ഹിറ്റ്‌ലറെ കൊല്ലാൻ ബോംബ് വച്ച ആൾ ജർമ്മൻ സ്റ്റാമ്പിൽ !

314

N S Arun Kumar എഴുതുന്നു 

ഇതൊരു ജര്‍മ്മന്‍ സ്മരണികാ-സ്റ്റാമ്പാണ്. 2003-ല്‍ പുറത്തിറങ്ങിയ ഈ സ്റ്റാമ്പില്‍ വരത്തക്കവണ്ണം ഇദ്ദേഹം എന്തു ചെയ്തു എന്നതിന്റെ ഉത്തരം അവിശ്വസനീയമാണ്- ഹിറ്റ്ലറെ കൊല്ലാന്‍ ശ്രമിച്ചു!

1939 നവംബര്‍ 8-ന്, ഹിറ്റ്ലര്‍ പ്രസംഗമവസാനിപ്പിച്ചുപോയ മൃൂണിക്കിലെ ഒരു ഹാളില്‍, ഒരു ബോംബുപൊട്ടി. കെട്ടിടമാകെ തകര്‍ന്നു. 8 പേരേ മരിച്ചുള്ളൂവെങ്കിലും അനവധിപ്പേര്‍ക്ക് പരിക്കേറ്റു.

N S Arun Kumar
N S Arun Kumar

സാധാരണ രണ്ടു മണിക്കൂര്‍ പ്രസംഗിക്കുന്ന ഹിറ്റ്ലര്‍ അന്ന് അരമണിക്കൂറേ പ്രസംഗിച്ചുള്ളൂ. കാരണം അന്നൊരു മഞ്ഞുവീഴ്ചാ മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട്, വിമാനമുപേക്ഷിച്ച് സ്വകാര്യ ട്രയിനിലാണ് ഹിറ്റ്ലര്‍ ബെര്‍ലിനിലേക്കു മടങ്ങേണ്ടിയിരുന്നത്. രാത്രി 9.07-ന് പ്രസംഗം നിറുത്തി ഹിറ്റ്ലര്‍ പോയി. 9.20-ന് ബോംബു പൊട്ടി.

അന്നേ ദിവസം രാത്രി 8.45-ന് ജര്‍മ്മന്‍-സ്വിസ് അതിര്‍ത്തിക്ക് 25 മീറ്റര്‍ ദൂരെ കോണ്‍സ്റ്റാന്‍സ് എന്ന സ്ഥലത്തുവെച്ച് ഗെസ്റ്റപ്പോ, ടെെം ബോംബുണ്ടാക്കാനുള്ള സാധനങ്ങളും മൃൂണിക് ഹാളിന്റെ രൂപരേഖയുമായി ഒരാളെ അറസ്റ്റു ചെയ്തു.

അപ്പോള്‍, ഹിറ്റലറുടെ കൊലപാതകശ്രമം വാര്‍ത്തയായിരുന്നില്ല. രാത്രി 11.30-നാണ് വാര്‍ത്ത പരന്നത്.

പിറ്റേന്ന് രാവിലെ അറസ്റ്റുചെയ്ത വ്യക്തിയെ കാറില്‍ മൃണിക്കിലുള്ള ഗസ്റ്റപ്പോ ഓഫീസിലേക്കു കൊണ്ടുവന്നു.

ഹിറ്റ്ലര്‍ പ്രസംഗിച്ചുകൊണ്ടുനിന്ന വേദിയിലെ ‘പോഡിയ’ത്തിനു പുറകിലുള്ള തൂണിലുണ്ടാക്കിയ ഒരു രഹസ്യഅറയിലായിരുന്നു ബോംബ് വെച്ചിരുന്നത്.

അതിലെ ക്ളോക്കിന്റെ ഭാഗങ്ങളും ബോംബിന്റെ ഘടനയും ഒരു വാച്ചുനിര്‍മ്മാതാവിന്റെ കെെത്തഴക്കമാണ് സൂചിപ്പിച്ചത്. അറസ്റ്റിലായ ആളിനും ആ തരത്തില്‍ ഒരു പശ്ചാത്തലമായിരുന്നു-

പേര് ജൊഹാന്‍ ജോര്‍ജ് എല്‍സര്‍ (Johann Georg Elser).

ഹിറ്റ്ലര്‍ കേസന്വേഷണം ഹെയ്ന്‍റിച് ഹിംലര്‍ എന്ന വിശ്വസ്തനെ ഏല്‍പ്പിച്ചു. ‘എസ്. എസ്. (SS) എന്ന ഹിറ്റലറുടെ സ്വന്തം കൊലയാളിസേനയുടെ തലവനായിരുന്നു ഹിംലര്‍.

