എഴുതിയത് : Subhash Sasidharan

പ്രണയത്തിന്റെ ചരിത്രവും ചരിത്രത്തിലെ പ്രണയവും ഇഴ പിരിഞ്ഞു കിടക്കുന്നു. പ്രണയത്തിനു വേണ്ടി രാജ്യവും ചെങ്കോലും വേണ്ടെന്നു വച്ച നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജ പദവി വേണ്ടെന്നു വച്ച ഒരു രാജാവുണ്ട്.

അദ്ദേഹം അന്ന് അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ബ്രിട്ടന്റെ സിംഹാസനത്തിൽ ഇരിക്കാൻ എലിസബത്ത് രാജ്‌ഞിക്ക് സാധിക്കില്ലായിരുന്നു.

പറഞ്ഞു വരുന്നത് എഡ്‌വേർഡ് 8 ന്റെ കാര്യം ആണ്. നമ്മൾ ഇന്ത്യാക്കാർക്ക് വിചത്രം എന്ന് തോന്നാവുന്ന അദ്ദേഹത്തിൻറെ പ്രണയവും. അദ്ദേഹത്തിന്റ പ്രണയം ആദ്യ വിവാഹ മോചനം കഴിഞ് രണ്ടാം വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു കാത്തിരുന്ന അമേരിക്കക്കാരി വാലിസ്‌ സിംപ്സനോടായിരുന്നു!

മുതുമുത്തശ്ശി വിക്ടോറിയ രാജ്‌ഞിയുടെ ഭരണ കാലത്ത് കിങ് ജോർജ് അഞ്ചാമന്റെയും ക്വീൻ മേരിയുടെയും മൂത്ത പുത്രനായിട്ടാണ് എഡ്‌വാര്ഡിന്റെ ജനനം. അച്ഛൻ രാജ പദവി ഏറ്റെടുത്തതിന്റെ തുടർച്ചയായി 16 ആം വയസ്സിൽ പ്രിൻസ് ഓഫ് വെയിൽസ്‌ ആയി. പിന്നീട്‌ നേവിയിൽ ചേർന്ന് ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു. തനിക്കു യുദ്ധ മുഖത്തു കിട്ടുന്ന പ്രസ്ത്യേക പരിഗണനയിൽ അദ്ദേഹം അതൃപ്തനായിരുന്നു. “എന്റെ മരണം കൊണ്ട് എന്ത് സംഭവിക്കാനാണ് ജോർജ് അഞ്ചാമന് വേറെയും കുട്ടികൾ ഉണ്ട്‌ ” എന്ന എഡ്‌വാര്ഡിന്റെ പ്രസ്താവന അക്കാലത്തു ബ്രിട്ടനിൽ അദ്ദേഹത്തിന് ധാരാളം ആരാധകരെ സൃഷ്ടിച്ചിരുന്നു. അതോടൊപ്പം ലോകമഹായുദ്ധത്തിന്റെ ബാക്കി പത്രമായ തൊഴിലില്ലായ്മ നിർമ്മാർജ്ജനം ചെയ്യാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും അദ്ദേഹത്തിൻറെ കീർത്തി പരത്തി. 1930 ലാണ് എഡ്‌വേർഡ് മിസ് സിംപ്സണും ആയി പരിചയത്തിൽ ആകുന്നതു. ആദ്യ ഭർത്താവ് ഏൾ വിൽഫീൽഡ് സ്പെൻസറിൽ നിന്ന് വിവാഹ മോചനം നേടിയ സിംപ്സൺ രണ്ടാം ഭർത്താവ് ഏർനെസ്റ്റ് ആൽഡ്രിച് സിംപ്സണും ആയുള്ള വിവാഹ മോചനം കാത്തിരിക്കുകയായിരുന്നു ആ സമയം.

ജോർജ് അഞ്ചാമന്റെ മരണത്തോടെ 1936 ജാനുവരിയിൽ അദ്ദേഹത്തിന് രാജാധികാരം ഏറ്റെടുക്കേണ്ടി വന്നു. അന്നത്തെ പ്രധാനമന്ത്രി ബാൽഡിനും, ചർച്ചിലും അടക്കമുള്ള നേതാക്കൾക്ക് എഡ്‌വേർഡിനോട് അത്ര പ്രിയം ഉണ്ടായിരുന്നില്ല. അത് കൂടാതെയാണ് ഒരു മൂന്നാം കെട്ടുകാരിയുമായുള്ള പ്രണയം. ബ്രിട്ടീഷ് രാജാവ് രാജ്യത്തിന്റെ തലവൻ മാത്രമല്ല ചർച്ച്‌ ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ കൂടിയാണ് എന്നതും എഡ്‌വാർഡിനെ ജീവിതത്തിന്റെ അസന്നിഗ്ധമായ ആ തിരഞ്ഞെടുപ്പിലേക്ക് തള്ളി വിട്ടു.

മൂന്നാം കെട്ടുകാരിയെങ്കിലും തന്റെ ജീവനായ പ്രാണ പ്രേയസി വേണോ അതോ സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ രാജ്യ പദവി വേണോ എന്ന ചോദ്യത്തിൽ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം അധികാരം വിട്ടൊഴിഞ്ഞു തന്റെ പ്രണയിനിയുടെ കരം ഗ്രഹിച്ചു എഡ്‌വേർഡ് പടിയിറങ്ങി.
കീരീടധാരണ ചടങ്ങുകൾ നടത്തുന്നതിന് മുന്നേ 1936 ഡിസംബറിൽ തന്നെ അദ്ദേഹം കൊട്ടാരം വിട്ടിറങ്ങി.

ഇന്നത്തെ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അച്ഛൻ എഡ്‌വേർഡ് 8 ന്റെ സഹോദരൻ ജോർജ് ആറാമനായിരുന്നു പിന്തുടർച്ചക്കാരൻ. എഡ്‌വേർഡ് തന്റെ ശേഷ ജീവിതം ഫ്രാൻസിൽ ചിലവഴിക്കുകയും, ഡ്യൂക്ക് ഓഫ് വിൻസർ, ബഹാമാസ് ഗവർണർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു മുന്നേ ജർമനി സന്ദർശിച്ച എഡ്‌വാര്ഡിനെ നാസി അനുഭാവിയായി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

1972ൽ മരിക്കുന്നതു വരെ തന്റെ പ്രണയിനി വില്ലിസ് സിംപ്സനോടൊപ്പം ഫ്രാൻസിൽ തന്നെ കഴിഞ്ഞു കൂടി

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.