകൃത വിമാനം നിർമിക്കുന്നത്. പിന്നെയും 30 വർഷങ്ങൾക് ശേഷമാണ് ആദ്യ റോക്കറ്റ് ‘ആകാശത്തേക് ‘ പറന്നുയർന്നത്. CE1000 മുതലാണ് റോക്കറ്റിന്റെ ചരിത്രം തുടങ്ങുന്നത്. അക്കാലത്ത് ചൈനക്കാർ വിനോദത്തിനായി റോക്കറ്റ് ഉപയോഗിച്ചിരുന്നു.

പതിനേഴ് പതിനെട്ട് നൂറ്റാണ്ടുകളിൽ റോക്കറ്റുകൾ ആയുധമായും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ യുദ്ധങ്ങളിൽ ടിപ്പു റോക്കറ്റ് ആയുധങ്ങൾ പ്രയോഗിച്ചിരുന്നു.
19 ആം നൂറ്റാണ്ടിന്റെ അവസാന കാലത്ത് റഷ്യയിലെ സ്കൂൾ അദ്യാപകനായിരുന്ന സ്യോൾക്കോവ്സ്കി കണ്ടെത്തിയ ചില തത്വങ്ങളെ ആധാരമാക്കിയാണ് ആധുനിക റോക്കറ്റുകൾ പ്രവർത്തിക്കുന്നത്. വിമാനങ്ങൾ പോലും കണ്ടു പിടിച്ചിട്ടില്ലാത്തൊരു കാലത്ത് ബഹിരാകാശ യാത്രയെ കുറിച്ചു ചിന്തിക്കാനും ശാസ്ത്രീയ പഠനങ്ങൾ നടത്താനും തുടങ്ങിയ സ്യോൾക്കോവ്സ്കി, കാലഘട്ടത്തിനും മുമ്പേ നടന്ന പ്രതിഭയായിരൂന്നു. ഗുരുത്വാകർഷണത്തെ എങ്ങനെ ഭേദിക്കാം , ബഹിരാകാശത്ത് സഞ്ചരിക്കാനാവുന്ന വാഹനങ്ങളുടെ ആകാരം എങ്ങനെ ആയിരിക്കണം എന്നിവയൊക്കെ സ്യോൾക്കോവ്സ്കി മനസിലാക്കി.. റോക്കറ്റ് സിദ്ധാന്തത്തിന്റെ മൗലികമായ അടിത്തറപാകിയ സ്യോൾക്കോവ്സ്കി ‘ബഹിരാകാശയാത്രയുടെ പിതാവ് ‘ എന്നാണറിയപ്പെടുന്നത്.

v2 rocket germany
v2 rocket germany

റോക്കറ്റ് തന്ത്രത്തിൽ പിന്നീട് ഗണ്യമായ പുരോഗതി കൈവരിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമനിയിലായിരുന്നു.ജർമ്മൻ സൈന്യം വികസിപ്പിച്ചെടുത്ത രഹസ്യ ആയുധമായ V2 എന്ന പേരിൽ പ്രസിദ്ധമായ ജർമ്മൻ റോക്കറ്റുകളാണ് ഇന്ന് കാണുന്ന റോക്കറ്റുകളുടെയെല്ലാം യഥാര്‍ത്ഥ മുന്ഗാമി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ, ബഹിരാകാശ മേൽകോയ്മക്കായി സോവിയറ്റ് യൂനിയനും അമേരിക്കൻ ഐക്യനാടുകളും തമ്മിൽ നടന്ന ബഹിരാകാശ മത്സരം റോക്കറ്റ് സാങ്കേതിക വിദ്യയിലും വലിയ കുതിപ്പുണ്ടാക്കി.സോവിയറ്റ് എഞ്ചിനീയറായിരുന്ന -സിർഗേ കെറലേവും സഹപ്രവർത്തകരുമാണ് ആദ്യമായി ബഹിരാകാശത്തിൽ ഒരു ഉപഗ്രഹത്തെ എത്തിച്ച റോക്കറ്റ് നിർനിർമ്മിച്ചത്.

sputnik 1
sputnik 1

സ്പുട്നിക് എന്ന കൃത്രിമോപഗ്രഹത്തെ വഹിച്ചു കൊണ്ട് 1957 ഒക്ടോബർ 4ന് മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ റോക്കറ്റ് സോവിയറ്റ്‌ യൂനിയനിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.

സാറ്റേൺ 5

അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ച നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേൺ 5 ആയിരുന്നു ലോകത്ത് ഇന്നുവരെ, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് മനുഷ്യരെ എത്തിച്ചിട്ടുള്ള ഒരേയൊരു വിക്ഷേപണ വാഹനം. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുക,അവിടെ ഗവേഷണപ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള നാസയുടെ പുതിയ ദൗത്യമാണ് ആർടെമിസ്. ആർട്ടിമിസ് ദൗത്യത്തിന്റെ ആശയം വന്നപ്പോൾ ബ്ലൂ ഒറിജിൻ, സ്പേസ് എക്സ് തുടങ്ങി പല മുൻനിര സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും നാസ പരിഗണിച്ചെങ്കിലും ഒടുവിൽ സാറ്റേൺ 5 നൊരു പിൻഗാമിയെ സ്വയം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് SLS അഥവാ സ്‌പേസ് ലോഞ്ച് സിസ്റ്റം പിറന്നത്. ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ് SLS.  Saturn V നെക്കാൾ 15% കൂടുതൽ ശക്തിയുണ്ടിതിന്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും , ഒരു പക്ഷേ , ദീർഘമായ ബഹിരാകാശ യാത്രയിൽ മറ്റു വിദൂര സ്ഥാനങ്ങളിലേക്ക് വരെ സമാനതകളില്ലാത്ത പേലോഡുകൾ വഹിക്കാൻ പാകത്തിന് രൂപകൽപ്പന ചെയ്ത ഒരു ഹെവി-ഡ്യൂട്ടി വിക്ഷേപണ വാഹനം തന്നെയാണ് SLS.

