സ്‌പ്രെഡ് ഷീറ്റുകളുടെ ചരിത്രം ചുരുളഴിയുമ്പോൾ…

അറിവ് തേടുന്ന പാവം പ്രവാസി

????മൈക്രോസോഫ്റ്റ് എക്സൽ, ഗൂഗിൾ ഷീറ്റ്സ്, ലിബ്രേ ഓഫീസ് കാൽക്ക് എന്നിവയെ ഒക്കെ സ്പ്രെഡ് ഷീറ്റുകൾ എന്നു വിളിക്കുന്നതിന്റെ പിന്നിലുള്ള കഥ എന്താണെന്ന് അറിയുമോ…? ഈ പേരിന്റെ ഉത്ഭവം കംപ്യൂട്ടറുകൾക്ക് മുന്നെയുള്ളതാണ്. സ്പ്രെഡ് ഷീറ്റ് എന്നത് കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി സായിപ്പ് കണക്കുകൂട്ടലുകൾക്ക് ഉപയോഗിക്കുന്ന ഒരു സംവിധാനമാണ്. ഇന്ന് നമ്മൾ കാണുന്ന, മുകളിൽ പറഞ്ഞ സോഫ്റ്റ്വേറുകളിൽ ഒക്കെ കാണുന്നതുപോലെ വരികളും, നിരകളും അടങ്ങിയ കടലാസിലുള്ള കണക്കു കൂട്ടലുകളെയാണ് സ്പ്രെഡ് ഷീറ്റുകൾ എന്ന് ആദ്യം വിളിച്ചിരുന്നത്.

ഇതിന്റെ ഡിജിറ്റൽ പതിപ്പുകൾ വന്നപ്പോൾ സ്പ്രെഡ് ഷീറ്റ് എന്ന പദം ഈ ഡിജിറ്റൽ രൂപത്തെ സൂചിപ്പിക്കാൻ തുടങ്ങി, അത്രതന്നെ.ഈ ഡിജിറ്റൽ സ്പ്രെഡ് ഷീറ്റുകളുടെ ഉദ്ഭവം 1978-ലാണ്. ഹാർവാഡിലെ എം.ബി.എ. വിദ്യാർഥിയായ ഡാൻ ബ്രിക്ക്ലിനും, സുഹൃത്തായ ബോബ് ഫ്രാങ്ക്സ്റ്റനും കൂടി നിർമിച്ച വിസിബിൾ കാൽക്കുലേറ്റർ (വിസി കാൽക്ക്) ആണ് ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് സ്പ്രെഡ് ഷീറ്റ്. ബിസിനസ് സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ ഒരു കേസ് സ്റ്റഡി അനലൈസ് ചെയ്യാൻ രണ്ട് വഴികളായിരുന്നു ബ്രിക്ക്ലിന്റെ മുന്നിൽ. ഒന്നുകിൽ കടലാസിൽ കൈകൊണ്ട് എഴുതി കണക്കുകൂട്ടുക. അല്ലെങ്കിൽ, മെയിൻ ഫ്രേം കംപ്യൂട്ടർ ഉപയോഗിച്ച് ചെയ്യുക. എന്തുകൊണ്ട് കടലാസിൽ ഉള്ളതുപോലെയുള്ള ഒരു സ്പ്രെഡ് ഷീറ്റ് കംപ്യൂട്ടറിൽ കൊണ്ടുവന്നുകൂടാ എന്നായി മനസ്സിലെ ചോദ്യം. അങ്ങനെയാണ്, ബ്രിക്ലിൻ തന്റെ ആദ്യ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാം നിർമിക്കുന്നത്.

അഞ്ച് റോകളും, ഇരുപത് കോളങ്ങളും അടങ്ങിയതായിരുന്നു ബ്രിക്കലിന്റെ ആദ്യ സ്പ്രഡ് ഷീറ്റ് കംപ്യൂട്ടർ പ്രോഗ്രാം. സംഭവം ഒന്ന് മെച്ചപ്പെടുത്താനാണ് ബോബ് ഫ്രാങ്ക്സ്റ്റനെ കൂടെ കൂട്ടിയത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. മൈക്രോ കംപ്യൂട്ടറുകളിൽ വരെ പ്രവർത്തിക്കാൻ കഴിയുന്ന വേഗമേറിയ സിംപിൾ ആൻഡ് പവർഫുൾ പ്രോഗ്രാമായി അങ്ങനെ വിസി കാൽക്ക് ലോകത്തിന് മുന്നിലെത്തി. പേഴ്സണൽ കംപ്യൂട്ടറുകളുടെ ചരിത്രത്താളുകളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാൽ വിസി കാൽക്കിന്റെ കടന്നുവരവ് ഒരു പ്രധാന നാഴികകല്ലാണെന്ന് നമുക്ക് കാണാം. സ്വന്തം ആവശ്യത്തിനുണ്ടാക്കിയ ഈ പ്രോഗ്രാമിന് നല്ല ഒരു വിപണി ഉണ്ടാകാൻ ഇടയുണ്ടെന്ന് ഇവർക്ക് പെട്ടെന്ന് തന്നെ മനസ്സിലാവുകയും ചെയ്തു.