ജര്‍മ്മനിയാകെ ഹിംലര്‍ അരിച്ചുപെറുക്കി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍പ്പോലും അത് പ്രതിഫലിച്ചു. ജൂത തടവുകാര്‍ക്ക് മൂന്നു ദിവസം തുടര്‍ച്ചയായി ഭക്ഷണം കൊടുത്തില്ല. അനേകം ജൂതത്തടവുകാരെ വെടിവെച്ചുകൊന്നു.

എല്‍സറുമായി ബന്ധമുണ്ടന്നു കണ്ടെത്തിയ എല്ലാവരേയും ഗസ്റ്റപ്പോ മണിക്കൂറുകളോളം ചോദ്യം ചെയ്തു. മനുഷ്യത്വരഹിതമായി മര്‍ദ്ദിച്ചു.

നവംബര്‍ 18-ന്, എല്‍സറെ ബെര്‍ലിനിലുള്ള ഗസ്റ്റപ്പോ ഹെഡ്ക്വാര്‍ട്ടേഴ്സിലെത്തിച്ചു.

എല്‍സറിന്റെ പഴയ കാമുകിയായ മരിയ ഷ്മാന്‍ഡര്‍ അടക്കമുള്ളവരെ അവിടെയത്തിച്ച് ഏല്‍സറിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യല്‍ തുടര്‍ന്നു.

അതേക്കുറിച്ച്, മറിയ പില്‍ക്കാലത്ത് ഇങ്ങനെ പറയുകയുണ്ടായി-

”മര്‍ദ്ദനമേറ്റ് നീലിച്ചു കറുത്ത മുഖമായിരുന്നു എല്‍സറിന്റേത്. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. കണ്ണുകള്‍ പുറത്തേക്കു തള്ളിയിരുന്നു. പുറകിലിരുന്ന ഓഫീസര്‍, എല്‍സറിനെക്കൊണ്ടു സംസാരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ തലയ്ക്കു പുറകിലായി അടിച്ചുകൊണ്ടിരുന്നു. സംസാരിക്കാനോ അനങ്ങാനോ പറ്റാത്ത അവസ്ഥയിലായിരുന്നു എല്‍സര്‍..”

നവംബര്‍ 19-23 തീയതികളിലായി, ഗെസ്റ്റപ്പോ, എല്‍സറിന്റേതായ ഒരു സ്റ്റേറ്റ്മെന്റ് മുകളിലേക്കയച്ചു.

”…he had carried out the attack in order to save the working people and the entire world from war..”

-എന്നതായിരുന്നു അതിലെ ഒരു വാചകം.

ഹിറ്റ്ലറാകട്ടെ, എല്‍സറിനെ ബ്രിട്ടീഷ് സീക്രട്ട് സര്‍വ്വീസിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ച ഒരു രാജ്യദ്രോഹിയായാണ് പുറമേ അവതരിപ്പിച്ചത്. പത്രമാധ്യമങ്ങളിലൂടെ അതിന് വേണ്ടത്ര പ്രചാരം ഹിറ്റ്ലറുടെ ‘ഉപജാപവകുപ്പ് മന്ത്രി’ (Minister of Propaganda) ജോസഫ് ഗീബില്‍സും നടത്തി.

എല്‍സറിനെ കൊല്ലാതെ തടവിലിട്ട ഹിറ്റ്ലര്‍ പക്ഷേ, സോവിയറ്റ് യൂണിയന്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തുമെന്ന ഘട്ടമെത്തിയപ്പോള്‍, 1945 ഏപ്രില്‍ 5-ന് ‘Eller’ എന്ന രഹസ്യപ്പേരില്‍ താമസിപ്പിച്ചിരുന്ന എല്‍സറിനെ കൊല്ലാന്‍ ഉത്തരവിറക്കി.

ഡെച്ചാവു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍വെച്ച് അത് നടപ്പിലാക്കി.

ഹെലിമറ്റ് ജി. ഹാസിസ് ( Helimut G. Haasis) രചിച്ച് 1999-ല്‍ പുറത്തുവന്ന ജീവചരിത്രമനുസരിച്ച് Red Front Fighters League എന്ന കമ്യൂണിസ്റ്റ് സംഘടനയുമായി ബന്ധമുള്ള ആളായിരുന്നു എല്‍സര്‍ എന്നു പറയുന്നുണ്ട്. ഒരിക്കലും ‘ഹിറ്റ്ലര്‍ സല്യൂട്ട് ചെയ്തിട്ടില്ലാത്ത അദ്ദേഹം, ഹിറ്റ്ലറെ ‘കൊലയാളിയായ ജിപ്സി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഇന്ന് ജര്‍മ്മനിയിലെ 60-ലേറെ നിരത്തുകള്‍ എല്‍സറിന്റെ പേരിലുണ്ട്. അനവധി സ്മാരകങ്ങളും. ബെര്‍ലിനില്‍ 17 മീറ്റര്‍ ഉയരമുള്ള ഒരു ഉരുക്കുപ്രതിമയും!