NASA's SLS
NASA’s SLS

മറ്റേതൊരു ബഹിരാകാശ റോക്കറ്റിൽ നിന്നും വ്യത്യസ്തമായി, വികസിക്കുന്ന സാങ്കേതികവിദ്യയ്‌ക്കൊപ്പം വികസിപ്പിക്കാവുന്ന തരത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. SLS-നേക്കാൾ വലുതും ശക്തവുമായ മറ്റൊരു റോക്കറ്റ് അണിയറയിൽ ഒരുങ്ങുകയാണ്. സ്റ്റാർഷിപ്പ് എന്ന് നാമകരണം ചെയ്ത ഇത് ലോകത്തിലെ ഇതുവരെ വികസിപ്പിച്ചെടുത്തതിൽ വച്ച് ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായിരിക്കുമെന്നാണ് അവകാശപ്പെടുന്നത്.ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്, കമ്പനിയാണ് ഭീമാകാരമായ പുതിയ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ സൃഷ്ടാക്കൾ.സ്റ്റാർഷിപ്പ് പരീക്ഷണ ഘട്ടത്തിലാണ്.

starship
starship

സ്പേസ്എക്സ് സ്റ്റാർഷിപ്പിലൂടെ ചന്ദ്രനിലേക്കും ചൊവ്വായിലേക്കും അതിനുമപ്പുറത്തേക്കുള്ള പര്യവേക്ഷണമാണ് ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്.നൂറ് പേരെ വഹിക്കാൻ ശേഷിയുള്ള പേടകത്തിന്റെ വാഹകശേഷി എന്നത് 150 മെട്രിക് ടൺ ആണ്. 120 മീറ്റർ ആണ് ഇതിന്റെ ഉയരം . താഴ്ന്ന-ഘട്ട സൂപ്പർ ഹെവി ബൂസ്റ്ററും മുകളിലത്തെ സ്റ്റാർഷിപ്പ് വെസലും അടങ്ങുന്ന രണ്ട്-ഘട്ട സംവിധാനമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . രണ്ട് ഘടകങ്ങളും പുനരുപയോഗിക്കാവുന്നവയാണ്. സോഫ്റ്റ് ലാൻഡിംഗിനായി ഭൂമിയിലേക്ക് തിരികെ പറക്കാൻ കഴിവുള്ളവയുമാണ്.
———————–
നിങ്ങൾക്കറിയാമോ – എല്ലാ ജെറ്റ് വിമാന എഞ്ചിനുകളുടെയും ഏറ്റവും വലിയ റോക്കറ്റ് എഞ്ചിനുകളുടെയും ഇന്ധനം മണ്ണെണ്ണയാണെന്ന്. മനുഷ്യനെ ചന്ദ്രനിൽവരെ എത്തിച്ചതും സാക്ഷാൽ മണ്ണെണ്ണതന്നെ- (Video duration 6:28 minutes)
https://openinyoutu.be/d0stT0GBXZ0?si=JM-Y1XESpTv4jyay

You May Also Like

ചിലിയിലെ ചുക്വികമാറ്റ ചെമ്പുഖനിയെ കുറിച്ച് വിസ്മയിപ്പിക്കുന്ന വിവരങ്ങൾ

Vinayaraj V R ആനമുടിയേക്കാൾ ഉയരത്തിൽ നൂറ്റാണ്ടുകളിൽപ്പോലും മഴപെയ്യാത്ത ലോകത്തേറ്റവും വരണ്ട അറ്റകാമ മരുഭൂമിയിൽ മുകളിൽനിന്നും…

“ബോര്‍ഹോളിന്‍റെ ആഴത്തില്‍ നിന്ന് ദശലക്ഷം മനുഷ്യര്‍ വേദനയില്‍ കരയുന്ന ശബ്ദം കേളക്കാന്‍ സാധിച്ചു”

ലോകത്തിലെ ഏറ്റവും ആഴമേറിയ ദ്വാരം അറിവ് തേടുന്ന പാവം പ്രവാസി നോർവീജിയൻ അതിർത്തിയിൽ നിന്ന് വളരെ…

കൂടുണ്ടാക്കി അടയിരിക്കാൻ വേണ്ടി മാത്രം ഭൂമിയില്‍ കാലു കുത്തുന്ന നിര്‍ത്താതെ പറന്നു ലോക റെക്കോഡ് കരസ്ഥമാക്കിയ പക്ഷി ഏത്?

കൂടുണ്ടാക്കി അടയിരിക്കാൻ വേണ്ടി മാത്രം ഭൂമിയില്‍ കാലു കുത്തുന്ന നിര്‍ത്താതെ പറന്നു ലോക റെക്കോഡ് കരസ്ഥമാക്കിയ…

ചന്ദ്രൻ അപ്രത്യക്ഷമായാൽ ഭൂമിക്ക് എന്ത് സംഭവിക്കും ? നിങ്ങളെ ഞെട്ടിപ്പിക്കുന്ന ശാസ്ത്രസത്യങ്ങൾ

ചന്ദ്രൻ അപ്രത്യക്ഷമായാൽ ഭൂമിക്ക് എന്ത് സംഭവിക്കും (കടപ്പാട് : One More Info) ചന്ദ്രൻ അപ്രത്യക്ഷമായാൽ…