എം.ഐ.ടി., ഹാർവാഡ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഡാനിയൽ ഫിൽസ്ട്രയുടെ വരവാണ് അടുത്തത്. 1978-ൽത്തന്നെ ഫിൽസ്ട്ര ഇവരുടെ കൂടെ കൂടി. വിപണിയിൽ വിസി കാൽക്ക് വിജയിക്കണമെങ്കിൽ അത് ആപ്പിൾ മൈക്രോ കംപ്യൂട്ടറുകളിൽ പ്രവർത്തന സജ്ജമായിരിക്കണം എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. ആദ്യത്തെ രണ്ടുപേരും കൂടി ഈ സോഫ്റ്റ്വേർ നിർമിക്കാൻ സോഫ്റ്റ്വേർ ആർട്സ് കോർപ്പറേഷൻ എന്ന കമ്പനിക്ക് രൂപംനൽകി. മാർക്കറ്റിങ് ഫിൽസ്ട്രയുടെ പേഴ്സണൽ സോഫ്റ്റ്വേർ (പിന്നീട് വിസി കോർപ്പ്) എന്ന കമ്പനിയെ ഏൽപ്പിച്ചു. വിസി കാൽക്കിന് പിന്നീടുണ്ടായത് ചരിത്രവിജയമായിരുന്നു!

കംപ്യൂട്ടർ വാങ്ങാൻ ബിസിനസ് സ്ഥാപനങ്ങളെ പ്രേരിപ്പിക്കാൻമാത്രം പ്രധാനപ്പെട്ട ഒരു ഹേതുവായി ഈ കുഞ്ഞുസോഫ്റ്റ്വേർ മാറി. 10 ലക്ഷത്തോളം വിസി കാൽക്ക് കോപ്പികളാണ് അക്കാലത്ത് വിൽക്കപ്പെട്ടത്. പക്ഷേ, ഈ വിജയഗാഥ അധികനാൾ നീണ്ടില്ല.ഒരു ഉത്പന്നത്തിന്റെ വിപണി ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കാൻ മാത്രമേ ചിലപ്പോൾ അതിന്റെ ഉപജ്ഞാതാക്കൾക്ക് ഭാഗ്യമുണ്ടാകൂ. പിന്നീട് വരുന്നവർ ആയിരിക്കാം വിപണിയിലെ യഥാർഥ താരങ്ങൾ. ഇവിടെയും ഏറെക്കുറെ സംഭവിച്ചത് അതുതന്നെ. ഐ.ബി.എമ്മിന്റെ പി.സി.യുടെ വരവും ആ സമയത്ത് വിസി കാൽക്കിന് പിന്നിലുള്ളവർ വലിയ ആവേശം കാണിക്കാത്തതും അവരെ വിപണിയിൽ നിന്ന് പതിയെ ഇല്ലാതാക്കുന്നതിന് കാരണമായി. ഇതുകൂടാതെ, വിസി കോർപ്പും, സോഫ്റ്റ്വേർ ആർട്സും തമ്മിലുള്ള നിയമ തർക്കങ്ങൾ ബ്രിക്കലിന്റെയും, ഫ്രാങ്ക്സ്റ്റന്റെയും ശ്രദ്ധ ആ ദിശയിലേക്ക് തിരിച്ചു.

അവസാനം മിച്ച് കപോറിന്റെ ലോട്ടസിന്റെ ആ സമയത്തുള്ള വരവോടുകൂടി സ്പ്രെഡ് ഷീറ്റ് എന്നാൽ ലോട്ടസ് എന്ന് ഉപയോക്താക്കൾ പറയാൻ തുടങ്ങി. വിസി കാൽക്കിന്റെ അന്ത്യം ഉറപ്പായിരുന്നു. ബിസിനസിൽ ചുരുളഴിയുന്ന തിരക്കഥ പലപ്പോഴും സിനിമയെ വെല്ലുന്ന തരത്തിലായിരിക്കും.മിച്ച് കപോർ 1980-ൽ ആറുമാസത്തോളം വിസി കാൽക്കിന്റെ പ്രോഡക്ട് മാനേജർ ആയി വിസി കോർപ്പിൽ പ്രവർത്തിച്ചിരുന്നയാളായിരുന്നു. ആസമയത്ത് അദ്ദേഹം നിർമിച്ച വിസി പ്ലോട്ട്/വിസി ട്രെൻഡ് എന്നിവ വിസി കോർപ്പിന് 10 ലക്ഷം ഡോളറിന് വിൽക്കുകയും ചെയ്തിരുന്നു. അതിനിടയിൽ, നിർമിച്ച ലോട്ടസ് 1-2-3 എന്ന പ്രോഗ്രാം വേേണാ എന്ന് വിസി കോർപ്പിനോട് ചോദിച്ചപ്പോൾ സംഭവം പോരാ എന്ന രീതിയിലുള്ള മറുപടിയാണ് കപോറിന് ലഭിച്ചത്.എന്താല്ലേ!

അങ്ങനെയാണ് കപോർ സ്വന്തം കമ്പനിയായ ലോട്ടസ് തുടങ്ങാൻ വിസി കോർപ്പിന്റെ പടിയിറങ്ങുന്നത്. ബ്രിക്ക്ലിന്റെ സോഫ്റ്റ്വേർ ആർട്സ് എന്ന കമ്പനി പിന്നീട് ലോട്ടസ് വാങ്ങിയതും എന്നിട്ടവർ വിസി കാൽക്ക് 1985-ൽ വിപണിയിൽ നിന്ന് പിൻവലിച്ചതും ഒക്കെ പിന്നീടുള്ള ചരിത്രം.
ബിൽ ഗേറ്റ്സിന്റെ എക്സൽ ആയിരുന്നു അടുത്ത് വന്ന താരം. 1984-1985 കാലഘട്ടത്തിൽ ആപ്പിൾ കംപ്യൂട്ടറുകൾക്ക് വേണ്ടി നിർമിച്ച ഈ പ്രോഗ്രാം കൂടുതൽപേരെ ആപ്പിൾ മാക്ക് കംപ്യൂട്ടറുകൾ വാങ്ങാൻ പ്രേരിപ്പിച്ചു എന്നും ചരിത്രത്തിലെ കണക്കുകൾ പറയുന്നു.വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവോടു കൂടി മത്സരം ഒന്നുകൂടി കടുത്തു. 1987 വിൻഡോസിന്റെ ആദ്യപതിപ്പിൽ തന്നെ എക്സൽ ലഭ്യമായിരുന്നു.

രണ്ടുവർഷം കഴിയുമ്പോൾത്തന്നെ എക്സൽ, മൈക്രോസോഫ്റ്റിന്റെ പ്രധാനപ്പെട്ട ഒരു ഉത്പന്നമായി മാറിയിരുന്നു. വിൻഡോസിൽ പ്രവർത്തിക്കുന്ന ഏക സ്പ്രെഡ് ഷീറ്റായി പിന്നീടുള്ള കുറച്ച് വർഷങ്ങളിൽ എക്സൽ തിളങ്ങി.നിരവധി നിയമയുദ്ധങ്ങൾക്കും ,കമ്പനി ലയനങ്ങൾക്കും ഒടുവിൽ ഇന്ന് ഗൂഗിളും , മൈക്രോസോഫ്റ്റും അടക്കമുള്ള കമ്പനികൾ അങ്കം വെട്ടുന്ന, വിൻഡോസിലും ലിനക്സിലും, ആപ്പിളിലും എന്തിന് ക്ലൗഡിലും പ്രവർത്തിക്കുന്ന സോഫ്റ്റ്വേറുകളായി സ്പ്രെഡ് ഷീറ്റുകൾ നമ്മുടെ മുന്നിൽ ലഭ്യമാണ്. നമ്മളിൽ പലർക്കും ഇന്ന് ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സ്പ്രെഡ് ഷീറ്റുകൾ.

Leave a Reply
You May Also Like

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? പേരു വന്നതിനു പിന്നിലെ ചരിത്രപരമായ കഥ

സന്ന്യാസിമാരെ കൊല്ലുന്നത് (Monk Killer) എന്നർഥം വരുന്ന പേരുള്ള മൂലകം ഏത് ? അറിവ് തേടുന്ന…

വിമാനത്തിൽ അവസാനമായി യാത്രക്കാരെ സ്വീകരിച്ചത് മാത്രമേ വെസ്‌നയ്‌ക്ക് ഓർമയുണ്ടായിരുന്നുള്ളു പിന്നെ 33,333 അടി താഴേയ്ക്ക്, എന്നിട്ടും രക്ഷപെട്ടു

ഏറ്റവും ഉയരത്തിൽ നിന്നും പാരച്യൂട്ടിന്റെ പോലും സഹായമില്ലാതെ താഴേക്ക് പതിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന ഗിന്നസ് റെക്കാഡ്…

ആമ്പലും താമരയും തമ്മിലുള്ള വ്യത്യാസം ?

ആമ്പല്‍ ബംഗ്ലാദേശിന്റെ ദേശീയപുഷ്പമാണ്‌. കേരളത്തില്‍ സംഘകാലകൃതികളിലെ നെയ് തൽ തിണകളിലെ പുഷ്പം എന്ന നിലയി ല്‍ തന്നെ പ്രാചീനകാലം മുതല്‍ക്കേ ആമ്പല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. താമരയോട് സമാനമായ സാഹചര്യങ്ങളില്‍ വളരുന്ന ആമ്പല്‍ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു.

ചില്ലറക്കാരല്ല ഛിന്നഗ്രഹങ്ങൾ

ചില്ലറക്കാരല്ല ഛിന്നഗ്രഹങ്ങൾ sabu jose ജൂൺ 30 അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം (International Asteroid Day)…